എന്തിനാണ് വിവാഹം കഴിക്കുന്നത് ?

Date:

spot_img

‘ഭാവിയെക്കുറിച്ചോർക്കുമ്പോൾ വല്ലാത്ത പേടി തോന്നുന്നു. വയ്യാതാകുന്ന കാലത്ത് പരിചരിക്കാനും ഭക്ഷണം പാകം ചെയ്തുതരാനും ആരുമില്ലല്ലോ?’

വിവാഹമോചിതനായ ഒരു സുഹൃത്തുമായി കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ അവൻ പങ്കുവച്ച ആകുലതയായിരുന്നു അത്.

 വിവാഹം കഴിച്ച ഒരാൾക്കും വയ്യാതാകുന്ന കാലത്ത് ആരെങ്കിലുമൊക്കെയുണ്ടാവുമെന്ന് ഉറപ്പൊന്നുമില്ലല്ലോ. ജീവിതപങ്കാളിയോ മക്കളോ ആരും.  ജീവിതപങ്കാളി ചിലപ്പോൾ നേരത്തെ മരിച്ചുപോകാം. മക്കൾ ജോലിയുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്ന് അകന്നുകഴിയുന്ന സാഹചര്യമാകാം.അപ്പോൾ വിവാഹിതനായ ആളും വിവാഹം കഴിക്കാത്ത ആളും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല.

 എന്റേതായ രീതിയിൽ വ്യാഖ്യാനിക്കാൻ ഞാൻ ശ്രമിച്ചു. ഉടനെ വന്നു സുഹൃത്തിന്റെ  വിശദീകരണം.
അതെത്രത്തോളം ശരിയാകും? ആരു മില്ലാത്തവനെക്കാളും പ്രതീക്ഷയ്ക്ക് വകയുണ്ടല്ലോ ആരെങ്കിലുമുള്ള ഒരാൾക്ക്? ആരോഗ്യമുള്ള അവസരത്തിലാണെങ്കിലും പനിപിടിച്ച് കിടപ്പിലാകുമ്പോൾ മരുന്നെടുത്തു തരാനും ചൂടുകഞ്ഞി വച്ചു തരാനും ഒരാളുണ്ടല്ലോ? എന്നാൽ വിവാഹം കഴിക്കാത്ത അല്ലെങ്കിൽ വിവാഹമോചനം ചെയ്ത ഒരാൾക്കോ?

വിവാഹം കഴിക്കുന്നത് എന്തിനാണെന്ന ചിന്ത മറ്റൊരുതരത്തിൽ തലയിൽ  കയറിക്കൂടിയത് ഇത്തരമൊരു സംഭാഷണത്തെ തുടർന്നാണ്. രോഗമുള്ളവർക്കാണ് വൈദ്യനെ കൊണ്ടാവശ്യം എന്നു പറയുന്നതുപോലെ.  വിവാഹത്തിന് പലരെയും പ്രേരിപ്പിക്കുന്നത് ഇത്തരമൊരു ആവശ്യകതയാണ്. പണച്ചെലവില്ലാത്തതും എന്നാൽ ആത്മാർത്ഥതയോടെ ചെയ്തുകിട്ടുമെന്നു ഉറപ്പുള്ളതുമായ ഒരാൾ. അങ്ങനെയും കൂടി പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും ഈ പ്രതീക്ഷ അസ്ഥാനത്താകാറുമുണ്ട്.  

ഒരു സുഹൃത്ത് പങ്കുവച്ചതാണ് ഇക്കാര്യം. കോവിഡിന്റെ തുടക്കകാലത്താണ്.  സുഹൃത്ത് രോഗബാധിതനായി. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം. ഭാര്യ തന്നെ ശുശ്രൂഷിക്കുമല്ലോ എന്ന് വിചാരിച്ച്  കോവിഡ് രോഗബാധിതരെ മാറ്റിപ്പാർപ്പിക്കുന്ന ഒരു സെന്ററിലേക്കും പോകാതെ അവൻ വീട്ടിൽ തന്നെയാണ് കഴിച്ചുകൂട്ടിയത്. പക്ഷേ കടന്നുപോയ പത്തുപതിനെട്ട് ദിവസങ്ങൾ വളരെ ഭീകരമായിരുന്നുവെന്നാണ് അവൻ പറഞ്ഞത്. കാരണം ഭാര്യയ്ക്ക് പേടി. അടുക്കലെത്തിയാൽ രോഗം പകരുമോ. മക്കളെയും ആ മുറിയിലേക്ക് അടുപ്പിച്ചില്ല. സാമൂഹിക അകലവും സുരക്ഷയുമൊക്കെ ആവശ്യത്തിന് വേണ്ടതുതന്നെ. പക്ഷേ അത് പണ്ടുകാലങ്ങളിൽ കുഷ്ഠരോഗികളോടെന്ന പോലെ വിവേചനം കാണിക്കുമ്പോഴാണ് അസഹനീയമായിത്തോന്നുന്നത്. പ്രേമിച്ച് വിവാഹം കഴിച്ച തനിക്കിതാണ് അവസ്ഥയെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും. ഇതിൽ നിന്ന് ഞാനൊരു കാര്യം മനസ്സിലാക്കി. വിവാഹം കഴിച്ചാലും വിവാഹം കഴിച്ചില്ലെങ്കിലും ഒരാൾക്ക് അവനവൻ മാത്രമേയുണ്ടാകൂ, സുഹൃത്ത് പറഞ്ഞു.

