ജീവിതമാണ് ഏറ്റവും വലിയ അനുഗ്രഹമെന്ന്, ജീവിച്ചിരിക്കുന്നതാണ് ഏറ്റവും വലിയ ഭാഗ്യമെന്ന് ചിലപ്പോഴെങ്കിലും ചിലർ മറന്നുപോകാറുണ്ട്. അതിന്റെ ഫലമായാണ് ചില കാരണങ്ങളുടെ പേരിൽ, ചില നിമിഷങ്ങളിൽ ചിലരൊക്കെ സ്വയം ജീവൻ അവസാനിപ്പിക്കുന്നത്. ഒരാൾ തന്റെ ജീവനെ സ്വയം നശിപ്പിക്കുന്ന പ്രവൃത്തിയാണ് ആത്മഹത്യ ഒരാൾക്ക് ആത്മഹത്യ ചെയ്യാൻ പല കാരണമുണ്ടാവാം. വിഷാദം പോലെയുളള മാനസികരോഗങ്ങൾ മുതൽ സാമ്പത്തികബുദ്ധിമുട്ടുകളും പ്രണയപരാജയങ്ങളും തോൽവികളും അപമാനഭീതിയും വരെ അനേകകാരണങ്ങൾകൊണ്ടാണ് ആത്മഹത്യകളെല്ലാം നടക്കുന്നത്.
മുൻകൂട്ടി പ്ലാൻ ചെയ്ത ആത്മഹത്യകൾ മുതൽ പെട്ടെന്നുള്ള ഒരുനിമിഷത്തെ തോന്നൽവരെയുള്ള ആത്മഹത്യകളുമുണ്ട്. കാരണം എന്തുമാകട്ടെ ചില ആത്മഹത്യകളെ അവനവർക്ക് തന്നെ ഒഴിവാക്കാവുന്നവയാണ്. വേറെ ചില ആത്മഹത്യകൾ അയാൾക്കൊപ്പമുള്ള വ്യക്തികൾ മനസ്സുവച്ചാൽ ഒഴിവാക്കാവുന്നവയും.
ആത്മഹത്യ ചെയ്യുന്ന പ്രവൃത്തിയെ മഹത്വീകരിച്ചും അതൊരു ധീരപ്രവൃത്തിയായുമുള്ള ചില വ്യാഖ്യാനങ്ങളുമുണ്ട്. പക്ഷേ ആത്യന്തികമായി നോക്കുമ്പോൾ ആത്മഹത്യ ഭീരുത്വം തന്നെയാണ്. മനസ്സിന്റെ കരുത്തില്ലായ്മ തന്നെയാണ് അതിന് കാരണം. ഒരു പ്രശ്നത്തെ അഭിമുഖീകരിക്കാനുള്ള കരുത്തില്ലായ്മയാണ് ചില ആത്മഹത്യകൾക്ക് കാരണമാകുന്നത്. അതായത് ഒരു സാമ്പത്തികപ്രതിസന്ധിക്കു മുമ്പിൽ സകുടുംബം ആത്മഹത്യ ചെയ്യുന്നവരുണ്ട്. മക്കളെ തനിച്ചാക്കി ഒരുമിച്ചു ആത്മഹത്യ ചെയ്യുന്ന മാതാപിതാക്കളുണ്ട്. മാറാരോഗം വന്നതുകൊണ്ടും ആത്മഹത്യ ചെയ്യുന്നവരുണ്ട്.
ശരിയാണ്. കടം, കടം തന്നെയാണ്. എന്നാൽ അതിനുള്ള പരിഹാരമാർഗ്ഗം ഒരിക്കലും ആത്മഹത്യയല്ല.
