മൂന്നാമതൊരാൾ

Date:

spot_img

പുസ്തകങ്ങൾ കൊണ്ടുനടന്നു വിൽക്കുന്ന  
ഒരാൾ ഇടയ്ക്കിടെ  വരാറുണ്ടായിരുന്നു ഓഫീസിൽ.
സംസാരിക്കില്ല കൂടുതലൊന്നും
മേശപ്പുറത്തു വയ്ക്കും കുറച്ചു പുസ്തകങ്ങൾ.
ആരെങ്കിലും താല്പര്യത്തോടെ നോക്കുകയാണെങ്കിൽ  ബാഗിൽനിന്ന് പിന്നെയും  എടുക്കും പുസ്തകങ്ങൾ.
താൽപര്യക്കുറവ് കണ്ടാൽ ഒന്നും മിണ്ടാതെ  പുസ്തകങ്ങൾ എടുത്ത് അടുത്ത ആളുടെ അടുത്തേക്ക് പോവും.
എല്ലാത്തവണയും 
ഒന്നോ രണ്ടോ പുസ്തകങ്ങൾ വാങ്ങും ഞാൻ.
കുറെ നാളായി  കാണാറില്ലായിരുന്നു അയാളെ.
പിന്നെ പത്രത്തിൽ അയാളുടെ പടം കണ്ടു, കോവിഡ് ബാധിച്ചു മരിച്ചവരുടെ കൂട്ടത്തിൽ.
കഴിഞ്ഞദിവസം പുസ്തകങ്ങൾ വിൽക്കുവാൻ  വന്നു മറ്റൊരാൾ.
പുസ്തകങ്ങളെക്കുറിച്ച് സരസമായി സംസാരിച്ചു 
കൊണ്ട്   എല്ലാവരുടെയും മേശപ്പുറത്ത് 
ഓരോ പുസ്തകം വീതം കൊണ്ടുവച്ചു അയാൾ.
പണ്ടത്തെ പുസ്തക വിൽപ്പനക്കാരനോട്  
ചോദിച്ചപ്പോൾ അടുത്ത തവണ വരുമ്പോൾ 
കൊണ്ടു വരാമെന്ന് പറഞ്ഞ പുസ്തകമായിരുന്നു  എന്റെ മേശപ്പുറത്തു വച്ചത്.
കുറച്ചു സങ്കടത്തോടെ പുസ്തകം വാങ്ങി 
പൈസ കൊടുത്തു.
അന്നാണ് എനിക്കൊരു കാര്യം മനസ്സിലായത്, 
മരണത്തിന് മനുഷ്യനെ ഒരു ചുക്കും ചെയ്യാൻ 
കഴിയില്ല എന്ന്.
ഞാൻ മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ
‘മൂന്നാമതൊരാൾ’ എന്ന ആ പുസ്തകം 
എടുത്തു ബാഗിൽ വച്ചു.

സജിത്ത് കുമാർ

More like this
Related

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക്...

അവൾ

ഋതുക്കളെ ഉള്ളിലൊളിപ്പിച്ചവൾപച്ചപ്പിന്റെ കുളിർമയുംമരുഭൂമിയുടെ ഊഷരതയുംഉള്ളിലൊളിപ്പിച്ച സമസ്യകണ്ണുകളിൽ വർഷം ഒളിപ്പിച്ചുചുണ്ടുകളിൽ വസന്തംവിരിയിക്കുന്ന മാസ്മരികതവിത്തിനു...

അസ്വസ്ഥം

ഉള്ളിലെനിക്കും,സദാചാരപ്പോലീസി-ലുള്ളൊരാൾ പാർപ്പുണ്ട്;നെറ്റിചുളിച്ചു ഞാൻചുറ്റും പരതുന്നു-ണ്ടാ,ണൊരു പെണ്ണിനോ-ടൊച്ചകുറച്ചെങ്ങാൻമിണ്ടുന്നുവോ?, പെണ്ണ്,തൊട്ടുചേർന്നെങ്ങാ-നിരിക്കുന്നുവോ?, തിക്കു-മുട്ടലുണ്ടേറെയെ-നിക്കെന്നറിയുക.ഞാൻ, മലയാളി, ശുഭകരമായതിൽമാനസമെത്താതലഞ്ഞു...
error: Content is protected !!