പല മാതാപിതാക്കളും മക്കളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതിന് പറയുന്ന ന്യായീകരണം ഇതാണ്. ഞങ്ങളുടെ കാലശേഷം നിന്നെ ആരുനോക്കും? നിനക്ക് ആരെങ്കിലുമുണ്ടാവുമോ നാഴി വെള്ളം തരാൻ?
അതായത് ഒരു ജോലിക്കാരിക്കോ പരിചാരകയ്ക്കോ പകരക്കാരിയായിട്ടാണ്  ഒരു പെൺകുട്ടിയെ  ഭാര്യയായി പുരുഷന്മാർ സ്വീകരിക്കുന്നത്.  ശമ്പളമില്ലാത്ത ജോലിക്കാരി.  തനിക്കൊപ്പം പങ്കാളിത്തമുള്ള, സ്ഥാനമുള്ള, തുല്യതയുളള ഒരു വ്യക്തിയായി പല പുരുഷന്മാരും സ്ത്രീകളെ പരിഗണിക്കുന്നില്ല. ഒന്നുകിൽ സ്ത്രീകൾക്ക് വിധേയപ്പെട്ട് കഴിയുന്നവർ, അല്ലെങ്കിൽ സ്ത്രീകളെ അടിച്ചമർത്തി പുരുഷമേൽക്കോയ്മ കാണിക്കുന്ന മെയിൽ ഷോവനിസ്റ്റുകൾ. ഈ രണ്ടുകൂട്ടരുമാണ് കൂടുതലും. അതിനപ്പുറം മുഖങ്ങളുള്ളവർ കുറവുതന്നെ.
മുമ്പ് പലയിടത്തും എഴുതിയിട്ടുള്ളതുപോലെ ഒരു നിശ്ചിതപ്രായം എത്തിക്കഴിയുമ്പോൾ ഏതൊരു ചെറുപ്പക്കാരനും ചെയ്യാനുള്ള ഒരേയൊരു കാര്യം വിവാഹം കഴിക്കുക എന്ന മട്ടിലെത്തിയിരിക്കുന്നു കാര്യങ്ങൾ.  ഇനി വേറൊരു കൂട്ടരുണ്ട്.നമ്മുടേതുപോലെയുള്ളഒരു സംസ്‌കാരത്തിൽ യൗവനത്തിലെത്തിക്കഴിയുമ്പോൾ സ്വഭാവികമായും ഉണ്ടാകാവുന്ന ലൈംഗികപ്രചോദനങ്ങൾക്കുള്ള പ്രത്യുത്തരമായിട്ടാണ് അവർ വിവാഹിതരാകുന്നത്. അത്തരം താല്പര്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗം വിവാഹമാകുന്നു അവരെ സംബന്ധിച്ചിടത്തോളം. ലൈംഗികത പ്രധാനപ്പെട്ടതാണെങ്കിലും അതുമാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം. ദാമ്പത്യജീവിതത്തിന്റെ ഒരു ഭാഗം മാത്രമേ അതാകുന്നുള്ളൂ. 

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ലയമാണ് ദാമ്പത്യജീവിതത്തിന്റെ കാതൽ. മാംസനിബദ്ധമായ രാഗം മാത്രമൊന്നുമല്ല അത്. എന്നാൽ ശരീരത്തിന് വേണ്ടി മാത്രം വിവാഹം കഴിക്കുന്നവരാണ് ഭാര്യ രോഗിണിയായിക്കഴിയുമ്പോൾ പരസ്ത്രീകളെയും ഭർത്താവിന് ആരോഗ്യം നശിച്ചുകഴിയുമ്പോൾ പരപുരുഷന്മാരെയും തേടിപോകുന്നത്. 

