രാവിലെ എട്ടുമണിക്ക് മുമ്പ് തീർക്കേണ്ട കാര്യങ്ങൾ

Date:

spot_img

ജീവിതം തിരക്കുപിടിച്ചതാകുമ്പോൾ ആഗ്രഹമുള്ള കാര്യങ്ങൾപോലും വേണ്ടവിധം ചെയ്തുതീർക്കാൻ കഴിയാതെ വരും. എന്നാൽ ജീവിതത്തെക്കുറിച്ചുള്ള സമീപനത്തിൽ മാറ്റംവരുത്തിയാൽ എല്ലാ കാര്യങ്ങൾക്കും വേണ്ട സമയം ലഭിക്കും.  ഓരോരുത്തരും താന്താങ്ങളുടെ ഭാവിയുടെ രൂപകർത്താക്കളാണ്. പക്ഷേ പലരും ആ ഉത്തരവാദിത്തം മറ്റുള്ളവരെ ഏൽപ്പിച്ചും അവരെ പഴിച്ചും മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. എല്ലാദിവസവും രാവിലെ എട്ടുമണിക്കു മുമ്പ് ചെയ്തുതീർക്കേണ്ടതായ ചില പ്രധാന സംഗതികളുണ്ട്. അവ അപ്രകാരം നിറവേറ്റിയാൽ തന്നെ ജീവിതലക്ഷ്യത്തിലേക്കുള്ള  പാതി വാതിൽ തുറന്നുകിട്ടും.  ആ കാര്യങ്ങളെ  താഴെപ്പറയുന്ന വിധത്തിൽ വിശദീകരിക്കാം.


 എട്ടുമണിക്കൂർ ഉറങ്ങുകയും രാവിലെ ഉറക്കമുണരുകയും ചെയ്യുക എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. ഉറക്കക്കുറവ് നേരിടുകയും ഉറക്കപ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നവരിൽ യുവജനങ്ങൾ പോലുമുണ്ട്. ഭക്ഷണവും വെള്ളവും പോലെ തന്നെ ആരോഗ്യത്തിൽ പ്രധാനപങ്കുവഹിക്കുന്നുണ്ട് ഉറക്കവും. നന്നായി ഉറങ്ങുന്നതും നേരത്തെ ഉറക്കമുണരുന്നതും ആരോഗ്യപ്രദമായ ജീവിതത്തിന് മാത്രമല്ല ജീവിതവിജയത്തിനും  കാരണമാകാറുണ്ട്. ഓർമ്മശക്തി വർദ്ധിപ്പിക്കുക, ആയുസ് കൂട്ടുക, ക്രിയാത്മകത വർദ്ധിപ്പിക്കുക, ഉന്മേഷത്തോടെ ജോലി ചെയ്യുക, വിഷാദം കുറയ്ക്കുക, സ്‌െട്രസ് കുറയ്ക്കുക ഇങ്ങനെ ഒരുപിടി നന്മകൾ ഇതുവഴി നേടിയെടുക്കാൻ കഴിയും. എട്ടുമണിക്കൂർ നേരം ഉറങ്ങണമെങ്കിൽ നേരത്തെ കിടന്നുറങ്ങണം. അഞ്ചുമണിക്ക് ഉറക്കമുണരുകയും വേണം. അഞ്ചുമണിക്ക് ഉറക്കമുണരത്തക്കവിധത്തിൽ ഉറക്കസമയം ക്രമീകരിക്കുകയാണ് വേണ്ടത്.


അഞ്ചുമണിക്ക് ഉറക്കമുണർന്ന് കഴിഞ്ഞ് പ്രാഥമികകാര്യങ്ങൾ നിർവഹിച്ചതിന് ശേഷം പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി സമയം ചെലവഴിക്കുക എന്നതാണ് അടുത്ത പടി. പ്രാർത്ഥനയും ധ്യാനവും ജീവിതത്തിൽ നേടിയെടുത്തവയോടെല്ലാം നന്ദിപറയാനുള്ള അവസരമാണ്. ലഭിച്ച നന്മകളെയോർക്കുമ്പോഴും നന്ദിയോടെ അവയെ സ്മരിക്കുമ്പോഴും പോസിറ്റിവായ എനർജിയാണ് രൂപപ്പെടുന്നത.് പരിമിതികളില്ലാത്ത സാധ്യതകളിലേക്ക് അത് നമ്മെ ഓരോരുത്തരെയും കൊണ്ടുചെന്നെത്തിക്കും. നന്ദിയുണ്ടായിരിക്കുക എന്നത് ജീവിതത്തിലെ വിജയങ്ങളിൽ പ്രധാനപ്പെട്ടതാണ്. എല്ലാ ദിവസവും ലഭിച്ച നന്മകളെയോർമ്മിക്കുകയും നന്ദിപറയുകയും ചെയ്യുമ്പോൾ നിരാശയ്ക്ക് അടിപ്പെടാനോ അപകർഷതയ്ക്ക് വിധേയപ്പെടാനോ അവസരമുണ്ടാവുകയില്ല. പുതുതായി നമ്മെ തന്നെ ചാർജ്ജ് ചെയ്യാൻ സാധിക്കുന്നതാണ് ഇത്.
വ്യായാമമാണ് അടുത്തപടി. തുടർച്ചയായ എക്സർസൈസ്  കൂടുതൽ പ്രൊഡക്ടീവായ ജീവിതം നയിക്കാൻ സഹായകരമാണ്. ആരോഗ്യം, സന്തോഷം, ഉല്പാദനക്ഷമത എന്നിവയാണ് ഇതിന്റെ ഫലങ്ങൾ. ശരീരത്തിന് ആരോഗ്യം നല്കുന്നതിന് പുറമെ മനസ്സിന്റെ ആരോഗ്യവും വ്യായാമം ഉറപ്പുവരുത്തുന്നു. വിഷാദം, ഉത്കണ്ഠ, സംഘർഷം എന്നിവയെല്ലാം കുറയ്ക്കാനും സഹായകരമാണ്. ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് ശ്രദ്ധയില്ലെങ്കിൽ അത് ജീവിതത്തോടുതന്നെയുള്ള അനാസ്ഥയാണ്. രാവിലെ എണീറ്റെങ്കിൽ മാത്രമേ വ്യായാമത്തിന് സമയം കിട്ടൂ എന്ന് ഓർമ്മിപ്പിക്കട്ടെ.


തണുത്തവെളളത്തിലുള്ള കുളിയുടെ സുഖത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ? ദഹനം, രോഗപ്രതിരോധശേഷി എന്നിവയെ എല്ലാം സഹായിക്കുന്നതാണ് തണുത്ത വെള്ളത്തിലെ കുളി.


 പ്രഭാതഭക്ഷണം ഒഴിവാക്കരുത്.  ഉറക്കമുണർന്ന് എണീറ്റതിന്റെ അരമണിക്കൂറിനുള്ളിൽ 30 ഗ്രാം പ്രോട്ടീൻ ശരീരത്തിന് ലഭിച്ചിരിക്കണം. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമായിരിക്കണം രാവിലെ കഴിക്കേണ്ടത്. മുട്ട ഇതിൽ പ്രധാന പങ്കുവഹിക്കുന്നു. മുട്ട ഇഷ്ടമില്ലാത്തവർക്ക് പ്രോട്ടീൻ സമ്പുഷ്ടമായ മറ്റ് വിഭവങ്ങൾ കഴിക്കാവുന്നതാണ്.


ദിവസം തുടങ്ങുമ്പോഴേ ടിവിക്ക് മുമ്പിലേക്ക് പോകുന്ന ചിലരുണ്ട്. വിനോദപരിപാടികളാണ് അവരുടെ ലക്ഷ്യം.സാധാരണക്കാരായ ആളുകളാണ്  ഇപ്രകാരം ചെയ്യുന്നത്. 


അസാധാരണക്കാരായ ആളുകൾ ഈ സമയം ഉപയോഗിക്കുന്നത് വായിക്കാനാണ്. ലോകത്തിൽ വിജയിച്ചവരായ മനുഷ്യരെല്ലാവരും ആഴ്ചയിൽ ഒരു പുസ്തകമെങ്കിലും വായിച്ചുതീർത്തവരാണെന്നാണ് ചില പഠനങ്ങൾ അവകാശപ്പെടുന്നത്. തുടർച്ചയായി പഠിക്കാനും ചിന്തിക്കാനും അവർ തയ്യാറാകുന്നു; അതുവഴി തിരുത്താനും അറിവു സമ്പാദിക്കാനും. വായിക്കാൻ സമയമില്ലെങ്കിൽ ഓഡിയോ ബുക്കുകൾ ഉപയോഗിക്കുക. എന്തായാലും ദിവസം 15 മുതൽ 30 വരെ സമയം വായനയ്ക്കായി കണ്ടെത്തുക. അത് ജീവിതത്തെ തന്നെ മാറ്റിമറിക്കും.


എന്താണ് നിങ്ങളുടെ ജീവിതലക്ഷ്യം? ഇനിയും ആ ലക്ഷ്യം സാധിച്ചിട്ടില്ലേ? ഇല്ലെങ്കിൽ ഓരോ ദിവസവും ആ ലക്ഷ്യത്തെക്കുറിച്ചുള്ള ചിന്തകൾ മനസ്സിലുണ്ടാവട്ടെ. ദീർഘകാല ലക്ഷ്യങ്ങളെക്കുറിച്ച് പ്രത്യേകമായും എല്ലാദിവസവും ചിന്തിക്കുകയും സാധ്യമായ വഴികൾ ലക്ഷ്യപ്രാപ്തിക്കായി അന്വേഷിക്കുകയും ചെയ്യുക. ഓരോ ദിവസവും നിശ്ചിത മണിക്കൂർ അതേക്കുറിച്ചുള്ള ചിന്തകളിലും ധ്യാനത്തിലുമായിരിക്കുക. ഓരോ ദിവസവും ആ ലക്ഷ്യത്തെക്കുറിച്ചു ചെറിയൊരു കുറിപ്പ് തയ്യാറാക്കുക.

More like this
Related

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ...
error: Content is protected !!