നന്നായി കളിക്കാം

Date:

spot_img

കുട്ടികൾ ചെയ്യുന്ന ജോലികളാണ് കളികൾമറിയ മോണ്ടിസോറി


കളിച്ചിട്ടില്ലാത്ത ആരെങ്കിലുമുണ്ടാവുമോ?  എത്രയെത്ര കളികൾ കൊണ്ട് സമ്പന്നമായിരുന്നു മുതിർന്ന തലമുറയുടെ കുട്ടിക്കാലങ്ങൾ! എത്രയെത്ര അറിവുകൾ കൊണ്ട് സമൃദ്ധമായിരുന്നു കളിക്കളങ്ങൾ. പോകപ്പോകെ  നമ്മുടെ പുതിയ തലമുറയിലെ പല കുട്ടികളുടെയും ജീവിതങ്ങളിൽ നിന്ന് കളികൾ കുടിയൊഴിപ്പിക്കപ്പെട്ടു. നഗരവല്ക്കരണം മുതൽ സാങ്കേതികവിദ്യയുടെ വികാസംവരെയുള്ള  കാരണങ്ങൾ അതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. 

പഠനസമ്മർദ്ദം, ഒഴിവില്ലാത്ത ഒഴിവുകാലങ്ങൾ, അവധിക്കാല ക്ലാസുകൾ, മൊബൈൽ, ഇന്റർനെറ്റ്, ഫ്‌ളാറ്റ് ജീവിതം… ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് ചില കുട്ടികളുടെ ജീവിതങ്ങളിൽ നിന്നെങ്കിലും കളിയുടെ വിനോദങ്ങളും സന്തോഷങ്ങളും അപഹരിക്കപ്പെടുന്നുണ്ട്.  പുതിയ കാലത്തെ കളികളിലേക്കാണ് അവർ ചേക്കേറിയിരിക്കുന്നത്. ടാബും ലാപ്പ്ടോപ്പും മൊബൈലും ചേർന്നൊരുക്കുന്ന ഒറ്റപ്പെട്ട കളിയുടെ വിനോദങ്ങളിലേക്ക് അവരുടെ കുട്ടിക്കാലം പരിമിതപ്പെട്ടിരിക്കുന്നു. ടിവിയിലെ മായക്കാഴ്ചകളിൽ ചടഞ്ഞുകൂടിയിരിക്കുന്നവരും ധാരാളം.

കളിക്കളങ്ങളിൽ നിന്ന് പല കാരണങ്ങൾ കൊണ്ട് അകറ്റിനിർത്തപ്പെടുകയോ കളിക്കളങ്ങൾ നിഷേധിക്കപ്പെടുകയോ ചെയ്യുന്ന കുട്ടികൾ വളർന്നുവരുമ്പോൾ മാനസികവും വൈകാരികവുമായ പല ബുദ്ധിമുട്ടുകളും നേരിടുന്നതായി  അനുഭവങ്ങളും പഠനങ്ങളും വ്യക്തമാക്കുന്നു. മനശ്ശാസ്ത്രപരമായ പ്രശ്നങ്ങളുമായി വിദഗ്ദരെ സമീപിക്കുന്ന പലരുടെയും കുട്ടിക്കാലങ്ങളിൽ കളികളുണ്ടായിരുന്നില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കളിക്കാൻ പോയാൽ ചീത്തകൂട്ടുകെട്ടിൽ പെടുമെന്നും അപകടം വരുത്തിവയ്ക്കുമെന്നും തെറ്റിദ്ധരിച്ച് കുട്ടികളുടെ ലോകത്തെ കമ്പ്യൂട്ടറിലേക്കും മൊബൈലിലേക്കും പരിമിതപ്പെടുത്തുന്ന മാതാപിതാക്കളുമുണ്ട്. മക്കൾ തങ്ങളുടെ കൺവെട്ടത്തുതന്നെയുണ്ടല്ലോ എന്നതാണ് ആശ്വാസമായി അവർ പറയുന്നത്. പക്ഷേ ഇവിടെയാണ് ആപ്പിൾ കമ്പനിയുടെ സിഇഒ ആയിരുന്ന സ്റ്റീവ് ജോബ്സിന്റെ ഒരു സ്വഭാവപ്രത്യേകത തിരിച്ചറിയേണ്ടത്. നിശ്ചിതപ്രായം വരെ തന്റെ മക്കൾക്ക് അദ്ദേഹം ഐപാഡോ മൊബൈലോ നല്കിയിരുന്നില്ല. ഇവയും ഇതിന് തുല്യമായ സാങ്കേതിക ഉപകരണങ്ങളും കുട്ടികളുടെ ബുദ്ധിവളർച്ച മുതൽ സാമൂഹിക വ്യക്തി മാനസിക തലങ്ങളെ വരെ പ്രതികൂലമായി ബാധിക്കും എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.  

