മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടൊരു ജീവിതം നമുക്കുണ്ടോ? പ്രായഭേദമില്ലാതെ ഇന്ന് എല്ലാവരും മൊബൈലിനൊപ്പമാണ്. കോവിഡ് ഏല്പിച്ച സാമൂഹിക അകലം കണക്കിലെടുത്ത് നേരിട്ടുള്ള അധ്യയനം സാധ്യമാവാതിരുന്നപ്പോൾ കുട്ടികളെ ഒരു ഒഴിയാബാധപോലെ മൊബൈൽ പിടികൂടുകയായിരുന്നു. പുതിയൊരു അധ്യയന വർഷത്തിലും അതുണ്ടാവുമോയെന്ന് ഇപ്പോൾ നിശ്ചയിക്കാൻ കഴിയാത്ത സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതെന്തായാലും മൊബൈൽ ഫോൺ നന്നായി ഉപയോഗിക്കാൻ അറിയുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. വിവേകപൂർവ്വം ഫോൺ ഉപയോഗിക്കുമ്പോൾഅതുവഴി ആരോഗ്യപ്രശ്നങ്ങൾ ഒഴിവാകുന്നു.
മൊബൈൽ വഴി ക്ലാസുകളിൽ പങ്കെടുക്കുന്നവർ സ്വഭാവികമായും കുറെ നേരം കഴിയുമ്പോൾ മടുത്തുപോവും. ഇത്തരമവസരങ്ങളിൽ കിടന്നുകൊണ്ട് ക്ലാസുകളിൽ പങ്കെടുക്കുന്നവരുണ്ട്. നടുവളച്ച് കൂനിക്കൂടി ക്ലാസിലിരിക്കുന്നവരുണ്ട്. ഇതൊക്കെ ഭാവിയിൽ ചില ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. മൊബൈൽ വഴി പഠനം മുന്നോട്ടുകൊണ്ടുപോകുന്നവർ ശരിയായി ഇരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഏറെ നേരം മൊബൈൽ ഉപയോഗിച്ചുകഴിയുമ്പോൾ കണ്ണിനുംകാതിനും വിശ്രമം കൊടുക്കാൻ മറക്കരുത്. റേഞ്ച് കുറവുള്ളിടത്ത് ഫോണിലൂടെ സംസാരിക്കുകയോ ക്ലാസിൽ പങ്കെടുക്കുകയോ ചെയ്യരുത്. റേഡിയേഷൻ സാധ്യത വർദ്ധിപ്പിക്കാൻ ഇതു കാരണമാകും. അതുപോലെ ചാർജ് ചെയ്തുകൊണ്ട് ഫോൺ ഉപയോഗിക്കരുത്. തലയണയുടെ സമീപത്ത് ഫോൺവച്ച് കിടന്നുറങ്ങുകയുമരുത്.
ഇയർഫോണിനും ഹെഡ്ഫോണിനും പകരമായി വയർലസ് ബ്ലൂടൂത്ത് സ്പീക്കറുകൾ ഉപയോഗിക്കുക. ഫോണിന്റെ പ്രകാശം കുറച്ചായിരിക്കണം ഉപയോഗിക്കേണ്ടത്. ഇയർ ഫോണിൻെയും ഹെഡ് ഫോണിന്റെയും വോളിയം കൂട്ടിവച്ച് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക. ആരോഗ്യപ്രശ്നങ്ങൾ മാത്രമല്ല മാനസികപ്രശ്നങ്ങളും ഇതുമൂലം ഉടലെടുക്കുന്നുണ്ട്.