സാമ്പത്തിക കടബാധ്യതകൾ കൊണ്ട് പൊറുതിമുട്ടിയ ഒരു കുടുംബസാഹചര്യമുണ്ടായിരുന്നു. അപ്പൻ ചെയ്ത കച്ചവടം കൊണ്ടും പിന്നീട് ചേട്ടൻ ഏറ്റെടുത്ത ബാധ്യത കൊണ്ടും. രണ്ടുകാലത്തും കടക്കാരും ബാങ്കുകാരും വീട്ടിൽ കയറിയിറങ്ങിയ കാലം. എപ്പോഴൊക്കെയോ അപ്പനും ചേട്ടനും ആത്മഹത്യയെക്കുറിച്ചൊക്കെ സംസാരിച്ചുവെങ്കിലും അതിനോട് അനുകൂലമായ പ്രതികരണം കുടുംബത്തിൽ മറ്റാരിൽ നിന്നും ഉണ്ടായിരുന്നില്ല എന്ന് അത്ഭുതത്തോടെ ഓർമ്മിക്കുന്നു. പ്രത്യേകിച്ച് അന്ന് കുടുംബത്തിന്റെ നായികയായിരുന്ന അമ്മയിൽ നിന്ന്.
‘വേറെ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട് ജീവിക്കാനായിട്ട്, അതിന് പകരം ചാകാൻ പോകുന്നു’വെന്ന അമ്മയുടെ നിഷേധാത്മകത തന്നെയാകണം അന്ന് ആത്മഹത്യയെ ഒരു സാധ്യതയായി പരിഗണിക്കാതിരുന്നത്. അതിന് പകരം ‘ശരിയാ ഇങ്ങനെ കടം കയറി എത്രകാലം ജീവിക്കും, കടക്കാരെ കൊണ്ട് പൊറുതിമുട്ടിയല്ലോ’ എന്നൊരു അനുകൂല സമീപനം ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും ഞങ്ങളുടെ കുടുംബം ആത്മഹത്യ ചെയ്യുമായിരുന്നു. കൂട്ട ആത്മഹത്യകളെ ഒരാളുടെ ക്രിയാത്മകമായ ഇടപെടൽ കൊണ്ട് ഇല്ലാതാക്കാമെന്ന് പാഠം ആദ്യമായി ഞാൻ മനസ്സിലാക്കിയത് അന്നായിരുന്നു. എന്തുകൊണ്ടാണ് അമ്മ അങ്ങനെ പറഞ്ഞതെന്നും എങ്ങനെയാണ് അത് പറയാൻ സാധിച്ചതെന്നും ഞാൻ പിന്നീട് അത്ഭുതപ്പെട്ടിട്ടുണ്ട്. പുറമേയ്ക്ക് നോക്കുമ്പോൾ ഒരു അത്ഭുതവും ഞങ്ങളെ കാത്തുനില്ക്കുന്നുണ്ടായിരുന്നില്ല. ഒരാളും സഹായിക്കാനായി കടന്നുവന്നിരുന്നുമില്ല. എന്നിട്ടും ജീവിതത്തിലെ വേനലിന് മീതെ ചെറിയ ചെറിയ പച്ചപ്പുകൾ പ്രത്യക്ഷപ്പെടുകയും ഇന്ന് ഭേദപ്പെട്ട നിലയിൽ ഞങ്ങൾ മക്കളോരോരുത്തരും വാർദ്ധക്യത്തിലെത്തിയ അപ്പനും അമ്മയും ജീവിക്കുകയും ചെയ്യുന്നുവെന്നതാണ് യാഥാർത്ഥ്യം.
