കൂടുതൽ വാർത്താവിനിമയ മാധ്യമങ്ങളും സൗകര്യങ്ങളുമുളള ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. എന്നിട്ടും മുമ്പ് എന്നത്തെക്കാളും ഏകാന്തത അനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതായിട്ടാണ് പഠനങ്ങൾ. യഥാർത്ഥജീവിതത്തിൽ ഉള്ളതിനെക്കാളേറെ സുഹൃത്തുക്കൾ നമുക്ക് സോഷ്യൽ മീഡിയയിലുണ്ട്. എന്നിട്ടും ഏകാന്തതയിലേക്ക് വഴുതിമാറുന്നു. ഉള്ളുതുറന്ന് ചിരിക്കാനോ സംസാരിക്കാനോ പോലും ആരുമില്ലാതാകുന്ന അവസ്ഥ നേരിടേണ്ടിവരുന്നവരുമുണ്ട്, ഒരുപക്ഷേ എല്ലാവരും ഉണ്ടായിരുന്നിട്ടും ഇതേ സന്ദർഭങ്ങളിലൂടെ കടന്നുപോകുന്നവരുമുണ്ട്.
ഇന്റർനെറ്റിനും സോഷ്യൽമീഡിയയ്ക്കും ഈ ഏകാന്തത പരിഹരിച്ചുതരാനാവില്ല. ഒരു ദിവസം കടന്നുപോകുമ്പോഴായിരിക്കും ഞെട്ടലോടെ തിരിച്ചറിയുന്നത് ഇന്നേ ദിവസം ആരോടും സംസാരിച്ചുകൂടിയില്ലെന്ന്. ഇത്തരത്തിലുള്ള ഏകാന്തത ഏറ്റവും അധികം ബാധിക്കുന്നത് വൃദ്ധരെയാണ്. എന്നാൽ ചെറുപ്പക്കാർക്കിടയിലും ഏകാന്തത വർദ്ധിച്ചുവരുന്നതായിട്ടാണ് ബിബിസി റേഡിയോ നടത്തിയ ഒരു പഠനം പറയുന്നത്.
55,000 ആളുകളിൽ നടത്തിയ ഈ പഠനപ്രകാരം 34 ശതമാനം ആളുകളും ഏകാന്തത അനുഭവിക്കുന്നവരാണ്. ഇക്കൂട്ടരാകട്ടെ 25 നും 34 നും ഇടയിൽ പ്രായമുള്ളവരാണ്. 34 നും 44 നും ഇടയിൽ പ്രായമുള്ളവരുടെ ശതമാനമാകട്ടെ 36 ശതമാനവും.
പകർച്ചവ്യാധിപോലെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ് ഏകാന്തതയെന്ന് ഗവേഷകർ മുന്നറിയിപ്പ് നല്കുന്നുണ്ട്. ഏകാന്തതയെ മറികടക്കാൻ ദിവസവും എണ്ണമില്ലാത്തവിധം സിഗററ്റും അളവില്ലാത്തകണക്കെ മദ്യവും ഉപയോഗിക്കുന്നവർ ധാരാളം. പലപല കാരണങ്ങൾകൊണ്ടും ഒരു വ്യക്തി ഏകാന്തതയ്ക്ക് അടിപ്പെടാം. അനാഥത്വം, പ്രണയപരാജയം, പ്രായം, രോഗം എന്നിവ കൊണ്ടുമാത്രമല്ല ദാമ്പത്യജീവിതത്തിൽ പോലും ഏകാന്തത ഭാരപ്പെടുത്തുന്നവർ ധാരാളം. വളരെ ടോക്സിക് ആയ ബന്ധങ്ങളാണ് അവരെ ഏകാന്തതയിലേക്ക് തള്ളിവിടുന്നത്. ഒരേ വീട്ടിൽ അന്തിയുറങ്ങുമ്പോഴും പരസ്പരം മനസ്സിലാക്കാതെയും സംസാരിക്കാതെയും കടന്നുപോകുന്ന എത്രയോ ദമ്പതിമാരുണ്ട്!
