സ്വീകരണമുറിയിലങ്ങനെ ചാരിക്കിടന്നു വെറുതെ കാണാവുന്നതായിരുന്നില്ല അഫ്ഗാനിസ്ഥാനിലെ പുതിയ കാഴ്ചകൾ. പ്രാണരക്ഷാർഥം വിമാനത്തിൽ തൂങ്ങിക്കയറിയവർ നിമിഷങ്ങൾക്കകം പൊഴിഞ്ഞുവീണു മൃതദേഹങ്ങളായ കാഴ്ച.
ഓടി രക്ഷപ്പെടാനാകാത്തവർ ഏറെയുണ്ട് അഫ്ഗാനിസ്ഥാനിലെ വീടുകളിൽ. അതിലേറെയും സ്ത്രീകൾതന്നെ. മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശമാണ് താലിബാൻ അധികാരത്തിലെത്തിയതോടെ അവർക്കു നഷ്ടപ്പെടുന്നത്. സ്‌കൂളിൽ പോകാൻ, വീടിനു പുറത്ത് തനിയെ നില്ക്കാൻ, സഞ്ചരിക്കാൻ, കൂട്ടുകൂടാൻ, കളിക്കാൻ, പാട്ടുപാടാൻ… ഒക്കെയിനി നിയന്ത്രണങ്ങളാണ്. 20 വർഷം മുമ്പത്തെ ഭീകരാവസ്ഥയിലേക്ക് ആ നാട് വീണ്ടുമെത്തിയിരിക്കുന്നു.
മതഭീകരത ക്രിസ്ത്യാനികളെയും ഇതരമതസ്ഥരെയും മാത്രമല്ല ഉന്നമിടുന്നതെന്ന് അഫ്ഗാനിസ്ഥാൻ പഠിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാന്റെ ദുരിതങ്ങൾ അനുഭവിക്കുന്നതു മുസ്ലീങ്ങൾതന്നെയാണ്. സ്ത്രീകളെ പഠിപ്പിക്കാൻ അനുവദിക്കുമെന്നും ആരോടും ശത്രുതയോടെ പെരുമാറില്ലെന്നും താലിബാൻ പറഞ്ഞെങ്കിലും ആരുമതു ചെവിക്കൊള്ളുന്നില്ല. കിട്ടുന്നതെല്ലാം പെറുക്കിയെടുത്ത് ജനങ്ങൾ പരക്കംപായുകയാണ്.
അർമീനിയൻ ക്രിസ്ത്യാനികളുടെ പലായനം
ഇത്തരം പരക്കംപാച്ചിലുകൾ പുതിയതല്ല. 106 വർഷം മുമ്പ് ഓട്ടോമൻ തുർക്കിയിലെ അർമേനിയൻ ക്രിസ്ത്യാനികൾ ഇങ്ങനെയൊരു പരക്കംപാച്ചിലിലായിരുന്നു. പുറംലോകം കാര്യമായി അറിഞ്ഞുവന്നപ്പോഴേക്കും 15 ലക്ഷം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു. 1915ൽ നടന്ന ആ വംശഹത്യയുടെ യഥാർഥ ചിത്രം ഒരു നൂറ്റാണ്ടോളം ലോകം അറിഞ്ഞില്ല. അറിഞ്ഞവർ മറച്ചുവച്ചു. നൂറാം വാർഷികത്തിൽ മാർപാപ്പ ആ സംഭവത്തെ വംശഹത്യയെന്നു വിളിച്ചപ്പോൾ തുർക്കിയും അനുകൂലികളും അതിനെതിരെ വലിയ ഒച്ചപ്പാടുണ്ടാക്കി. ഇക്കഴിഞ്ഞ ജൂലൈയിലാണ് അമേരിക്ക അതു വംശഹത്യയാണെന്ന് അംഗീകരിച്ചത്. അപ്പോഴും തുർക്കി എതിർത്തു.
രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നു പറഞ്ഞ് ന്യൂനപക്ഷങ്ങളായിരുന്ന ക്രിസ്ത്യാനികളെ സിറിയൻ മരുഭൂമിയിലേക്ക് ആട്ടിപ്പായിക്കുകയായിരുന്നു.
