കാരണവന്മാർ തലയിൽ കൈകൾ വച്ച് അനുഗ്രഹിക്കുമ്പോൾ പറയാറുണ്ട്, നന്നായി വരട്ടെയെന്ന്. അതൊരു പ്രാർത്ഥനയും അനുഗ്രഹവുമാണ്..
നല്ലത് എന്ന വാക്ക് കേൾക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. ഒരു പ്രവൃത്തി ചെയ്യുമ്പോൾ, ഒരു കലാസൃഷ്ടി ആസ്വദിക്കുമ്പോൾ, ഒരു മത്സരത്തിൽ പങ്കെടുക്കുമ്പോൾ അപ്പോഴെല്ലാം കൊള്ളാം നന്നായിരിക്കുന്നു എന്ന പ്രതികരണം കേൾക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
നല്ലതിനോടുള്ള പ്രതിപത്തി എല്ലാ മനുഷ്യരുടെയും ജീവിതത്തിന്റെ ആകെത്തുകയാണെന്ന് പറയാം. അതുപോലെ നല്ലതുപോലെ ജീവിക്കാനാണ് എല്ലാവരുടെയും ശ്രമവും. എന്നിട്ടും എപ്പോഴും നന്നായി ജീവിക്കാൻ നമുക്ക് കഴിയാതെ വരുന്നു.
നന്നായി പെരുമാറാൻ.. നന്നായി സംസാരിക്കാൻ.. നന്നായി ബന്ധം സ്ഥാപിക്കാൻ.. നന്നായി ആരോഗ്യം നോക്കാൻ..
നന്നായി ജീവിക്കാൻ നമുക്ക് കഴിയാതെ പോകുന്നതിന് പല കാരണങ്ങളുണ്ടാവാം. പക്ഷേ അതിൽ ഏറ്റം പ്രധാനം നമുക്ക് അതേക്കുറിച്ച് തീവ്രമായ ആഗ്രഹമില്ല എന്നതാണ്. ആഗ്രഹമാണ് ആദ്യം ഉണ്ടാവേണ്ടത്. അതിന് ശേഷമാണ് അതിനെ പ്രവൃത്തിപഥത്തിലെത്തിക്കാനുള്ള ചുവടു വയ്പ്പുകൾ നടത്തേണ്ടത്.
കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ജീവിതം നയിക്കാൻ വേണ്ട ഏതാനും ചില പോംവഴികളാണ് ഒപ്പത്തിന്റെ ഈ ലക്കത്തിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിന്റെ വിവിധതലങ്ങളെ ചെറുതായിട്ടൊന്ന് സ്പർശിച്ചുകടന്നുപോകുന്നവയാണ് ഈ ലേഖനങ്ങൾ. ഇത് വായനക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. നന്നായി എന്ന് പറയിപ്പിക്കാൻ ഇടവരട്ടെ. നല്ലതുപോലെ ജീവിക്കാൻ നമുക്ക് ശ്രമിക്കാം. എല്ലാവർക്കും നല്ലതു സംഭവിക്കട്ടെ.
ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്