വിജയിച്ചവരുടെ ലോകം; പരാജിതരുടെയും

Date:

spot_img

ടോക്കിയോ ഒളിമ്പിക്‌സിന് തിരശ്ശീല വീണു കഴിഞ്ഞതേയുള്ളൂ. ആരവങ്ങൾ പൂർണമായി നിലച്ചിട്ടില്ല. ഇത്തവണ മെഡൽ പട്ടികയിൽ ഇന്ത്യക്കും ഒപ്പം മലയാളിക്കും അഭിമാനിക്കാൻ ഏറെ വകയുണ്ട്. സ്വർണ്ണം നേടിയ നീരജ് ചോപ്ര മുതൽ വെങ്കലം നേടിയ ശ്രീജേഷ് വരെയുള്ളവർ ഇന്ത്യൻ പുതു തലമുറയുടെ  കായിക സ്വപ്‌നങ്ങൾക്കു നൽകുന്ന പ്രചോദനം ചെറുതല്ല. ജേതാക്കളായ ഓരോരുത്തർക്കും വലിയ  പാരിതോഷികങ്ങളും പുരസ്‌കാരങ്ങളുമാണ് രാഷ്ട്രവും സ്വകാര്യ വ്യക്തികളും വാഗ്ദാനം ചെയ്തിരിക്കുന്നത്. പണമായാലും പദവിയായാലും സമ്മാനങ്ങളുടെ നീണ്ട നിര തന്നെയാണ് വിജയികളെ കാത്തിരിക്കുന്നത്. അതിന് അവർ അർഹരാണുതാനും. അതിനിടയിൽ ശ്രദ്ധേയമായ ഒരു വാർത്ത  ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നഷ്ടപ്പെട്ടവർക്കായി ‘ആൾട്രോസ്’ കാർ സമ്മാനമായി നൽകുന്നു എന്ന  ടാറ്റാ ഗ്രൂപ്പിന്റെ പ്രഖ്യാപനമാണ്.  അവരുടെ ഉദ്ദേശശുദ്ധി എന്തുതന്നെയായാലും പൊരുതി തോറ്റവർക്ക് അല്ലെങ്കിൽ ഇനിയും പൊരുതാൻ മനസുറപ്പിച്ചു നിൽക്കുന്നവർക്ക് വലിയ പ്രചോദനമാണ് ഇത്തരം ഒരു വാഗ്ദാനം എന്നതിൽ തർക്കമില്ല.


ലോകം എന്നും  വിജയികളുടെ ഒപ്പമാണ് നിലകൊണ്ടിട്ടുള്ളത്. വിജയിക്കുന്നവന്റെ അധ്വാനത്തെ, കഷ്ടപ്പാടിനെ വാനോളം വാഴ്ത്തുന്നവർ പരാജിതരുടെ കണ്ണുനീർ മനപ്പൂർവം കണ്ടില്ലെന്ന് നടിക്കുന്നു. ആദ്യ മൂന്ന് സ്ഥാനക്കാർ മെഡൽ  വാങ്ങാനായി തലകുനിക്കുമ്പോൾ  അതിലും കുനിഞ്ഞ ശിരസ്സുമായി  നിൽക്കുന്ന നാലാം സ്ഥാനക്കാരനെ ആരും കാണുന്നില്ല.  ഒന്നാമനെ ആദരിക്കാനുള്ള തിരക്കിൽ സമൂഹം പലപ്പോഴും രണ്ടാമനെ  പരിഗണിക്കാൻ പോലും വിട്ടു പോകുന്നു. ഉദാഹരണത്തിന്,  ചന്ദ്രനിൽ  കാലുകുത്തിയ ആദ്യ മനുഷ്യനായി നീൽ ആംസ്‌ട്രോങ്ങിനെ ലോകം വാഴ്ത്തുമ്പോൾ അദ്ദേഹത്തിനൊപ്പം ഉണ്ടായ, രണ്ടാമതായി  ചന്ദ്രനിൽ  കാലുകുത്തിയ ബുസ് ആൾഡ്രിനെ ആരും ഓർക്കുന്നില്ല. ആദ്യ ശൂന്യാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ കുറിച്ച് നമ്മൾ പഠിക്കുമ്പോൾ  അദ്ദേഹത്തിനു ശേഷം പോയ ഗെർമൻ  തീത്തോവിനെ കുറിച്ചോ അലൻ ഷെപ്പേർഡിനെ  കുറിച്ചോ നമ്മളിൽ അധികം ആരും കേട്ടു കാണാൻ പോലും വഴിയില്ല. എന്തിന്, ആദ്യത്തെ ബഹിരാകാശ  ഇന്ത്യൻ വനിതയായ കൽപ്പന ചൗളയെ നമ്മൾ വാനോളം ഉയർത്തുമ്പോൾ അതിനു ശേഷം  പോയ ശിശിര ബാന്ധളയെ കുറിച്ചു നമ്മിൽ എത്രപേർക്ക് അറിയാം ?


