സമയം തുച്ഛമെങ്കിലും ഗുണം മെച്ചമാക്കാം

Date:

spot_img

തിരക്കുപിടിച്ചതും നിരവധി ആകുലതകൾ നിറഞ്ഞതുമാണ് ഓരോ ദമ്പതികളുടെയും ജീവിതം. ഓഫീസ്, വീട്, കുട്ടികൾ എന്നിങ്ങനെയുള്ള യാഥാർത്ഥ്യങ്ങൾ അവരുടെ ജീവിതത്തെ വളരെ തിരക്കുള്ളതാക്കി മാറ്റുന്നുണ്ട്. ഈ തിരക്കിനിടയിൽ ഒരുമിച്ചിരിക്കാൻ സമയം ഒരുപാടുള്ള ദമ്പതിമാർ വളരെ കുറവാണ്.
മിക്ക കുടുംബങ്ങളിലും ഭാര്യയും ഭർത്താവും ഉദ്യോഗസ്ഥരായിരിക്കും. രാവിലെ തിരക്കിട്ട് ഓഫീസിലേക്കും വൈകുന്നേരം ക്ഷീണിച്ച് വീട്ടിലേക്കും. ഇതാണ് മിക്കവരുടെയും രീതി. ഇതിനിടയിൽ ഒരുപാട് നേരമൊന്നും മിണ്ടിപ്പറഞ്ഞിരിക്കാനും സ്നേഹിക്കാനും അവർക്ക് സമയം കിട്ടാറില്ല.പരസ്പരമുള്ള സ്നേഹബന്ധത്തിൽ ക്രമേണ മരവിപ്പും യാന്ത്രികതയും കടന്നുകൂടാൻ ഇവ കാരണമാകും. ഇങ്ങനെയുള്ള അവസ്ഥ നേരിടുന്ന ദമ്പതിമാർ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.

ഒരുമിച്ചായിരിക്കുന്ന സമയം വളരെ കുറച്ചേയുള്ളൂവെങ്കിലും ഉള്ള സമയം ഗുണകരമായി മാറ്റാൻ രണ്ടുപേരും ശ്രമിക്കുക.  പരസ്പരം കുറ്റപ്പെടുത്താനും  ദോഷം കണ്ടെത്താനും ശ്രമിക്കുന്നതിന് പകരം പ്രോത്സാഹിപ്പിക്കാനും നന്മ കാണാനും  തയ്യാറാവുക. ദമ്പതികളുടെ ഒരു ദിവസത്തെ നല്ലതാക്കി മാറ്റുന്നത് പ്രഭാതം ആണെന്നാണ് ചില  ഫാമിലി കൗൺസിലേഴ്സിന്റെ അഭിപ്രായം. ഒരു ദിവസം എങ്ങനെ തുടങ്ങുന്നുവോ അതിന്റെ അനുരണനം ആ ദിവസം അവസാനിക്കുന്നതുവരെയുണ്ടാവുമത്രെ. വീട്ടിൽ നിന്ന് നിസ്സാരമായ കാര്യത്തിനോ ഗൗരവമുള്ള കാര്യത്തിനോ ജീവിതപങ്കാളിയുമായി വഴക്കിട്ടിറങ്ങുന്ന ഒരാൾ ഓഫീസിലും താൻ ഇടപെടുന്ന ഏതെല്ലാം മേഖലകളുണ്ടോ അവിടെയെല്ലാം  ആ പിണക്കത്തിന്റെ അലകൾ കൊണ്ടുചെന്നെത്തിക്കും. അതുമായി തന്നെയായിരിക്കും അയാൾ വൈകുന്നേരം വീടണയുന്നതും. ഫലമോ ഒരു ദിവസം മുഴുവൻ നിഷേധാത്മകമായി കടന്നുപോകുന്നു.

