അതിജീവനത്തിന്റെ സന്തോഷങ്ങൾ

Date:

spot_img


49 ട്രെയിനുകൾ കയറിയിറങ്ങി, ഏഴു മണിക്കൂറുകളോളം റെയിൽവേ ട്രാക്കിൽ കിടന്ന ഒരു വ്യക്തിയെക്കുറിച്ച് അറിയുമ്പോൾ ആദ്യം മനസ്സിൽ തോന്നുന്ന വിചാരം എന്തായിരിക്കും? മരിച്ചുപോയിട്ടുണ്ടാവും. ഇല്ലെങ്കിൽ കാലുകൾ നഷ്ടപ്പെട്ട് കിടക്കയിൽ ശരണം വച്ച് ജീവിക്കുകയാവും. ലോകത്തോട് മുഴുവനുമുള്ള പരിഭവവും പരാതിയുമായി.


പക്ഷേ ഈ സംഭവത്തിലെ വ്യക്തി അങ്ങനെയൊന്നുമല്ല. ഇത് അരുണിമ സിൻഹ. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വികലാംഗ. ദേശീയ തലത്തിൽ ശ്രദ്ധ നേടിയ ഒരു വോളിബോൾ കളിക്കാരിയായിരുന്നു അരുണിമ.


 2011 ഏപ്രിൽ 12ന് സിഐഎസ്എഫ് പ്രവേശനപ്പരീക്ഷ എഴുതാൻ വേണ്ടിയുള്ള യാത്രയായിരുന്നു അരുണിമയുടെ ജീവിതം മാറ്റിമറിച്ചത്. ട്രെയിനിൽ വച്ചു ഒരു മോഷണശ്രമത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പോരാട്ടമാണ് അരുണിമയെ വികലാംഗയാക്കിമാറ്റിയത്. കഴുത്തിലണിഞ്ഞിരിക്കുന്ന സ്വർണ്ണമാല തട്ടിയെടുക്കാനുള്ള മോഷ്ടാവിന്റെ ശ്രമത്തെ അരുണിമ പല്ലും നഖവും ഉപയോഗിച്ച് എതിർത്തു.  പിടിവലിക്കിടയിൽ അരുണിമ ട്രെയിന് വെളിയിലേക്ക് തെറിച്ചുവീണു. എഴുന്നേല്ക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇടതുകാലിലൂടെ ആദ്യമായി ട്രെയിൻ കടന്നുപോയി.  പിന്നെ പലപ്പോഴായി 49 ട്രെയിനുകൾ. കടന്നുപോയത് ഏഴു മണിക്കൂറുകൾ. പിറ്റേന്ന് രാവിലെയാണ് അവളെ റെയിൽവേ ഗാർഡുകൾ കണ്ടെത്തിയതും ആശുപത്രിയിലെത്തിച്ചതും. പക്ഷേ ഒരു ആത്മഹത്യാശ്രമമായിട്ടാണ് അതിനെ ആശുപത്രി അധികൃതർ കണ്ടത്. മാത്രവുമല്ല ദേശീയ വോളിബോൾ താരമാണ് അതെന്ന് ആരും തിരിച്ചറിഞ്ഞതുമില്ല. അനസ്തേഷ്യ പോലും നല്കാതെയായിരുന്നു ഇടതുകാൽ മുറിച്ചുമാറ്റിയത്. പക്ഷേ ആ ഡോക്ടർ തന്നെയാണ് അരുണിമയെ തിരിച്ചറിഞ്ഞതും അങ്ങനെ ഡൽഹി ഓൾ ഇന്ത്യ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക്  എത്തിച്ചതും. നിരാശയുടെയും സഹതാപത്തിന്റെയും ദിനങ്ങളായിരുന്നു പിന്നീട്. ഒരു വോളിബോൾ താരത്തിന്റെ ദയനീയസ്ഥിതിയിൽ പരിതപിക്കാനായിരുന്നു എല്ലാവർക്കും താല്പര്യം. പക്ഷേ തന്നെ കാണാൻവരുന്നവരുടെ സഹതാപം നേടിയെടുത്ത് സ്വയം ഒതുങ്ങിക്കൂടാൻ അരുണിമ തയ്യാറല്ലായിരുന്നു. വീൽച്ചെയറിൽ വച്ചാണ് അരുണിമ വലിയൊരു തീരുമാനം എടുത്തത്. എവറസ്റ്റ് കീഴടക്കണം.