ലോകം ഒന്നാമനെ മാത്രം ശ്രദ്ധിക്കുമ്പോൾ രണ്ടാമൻ അനുഭവിക്കുന്ന ഒരു അവഗണന  ഉണ്ട്. സമൂഹം വിജയിയെ  മാത്രം  ആദരിക്കുമ്പോൾ പരാജിതൻ അനുഭവിക്കുന്ന ഒരു ശൂന്യതയുണ്ട്.  ‘ചാന്ദ്ര മനുഷ്യൻ’ എന്നു പറഞ്ഞു നീൽ ആംസ്‌ട്രോങ്ങിനെ ലോകം വാഴ്ത്തിയപ്പോൾ അദ്ദേഹത്തിന്റെ സഹയാത്രികൻ പിന്നീട് വല്ലാത്തൊരു അപകർഷതാ ബോധത്തിലേക്ക് വീണുപോയി  എന്ന ചില അടക്കം പറച്ചിലുകൾ ഉണ്ട്. കാരണം  ലോകത്തിനു  വിജയികളെ മാത്രമാണ് എന്നും ആവശ്യം. ആദ്യ നേട്ടം കൈവരിക്കുന്നവരെ   മാത്രമാണ്  സാധാരണ നാം ശ്രദ്ധിക്കുക.  അതിനൊരു അപവാദം എന്നത് എവറസ്റ്റ് കീഴടക്കിയവരുടെ കാര്യത്തിലാണ്. ടെൻസിംഗ്, ഹിലാരി എന്നി രണ്ടു പേരാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയതായി  നാം പറയുക. എന്നാൽ  ഇവരിൽ ആരാണ്   ആദ്യ ചുവട് ആ കൊടുമുടിയിൽ വച്ചത് എന്നു മരിക്കുവോളം അവർ പറഞ്ഞിട്ടില്ലത്രേ. കാരണം ഒരാളുടെ മാത്രം പേര് പറഞ്ഞാൽ അപരൻ തീർച്ചയായും അവഗണിക്കപ്പെടുമെന്നു അവർക്ക് നല്ലപോലെ അറിയാമായിരുന്നു.
വിജയിച്ചവരെ വാനോളം പുകഴ്ത്തുമ്പോൾ  പരാജിതർക്കു ഇവിടെ ജീവിക്കാൻ പോലും അവകാശമില്ല  എന്നാണ് ചില അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കുന്നത്. കൊളംബിയൻ ഫുട്‌ബോൾ കളിക്കാരൻ ആന്ദ്രേ എസ്‌കോബാറിന്റെ  ജീവിതം തന്നെ ഉദാഹരണമായി എടുക്കാം. അദ്ദേഹം കൊളംബിയൻ ഫുട്‌ബോൾ ടീമിലെ  ഒരു നല്ല ഡിഫൻസ് പ്ലേയർ ആയിരുന്നു.  കളിക്കളത്തിലെ കുലീനമായ പെരുമാറ്റം കൊണ്ട് ‘ഫുട്‌ബോളിന്റെ മാന്യൻ’ എന്നുള്ള ഇരട്ട പേരിലും അദ്ദേഹം അറിയപ്പെട്ടു.
എന്നാൽ  നിർഭാഗ്യവശാൽ 1994 ലെ ഫിഫ വേൾഡ് കപ്പിലെ  നിർണായകമായ ഒരു മത്സരത്തിൽ ഒരു സെൽഫ് ഗോൾ അദ്ദേഹത്തിനു വഴങ്ങേണ്ടിവന്നു. അതു മൂലം  അമേരിക്കയുമായുള്ള ആ മത്സരത്തിൽ കൊളംബിയ പരാജയപ്പെടുകയും ടൂർണമെന്റിൽ നിന്നു പുറത്താക്കപ്പെടുകയും ചെയ്തു. ഈ പരാജയം  എസ്‌കോബാറിനെ വല്ലാതെ തളർത്തി. തിരിച്ച് നാട്ടിലേക്ക് മടങ്ങാൻ  തീരുമാനിച്ച അദ്ദേഹം  കൂട്ടുകാർക്കൊപ്പം ‘അൽ പാബ്ലോ’  എന്ന ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി കയറി.  രാത്രി വൈകിയും  അവിടെ ചെലവഴിക്കുകയും ചെയ്തു. അതിനിടയിൽ അവിടെ വന്ന മൂന്ന് ചെറുപ്പക്കാർ അദ്ദേഹത്തോട് കളിയുടെ കാര്യം പറഞ്ഞു തർക്കിക്കാൻ തുടങ്ങി. തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. അവരിലൊരാൾ  എസ്‌കോബാറിനു  നേരെ ആറുതവണ തന്റെ തോക്കിൽ നിന്നും നിറയൊഴിച്ചു. ഓരോ തവണ നിറയൊഴിക്കുമ്പോഴും ‘ഗോൾ’,  ‘ഗോൾ’ എന്ന് അവർ ആക്രോശിച്ചിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തന്റെ പരാജയത്തിന്റെ അപമാനഭാരം പേറുന്ന ആ ചെറുപ്പക്കാരന് ജീവിക്കാൻ പോലും അവകാശമില്ല  എന്നാണ് അവന്റെ ഘാതകരുടെ നിലപാട്.