ഏകാന്തതയെ തന്നെ പലതരത്തിൽ തിരിക്കാമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. വൈകാരികമായ ഏകാന്തതയാണ് അതിലൊന്ന്. സാഹചര്യം കൊണ്ടല്ല അത് അവനവരുടെ ഉള്ളിൽ തന്നെ രൂപപ്പെടുന്നതാണെന്നാണ് ഇതേക്കുറിച്ചുള്ള നിരീക്ഷണം. വൈകാരികമായ ഏകാന്തതയിൽ നിന്ന് പുറത്തുകടക്കാൻ ബിഹേവിയറൽ കോഗ്‌നറ്റീവ് തെറാപ്പി പോലെയുള്ളവ സഹായകരമാണ്. അവരുടെ പശ്ചാത്തലം, അനുഭവങ്ങൾ എന്നിവ മനസ്സിലാക്കുന്നതിലൂടെയാണ് ഈ പ്രശ്നം പരിഹരിക്കപ്പെടുന്നത്.
സാഹചര്യബന്ധിയായ ഏകാന്തതയാണ് മറ്റൊന്ന്. വിദേശങ്ങളിൽ ജീവിക്കേണ്ടിവരുന്നവർക്ക് ഇത്തരം അനുഭവങ്ങളുണ്ടാകാം. ഒരു സുഹൃത്തോ കുടുംബാംഗങ്ങളോ അടുത്തില്ലാത്ത സാഹചര്യം. പുതിയ ഭാഷ വശത്താക്കാനുള്ള ബുദ്ധിമുട്ട്, സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാനുള്ള വൈഷമ്യം എന്നിവയെല്ലാം ഇതിന് വഴിയൊരുക്കാം.
ചെറുപ്രായത്തിൽ മാതാവിന്റെയോ പിതാവിന്റെയോ കൂടെ മാത്രമായി കഴിയുന്നവരും ശാരീരികമോ ബുദ്ധിപരമോ ആയ പര്യാപ്തതക്കുറവ് നേരിടുന്നവരും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. സാഹചര്യം ഏൽപ്പിക്കുന്ന ഏകാന്തതയിൽ നിന്ന് സൗഹൃദങ്ങളുടെ രൂപപ്പെടലിലൂടെയും ഭാഷയും സംസ്‌കാരവും മനസ്സിലാക്കുന്നതിലൂടെയും മറികടക്കാൻ സാധിക്കും.
സാമൂഹികമായ ഏകാന്തതയാണ് മൂന്നാമത്തേത്. ലജ്ജ, ആത്മാഭിമാനക്കുറവ്, ആത്മവിശ്വാസമില്ലായ്മ, അപകർഷതാബോധം എന്നിവകൊണ്ട് സമൂഹത്തിലേക്ക് വരാൻ സാധിക്കാത്ത അവസ്ഥമൂലം ഉണ്ടാകുന്ന ഏകാന്തതയാണ് ഇത്. വിവിധതരം സമീപനങ്ങളിലൂടെ ഇതിനെ മറികടക്കാൻ സാധിക്കുമെന്നാണ് മനശ്ശാസ്ത്രജ്ഞർ പറയുന്നത്.
ക്രോണിക് ഏകാന്തതയാണ് വേറൊന്ന്. ഏകാന്തത ജീവിതത്തിന്റെ ഭാഗമായി, ശീലമായി കൊണ്ടുനടക്കുന്നവരാണ് ഇവർ.
ഏകാന്തതയുടെ കാരണങ്ങൾ എന്തുതന്നെയായാലും ഒരുമനുഷ്യനും ഏകാകിയായിരിക്കാൻ വിധിക്കപ്പെട്ടവനല്ല. സാമൂഹ്യജീവിയാണ് മനുഷ്യൻ. അതുകൊണ്ടുതന്നെ തളയ്ക്കപ്പെട്ടുകിടക്കുന്ന ഏകാന്തതയിൽ നിന്ന് പുറത്തുവരാൻ അവൻ സ്വമേധയും, പുറത്തുവരുത്താൻ മറ്റുള്ളവരും ശ്രമിക്കേണ്ടതുണ്ട്.