അങ്ങനെയൊരു തീരുമാനമെടുക്കാൻ അരുണിമയ്ക്ക് പ്രചോദനമായത് യുവരാജ് സിങിന്റെ ജീവിതകഥയായിരുന്നു. കാൻസറിനെ തോല്പിച്ച് തിരികെ കളിക്കളത്തിലേക്ക് വന്ന  പ്രചോദനാത്മക ജീവിതമായിരുന്നുവല്ലോ ക്രിക്കറ്റ് താരം യുവരാജ് സിങിന്റേത്. ആ ജീവിതത്തിൽ നിന്ന് പ്രചോദനം സ്വീകരിച്ച് ആശുപത്രിവാസത്തിനൊടുവിൽ അരുണിമ നേരെ പോയത് ഉത്തരകാശിയിലെ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനൈറിങ് എന്ന സ്ഥാപനത്തിലേക്കായിരുന്നു.  നിരാശയുടെ മാറാലകളിൽ കുടുങ്ങി ജീവിതം അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്നുള്ള ലോകത്തോടുള്ള പ്രഖ്യാപനമായിരുന്നു അത്. കൃത്രിമക്കാലുകൊണ്ട് നടക്കാൻ പഠിക്കാൻ നാലുവർഷമെങ്കിലും എടുക്കുമെന്ന ധാരണകളെയാണ് അരുണിമ പിന്നീട് മറികടക്കാൻ ശ്രമിച്ചത്.  എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യക്കാരിയായ ബചേന്ദി പാലുമായുള്ള  കണ്ടുമുട്ടൽ അരുണിമയ്ക്ക് നല്കിയ ആത്മവിശ്വാസം ചെറുതൊന്നുമായിരുന്നില്ല.   പതിനെട്ടു മാസത്തെ കഠിനപരിശ്രമങ്ങൾക്ക് ശേഷം അരുണിമ എവറസ്റ്റ് കയറിത്തുടങ്ങി. കൃത്രിമക്കാലുപയോഗിച്ചുള്ള കയറ്റം ഒട്ടും നിസ്സാരമൊന്നുമായിരുന്നില്ല.  അവസാനമെത്താറായപ്പോഴേക്കും ഓക്സിജൻ വരെ തീരാറായിരുന്നു. പക്ഷേ ആത്മധൈര്യവും നേടിയെടുക്കുമെന്ന ദൃഢപ്രതിജ്ഞയും അരുണിമയെ പിന്നിലേക്ക് വലിച്ചില്ല. മരിക്കുന്നെങ്കിൽ പോലും മുന്നോട്ടു പോയി തന്നെ എന്നായിരുന്നു തീരുമാനം. ആ തീരുമാനത്തിന് മുമ്പിൽ പ്രതികൂലങ്ങൾ മുട്ടുമടക്കി. എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ ഇന്ത്യയുടെ ദേശീയപതാക കെട്ടിപ്പിടിച്ചു അരുണിമ നിന്നപ്പോൾ  സന്തോഷം കൊണ്ട് കരഞ്ഞുപോയിരുന്നു. അതിജീവനത്തിന്റെ സന്തോഷമായിരുന്നു അത്. 2019 ജനുവരി നാലിന് അന്റാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് വിൽസണും അരുണിമ കീഴടക്കി. അത്തരമൊരു വിജയം നേടുന്ന ആദ്യ ഭിന്നശേഷിക്കാരിയെന്ന ഖ്യാതിയും അരുണിമ അതിലൂടെസ്വന്തമാക്കുകയായിരുന്നു.2014 ൽ പത്മശ്രീ പുരസ്‌ക്കാരം നല്കി രാജ്യം അരുണിമയെ ആദരിക്കുകയുണ്ടായി.


ചെറിയ ചെറിയ കുറവുകളുടെപേരിൽ പോലും വലിയ ശ്രമങ്ങൾ നടത്താതെ അപകർഷതയിലും ആത്മനിന്ദയിലും ജീവിക്കുന്ന ജീവിതങ്ങൾക്ക് അരുണിമ സിൻഹ ഒരു പ്രചോദനവും ശക്തിയുമായി മാറട്ടെ.

More like this
Related

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക്...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ....

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ...

പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ...
error: Content is protected !!