ഇന്നത്തെ ആത്മഹത്യകളുടെ മറ്റൊരു സ്വഭാവം വിഷാദമാണ്. വിഷാദത്തിന്റെ ഉരുൾപ്പൊട്ടലിൽ ജീവിതം വലിച്ചെറിയുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. പണമില്ലാത്തതോ സൗന്ദര്യമില്ലാത്തതോ പ്രശസ്തിയില്ലാത്തതോ ഒന്നുമല്ല ഇത്തരം ആത്മഹത്യകളുടെ കാരണം. എല്ലാം ഉണ്ടായിട്ടും ജീവിതത്തിന് അർത്ഥമില്ലെന്ന് തോന്നുന്നു. ഒറ്റയ്ക്കാണെന്നും ഏകാകിയാണെന്നും തോന്നുന്നു. ചെയ്തവയെല്ലാം അർത്ഥശൂന്യമാകുന്നു. ഇങ്ങനെയൊരു നിമിഷത്തിലാണ് അത്തരം ആത്മഹത്യകൾ നടക്കുന്നത്.വിഷാദത്തിന്റെ കയത്തിൽ മുങ്ങാത്തവർ ഒരുപക്ഷേ ആരും തന്നെയുണ്ടാവില്ല. ഏതെങ്കിലുമൊക്കെ അവസ്ഥയിൽ, ഏതെങ്കിലുമൊക്കെ സാഹചര്യങ്ങളിൽ ഓരോരുത്തരും ആ കയത്തിലേക്ക് വീണു പോകാറുണ്ട്. പക്ഷേ അവരാരും ആത്മഹത്യ ചെയ്യുന്നില്ല. സർപ്പം പടം പൊഴിക്കുന്നതുപോലെ വീണ്ടുമൊരു സൗഭാഗ്യകാലത്തിലേക്ക് അവരെല്ലാം പലപ്പോഴും കടന്നുചെല്ലാറുമുണ്ട്. വിഷാദത്തിന്റെ തീരങ്ങളിൽ അലയുന്നവർ ഒരു കാര്യം ഓർത്തിരിക്കേണ്ടതുണ്ട്. ചില സങ്കടങ്ങൾ പറഞ്ഞുതീർക്കേണ്ടവതന്നെയാണ്. അവ പറയാൻ ഒരാളെങ്കിലും കൂടെയുണ്ടായിരിക്കണം. ആരും കേൾക്കാനില്ലാതെ പോകുന്നതും ആരോടും പറയാനില്ലാതെ പോകുന്നതുമാണ് ചില വിഷാദങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. അറിയാവുന്ന ഒരാൾ വിഷാദത്തിന്റെ ചുഴിയിൽ പെട്ടുപോയിട്ടുണ്ടെന്ന് തോന്നുന്നുവെങ്കിൽ ആ വ്യക്തിയെ പ്രത്യേകമായി പരിഗണിക്കുക. അയാളെ കേൾക്കാൻ കാതുകൊടുക്കുക. അടുത്തിരിക്കുക, കഴിയുമെങ്കിൽ ഒന്ന് ആലിംഗനം ചെയ്യുക. തനിച്ചല്ല എന്ന് ഓർമ്മപ്പെടുത്തുക.
ചില സങ്കടങ്ങൾ അവസാനിപ്പിക്കാൻ അവനവർ തന്നെ കണ്ടെത്തേണ്ട ചില ആശ്വാസതീരങ്ങളുണ്ട്. ഒരു യാത്ര.. ചങ്ങാതി..സംഗീതം… ഉളളിലെ വിഷാദങ്ങളെ മരണത്തിലേക്ക് കൂട്ടുവിളിക്കാതിരിക്കാൻ നാം തന്നെ അവയ്ക്കെതിരെയുള്ള മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.
പരീക്ഷകളിൽ പരാജയപ്പെട്ടതിന് ആത്മഹത്യ ചെയ്യുന്നവരുണ്ട്, ജോലി നഷ്ടപ്പെട്ടതുകൊണ്ട് ആത്മഹത്യ ചെയ്യുന്നവരുണ്ട്. പരീക്ഷയിൽ വിജയിക്കേണ്ടതു തന്നെയാണ്. പക്ഷേ പരാജയപ്പെട്ടു എന്നതുകൊണ്ട് അതൊരിക്കലും ജീവിതത്തിൽ നിന്നുള്ള എക്സിറ്റ് ആകുന്നില്ല. വിജയിക്കാൻ നമുക്കിനിയും അവസരമുണ്ട് എന്നതാണ് ഓർമ്മിക്കേണ്ടത്. പരീക്ഷയിലെ പരാജയം ജീവിതത്തിലെ പരാജയമാകുന്നില്ല. അതെപ്പോഴും ഒരു പാഠമാണ്. എങ്ങനെ പരാജയം ആവർത്തിക്കാതിരിക്കാം എന്നതിന്റെ പാഠം. ജീവിതവിജയം നേടിയവരെന്ന് നാം വാഴ്ത്തുന്ന വ്യക്തികളുടെയെല്ലാം ഭൂതകാലം പരാജയങ്ങളുടേതുകൂടിയായിരുന്നു. ഒരു ജയം മാത്രമല്ല ചില പരാജയങ്ങളും നമ്മുടെ നിക്ഷേപമാണ്.