അത്രമാത്രം ക്രൂരത ഇല്ലെങ്കിൽ പോലും  വാക്കു കൊണ്ടും നോട്ടം കൊണ്ടും ചേഷ്ടകൾ കൊണ്ടും പരാജിതരോടുള്ള നമ്മുടെ  മനോഭാവവും അത്ര സുഖകരമല്ല എന്ന് നമുക്കറിയാം. പരാജയത്തെ താങ്ങാനാവാതെ ജീവൻ നഷ്ടപ്പെടുത്തിയവരും അതിനെ നേരിടാൻ കഴിയാതെ നാടുവിട്ട് പോകേണ്ടി വന്നവരും നമ്മുടെ ഇടയിൽ കുറവല്ല. എസ്.എസ്. എൽ. സി. പരീക്ഷാ റിസൾട്ട് വരുന്ന ദിവസം ആത്മഹത്യ ചെയ്യുന്നവരുടെ വാർത്തകൾ  ഒരു കാലത്തു നമുക്ക് വളരെ സുപരിചിതമായിരുന്നു. ഇന്ന് സ്ഥിതി കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട്.


പറഞ്ഞു തുടങ്ങിയത് ടാറ്റാ ഗ്രൂപ്പിന്റെ സമ്മാനത്തെക്കുറിച്ചാണ്. വിജയിച്ചവർ മാത്രം സമ്മാനിതരാകുന്ന ഈ കാലത്തു പരാജിതരെ കൂടി പരിഗണിക്കുന്ന  അവരുടെ നിലപാട്  സ്വാഗതാർഹമാണ്. അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളിൽ ആയാലും നമ്മുടെ നാട്ടിൻ പുറത്തുള്ള കളികളിൽ ആയാലും  എന്തിന്, പരീക്ഷയിൽ കുറഞ്ഞ മാർക്കുമായി കയറി വരുന്ന നമ്മുടെ കുട്ടികളുടെ കാര്യത്തിൽ ആയാലും പരാജിതരുടെ  ദുഃഖം  ഏറെക്കുറെ സമാനമാണല്ലോ.  അതുകൊണ്ട് അവരെയും പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. ഈ ലോകം അവരുടേത് കൂടിയാണ് എന്ന് അവരെ ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്.


പ്രശംസയായാലും പദവി ആയാലും പുരസ്‌കാരമായിരുന്നാലും അവരെയും  പങ്കുചേർക്കുക  എന്നുള്ളതാണ് ഇന്നത്തെ  കാലത്തിന്റെ പുണ്യം.

നൗജിൻ വിതയത്തിൽ

More like this
Related

ഒരു പുൽക്കൂട് ചിന്ത 

ക്രിസ്തുമസ് കാലത്ത് വീട്ടകങ്ങളിലും ദേവാലയങ്ങളിലുമൊക്കെ നിശ്ചയമായും ഒരുക്കുന്ന ഒന്നാണ് ക്രിസ്തുമസ് ക്രിബ്....

എങ്ങനെ നല്ല ടീച്ചറാകാം?

കുട്ടികളുടെ മികച്ച പരീക്ഷാവിജയമാണോ ഒരു ടീച്ചറുടെ കഴിവ് തെളിയിക്കാനുള്ള ഏക മാർഗ്ഗം?...

വാലന്റൈന് ഒരു വാഴ്ത്ത്

പ്രണയത്തിന് വേണ്ടി ഒരു ദിനം - ഫെബ്രുവരി 14  പ്രണയം അങ്ങനെയാണ്. അത്...

വാർദ്ധക്യത്തിലും സന്തോഷിക്കാം

അടുത്തയിടെ ലഭിച്ച ഒരു വാട്സാപ്പ് മെസേജ് ഏറെ ചിന്തോദ്ദീപകമായി തോന്നി. അറുപതുവയസുള്ളവരുടെ...
error: Content is protected !!