നന്നായി സ്നേഹിക്കാം

Date:

spot_img

ജീവിതമെന്ന പുഷ്പത്തിന്റെ തേനാണ് സ്നേഹം- വിക്ടർ ഹ്യൂഗോ
തേനില്ലാത്ത പുഷ്പത്തിന് വണ്ടുകളെ ആകർഷിക്കാൻ കഴിയുമോ? സ്നേഹ മില്ലാത്ത വ്യക്തികളോട് ആരെങ്കിലും അടുപ്പം സ്ഥാപിക്കുമോ?

ആരൊക്കെയോ സ്നേഹിക്കുന്നുണ്ടെന്നും ആരെയൊക്കെയോ സ്നേഹിക്കാനുണ്ടെന്നുമുള്ള വിശ്വാസമാണ്  ജീവിക്കാൻതന്നെ പ്രേരകശക്തി. ഭൗതികമായി എല്ലാം ഉണ്ടായിരുന്നിട്ടും ഉള്ളിന്റെയുള്ളിൽ ഒരാൾ ശൂന്യത അനുഭവിക്കുന്നുണ്ടെങ്കിൽ അതിന് കാരണം അയാൾക്ക് സ്നേഹം ലഭിക്കുന്നില്ല എന്നതാണ്.  ആഗ്രഹിക്കുന്നതുപോലെ സ്നേഹിക്കപ്പെടുന്നില്ല എന്നതാണ്.

പണവും പ്രശസ്തിയും ആവോളമുണ്ടായിട്ടും അനേകർ ആരാധകരായുള്ളപ്പോഴും ജീവിതത്തിന്റെ വിഷാദങ്ങളിൽ ചില പ്രശസ്തർ ആത്മഹത്യയെ പുണരുന്നത്  താൻ ആഗ്രഹിക്കുന്നതുപോലെ സ്നേഹിക്കപ്പെടാത്തതും താൻ സ്നേഹിക്കുന്ന വ്യക്തി തന്നെ തിരികെ സ്നേഹിക്കാത്തതു കൊണ്ടുമാണ്.

എല്ലാവരുമുണ്ടായിട്ടും ഒരാളുടെ സ്നേഹം പ്രത്യേകമായി നമ്മെ പൊതിഞ്ഞുപിടിക്കണം. ആ സ്നേഹത്തിൽ നമുക്ക് വിശ്വാസവും കരുതലും അനുഭവിക്കാൻ കഴിയണം.  പാൽമണം മാറാത്ത കുഞ്ഞിന് അമ്മയെന്നതുപോലെയാണ് അത്. മാറോട് ചേർന്നുകിടക്കുമ്പോൾ കരുതലിന്റെ പുതപ്പ് വീണതുപോലെയുള്ള പ്രതീതി.  നിന്നെ വിട്ട് ഞാൻ എവിടെ പോകും എന്ന അടിമത്തം തന്നെയാണ് അത്.

സ്നേഹിക്കപ്പെടാൻ ആദ്യം സ്നേഹിക്കണം.സ്നേഹം വാങ്ങാൻ ആദ്യം സ്നേഹം നല്കാൻ തയ്യാറാകണം. സ്നേഹം എപ്പോഴും നിരുപാധികമായ വിട്ടുകൊടുക്കലാണ്. ഒന്നും പിടിച്ചുവയ്ക്കാതെയുള്ള സമർപ്പണമാണ്. നന്മയാണ്.

സ്നേഹമുള്ള, ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുന്ന ഒരു വ്യക്തിയെ ആർക്കും തോല്പിക്കാനാവില്ല.  ആന്തരികമായി അയാൾ കരുത്തനാണ്. പക്ഷേ അയാൾ എപ്പോഴും അംഗീകരിക്കപ്പെടണമെന്നോ  ആദരിക്കപ്പെടണമെന്നോ ഇല്ല. അയാൾക്ക് മുറിവേല്ക്കുന്നില്ലെന്നോ  അയാൾ മാറ്റിനിർത്തപ്പെടുകയില്ലെന്നോ അർത്ഥവുമില്ല. അയാളുടെ സ്നേഹം പരക്കെ പ്രശംസിക്കപ്പെടണമെന്നുമില്ല.