വേറൊരു കൂട്ടർ വളരെ നിസ്സാരമായ കാരണങ്ങളുടെ പേരിലാണ് ആത്മഹത്യ ചെയ്യുന്നത്. വഴക്ക് പറഞ്ഞു. ടിവി കാണാൻ സമ്മതിച്ചില്ല, മൊബൈൽ വാങ്ങിക്കൊടുത്തില്ല… എത്രയോ ബാലിശമായിട്ടാണ് ഇത്തരക്കാർ ജീവിതത്തെ കാണുന്നതെന്ന് നോക്കൂ.
ചെറുപ്പക്കാർ മാത്രമല്ല വൃദ്ധരും ആത്മഹത്യ ചെയ്യുന്നുണ്ട്. അറുപതു വയസിന് മുകളിൽ പ്രായമുള്ളവർ ആത്മഹത്യ ചെയ്യുന്ന കാര്യത്തെ വളരെ ഗൗരവത്തോടെ തന്നെയാണ് കാണേണ്ടത്. രോഗവും മക്കളിൽ നിന്നുള്ള ഒറ്റപ്പെടലും അവഗണനയും സാമ്പത്തിക സുരക്ഷിതത്വം ഇല്ലായ്മയുമെല്ലാം വൃദ്ധരുടെ ആത്മഹത്യകൾക്ക് കാരണമാകുന്നു.
മുകളിലെഴുതിയത് ആവർത്തിക്കട്ടെ. ഓരോ ആത്മഹത്യകൾക്കും ഓരോ കാരണങ്ങളുണ്ടാവാം. പക്ഷേ ജീവിതമെന്ന കാരണത്തെക്കാൾ വലുതല്ല മറ്റൊന്നും.ജീവിതം ഒരു അവസരമാണ്. ഒരാൾക്ക് കിട്ടാവുന്നതിൽ വച്ചേറ്റവും വലിയ ഭാഗ്യവും. അതിന്റെ അർത്ഥം ശരിയായി തിരിച്ചറിയാൻ കഴിയാത്തവരാണ് ആത്മഹത്യ ചെയ്യുന്നത്. പരാജയങ്ങൾക്ക് ജീവിതംകൊണ്ടാണ് മറുപടി നല്കേണ്ടത്. പരിത്യക്തതകൾക്ക്, ഉപേക്ഷിക്കപ്പെടലുകൾക്ക്, അവഗണനകൾക്ക്, നഷ്ടങ്ങൾക്ക്, നിന്ദനങ്ങൾക്ക്, തെറ്റിദ്ധാരണകൾക്ക്.. എല്ലാം ആത്മഹത്യകൊണ്ടല്ല ജീവിതം കൊണ്ട് മറുപടി നല്കുക.
ഗർഭാവസ്ഥ മുതൽ വാർദ്ധക്യം വരെ, അല്ലെങ്കിൽ സ്വഭാവികമായ മരണം വരെ ജീവിതം ഏത് അവസ്ഥയിലും സംരക്ഷിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതും തന്നെയാണ്. ഓരോ വ്യക്തികൾക്കും ഈ ജീവിതം കൊണ്ട് ഈ ഭൂമിയിൽ എന്തൊക്കെയോ ചെയ്യാനുണ്ട്. ഓരോരുത്തർക്കും തുല്യം അവനവർ മാത്രമേയുള്ളൂ. ഓരോ വ്യക്തികൾക്കും നിശ്ചിതകാലം ഭൂമിവാസം നിശ്ചയിച്ചിട്ടുണ്ട്.
വിസിലൂതുമ്പോൾ ആരംഭിക്കുകയും ഫിനീഷിംങ് പോയിന്റിൽ അവസാനിപ്പിക്കുകയും ചെയ്യേണ്ട ഒരു ഓട്ടം തന്നെയാണ് ജീവിതം. പാതിവഴിയിൽ ഇടറിപ്പോകരുത്. പാതിവഴിയിൽ ഓട്ടം അവസാനിപ്പിക്കുകയുമരുത്. ജീവിക്കുക. മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയും അവരുടെ ജീവന് കാവലാളാവുകയും ചെയ്യുക. കാറ്റിൽ കെട്ടുപോകാവുന്ന തിരിനാളത്തിന് കൈപ്പടം ചേർത്തു വയ്ക്കാൻ തയ്യാറാവുക. ജീവിതമാണ് സൗന്ദര്യം. അതാണ് സത്യവും.
ബിജു സെബാസ്റ്റ്യൻ