ദിവസം രണ്ടു മണിക്കൂറിൽ കൂടുതൽ സ്‌ക്രീൻ ടൈം കുട്ടികൾ ചെലവഴിക്കുന്നുണ്ടെങ്കിൽ അവരുടെ ചിന്താശേഷിയെയും ഭാഷാപരമായ കഴിവുകളെയും അത് പ്രതികൂലമായി ബാധിക്കുന്നു. പക്ഷേ അത്തരമൊരു തിരിച്ചറിവ് നമ്മുടെ പല മാതാപിതാക്കൾക്കും ഇല്ലാത്തതുകൊണ്ടാണ് ഭക്ഷണം കഴിപ്പിക്കാനും ശാഠ്യം പിടിച്ചുകരയുന്ന കുട്ടിയെ ശാന്തനാക്കാനും അവരുടെ കയ്യിലേക്ക് മൊബൈൽ നല്കുന്നതും ടിവിയുടെ കാഴ്ചയിലേക്ക് അവരുടെ ശ്രദ്ധയെ തിരിക്കുന്നതും. ഇതൊരു ശീലമായിക്കഴിയുമ്പോൾ, കളിക്കുക  എന്ന നൈസർഗ്ഗിക ചോദന പോലും കുട്ടികളിൽ നിന്ന് അപ്രത്യക്ഷമായിത്തുടങ്ങുകയും ഇത്തരമൊരു ലോകത്തിലേക്ക് അവരുടെ ജീവിതം ചുരുണ്ടുകൂടപ്പെടുകയും ചെയ്യുന്നു. ആരോഗ്യവും സുരക്ഷയും വിദ്യാഭ്യാസവും പോലെ തന്നെ കുട്ടികളുടെ അവകാശമാണ് കളിയും. കുട്ടികളുടെ അവകാശമായി കളിയെ യു.എൻ ഉൾപ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ട് കൂട്ടിലടച്ചതുപോലെ കുട്ടികളെ വളർത്തുന്നതിന് പകരം അവരെ കളിക്കാൻ അനുവദിക്കുക. ഓരോ ദിവസവും കൃത്യ സമയം കളിക്കായി നിശ്ചയിക്കുക. സുരക്ഷ ഉറപ്പുവരുത്തിയ കളികളിലാണ് കുട്ടികൾ ഏർപ്പെട്ടിരിക്കുന്നത് എന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തുകയും വേണം.

കുട്ടികളുടെ ബാല്യം മുരടിപ്പിക്കരുതേ. കളിക്കാനുളള അവരുടെ അവകാശങ്ങളെ ഹനിക്കരുത്. അവർ  നന്നായികളിച്ചുവളരട്ടെ. അതുവഴി അവർ നല്ല വ്യക്തികളായിത്തീരും.

കളിയുടെ നന്മകൾ

സാമൂഹിക ബന്ധമുണ്ടാകുന്നു
പാരിസ്ഥിതികാവബോധവും അറിവും ലഭിക്കുന്നു
നല്ല സുഹൃദ്ബന്ധങ്ങൾ രൂപപ്പെടുന്നു
വിജയിക്കാൻ കഴിയും എന്നതുപോലെ തോൽവിയുമുണ്ടാകും എന്ന തിരിച്ചറിവുണ്ടാകുന്നു
ടീം സ്പിരിറ്റ് ഉണ്ടാകുന്നു
പല വ്യക്തികളിൽ നിന്ന് അനുഭവങ്ങളും അറിവും സമ്പാദിക്കുന്നു
സഭാകമ്പം ഇല്ലാതെയാകുന്നു
ശാരീരികവും മാനസികവുമായ ആരോഗ്യമുണ്ടാകുന്നു

ഒഴിവുകാലത്തെ കളികൾ

പഴയ തലമുറയിലെ കുട്ടികളുടെ കളികളിൽ ഇന്നത്തേതുപോലെ വെടിയോ പുകയോ ഉണ്ടായിരുന്നില്ല. തോക്കുകൾ ഉന്നം വച്ച് വെടിവച്ചുകളിക്കുന്നതുപോലെയുള്ള ഭീകരാന്തരീക്ഷവും അവയ്ക്കുണ്ടായിരുന്നില്ല. തികച്ചും കുടുംബാന്തരീക്ഷമുള്ള, അന്തസുള്ള കളികളായിരുന്നു അവയെന്ന് തിരിഞ്ഞുനോക്കുമ്പോൾ ഇപ്പോഴത്തെ മുതിർന്ന തലമുറ സമ്മതിക്കുകയും ചെയ്യും. അല്ലെങ്കിൽ പറയൂ, ആദ്യത്തെ നമ്മുടെ കളികൾ അച്ഛനമ്മമാരായിക്കൊണ്ടായിരുന്നില്ലേ? അച്ഛനും അമ്മയും കളി അന്നത്തെ എല്ലാ കുട്ടികളുടെയും വിനോദമായിരുന്നു. മണ്ണപ്പം ചുട്ടും കഞ്ഞിവിളമ്പിയും പുരകെട്ടിയും കളിച്ചിരുന്ന നാളുകൾ. കുട്ടിയും കോലും, ഒളിച്ചുകളി, ഗോലി കളി, കക്ക്, കൊത്തം കല്ല്, ഓടിപ്പിടുത്തം.. എത്രയെത്ര കളികൾ. കാലം മാറുന്നതിന് അനുസരിച്ച് കളികളും മാറിപ്പോയല്ലോ…

More like this
Related

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ...
error: Content is protected !!