സ്‌നേഹിക്കാം പണം കൊണ്ടും

Date:

spot_img

പറയാൻ പോകുന്ന കഥ മിക്കവാറും എല്ലാവരും കേട്ടിട്ടുള്ളതാണ്. പക്ഷേ, നമ്മളൊക്കെ അത് ഒരിക്കൽകൂടി കേൾക്കാൻ സമയമായിട്ടുണ്ടെന്നു തോന്നുന്നു.  ഗുണപാഠം ആദ്യം പറഞ്ഞിട്ടേ കഥയിലേക്കു കടക്കുന്നുള്ളു. ആളുകൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിക്കാനാവാതെ ജീവനൊടുക്കുമ്പോൾ, ശ്ശോ… അറിഞ്ഞില്ലല്ലോ, ഒന്നു പറഞ്ഞിരുന്നെങ്കിൽ സഹായിക്കാമായിരുന്നല്ലോ. അവരിത്ര വിഷമത്തിലായിരുന്നു ജീവിച്ചിരുന്നതെന്നറിഞ്ഞില്ലല്ലോ, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നമ്മളൊക്കെ ഇവിടെയില്ലായിരുന്നോ, ഒന്നു സൂചിപ്പിച്ചിരുന്നെങ്കിൽ….തുടങ്ങിയ അലങ്കാരങ്ങൾ ഇനി പറയാതിരിക്കുക. അതാണ് ഗുണപാഠം.

അക്രയിൽനിന്നു കണ്ടെടുത്ത ലിഖിതങ്ങൾ എന്ന പുസ്തകത്തിന്റെ അവസാനഭാഗത്തുള്ള ആ കഥ ഏതാണ്ട് ഇങ്ങനെയാണ്:
ഒരു ദിവസം ഒരാൾ തന്റെ ചങ്ങാതിയുടെ വീട്ടുവാതിൽക്കൽ മുട്ടി. കടമായി തനിക്കൊരു നാലായിരം ദിനാർ തരാമോയെന്നു ചോദിച്ചു. വീട്ടുടമ ഭാര്യയെ വിളിച്ചു പറഞ്ഞു, ഉള്ള പണമെല്ലാം എടുക്കാൻ.  തികയാതെ വന്നപ്പോൾ അവർ അയൽവീടുകളിൽ ചെന്നു കടം വാങ്ങി കൂട്ടുകാരനുവേണ്ട പണം കൊടുത്തു. അയാൾ പണവുമായി പോയിക്കഴിഞ്ഞപ്പോൾ വീട്ടുകാരൻ നിശബ്ദമായി കരയുന്നതു ഭാര്യ കണ്ടു.

എന്തുപറ്റിയെന്ന് അവൾ ചോദിച്ചു. ‘എന്താണിത്ര സങ്കടം? അയലത്തുപോയി കടം വാങ്ങേണ്ടിവന്നതുകൊണ്ടാണോ? നമുക്കതു തിരിച്ചുകൊടുക്കാൻ പറ്റുമോയെന്ന ഭയമാണോ?’

അയാൾ പറഞ്ഞു: ‘അല്ല, എന്റെ സങ്കടത്തിനു കാരണം അതൊന്നുമല്ല. വളരെ അടുത്ത കൂട്ടുകാരനായിരുന്നിട്ടുപോലും അവന്റെ പ്രയാസങ്ങൾ മനസിലാക്കാൻ ഇതുവരെ എനിക്കു കഴിഞ്ഞില്ലല്ലോ എന്നതാണ് എന്റെ സങ്കടം. അവൻ വന്ന് എന്റെ വാതിൽക്കൽ മുട്ടി പണം കടം ചോദിക്കുന്നതുവരെ അവന്റെ പ്രശ്‌നങ്ങൾ ഞാൻ അറിഞ്ഞില്ലല്ലോ.’

ഇതുതന്നെയാണു കാര്യം. ആത്മഹത്യയുടെ വക്കിലെത്തിയവർ അഭിമാനം പണയംവച്ച് നമ്മുടെ മുഖത്തുനോക്കി വായ്പ ചോദിക്കുന്നതുവരെ നാം അതറിയുന്നില്ല. ഏറ്റവുമടുത്ത ആളുകളുടെ വിഷമങ്ങൾപോലും അറിയുന്നില്ല. അപ്പോഴും മേല്പ്പറഞ്ഞ കഥയിലെ അറബിയെപ്പോലെ നമുക്കു കുറ്റബോധം തോന്നുന്നില്ല. മാത്രമല്ല, കടം കൊടുത്താൽ അവനു തിരിച്ചുതരാൻ പാങ്ങുണ്ടോയെന്നു ചിന്തിക്കുകയും ചെയ്യുന്നു. എത്ര തവണ വീട്ടിൽ സന്ധ്യാപ്രാർഥന കഴിഞ്ഞു ബൈബിളിൽനിന്നു കേട്ടതാണ് തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിച്ചു വായ്പ കൊടുക്കുന്നതിൽ എന്തു മേന്മയാണുള്ളതെന്ന ചോദ്യം.

