വേനലിന്റെ ചൂടിനെയും അസ്വസ്ഥതകളെയും നേരിടാൻ സഹായകരമാണ് താഴെപ്പറയുന്ന പഴങ്ങൾ. ചൂടകറ്റും എന്നതിന് പുറമെ വിവിധതരം വിറ്റാമിനുകളും ഈ പഴങ്ങളിലുണ്ട്. നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടുവരുന്ന മാമ്പഴമാണ് ഇതിൽ മുമ്പന്തിയിൽ. വേനൽക്കാലത്ത് എളുപ്പത്തിൽ കിട്ടുന്നതും ധാരാളം പോഷകങ്ങൾ അടങ്ങിയതുമായ പഴമാണ് ഇത്. വിറ്റാമിനുകളായ എ, സി എന്നിവയും സോഡിയം, ഫൈബർ തുടങ്ങിയവയും ധാരാളം ധാതുക്കളും മാമ്പഴത്തിലുണ്ട്. ഇതിന്റെ ഭൂരിഭാഗവും വെള്ളം അടങ്ങിയതാണ്. മാമ്പഴം എന്നതുപോലെ ധാരാളം വെള്ളം അടങ്ങിയതാണ് തണ്ണിമത്തൻ. ശരീരത്തിലെ വെള്ളത്തിന്റെ നില കാത്തുസൂക്ഷിക്കാൻ ഇതിന് കഴിവുണ്ട്.ഫൈബർ, വിറ്റാമിൻ എ, സി, മഗ്നീഷ്യം, പൊട്ടാസ്യം, ആന്റി ഓക്സിഡന്റ് ലൈക്കോ പീൻ തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്. കടുത്ത ചൂടു മൂലം ശരീരത്തിൽ നിന്ന് വിയർപ്പിലൂടെ പൊട്ടാസ്യം നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കുന്ന പഴമാണ് ഓറഞ്ച്. വിറ്റാമിൻ സി, എ, കാൽസ്യം, ഫൈബർ എന്നിവയും ഓറഞ്ചിലുണ്ട്. ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്താനും ഓറഞ്ചിന് കഴിവുണ്ട്. മുമ്പ് പറഞ്ഞ പഴങ്ങൾ പോലെ തന്നെ നിർജ്ജലീകരണം തടയാൻ സഹായിക്കുന്ന ഗ്രീൻ സമ്മർ ഫ്രൂട്ടാണ് കുക്കുമ്പർ. ചൂടു കൂടാതിരിക്കാനും ഇത് സഹായിക്കും. നിർജ്ജലീകരണം തടയുന്നു എന്നതിന് പുറമെ ചർമ്മത്തെ ആരോഗ്യമുള്ളതും സുന്ദരവുമാക്കി മാറ്റാനും കുക്കുമ്പറിന് കഴിവുണ്ട്.