അതുകൊണ്ട് രാവിലെ തന്നെ ദമ്പതികൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഈ ദിവസം ഞാൻ മനോഹരമാക്കും. അതിനായി ഞാൻ എന്റെ എല്ലാ കഴിവുകളും പ്രയോഗിക്കും എന്ന് തീരുമാനിക്കുക. ഗുഡ്മോണിങ്, ഹാവ് എ നൈസ് ഡേ തുടങ്ങിയ ആശംസകൾ പരസ്പരം നേരുക, ഓഫീസിലെ വിശ്രമസമയങ്ങളിൽ സ്നേഹം  പ്രകടിപ്പിക്കുന്ന രീതിയിൽ ടെക്സ്റ്റ് മെസേജ് അയയ്ക്കുക, അല്ലെങ്കിൽ പങ്കാളിയുടെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതെന്ന് തോന്നുന്ന ഒരു ദിവസമാണെങ്കിൽ അതുമായി ബന്ധപ്പെട്ടുള്ള സന്ദേശങ്ങൾ അയയ്ക്കുക. ഉദാഹരണത്തിന് പങ്കാളി ഒരു ജോലിക്ക് ഇന്റർവ്യൂവിന് പോയിരിക്കുകയാണെന്ന് കരുതുക, അതുമല്ലെങ്കിൽ ഓഫീസിലെ ഒരു മീറ്റിങ്ങിൽ പങ്കെടുക്കുകയാണ്, ആ സന്ദർഭം മനസ്സിലാക്കി സന്ദേശം അയയ്ക്കുക.
വൈകുന്നേരം വീട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ സ്വയം ഒന്ന് വിലയിരുത്തുക.  ഇപ്പോൾ എന്റെ മനസ്സിലുള്ള വികാരം എന്താണ്, ഞാൻ നേർവസാണോ, ഹാപ്പിയാണോ, ശാന്തതയും സ്വസ്ഥതയും എന്നിലുണ്ടോ, ആരോടെങ്കിലുമൊക്കെയുള്ള ദേഷ്യം എന്നിലുണ്ടോ… ഈ വികാരങ്ങൾക്കനുസരിച്ചായിരിക്കും വീട്ടിലെത്തുമ്പോഴുള്ള പ്രതികരണം. അതുകൊണ്ട് നെഗറ്റീവായ അനുഭവങ്ങളെയും വികാരങ്ങളെയും പടിക്കു പുറത്തുവച്ച് മാത്രം വീട്ടിലേക്ക് പ്രവേശിക്കുക. ജീവിതപങ്കാളിയുമായി ഇടപെടുക. പങ്കാളിയിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്ന സമീപനം എന്തായിരിക്കും എന്ന് കണ്ടെത്തുക. ഒരിക്കലും ജീവിതപങ്കാളി എന്നിൽ നിന്ന് മോശമായിട്ടൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ഉറപ്പാണ്. അപ്പോൾ ജീവിതപങ്കാളിക്ക് ഞാൻ മോശമായിട്ടൊന്നും നല്കുകയില്ലെന്ന് തീരുമാനിക്കുക.

പലരും ജീവിതത്തിൽ വിനോദം കണ്ടെത്തുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചെലവഴിച്ചാണ്. പരസ്പരം മിണ്ടാനോ വിശേഷങ്ങൾ പങ്കുവയ്ക്കാനോ താല്പര്യമില്ലാതെ വെർച്വൽ ലോകത്തിൽ ജീവിക്കാനാഗ്രഹിക്കുന്ന ദമ്പതിമാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്.  വീട്ടിലെത്തിയാൽ ഉടനെ ഫോൺ ലോകത്തിലാകുന്നവർ. ഇത്തരമൊരു പ്രവണത ദാമ്പത്യബന്ധം വഷളാക്കുന്നതിൽ  പ്രധാനപങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ട് നിശ്ചിതസമയത്തേക്കെങ്കിലും ഫോൺ, ടിവി എന്നിവ ഓഫാക്കി വച്ച് പരസ്പരം വിശേഷങ്ങൾ പറയാനും കേൾക്കാനും സംസാരിക്കാനും തയ്യാറാവുക.

ദമ്പതികൾ പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും മക്കൾ കൂടി സാക്ഷികളാകുന്നത് ഏറെ നല്ലതാണ്. മക്കൾക്ക് അവരുടെ സ്‌കൂൾ വിശേഷങ്ങളോ മറ്റ് വിശേഷങ്ങളോ പങ്കുവയ്ക്കാനും  ഈ വേളയിൽഅവസരം നല്കാം. അച്ഛനമ്മമാരുടെ സ്നേഹപ്രകടനങ്ങൾ കാണുന്നതും അവരുടെ സംസാരം കേൾക്കുന്നതും മക്കളെ സംബന്ധിച്ചും സന്തോഷകരമായ നിമിഷങ്ങളാണ്.

കൂടുതൽ സമയം ഒരുമിച്ചായിരിക്കുന്നു എന്നതുകൊണ്ട് കുടുംബത്തിൽ സന്തോഷം ഉണ്ടാകണമെന്നില്ല. ലോക്ക് ഡൗണിന്റെ തുടക്കകാലത്താണ് ഏറ്റവും കൂടുതൽ വിവാഹമോചനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്ന് കൂടി ഓർമ്മിക്കുക. അപ്പോൾ കൂടുതൽ സമയം ഒരുമിച്ചിരിക്കുന്നതിൽ കാര്യമില്ല. ഒരുമിച്ചായിരിക്കുന്ന കുറച്ചു സമയം കൂടുതൽ ഗുണകരവും സന്തോഷപ്രദവുമാക്കിത്തീർക്കുവാനാണ് ദമ്പതികൾ ശ്രദ്ധിക്കേണ്ടത്.

More like this
Related

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...
error: Content is protected !!