മരിക്കാൻ പല കാരണങ്ങളുമുണ്ട്. അത്തരം കാരണങ്ങളിൽ പത്താമത് നില്ക്കുന്ന കാരണം ആത്മഹത്യയാണ്, ലോകമെങ്ങുമുള്ള മരണങ്ങളുടെ കണക്കെടുപ്പിലാണ് ആത്മഹത്യ പത്താമത്തെ കാരണമായിരിക്കുന്നത്. എട്ടുമുതൽ പത്തുലക്ഷം വരെ ആളുകൾ വർഷം തോറും ആത്മഹത്യ ചെയ്യുന്നതായിട്ടാണ് കണക്ക്. ഒരു കോടി മുതൽ രണ്ടുകോടി വരെ ആത്മഹത്യാശ്രമങ്ങളും വർഷത്തിൽ നടക്കുന്നുണ്ട്. സ്ത്രീകളെക്കാൾ പുരുഷന്മാരാണ് കൂടുതലായും ആത്മഹത്യ ചെയ്യുന്നത് എന്നത് ചിലരെയെങ്കിലും സംബന്ധിച്ചു പുതിയ കാര്യമായിരിക്കാം. കൂടുതലായും സ്ത്രീ ആത്മഹത്യകൾക്ക് ലഭിക്കുന്ന വാർത്താപ്രാധാന്യം തന്നെയാണ് ഈ സത്യത്തെ അപ്രധാനീകരിക്കുന്നത്. ലോകത്ത് നടക്കുന്ന ആത്മഹത്യയുടെ 17 ശതമാനവും ഇന്ത്യയിലാണ് സംഭവിക്കുന്നത്. അതിൽ തന്നെ കേരളം, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ .
ആത്മഹത്യ തടയുക, ആത്മഹത്യയ്ക്കെതിരെയുളള അവബോധം നല്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2003 മുതൽ വേൾഡ് സൂയിസൈഡ് പ്രിവെൻഷൻ ഡേ ആചരിക്കാറുണ്ട്. ലോകാരോഗ്യസംഘടനയുടെയും വേൾഡ് ഫെഡറേഷൻ ഓഫ് മെന്റൽ ഹെൽത്തിന്റെയും സഹകരണത്തോടെ ഇന്റർനാഷനൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവെൻഷൻ ആണ് ഈ ദിനാചരണം നടത്തുന്നത്. പ്രവൃത്തിയിലൂടെ പ്രതീക്ഷ വളർത്തുക എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ വിഷയം.
ചില സിനിമകളും സാഹിത്യകൃതികളും ആത്മഹത്യയെ മഹത്വവൽക്കരിക്കാറുണ്ട്. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നത് വരും തലമുറയെ ആത്മഹത്യയിൽ നിന്ന് മോചിപ്പിക്കാൻ ഒരു പരിധിവരെ സഹായകരമാകും.അതുപോലെ ആത്മഹത്യയെ ന്യായീകരിക്കുന്ന വിധത്തിലുള്ള ഒരു സംസാരവും വീട്ടിലുണ്ടാകരുത്. വീടിനുള്ളിലെ ഇത്തരം സംസാരരീതികൾ വളർന്നുവരുന്ന തലമുറയെ ആത്മഹത്യാ ചായ്‌വിലേക്ക് നയിച്ചേക്കാം. നമ്മുടെ സംസാരം എപ്പോഴും ജീവനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ക്ഷതങ്ങളെ അതിജീവിക്കുന്ന ജീവിതത്തിന്റെ സൗന്ദര്യത്തെക്കുറിച്ചുമായിരിക്കട്ടെ.