ഒരു കൂട്ടാണ്, കൂട്ടായ്മയാണ് വിവാഹത്തിലൂടെ സംഭവിക്കേണ്ടത്. പരസ്പരമുള്ള സ്നേഹത്തിൽ നിന്ന്, സൗഹൃദത്തിൽ നിന്ന്, ആദരവിലും ബഹുമാനത്തിലും നിന്ന് ഉടലെടുക്കേണ്ട ഒന്നായിരിക്കണം ലൈംഗികത. വായിച്ച് ചുംബനത്തോടെ അടച്ചുവയ്ക്കുന്ന മതഗ്രന്ഥം പോലെയായിരിക്കണം രതിയും. അവിടെ ഒരാളുടെ മാത്രം സുഖാന്വേഷണമോ ഒരാളുടെ മാത്രം വിജയമോ അല്ല സംഭവിക്കേണ്ടത്.  എന്നെ സ്നേഹിക്കാനും എന്നെ  പരിചരിക്കാനും എന്ന നിലയിൽ നിന്ന് മാറി എനിക്ക് സ്നേഹിക്കാൻ, എനിക്ക് പരിചരിക്കാൻ ഒരാൾ എന്ന നിലയിലേക്ക് വളരാൻ കഴിയുന്ന ഒരാൾക്ക് മാത്രമേ ദാമ്പത്യജീവിതം പരാതികളില്ലാതെയും പരിക്കുകളില്ലാതെയും മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ. 

വിവാഹപ്രായം ഉയർത്തുകയോ താഴ്ത്തുകയോ ചെയ്തുകൊള്ളട്ടെ. പക്ഷേ അതിനപ്പുറം വൈകാരികമായ ഒരു പക്വത ആർജ്ജിച്ചെടുക്കാൻ സാധിക്കുമ്പോൾ, ഇണയെ തന്നെ പോലെ കാണാനും ബഹുമാനിക്കാനും കഴിയുമ്പോൾ, കിട്ടിയില്ലെങ്കിലും കൊടുക്കാൻ തയ്യാറാകുമ്പോൾ, എനിക്ക് അന്തിക്കൂട്ടിന് ഒരാളായിട്ടല്ല, ജീവിതകാലം മുഴുവനും ഏതവസ്ഥയിലും നിലനില്ക്കുന്ന  ലൈഫ് പാർട്ട്ണറായി സ്വീകരിക്കാൻ തയ്യാറാകുമ്പോൾ; അപ്പോൾ മാത്രമായിരിക്കട്ടെ പുതിയ തലമുറയിൽ ഒരാൾ വിവാഹിതനാകാൻ തീരുമാനമെടുക്കേണ്ടത്. 
കെട്ടുപ്രായം കഴിഞ്ഞുപോയതിന്റെ പേരിലുള്ള വീട്ടുകാരുടെ വിഷമപരിഹാരത്തിനോ സമപ്രായക്കാരെല്ലാം വിവാഹം കഴിച്ച സ്ഥിതിക്ക് വിവാഹം കഴിക്കാതിരിക്കുന്നത് മോശമായി തോന്നുന്നതുകൊണ്ടോ വിവാഹം കഴിക്കരുത്. വിവാഹം കഴിക്കുക എന്നത് അടിയന്തിരമായി ചെയ്യേണ്ട കർത്തവ്യമൊന്നുമല്ല. 

എല്ലാവരും ചെയ്തതുകൊണ്ട് വിവാഹം ചെയ്തു എന്ന മട്ടിലാകാതെ ആർക്കും വേണ്ടിയും വിവാഹം കഴിക്കാതെ സ്വന്തം മനസ്സിനെ തൃപ്തിപ്പെടുത്താനും സ്നേഹം കിട്ടിയില്ലെങ്കിലും സ്നേഹിക്കാനും പരിഗണനകിട്ടാതെ വരുമ്പോഴും പരിഗണിക്കാനും തയ്യാറാകുന്ന വിധത്തിൽ ഹൃദയചക്രവാളങ്ങൾ വികസിക്കുമ്പോഴാകട്ടെ ഇനിയുള്ള വിവാഹങ്ങൾ. എന്തിനാണ് ഞാൻ വിവാഹം കഴിക്കുന്നത് എന്ന ചോദ്യം ഓരോരുത്തരും സ്വയം ചോദിക്കട്ടെ. വിവാഹം കഴിക്കേണ്ടത് ഒരു അത്യാവശ്യമായി തോന്നുന്നില്ലെങ്കിൽ വിവാഹം കഴിക്കാതിരിക്കുക എന്ന ധീരമായ തീരുമാനമെടുക്കാനും മടിക്കരുത്.

ബിജു സെബാസ്റ്റ്യൻ

More like this
Related

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള...

ഇങ്ങനെയാവണം ദമ്പതികൾ!

പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും...

പങ്കാളിയോട് പറയേണ്ട വാക്കുകൾ

ദാമ്പത്യജീവിതത്തിൽ അസ്വാരസ്യം സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് വാക്കുകളാണ്. പങ്കാളികൾ ബോധപൂർവ്വമോ അല്ലാതെയോ പറയുന്ന...

വിവാഹജീവിതത്തിൽ ചുവന്ന ലൈറ്റ് തെളിയുമ്പോൾ…

ലോകത്തിലെ തന്നെ മനോഹരവും അ തിശയകരവുമായ ഒരു ബന്ധമാണ് വിവാഹബന്ധം.  അതോടൊപ്പം...
error: Content is protected !!