12 വയസിനു മുകളിലുള്ള പുരുഷന്മാരെ കൊന്നൊടുക്കി. ബാക്കിയുള്ളവർ വീടും സ്വത്തുവകകളും ഉപേക്ഷിച്ച് മരുഭൂമിയിലൂടെ സിറിയയിലേക്കു നീങ്ങാൻ സർക്കാർ ഉത്തരവായി. തലമുറകൾ സമ്പാദിച്ചതെല്ലാം ഒരൊറ്റ ഉത്തരവിൽ സർക്കാർ പിടിച്ചെടുത്തു. പലയിടത്തും കുട്ടികളെ മതംമാറ്റി മുസ്ലീം കുടുംബങ്ങൾക്കു വളർത്താൻ കൊടുത്തു. ഭക്ഷണവും വെള്ളവുമില്ലാതെ ആളുകൾ മരുഭൂമിയിൽ മരിച്ചുവീണു. വിശപ്പു സഹിക്കാതെ, ചത്ത കുതിരയുടെ ശവം തിന്നുന്നവരുടെ ചിത്രം മനസാക്ഷിയെ നടുക്കുന്നതാണ്. മിക്കവരും മരിച്ചുവീണു. കുറെപ്പേരെ വെടിവച്ചുകൊന്നു. യുവതികളെ കൂട്ടമാനഭംഗത്തിനിരയാക്കി. ബാക്കിയായവരെ ദെർ എസോറിലെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ എത്തിച്ച് കൂട്ടക്കുരുതി നടത്തി. നിരവധിപ്പേരെ കുരിശിൽ തറച്ചു കൊന്നു.
സ്ത്രീകളാണ് ഏറ്റവും കൊടിയ പീഡനങ്ങൾക്കിരയായത്. കൊല്ലുന്നതിനുമുമ്പ് സൈനികരും അർധസൈനികരും നാട്ടുകാരുമൊക്കെ പെൺകുട്ടികളെ മാനഭംഗപ്പെടുത്തി. സഹികെട്ട ക്രിസ്ത്യൻ സ്ത്രീകളിൽ വലിയൊരു വിഭാഗം യൂഫ്രട്ടീസ് നദിയിൽ ചാടി ജീവനൊടുക്കി.
ഹിറ്റ്‌ലർക്കും മാതൃക
ഹിറ്റ്‌ലർക്കുപോലും മാതൃകയായ കൂട്ടക്കുരുതിയായിരുന്നു അന്ന് തുർക്കികൾ അർമീനിയയിൽ നടന്നത്. 1939 ഓഗസ്റ്റ് 22ന് പോളണ്ട് കീഴടക്കാനുള്ള ഒരുക്കത്തിനിടെ ഹിറ്റ്‌ലർ സൈനിക മേധാവിമാരോട് പറഞ്ഞത് ഇങ്ങനെ:
‘ഞാൻ ഉത്തരവിടുന്നു ഏതെങ്കിലുമൊരാൾ എതിർക്കാൻ മുതിർന്നാൽ ഫയറിംഗ് സ്വാഡ് അവരെ കൊന്നിരിക്കണം. പോളീഷ് വംശജരോ ആ ഭാഷ സംസാരിക്കുന്നവരോ ആണെങ്കിൽ, സ്ത്രീയെന്നോ പുരുഷനെന്നോ കുട്ടികളെന്നോ വ്യത്യാസമില്ല, യാതൊരുവിധ കരുണയോ ദയയോ ഇല്ലാതെ കൊന്നുകൊള്ളുക. അല്ലെങ്കിൽ നമുക്കു ജീവിക്കാൻ ഇടമുണ്ടാകില്ല. അർമേനിയയിലെ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തത് അറിയില്ലേ, പക്ഷേ, ഇപ്പോൾ അവരെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ?’