ഒരു വ്യക്തിക്ക് അയാളിൽ തന്നെ അഭിമാനിക്കാൻ പലതുമുണ്ടാവാം. എന്നാൽ അയാൾ ഏറ്റവും അധികം അഭിമാനിക്കേണ്ടത് സ്നേഹിക്കാനുളള തന്റെ കഴിവിലായിരിക്കണം. സ്നേഹത്തിൽ, സ്നേഹിക്കാനുളള വിശാലതയിൽ അയാൾക്ക് മതിപ്പുണ്ടാവണം.

അതുപോലെ മറ്റ് പല കഴിവുകളെക്കാളും വലുതാണ് സനേഹിക്കാനുള്ള കഴിവ്. സ്നേഹിക്കാൻ കഴിവില്ലാത്തവരായി എത്രയോ പേരുണ്ട് ഇവിടെ. സ്നേഹം പ്രകടിപ്പിക്കാൻ അറിഞ്ഞുകൂടാത്തവരായും.
എല്ലാവരും ഒരേ പോലെയുളള ജീവിതത്തിന് അർഹരാണെങ്കിലും എല്ലാവരും ഒരുപോലെ സ്നേഹിക്കപ്പെടാൻ അർഹരല്ല  എന്നതാണ് വാസ്തവം. സ്നേഹം സ്വീകരിക്കുന്ന കാര്യത്തിലും വിനിമയം ചെയ്യപ്പെടുമ്പോഴും ഇതേ അന്തരം നിലനില്ക്കുന്നു.

ഊഹക്കച്ചവടത്തിലെയോ ഷെയർമാർക്കറ്റിലെയോ നിക്ഷേപം പോലെയല്ല സ്നേഹം. നഷ്ടംവരാത്ത സമ്പാദ്യമാണ് സനേഹം. പലിശയും കൂട്ടുപ്പലിശയുമായി അത് തിരികെ കിട്ടും, നല്കിയിരുന്നത് സ്നേഹം തന്നെയാണെങ്കിൽ. ഒരാളെ സ്നേഹിക്കുമ്പോൾ എനിക്കെന്തു ലഭിക്കും എന്ന്  ചിന്തിക്കരുത്. മറിച്ച് എനിക്ക് എന്തുകൊടുക്കാൻ കഴിയും എന്ന് ചിന്തിക്കുക. നന്നായിസ്നേഹിക്കൂ, നന്നായി സ്നേഹം തിരിച്ചുകിട്ടും.  നന്നായി സ്നേഹിച്ചവരാരും പരാജയപ്പെടാത്ത ലോകമാണ് ഇത്.

നീയെന്നെ വേദനിപ്പിച്ചതുപോലെ ഞാൻ നിന്നെ വേദനിപ്പിച്ചിട്ടില്ല.നീയെന്നെ അവഗണിച്ചതുപോലെ ഞാൻ നിന്നെ അവഗണിച്ചിട്ടില്ല. നീയെന്നെ ഒഴിവാക്കിയതുപോലെ ഞാൻ നിന്നെ ഒഴിവാക്കിയിട്ടില്ല. കാരണം ഞാൻ നിന്നെ സ്നേഹിച്ചതുപോലെ നിന്നെ മറ്റാരും സ്നേഹിച്ചിട്ടില്ല.

ശരിയാണ്, പറയാൻ നിനക്ക് പലരുമുണ്ട്. നിനക്ക് മേൽ അവകാശമുള്ളപലരും. ഒരിടത്തും ഒരു സ്ഥാനം  പിടിക്കാൻ എനിക്ക് അവകാശവാദങ്ങളുമില്ല. എന്നിട്ടും എനിക്കറിയാം ഞാൻ സ്നേഹിച്ചതുപോലെ നിന്നെ സ്നേഹിക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ലെന്ന്. അവർക്കൊക്കെ നീ പലതുമായിരുന്നു. പക്ഷേ എനിക്ക് നീ ഒന്നു മാത്രമായിരുന്നു. സ്നേഹം. ഓ എന്റെ സ്നേഹമേ…

ഭൂമിയിൽ നിന്നെയല്ലാതെ മറ്റൊന്നിനെയും ഞാൻ ആഗ്രഹിക്കുന്നില്ല. സ്വർഗ്ഗത്തിലും നീയല്ലാതെ മറ്റൊന്നും എനിക്കാവശ്യവുമില്ല.

More like this
Related

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...
error: Content is protected !!