ഇതെല്ലാം കഴിഞ്ഞിട്ടാണ് പിടിച്ചുനില്ക്കാനാകാതെ ജീവനൊടുക്കിയവന്റെ സംസ്‌കാരത്തിൽ പങ്കെടുക്കുന്നതിനിടെ, ഒരു സൂചനയും കിട്ടിയില്ലല്ലോ അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നല്ലോയെന്ന് നാം ചോദിക്കുന്നത്.
തെറ്റ്. സൂചനകൾ ഉണ്ടായിരുന്നു. മറ്റു തിരക്കിനിടയിൽ നമ്മളതു കണ്ടില്ല. നമ്മളതു ശ്രദ്ധിക്കുമായിരിക്കും എന്നുകരുതി അയാൾ/അവൾ കാത്തിരുന്നിട്ടുണ്ടാകും അന്തിമതീരുമാനമെടുക്കുന്ന ആ ഒടുവിലത്തെ സമയംവരെ. ഇപ്പോഴും അത്തരം സൂചനകൾ നമ്മുടെ പരിസരത്ത് ഉണ്ടായിരിക്കാം. ചിലപ്പോൾ നമ്മുടെ കുടുംബങ്ങളിൽതന്നെ. സംഘടനാതലത്തിലും വ്യക്തിപരമായുമൊക്കെ ഒന്നു കാതോർത്താൽ മതി.

ഇക്കഴിഞ്ഞ ജൂൺ 20 മുതൽ ജൂലൈ 31 വരെ അതായത് 41 ദിവസത്തിനിടെ 50 ആത്മഹത്യകൾ നടന്നതിൽ 17 എണ്ണവും കോവിഡിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളിലാണ്. മിക്ക കേസുകളിലും അവർ അത്രമാത്രം ഗതികേടിലാണെന്ന് അടുത്തുള്ളവർപോലും അറിഞ്ഞില്ല. ആത്മഹത്യകളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. തൊഴിൽ നഷ്ടപ്പെട്ടതും വ്യാപാരം തകർന്നതും ബാങ്കിലെ തിരിച്ചടവ്മുടക്കം പരിധി കടന്നതുമൊക്കെയാണ് കാരണം. പറ്റുന്നവിധത്തിൽ സാമ്പത്തിക സഹായം ലഭിക്കുകയോ പ്രായോഗിക പരിഹാരം നിർദേശിക്കുകയോ ഒക്കെ ചെയ്താൽ, ഇത്തിരി ധൈര്യം കൊടുത്താൽ, തനിച്ചല്ലെന്നു ബോധ്യപ്പെടുത്തിയാൽ ഒക്കെ ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത ഒഴിവാക്കുന്ന കേസുകളായിരുന്നു മിക്കതും.
ഇന്ത്യയിൽ ഏറ്റവുമധികമാളുകൾ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണത്. കോവിഡ്കാലത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ കണക്കുകൾ വരുമ്പോഴേക്കും ഒന്നാം സ്ഥാനം നിലനിർത്തിക്കൊണ്ടുതന്നെ മലയാളിയുടെ ആത്മഹത്യകൾ പെരുകാനാണു സാധ്യത. വിദ്യാഭ്യാസത്തിലും വ്യക്തിശുചിത്വത്തിലും ആരോഗ്യപരിപാലനത്തിലും രാഷ്ട്രീയ പ്രബുദ്ധതതയിലും മാത്രമല്ല, ആത്മഹത്യയിലും സ്വാർഥതയിലും നമ്മൾ മുന്നിലായിരിക്കുന്നു. അയൽപക്കത്തു നടക്കുന്നതുപോലും നമുക്ക് അറിയില്ല. ദൈവത്തോടു വീണ്ടും വീണ്ടും നാം ചോദിക്കുന്നത് ഞാനാണോ എന്റെ സഹോദരന്റെ കാവല്ക്കാരൻ എന്ന ആ പഴയ ചോദ്യം തന്നെയാണ്.
ആളുകൾ പറയാറുണ്ട് പണം കൊടുത്തു സ്‌നേഹം വാങ്ങാനാവില്ലെന്ന്. അതു പൂർണമായും ശരിയല്ല. ചിലപ്പോൾ പണംകൊടുത്തുതന്നെ സ്‌നേഹം വാങ്ങണം.  സ്‌നേഹത്തിന് അർഥമുണ്ടാകാൻ പണത്തിനുമാത്രം കഴിയുന്ന ചില സന്ദർഭങ്ങളുണ്ട്. പ്രത്യേകിച്ചും കോവിഡിനെത്തുടർന്നുള്ള ഈ കഷ്ടകാലത്ത്.


പണം കൈയിൽവച്ചിട്ടും സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്നവരോട് പ്രാർഥിച്ചുകൊള്ളാമെന്നും ദൈവം ഒരു വഴി കാണിച്ചുതരുമെന്നുമൊക്കെ പറയുന്നതിനേക്കാൾ വലിയ ദൈവനിന്ദയില്ല.

ജോസ് ആൻഡ്രുസ്

More like this
Related

കേൾക്കാതെ പോകുന്ന ശബ്ദങ്ങൾ  

ജനാധിപത്യത്തിന്റെ മഹത്തായ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ് രാജ്യം മുഴുവൻ.  ഇക്കഴിഞ്ഞ ജൂലൈ...

മനുഷ്യനായി ജീവിക്കാൻ

''ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായാണ് എന്റെ സമരം. വെള്ളക്കാരുടെ മേൽക്കോയ്മയ്‌ക്കെതിരെ ഞാൻ പോരാടും,...

വീണ്ടും നിപ്പയുടെ ഭീതിയിൽ

പ്രളയത്തിനും കോവിഡിനും ശേഷം മറ്റൊരു ഭീതിയിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നിപ്പ....

സൂര്യഗ്രഹണത്തിൽ തൂക്കി എറിയപ്പെട്ട ഒരു തരിമണൽ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.മുകുന്ദൻ എഴുതിയതുപോലെ മറച്ചുവെക്കുന്ന എല്ലാ വസ്തുക്കളും തുറന്നു...
error: Content is protected !!