ഓരോ ദിനവും മെച്ചപ്പെട്ട മാതാപിതാക്കളാകുക

Date:

spot_img

ഒന്നോ രണ്ടോ വർഷം കൊണ്ട് അവസാനിക്കുന്നതാണോ പേരന്റിംങ്? അല്ലെങ്കിൽ ഏതാനും വർഷത്തേക്ക് മാത്രം ഒതുങ്ങിപ്പോകുന്നതാണോ പേരന്റിംങ്? ഒരിക്കലുമല്ല. ലൈഫ് ലോംങ് എക്സ്പീരിയൻസാണ്, ജീവിതാവസാനം വരെ  മിനുക്കാനും  തിരുത്താനും അവസരമുള്ള ഒരു അവസ്ഥ കൂടിയാണ് പേരന്റിംങ്.  മക്കളെ വളർത്തൽ എളുപ്പമുള്ള കാര്യമല്ലെന്നാണ് പൊതുവെ പറയുന്നത്. വെല്ലുവിളികൾ പലതും നേരിടേണ്ടി വന്നേക്കാം.  നല്ല മാതാപിതാക്കളാകാൻ ആഗ്രഹിക്കുന്നന്നവർ തങ്ങൾ ആയിരിക്കുന്ന പേരന്റ് എന്ന അവസ്ഥ മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. കുട്ടിക്കാലത്ത് നേരിടേണ്ടിവരുന്ന നെഗറ്റീവ് അനുഭവങ്ങൾ കുട്ടികളുടെ ബ്രെയ്ൻ വികാസത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ന്യൂറോ സയൻസ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് ഒരിക്കലും നെഗറ്റീവ് അനുഭവങ്ങൾ മക്കൾക്ക് നല്കുന്നവരാകരുത് മാതാപിതാക്കൾ, തിരക്കുപിടിച്ച ജീവിതത്തിൽ ചില മാതാപിതാക്കളെങ്കിലും മക്കളെ കേൾക്കാൻ വിട്ടുപോകുന്നവരാണ്.

സ്നേഹക്കുറവല്ല എങ്കിലും  ബോധപൂർവ്വമല്ലാത്ത അവഗണന കുട്ടികളുടെ നെഞ്ചിൽ മുറിവുണ്ടാക്കും.  
മക്കളുമായി സമയം ചെലവഴിക്കുക, അവരുടെ വിശേഷങ്ങൾ ചോദിച്ചറിയുക പ്രധാനപ്പെട്ട കാര്യമാണ്. തങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ഭയം പങ്കുവയ്ക്കാനും മാതാപിതാക്കളുണ്ട് എന്ന വിശ്വാസം മക്കളുടെ ഉള്ളിൽ രൂപപ്പെടണം. അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ശ്രദ്ധ കൊടുക്കുക. സില്ലി ക്വസ്റ്റ്യൻസ്, മണ്ടത്തരം എന്നൊന്നും അവരുടെ ചോദ്യങ്ങളെ വിശേഷിപ്പിക്കാതിരിക്കുക. തങ്ങളെ ശ്രവിക്കുന്നവരാണ് മാതാപിതാക്കളെന്ന  ചെറുപ്പത്തിലേ ഉള്ളിൽ കടന്നുകൂടുന്ന ധാരണ ഭാവിയിലും എല്ലാ കാര്യങ്ങളും തുറന്നുപറയാൻ പ്രേരണ നല്കും.


മക്കളെ ശരിയും തെറ്റും പഠിപ്പിക്കേണ്ടവരാണ് മാതാപിതാക്കൾ.  ഏതു ശരി. ഏതു തെറ്റ് എന്ന് ചെറുപ്പത്തിലേ മക്കൾക്ക് പറഞ്ഞുകൊടുത്തിരിക്കണം. ഇത് അവരിൽ ധാർമ്മികചിന്തയും മൂല്യബോധവും വളർത്താൻ ഏറെ സഹായിക്കും. തെറ്റെന്ന് മക്കൾക്ക് പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ മക്കളുടെ മുമ്പിൽ വച്ചുതന്നെ ചെയ്തുകാണിക്കുമ്പോൾ മക്കൾ ആശയക്കുഴപ്പത്തിലാകും. തെറ്റായ മാതൃകയാണ് ഇത്. ചെയ്യരുതെന്ന് മക്കളോട് പറഞ്ഞുകൊടുത്ത കാര്യം നിങ്ങളായി തന്നെ ചെയ്തു കാണിക്കുമ്പോൾ, അതായത് നിയമം മാറ്റുമ്പോൾ തീർച്ചയായും നിങ്ങൾ അതിന്റെ വിശദീകരണം നല്കേണ്ടിയിരിക്കുന്നു, ഞാൻ തെറ്റാണ് ചെയ്യുന്നത് എന്ന കുറ്റസമ്മതം കുട്ടികൾക്ക് ആശ്വാസമായേക്കും. തെറ്റു ചെയ്താൽ അത് മക്കൾക്ക് മുമ്പിൽ അംഗീകരിക്കാൻ മടിക്കരുത്. പകരം സ്വയം ന്യായീകരണങ്ങളും മറ്റുള്ളവരെ പഴിചാരലുകളും വേണ്ടേ വേണ്ട. സംഭവിച്ചത് എന്തെന്ന് കാര്യകാരണസഹിതം വിശദീകരിച്ചുകൊടുക്കാനുള്ള അവകാശവുമുണ്ട് നിങ്ങൾക്ക്. 


