അമ്മായിയമ്മ v/s മരുമകൾ

Date:

spot_img

അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ശണ്ഠകൂടലുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യവംശത്തിന്റെ ചരിത്രം മുതൽ അതാരംഭിച്ചിട്ടുണ്ടാവാം. മാറിയ കാലത്തും ലോകത്തും ‘സജീവമായ അന്തർധാര’യായി  അത് നിലനില്ക്കുന്നുമുണ്ട്. ഒരുപക്ഷേ ആദ്യകാലത്തേതുപോലെ അത്ര തീവ്രമായിരിക്കില്ലെന്ന്  മാത്രം.  അണുകുടുംബങ്ങളുടെ രൂപീകരണം ഒരുപരിധിവരെ ഇത് കുറച്ചിട്ടുമുണ്ട്.  എങ്കിലും  ഇന്നും പല അമ്മായിയമ്മമാരും മരുമക്കളും തമ്മിലുള്ള ബന്ധം അത്ര ഊഷ്മളമല്ല. അമ്മായിയമ്മയെ സ്വന്തം അമ്മയായി കാണാൻ കഴിയാത്ത മരുമകളും മരുമകളെ സ്വന്തം മകളായി സ്വീകരിക്കാൻ കഴിയാത്ത അമ്മായിയമ്മയും ഒന്നുപോലെ ഈ പ്രശ്നത്തിന് ഉത്തരവാദികളാണ്. ഇന്ന് മരുമകളാണ് കൂടുതലും പോരെടുക്കുന്നത് എന്നതും സത്യം. പക്ഷേ പരമ്പരാഗതമായി കൈമാറിപ്പോരുന്ന വിശ്വാസം കണക്കെ അമ്മായിയമ്മയെയാണ് നാം പ്രതിക്കൂട്ടിലാക്കുന്നത്. അതുകൊണ്ടുതന്നെ അമ്മായിയമ്മയെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ പ്രശ്നത്തെ ഇവിടെ സമീപിക്കുന്നത്.

അനാവശ്യമായ ഇടപെടൽ

പല അമ്മായിയമ്മമാരും മകന്റെയും ഭാര്യയുടെയും കാര്യത്തിൽ അനാവശ്യമായി ഇടപെടുന്നവരാണ്. മകൻ ഇപ്പോഴും കൊച്ചുകുട്ടിയാണെന്ന മട്ടിലാണ് ആവശ്യത്തിനും അനാവശ്യത്തിനുമുളള ഉപദേശവും നിയന്ത്രണവും. ഇത് മരുമകൾക്ക് ഇഷ്ടമാകണം എന്നില്ല.തങ്ങളുടെ സ്വകാര്യതകളിലേക്ക് ക്ഷണിക്കാതെ കടന്നുവരുന്ന ഈ അതിഥിയെ മാന്യമായി സ്വീകരിക്കാൻ പല മരുമക്കൾക്കും കഴിയാറില്ല. ഇത് ബന്ധത്തിൽ ഉരസലുകളുണ്ടാക്കുന്നു.

കുത്തുവാക്കുകൾ

പല അമ്മായിയമ്മമാരുടെയും നാവിന് കയ്പും മൂർച്ചയുമാണുള്ളത്. കുത്തും കോളും വച്ചു പറയുന്ന പലതും മരുമക്കളുടെ നെഞ്ചിലാണ് കൊള്ളുന്നത്. ഇത് അവരെ സ്നേഹിക്കുന്നതിന് പകരം വെറുക്കാനാണ് ഉപകരിക്കുന്നത്.

താരതമ്യപ്പെടുത്തൽ

സ്വന്തം മരുമകളെ അയൽപക്കത്തെ മരുമകളുമായി തട്ടിച്ചുനോക്കി സ്വന്തമായതിനെ വിലയിടിച്ചുകാണിക്കുന്ന പ്രവണത അമ്മായിയമ്മമാരിൽ പൊതുവെ കണ്ടുവരാറുണ്ട്. മറ്റുള്ളവരുടെ മരുമക്കൾ നല്ലവരും ഗുണസമ്പന്നരും  സ്നേഹമയികളുമാകുമ്പോൾ, അവർക്ക് ഒരുപാടു കഴിവുകളുണ്ടാകുമ്പോൾ സ്വന്തം മരുമകൾക്ക് അത്തരം കഴിവുകളൊന്നുമില്ലാതെയാകുന്നു. സ്ത്രീധനത്തിന്റെയും ജോലിയുടെയും കുടുംബപാരമ്പര്യത്തിന്റെയും പേരിലുള്ള താരതമ്യപ്പെടുത്തലുകൾ ഒരു മരുമകളും സ്നേഹത്തോടെ സ്വാഗതം ചെയ്യുകയില്ല.

സ്വാർത്ഥത

മകൻ തന്റേതുമാത്രമായിരിക്കണമെന്ന സ്വാർത്ഥത ഒട്ടുമിക്ക അമ്മായിയമ്മമാർക്കുമുണ്ട്. തന്നോടുള്ള മകന്റെ സ്നേഹത്തിന് കുറവ് അനുഭവപ്പെടുന്നുണ്ട് എന്ന് തോന്നുന്നത് പല അമ്മായിയമ്മമാരെയും അസ്വസ്ഥരാക്കുകയും മരുമകളെ ശത്രുവാക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ മരുമകൾക്ക് പല അധികാരങ്ങളും വിട്ടുകൊടുക്കാനുള്ള തയ്യാറില്ലായ്മയും അവർക്കുണ്ട്. വീടും വീട്ടുകാരും എല്ലാം തന്റേതുമാത്രമായിരിക്കണമെന്നും തന്റെ അഭിപ്രായമനുസരിച്ചായിരിക്കണം എല്ലാം ഇവിടെ നടക്കേണ്ടതെന്നുമുള്ള ചിന്ത പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

വ്യത്യസ്ത  സംസ്‌കാരവും ആചാരവും

ഓരോ കുടുംബത്തിനും ഓരോ സംസ്‌കാരമാണ് ഉള്ളത്. സ്വന്തം കുടുംബത്തിലെ രീതികളിൽ നിന്ന് പാഠം ഉൾക്കൊണ്ടായിരിക്കാം ഒരു പെൺകുട്ടി വിവാഹിതയായി മറ്റൊരു കുടുംബത്തിലേക്ക് കടന്നുവരുന്നത്. അവളുടെ ആ രീതികൾ നല്ലതോ ചീത്തയോ ആകാം. പക്ഷേ അതിനെ സഹിഷ്ണുതയോടെ കാണുന്നതിന് പകരം തന്റെ രീതിക്ക് ഉടനടി മരുമകൾ വഴങ്ങണം എന്ന് ശാഠ്യം പിടിക്കുമ്പോൾ അവിടെയും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധത്തിന് സുതാര്യത നഷ്ടപ്പെടുന്നു.
ഈ പ്രശ്നങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് നോക്കാം.