അങ്ങനെ അർമീനിയൻ വംശഹത്യ തുർക്കി മറച്ചുവച്ചതുകൊണ്ടും ലോകം അംഗീകരിക്കാതിരുന്നതുകൊണ്ടും ഹിറ്റ്‌ലർ വിചാരിച്ചത് ഇനിയും വംശഹത്യകൾ നടത്തിയാൽ പിടിക്കപ്പെടില്ല എന്നാണ്.
ഹിറ്റ്‌ലർ യഹൂദരെ വംശഹത്യ നടത്തുന്നതിനു കാൽ നൂറ്റാണ്ടോളം മുമ്പാണ് ഓട്ടോമൻ തുർക്കികൾ അർമീനിയൻ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയത്. നാടുകടത്തലും കോൺസൻട്രേഷൻ ക്യാമ്പുകളിൽ പാർപ്പിക്കുന്നതും നിർദാഷിണ്യം കൂട്ടത്തോടെ വധിക്കുന്നതും മരുന്നു പരീക്ഷണങ്ങൾ നടത്തുന്നതുമൊക്കെ തുർക്കി കാട്ടിക്കൊടുത്ത പൈശാചിക മാതൃകകളായിരുന്നു.
മത തീവ്രവാദത്തിന്റെ കാര്യത്തിൽ ഇപ്പോൾ തുർക്കിയെക്കാൾ മുന്നിലാണ് അഫ്ഗാനിസ്ഥാൻ. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാനിലെ സംഭവങ്ങൾ ലോകത്തെ ആശങ്കയിലാഴ്ത്തുന്നു. അവിടെ മുസ്ലീം സമുദായമാണ് താലിബാന്റെ ക്രൂരതകൾക്കിരയാകുന്നത്.
അഫ്ഗാൻ ക്രൈസ്തവർ
അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികൾ ആയിരത്തിനും എണ്ണായിരത്തിനും ഇടയിലാണ്. അവരതു പരസ്യമായി പ്രകടിപ്പിക്കുന്നുമില്ല. എന്നിട്ടും അവർ ഭയചകിതരാണ്. അയാൾ ക്രിസ്ത്യാനിയാണെന്ന് ആരെങ്കിലുമൊരാൾ തീവ്രവാദികൾക്കു ചൂണ്ടിക്കാണിച്ചാൽ പിന്നെ അയാളുടെ ഭാവി പറയാനാവില്ല. പള്ളിയെന്നു പറയാൻ ആകെയുള്ളത് ഇറ്റാലിയൻ എംബസിയുടെ ഉള്ളിലുള്ള ചാപ്പൽ മാത്രമാണ്. എട്ടാമത്തെ വയസിൽ അഫ്ഗാനിസ്ഥാനിൽനിന്ന് ഇറ്റലിയിലേക്ക് രക്ഷപ്പെട്ട കത്തോലിക്കാ യുവാവ് അലി എഹ്‌സാനി ഇക്കഴിഞ്ഞദിവസം മാർപാപ്പയോട് അഭ്യർഥിച്ചത് അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികളുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാണ്. എഹ്‌സാനിക്ക് എട്ടു വയസുള്ളപ്പോൾ ഇസ്ലാമിക തീവ്രവാദികൾ മാതാപിതാക്കളെ വധിച്ചു. അതോടെയാണ് അയാൾ ഇറ്റലിയിലേക്കു കുടിയേറിയത്.
അർമേനിയയിൽ വംശഹത്യ നടന്നിട്ട് നൂറ്റാണ്ടു കഴിഞ്ഞു. അതേ തീവ്രവാദം അതിലേറെ തീവ്രമായി ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ്. മനുഷ്യർ ഒന്നിച്ചുനില്‌ക്കേണ്ട സമയമാണിത്. ഏതു മതത്തിന്റേതായാലും തീവ്രവാദത്തിനെതിരെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഏകോദര സഹോദരങ്ങളായി നിന്നില്ലെങ്കിൽ കൂട്ടപ്പലായനങ്ങൾ അഫ്ഗാനിസ്ഥാനിൽ മാത്രമാകില്ല സംഭവിക്കാനിരിക്കുന്നത്.
ജോസ് ആൻഡ്രുസ്