മാതാപിതാക്കൾ പറയുന്നത്  എല്ലാം മക്കൾ അനുസരിക്കണമെന്നില്ല. പക്ഷേ മാതാപിതാക്കൾ ചെയ്യുന്നതെല്ലാം അനുകരിക്കാൻ അവർക്ക് പൊതുപ്രവണതയുണ്ട്. മാതാപിതാക്കളുടെ പ്രവൃത്തികളെ അവരുടെ വാക്കുകളെക്കാൾ കൂടുതൽ മക്കൾ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. മറ്റുള്ളവരോടോ അല്ലെങ്കിൽ ഇണയോടോ പൊട്ടിത്തെറിക്കുന്നത് കാണുമ്പോൾ മക്കൾ ഭയചകിതരാകാറുണ്ട്. പ്രത്യേകിച്ച് അവർ ചെറുപ്രായത്തിലുള്ളവരാണെങ്കിൽ. പൊട്ടിത്തെറിക്കാനും ചീത്തവിളിക്കാനും ആർക്കും സാധിക്കും. എന്നാൽ വികാരങ്ങളെ നിയന്ത്രിച്ച് അഭിമുഖീകരിക്കുന്ന പ്രശ്നത്തെ സംയമനത്തോടെ കൈകാര്യം ചെയ്യാൻ എല്ലാവർക്കും കഴിയാറില്ല. ഇതിൽ രണ്ടാമത്തെ മാതൃകയാണ് മക്കൾക്ക് കാണിച്ചുകൊടുക്കേ ണ്ടത്. 
മക്കളോടുള്ള സ്നേഹം ഒരിക്കലും രഹസ്യമായി വയ്ക്കരുത്. അവർക്കുമുമ്പിൽ പ്രകടിപ്പിക്കാനുള്ളതാണ് സ്നേഹം. മക്കളെയൊന്ന് ആലിംഗനം ചെയ്യുക, കവിളത്തോ നെറുകയിലോ ഉമ്മ വയ്ക്കുക, കരം പിടിക്കുക, മുടി കോതുക ഇങ്ങനെ എത്രയോ വിധത്തിൽ സ്നേഹം പ്രകടിപ്പിക്കാൻ കഴിയും. മക്കൾ ആവശ്യപ്പെടുന്നതു മുഴുവൻ ചെയ്തുകൊടുക്കുന്നതിലല്ല സ്നേഹം. ഇത്തരം ചെറിയ സ്നേഹപ്രകടനങ്ങളും സ്നേഹം തന്നെയാണ് . അതുപോലെ മക്കളുടെ അഭിരുചികൾ മനസ്സിലാക്കി അവരെ പ്രോത്സാഹിപ്പിക്കുക. സ്പോർട്സ് ഇഷ്ടപ്പെടുന്നവരാണ് മക്കളെങ്കിൽ ക്രിക്കറ്റ് മാച്ചോ ഫുട്ബോൾ മത്സരമോ അവർക്കൊപ്പമിരുന്നു കാണുക. കലാപരമായി താല്പര്യമാണ് മക്കൾക്കുള്ളതെങ്കിൽ മ്യൂസിയത്തിലോ ആർട്സ് ഫെസ്റ്റിവലിലോ  അവരെ കൊണ്ടുപോകുക.


വായിക്കാൻ ഇഷ്ടപ്പെടുന്ന മക്കൾക്ക് നല്ല പുസ്തകങ്ങൾ വാങ്ങിനല്കുക. നല്ല വാക്കുകൾ മക്കളോട് സംസാരിക്കുക. അവരെ പ്രോത്സാഹിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന വാക്കുകൾ. ഒരു കാര്യം എപ്പോഴും ഓർമ്മയിലുണ്ടായിരിക്കട്ടെ. പെർഫെക്ട് പേരന്റ് എന്ന ഒന്നില്ല. നല്ല പരന്റ് ആകുക. ഓരോ ദിവസവും മക്കൾക്ക് കൂടുതൽ നല്ല മാതാപിതാക്കളാകുക.

More like this
Related

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...
error: Content is protected !!