കാൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പുരസ്‌ക്കാരം
ക്വട്ടേഷൻ എന്ന വാക്ക് ഏറെ സുപരിചിതമായിക്കഴിഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത്. പക്ഷേ ഈ ക്വട്ടേഷൻ എപ്പോഴും മറ്റൊരാൾക്കു വേണ്ടി നല്കപ്പെടുന്നതാണ്. എന്നാൽ സ്വന്തം ജീവനെടുക്കാൻ ക്വട്ടേഷൻ നല്കിയാലോ? ഈ അത്യപൂർവ്വ കഥ പറഞ്ഞ ഷോർട്ട് ഫിലിമാണ് കാൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പുരസ്‌ക്കാരം നേടിയ ജെ.
കാസർകോഡ് കള്ളാർ സ്വദേശി വിനിൽ ജോസഫാണ് രചനയും സംവിധാനവും നിർവഹിച്ച് ഇതിൽ അഭിനയിച്ചിരിക്കുന്നത്. മരണവും ജീവിതവും തമ്മിലുള്ള സംഘർഷവും ജീവിതത്തിന്റെ വിജയവുമാണ് ജെയുടെ പ്രമേയം. നാലു ഭാഗങ്ങളായിട്ടാണ് അരമണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശയ്യാവലംബിയായ ഒരു വ്യക്തിയുടെ ഒരു രാത്രിയിലെ ഏതാനും മണിക്കൂർ നേരത്തെ അനുഭവങ്ങളാണ് ജെ പറയുന്നത്. മരണത്തിന്റെ നനുത്ത കാലൊച്ചയ്ക്കുവേണ്ടിയുള്ള അക്ഷമയോടെയുള്ള കാത്തിരിപ്പും ഒടുവിൽ പ്രസാദപൂർണ്ണമായ പ്രഭാതത്തിലേക്കുള്ള വാതിൽ തുറക്കലും അവതരിപ്പിച്ചുകൊണ്ട് ജീവിച്ചിരിക്കുന്നതിലെ സന്തോഷമാണ് ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്.
ആഖ്യാന മികവും പ്രമേയപരമായ പുതുമയും ചിത്രത്തെ ശ്രദ്ധേയമാക്കിയെന്ന് ജൂറി വിലയിരുത്തി. 20 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം ഷോർട്ട് ഫിലിമുകളിൽ നിന്നാണ് ജെ പുരസ്‌ക്കാരം നേടിയത്. വിനിലിന്റെ രണ്ടാമത്തെ ഹ്രസ്വചിത്രമാണ് ഇത്.മാധ്യമപ്രവർത്തകനായി ഏറെ വർഷം ജോലി ചെയ്തിരുന്നു. കാനിൽ ലഭിച്ച പുരസ്‌ക്കാരം കൂടുതൽ ഊർജ്ജം നല്കുന്നുവെന്നും പുതിയ പ്രൊജക്ടുകളുമായി മുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും വിനിൽ പറയുന്നു.
നിർമ്മാണം: ഇസഡ് എം മൂവിസ്. ഛായാഗ്രഹണം: നന്ദുകുമാർ, എഡിറ്റിംങ:് ജോസഫ് പൂഞ്ഞാർ, സംഗീതം: ഹർഷിൽ ജോമോൻ, കലാസംവിധാനം: ജോർജ് ഫിലിപ്പ്. എസ്എഫ്എക്സ്: അക്ഷയ് അനിൽ.
മാതാപിതാക്കൾ: ജോസഫ്- ലീലാമ്മ, ഭാര്യ: മായ, മക്കൾ: മീര, ദിയ, സഹോദരങ്ങൾ: അനിൽ, സുനിൽ.
ജെ എന്ന ഷോർട്ട് ഫിലിമിന് അടിസ്ഥാനമായ ജെൻസന്റെ ജീവിതകഥ ഒപ്പത്തിന്റെ 2019 ഓഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു