ജോലിയിൽ സന്തോഷിക്കാം

Date:

spot_img


Happiness is a direction not a place (Sydney j Harris)

സന്തോഷമുള്ള വ്യക്തികൾ സന്തോഷമില്ലാത്ത വ്യക്തികളെക്കാൾ ജോലിയിൽ 30 ശതമാനം കൂടുതൽ  ഉല്പാദനക്ഷമതയുള്ളവരും മൂന്നിരട്ടി ക്രിയാത്മകത ഉള്ളവരുമാണെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. സന്തോഷമില്ലാതെ ഒരു ജോലി പോലും ആത്മാർത്ഥതയോടെ ചെയ്യാനാവില്ല. അടുക്കളയിൽ പാചകം ചെയ്യുന്ന ഒരാളുടെ മനസ്സിന്റെ അസ്വസ്ഥതയും സന്തോഷമില്ലായ്മയും ചിലപ്പോഴെങ്കിലും ഭക്ഷണമേശയിലെ വിഭവങ്ങളിൽ നിഴലിക്കാറില്ലേ? അങ്ങനെയെങ്കിൽ ജോലിയിൽ സംതൃപ്തിയും സന്തോഷവും കണ്ടെത്തേണ്ടത് എത്രയധികം പ്രധാനപ്പെട്ട കാര്യമാണ്!  ചെയ്യുന്ന ജോലിയിൽ സന്തോഷവും സംതൃപ്തിയും അനുഭവിക്കാൻ സാധിക്കാത്തതുകൊണ്ടാണ് 75 ശതമാനം വ്യക്തികളും  അത് ഉപേക്ഷിച്ചുപോകുന്നത്. താല്പര്യമില്ലാത്ത മേഖലകളിൽ എത്തുന്നതും നേരിടേണ്ടിവരുന്ന സംഘർഷങ്ങളും പലരുടെയും ജോലിയിലെ സന്തോഷക്കുറവിന് കാരണമാകുന്നുണ്ട്.

 സൗഹൃദപരമായ അന്തരീക്ഷം ജോലിയിലെ സന്തോഷങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു. സഹപ്രവർത്തകരുമായുള്ള അടുപ്പവും സഹകരണവും ജോലിയിലെ പ്രതിബന്ധങ്ങളെ നേരിടാൻ സഹായകരമാണ്. അതുകൊണ്ട് ജോലി ചെയ്യുന്ന സ്ഥാപനം വലുതോ ചെറുതോ ആയിരുന്നുകൊള്ളട്ടെ അവിടെ നല്ല ബന്ധങ്ങൾ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുക.

ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള  സന്നദ്ധത  പലപ്പോഴും ജോലിയെ സന്തോഷകരമായ അനുഭവമാക്കിമാറ്റും.  അതിലൂടെ സ്വന്തം കഴിവുകൾ തന്നെയാണ് വർദ്ധിക്കുന്നത്. ഉള്ളിൽ സന്തുഷ്ടനായ ഒരു വ്യക്തിക്ക് മാത്രമേ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ക ഴിയൂ എന്നതു മറ്റൊരു കാര്യം.

ചില വിമർശനങ്ങൾ പോസിറ്റീവാണ്. അവയെ അങ്ങനെ തന്നെ കാണാൻ പഠിക്കുക. മേലധികാരിയോ സഹപ്രവർത്തകരോ ഏതെങ്കിലും ഒരു കാര്യത്തിൽ കുറ്റപ്പെടുത്തുകയോ വിമർശിക്കുകയോ ചെയ്തു എന്നതിന്റെ പേരിൽ മനസ്സ് മടുക്കരുത്. വളർത്താൻ വേണ്ടിയുള്ള ആത്മാർത്ഥതയുളള വിമർശനങ്ങളെ അതേപടി സ്വീകരിക്കുക.

ഉത്തരവാദിത്തങ്ങൾ വിവേകത്തോടെ പൂർത്തിയാക്കുക. മനസ്സിന്റെ ശാന്തത, നന്ദി, കാര്യക്ഷമമായ ആശയവിനിമയം എന്നിവയെല്ലാം ജോലിയിലെ സന്തോഷത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

സ്വയം വിശകലനം നടത്തുന്നതും ഓരോ ദിവസവും ചെയ്തുതീർക്കേണ്ട ജോലികൾ അന്നന്നു ചെയ്തുതീർക്കാൻ സഹായകരമായവിധത്തിൽ ഒരു ക്രമീകരണം ഏർപ്പെടുത്തുന്നതും നല്ലതാണ്. ചിലരെങ്കിലും ഓഫീസ് ടൈം അനാവശ്യകാര്യങ്ങൾക്കുവേണ്ടി ചെലവഴിച്ച്  ധൃതിയിൽ ഏതെങ്കിലും വിധത്തിൽ ജോലി അവസാനിപ്പിക്കാൻ ്ശ്രമിക്കുന്നവരാണ്. ഇവിടെ കാര്യക്ഷമതയും ആത്മാർത്ഥതയും ഇല്ലാതാകുന്നു.സ്വന്തം കഴിവിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതും നല്ലതാണ്. സ്വന്തമാക്കിയ നേട്ടങ്ങളെക്കുറിച്ചുള്ള അറിവും ശക്തിയെയും ദൗർബല്യങ്ങളെയും കുറിച്ചുള്ള വ്യക്തമായ ധാരണയും പ്രധാനപ്പെട്ടവ തന്നെ. കഴിയുന്നതുപോലെ സഹപ്രവർത്തകരെ സഹായിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സന്തോഷകരമായ അന്തരീക്ഷത്തിന് ഇടവരുത്തും.

നല്ല വിചാരത്തോടെ, നല്ല മാനസികഭാവത്തോടെ ജോലി ചെയ്യാൻ ആരംഭിക്കുക. വീട്ടിലെ അസ്വസ്ഥതകൾ അവിടെ തന്നെ ഉപേക്ഷിച്ചിട്ടേ ജോലി സ്ഥലത്തേക്ക് പുറപ്പെടാവൂ. ജോലി ചെയ്യാൻ തുടങ്ങുമ്പോഴുള്ള മൂഡ്  നിർണ്ണായകമാണ്.
നല്ലരീതിയിൽ ജോലി ചെയ്യാൻ ദിവസവും പതിനഞ്ച് മിനിറ്റെങ്കിലും വർക്കൗട്ട് ചെയ്തിരിക്കണം. ശരീരത്തിന്റെ ഊർജ്ജ്വസ്വലതയ്ക്കും ടോക്സിനുകളെ പുറംതള്ളാനും ഇതേറെ സഹായകരമാണ്. ഇതിലൂടെ ജോലി ഉന്മേഷത്തോടെ ചെയ്തുതീർക്കാനും സാധിക്കും.

കിട്ടുന്ന ശമ്പളത്തിന് മൂല്യം കല്പിക്കാത്തവർക്ക് ജോലിയിൽ സന്തോഷം കണ്ടെത്താനാവില്ല. ചിലപ്പോൾ നമ്മുടെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയായിരിക്കില്ല ചെയ്യുന്നത്. അല്ലെങ്കിൽ ചെയ്യുന്ന ജോലിക്ക് ആനുപാതികമായ കൂലിയായിരിക്കില്ല കിട്ടുന്നത്. ഈ രണ്ടുകാരണങ്ങളുടെ പേരിലും അസന്തുഷ്ടി  അനുഭവിക്കുന്നവർ ധാരാളമുണ്ട്. പക്ഷേ ഇത്തരക്കാർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇതിൽ നിന്ന് കിട്ടുന്ന സാമ്പത്തികം നമ്മുടെ ആവശ്യങ്ങൾക്ക് ഉപകരിക്കുന്നുണ്ട്, ഒരുപക്ഷേ എല്ലാ ആവശ്യങ്ങളും നിവർത്തിച്ചുകിട്ടാത്തപ്പോഴും. ഈ ജോലി നമ്മെക്കാൾ കുറഞ്ഞ വേതനത്തിന് ചെയ്യാൻ വേറെയും ആളുകളുള്ളപ്പോഴാണ് നമുക്ക് തന്നെ ഈ ജോലി കിട്ടിയിരിക്കുന്നത്. അതുകൊണ്ട് ആ ജോലിയുടെ പേരിൽ മനസ്സിൽ നന്ദിയുണ്ടായിരിക്കണം. നമ്മെക്കാൾ കഴിവുള്ള വ്യക്തികൾ അവസരം കിട്ടാതെ പുറത്തുനില്ക്കുമ്പോഴാണ് അവരെക്കാൾ കഴിവു കുറഞ്ഞ നാം ഈ ജോലി ചെയ്യുന്നത്. ഇങ്ങനെയൊരു ചിന്ത മനസ്സിൽ സൂക്ഷിക്കുകയാണെങ്കിൽ ചെയ്യുന്ന ജോലിയെ കൂടുതൽ സ്നേഹിക്കാനും വരുമാനത്തിൽ സംതൃപ്തരാകാനും കഴിയും.

കൃത്യസമയത്ത് ജോലിക്കെത്തുക,  കൃത്യനിഷ്ഠ പാലിക്കുക, സഹപ്രവർത്തകരോട് ബഹുമാനത്തോടെ സംസാരിക്കുക, ജോലികൾ കൃത്യസമയത്തിനുള്ളിൽ ചെയ്തുതീർക്കുക എന്നിവയെല്ലാം ജോലിയിൽ സന്തോഷമുള്ള ഒരു വ്യക്തിയുടെ അടയാളങ്ങളാണ്. സന്തോഷമുളള ഒരു വ്യക്തിയായിരിക്കും എന്ന തീരുമാനമാണ് ചെയ്യുന്ന കാര്യങ്ങളുടെ വിജയം ഉറപ്പുവരുത്തുന്നത്.

More like this
Related

ബോസാണോ? ഇതൊക്കെ അറിഞ്ഞിരിക്കണേ…

പ്രശസ്തമായ കമ്പനികളുടെ തലപ്പത്തിരിക്കുന്ന,  നൂറുകണക്കിന് ജോലിക്കാരുടെ  ബോസായിരിക്കാം നിങ്ങൾ. ആ സ്ഥാനത്തിരിക്കാനുള്ള...

വൃത്തിയായി സ്വയം പരിചയപ്പെടുത്തൂ

ജോലി സംബന്ധമായ അഭിമുഖങ്ങളിൽ പലപ്പോഴും കടക്കേണ്ട കടമ്പയാണ് സെൽഫ് ഇൻട്രൊഡക്ഷൻ. മാറിയ...

നിങ്ങൾ നിങ്ങളെക്കുറിച്ച് പറയരുതാത്ത കാര്യങ്ങൾ

'ഇനി നിങ്ങളെക്കുറിച്ച് സംസാരിക്കൂ.''എന്തൊക്കെയാണ് നിങ്ങളുടെ സ്ട്രങ്ത്.''നിങ്ങളെക്കുറിച്ച് സഹപ്രവർത്തകരുടെ അഭിപ്രായം എന്താണ്?' ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ...

കേന്ദ്രപോലീസ് സേനയിൽ സബ് ഇൻസ്പെക്ടറാകാം

സ്റ്റാ​​​​​​​​ഫ് സെ​​​​​​​​ല​​​​​​​​ക്‌​​​​​​​​ഷ​​​​​​​​ൻ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ നടത്തുന്നകേ​​​​​​​​ന്ദ്ര പോ​​​​​​​​ലീ​​​​​​​​സ് സേ​​​​​​​​ന​​​​​​​​ക​​​​​​​​ളി​​​​​​​​ലേയ്ക്കും ഡ​​​​​​​​ൽ​​​​​​​​ഹി പോ​​​​​​​​ലീ​​​​​​​​സി​​​​​​​​ലേയ്ക്കുമുള്ള സ​​​​​​​​ബ് ഇ​​​​​​​​ൻ​​​​​​​​സ്പെ​​​​​​​​ക്ട​​​​​​​​ർ...
error: Content is protected !!