മകൻ സ്വന്തമാണെങ്കിൽ മരുമകളും തന്റെ സ്വന്തമാണ് എന്ന വിശ്വാസം ബലപ്പെടുത്താൻ ശ്രമിക്കുക. തനിക്കൊരു മകളുണ്ടെങ്കിൽ അവൾ എങ്ങനെ ഭർത്തൃഗൃഹത്തിൽ കഴിയണമെന്ന് താൻ ആഗ്രഹിക്കുമോ അതുപോലെ തന്റെ മരുമകൾ തന്റെ വീട്ടിലും കഴിയട്ടെയെന്ന് തീരുമാനിക്കുക. അതിന് വേണ്ട സാഹചര്യങ്ങൾ ക്രമീകരിക്കുക. മകന്റെയും മരുമകളുടെയും എല്ലാകാര്യങ്ങളിലും അനാവശ്യമായി തലയിടാതിരിക്കുക. തന്റെ ഉപദേശമനുസരിച്ചായിരിക്കണം മകനും മരുമകളും ജീവിക്കേണ്ടതെന്ന അബദ്ധധാരണയും തുടച്ചുനീക്കുക. അവർ രണ്ടുപേരും രണ്ട് വ്യക്തികളാണ്. ഒരുപക്ഷേ തന്നെക്കാൾ അറിവും വിവരവുമുളളവരുമായിരിക്കും. എല്ലാകാര്യങ്ങളിലും അവരെ നിയന്ത്രിക്കാൻ പോകരുത്. ചെയ്യുന്നത് അബദ്ധമാണെന്നാണ് തോന്നുന്നതെങ്കിൽ അത് രേഖപ്പെടുത്താൻ അവകാശമുണ്ട്. പക്ഷേ ഏതിനും ഏതിനും അഭിപ്രായം പറയാൻ നില്ക്കേണ്ടതില്ല. ചോദിക്കുന്നതിന് മാത്രം അഭിപ്രായം പറയുക എന്ന തീരുമാനമെടുക്കുന്നതും നല്ലതാണ്. അയൽപക്കത്തെ മരുമകൾ എത്ര സുന്ദരിയോ വിദ്യാസമ്പന്നയോ ആയിരുന്നാലും തനിക്കൊരു പ്രയോജനവുമില്ല. തനിക്കുള്ളത് തന്റെ മരുമകളാണ്. അവളിലെ നന്മ കണ്ടെത്തുക. അവളെ പ്രോത്സാഹിപ്പിക്കുക. അനാവശ്യമായ താരതമ്യപ്പെടുത്തൽ വഴി കുടുംബത്തിൽ സ്വസ്ഥതക്കേടു സൃഷ്ടിക്കാതിരിക്കുക.  താൻ വിവാഹിതയായി കടന്നുവന്നപ്പോൾ തന്റെ മനസ്സിലെന്തായിരുന്നുവെന്നും എങ്ങനെയുള്ള ഒരു അമ്മായിയമ്മയെയാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും ഓർമ്മിക്കുക. അത്തരത്തിലുള്ള അമ്മായിയമ്മയാകാൻ ശ്രമിക്കുക. മരുമകൾ മറ്റൊരു കുടുംബത്തിൽ നിന്ന് വരുന്നവളാണെന്ന് മനസ്സിലാക്കി അവളെ തന്റെ കുടുംബസാഹചര്യങ്ങൾക്കനുസരിച്ച് മാറ്റിയെടുക്കാൻ സമയം കൊടുക്കുക. മരുമകളുടെ കുടുംബത്തിലെ നല്ല കാര്യങ്ങൾ കടം കൊള്ളാനും തന്റെ കുടുംബത്തിലെ നന്മകൾ കൈമാറാനും തയ്യാറാവുക. താൻ മാത്രമല്ല അവളും ശരിയാണെന്ന് വിശ്വസിക്കുക.
 അമ്മായിയമ്മയോടുള്ള വെറുപ്പും വിദ്വേഷവുമാണ് പല കുടുംബബന്ധങ്ങളും തകരുന്നതിന് പിന്നിലെ ഒരു കാരണം. ഭർത്താവ് അമ്മയോടാണ് കൂടുതൽ സ്നേഹം കാണിക്കുന്നതെന്ന ചിന്ത ഭർത്താവിനെ വെറുക്കാനും ചീത്തവിളിക്കാനും വരെ ചില വിദ്യാസമ്പന്നരായ ഭാര്യമാർ തയ്യാറാകുന്നുണ്ട്. അമ്മയെ ന്യായീകരിക്കുന്നതുകൊണ്ട് ഭർത്താവിനെ ശത്രുവായി കാണുക, അമ്മയെ പരിഗണിക്കുന്നതുകൊണ്ട് തന്നോട് സ്നേഹമില്ലെന്ന് കരുതുക ഇതെല്ലാം ചില ഭാര്യമാരുടെ പ്രശ്നമാണ്. അതുകൊണ്ട് ഏതുതരം ബന്ധത്തിലും വിഷം കലരുന്നതിന് മുമ്പ് തുറന്നു സംസാരിക്കുക. അമ്മായിയമ്മയോട് ഏതെങ്കിലും തരത്തിൽ അകൽച്ച തോന്നുന്നുണ്ടോ അവരുടെ പെരുമാറ്റം ഈർഷ്യപ്പെടുത്തുന്നുണ്ടോ അക്കാര്യം ഭർത്താവിനോട് തുറന്നു സംസാരിക്കുക. തുറന്ന സംഭാഷണം എന്നതുകൊണ്ട് അമ്മായിയമ്മയെ മോശക്കാരിയായി ചിത്രീകരിക്കുകയോ അവരെ കുറ്റപ്പെടുത്തുകയോ ചെയ്യുക എന്നതല്ല. മുൻവിധികളില്ലാതെ  സംസാരിക്കുക എന്നതാണ്. ആദരവോടെ സംസാരിക്കുക. മരുമകളെക്കാൾ അമ്മയെ മനസ്സിലാക്കിയിരിക്കുന്നത് മകനായിരിക്കുമല്ലോ.അതുകൊണ്ട് ഭർത്താവിന്റെ കാഴ്ചപ്പാടുകളെയും അഭിപ്രായങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിക്കാൻ തയ്യാറാവുക.  അമ്മായിയമ്മയുടെ കാഴ്ചപ്പാടിലൂടെയും പ്രശ്നത്തെ കാണാൻ ശ്രമിക്കുക. 

തെറ്റായ നിഗമനങ്ങളെക്കാൾ വാസ്തവികതാബോധമുള്ള നിഗമനങ്ങളാണ് സഹായകരം. അമ്മായിയമ്മയെ സഹിഷ്ണുതയോടെ സ്വീകരിക്കാൻ മരുമകൾ തയ്യാറാവുക. എന്തായാലും മറ്റൊരു തലമുറയിൽപെട്ട ആളാണ് അമ്മായിയമ്മ. ആ കാലഘട്ടത്തിന്റെ പ്രത്യേകകളും ധാരണകളുമായിരിക്കും അവരെ നയിക്കുന്നതെന്ന് മനസ്സിലാക്കുക. അത്തരമൊരു മനസ്സിലാക്കൽ അവരെന്താണോ, ആ അവസ്ഥയിൽ അമ്മായിയമ്മയെ സ്വീകരിക്കാൻ പ്രേരിപ്പിക്കും. പരസ്പരമുള്ള തെറ്റിദ്ധാരണകൾ നീങ്ങിവരാൻ സമയമെടുക്കും എന്ന് മനസ്സിലാക്കുക.  മാറ്റം പെട്ടെന്ന് സംഭവിക്കുന്നതല്ല. അത് സ്വഭാവികമായ ക്രമവും സമയവും ആവശ്യപ്പെടുന്നുണ്ട്. അതിന് വേണ്ടികാത്തിരിക്കുക. അമ്മായിയമ്മയും തന്നെപോലെ കുറവുകളുള്ള ഒരുവ്യക്തിയാണെന്ന് മനസ്സിലാക്കുക. അമ്മ പറയുന്നതുപോലെയാണ് അമ്മായിയമ്മയും പറയുന്നതെന്ന് മനസ്സിലാക്കിയാൽ പാതി പ്രശ്നം തീരും. പക്ഷേ ഭൂരിപക്ഷം മരുമക്കളും അമ്മായിയമ്മാരെ അന്യഗ്രഹജീവികളായിട്ടാണ് കാണുന്നത്. തങ്ങളുടെ കൈയിലെ ഭൂതക്കണ്ണാടികൊണ്ട് അവർ അമ്മായിയമ്മമാരുടെ തെറ്റുകളെയും കുറ്റങ്ങളെയും പർവതീകരിക്കുന്നു. 
തിരുത്തൽ ഒരിടത്തു മാത്രമാകരുത്, രണ്ടിടത്തുമാകാം. അതുപോലെ രണ്ടുപേരും മനസ്സിലാക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. തങ്ങൾ രണ്ടുപേർക്കുമിടയിൽ വീർപ്പുമുട്ടുന്നത് മകൻ/ ഭർത്താവ് എന്ന വ്യക്തിയാണെന്ന്.

More like this
Related

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ...

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും...
error: Content is protected !!