സാറാമാരെ പേടിക്കണം

Date:

spot_img


കാൻസർ വാർഡിൽ വച്ചാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്. ഖലീലും ദയയും. ഖലീൽ ലുക്കീമിയ രോഗിയാണ്. ദയയ്ക്ക് സർക്കോമയും. രോഗത്തിന്റെ പേരു പറഞ്ഞാണ് അവർ ആദ്യം പരിചയപ്പെടുന്നതു പോലും. മരണത്തിന്റെ നാളുകളെണ്ണി കാത്തിരിക്കുന്നവരാണ് അവർ.  സൗഹൃദത്തിലായ അവർ പിന്നെ ആശുപത്രിജീവനക്കാരുടെയും ബന്ധുക്കളുടെയും കണ്ണ് വെട്ടിച്ച് ബാക്കിയുള്ള ജീവിതം ജിപ്സികളെ പോലെ ഒന്നിന്റെയും ഭാരമില്ലാതെ ജീവിക്കാനായി ഒളിച്ചോടുന്നു. പല യാത്രകൾ… ദേശങ്ങൾ. അതിനിടയിൽ സ്വഭാവികമായും അവർക്കിടയിൽ രതി സംഭവിക്കുന്നു. ഒരുനാൾ ദയ തലകറങ്ങിവീഴുകയും ആശുപത്രിയിലെത്തിയ അവൾ ഗർഭിണിയാണെന്ന് ഡോക്ടർ സ്ഥിരീകരിക്കുകയും ചെയ്യുന്നു. എന്നാൽ ആ ഗർഭധാരണം തങ്ങൾക്ക് സാധ്യമല്ലെന്ന് അവർ തീർത്തുപറഞ്ഞു. മരിക്കാൻ ദിവസങ്ങളെണ്ണി കഴിയുന്ന തങ്ങൾക്ക് ഒരു കുഞ്ഞോ? പക്ഷേ ഗർഭധാരണം സാധ്യമാണെന്നും ചില സങ്കീർണ്ണതകളെ ഒഴിവാക്കാവുന്നതേയുള്ളൂവെന്നും ഡോക്ടറുടെ ആത്മവിശ്വാസം അവരെയും ധൈര്യമുളളവരാക്കുന്നു. പിന്നെ നാം കാണുന്നത് എവിടേക്കെന്നില്ലാതെ പുറപ്പെടുന്ന സന്തോഷചിത്തരായ ദയയെയും ഖലീലിനെയും അവരുടെ പൊടിക്കുഞ്ഞിനെയുമാണ്.

ജയരാജ് സംവിധാനം ചെയ്ത ബാക്ക്പാക്കേഴ്സ് എന്ന ചിത്രത്തിന്റെ കഥയാണ് ഇത്. ഈ ലേഖനം വായിക്കുന്ന ഭൂരിപക്ഷവും ഈ ചിത്രം കണ്ടിരിക്കാൻ സാധ്യത കുറവായിരിക്കും. കഥ ചുരുക്കിപ്പറയുമ്പോൾ കിട്ടുന്ന സന്തോഷമോ സുഖമോ സിനിമ കാണുമ്പോൾ ഇല്ല എന്നും പറയേണ്ടിവരും. എന്നിട്ടും ഈ ചിത്രത്തെക്കുറിച്ച് എഴുതേണ്ടിവരുന്നത് സാറാസ് എന്ന സിനിമയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോഴാണ്. ഇതിനകം ഏറെ ചർച്ചകൾക്ക് വിധേയമായിക്കഴിഞ്ഞ, വിമർശനങ്ങളും പ്രോത്സാഹനങ്ങളും ഒന്നുപോലെ ഏറ്റുവാങ്ങിയ ഒരു ചിത്രമാണ് സാറാസ്.

ബാക്ക് പാക്കേഴ്സിനും മുമ്പാണ് സാറാസ് കണ്ടത്. പക്ഷേ ബാക്ക് പാക്കേഴ്സ് കണ്ടപ്പോൾ രണ്ടുചിത്രങ്ങളും തമ്മിൽ പ്രസക്തമായ ഒരു താരതമ്യം ആവശ്യമാണെന്ന് തോന്നി. അത് മറ്റൊന്നിന്റെയും പേരിലല്ല, ജീവനോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ്. ദയ അബോർഷൻ ചെയ്താൽ അതൊരു പാതകമായി ആരും കണക്കാക്കുകയേയില്ല. അവളെ ആരും കുറ്റപ്പെടുത്തുകയുമില്ല. കാരണം അവൾ മരിക്കാൻ ദിവസങ്ങളെണ്ണിക്കഴിയുന്നവളാണ്. ഒരു കുഞ്ഞിനെ വളർത്താൻ അവൾക്ക് അധികം ആയുസുമില്ല. സാഹചര്യങ്ങൾ ഇങ്ങനെയായിരുന്നിട്ടും ദയ പ്രസവിക്കാൻ തയ്യാറായി, കുഞ്ഞിനെ വളർത്താനും. ഒരേ സമയം അവൾ തന്റെ കുഞ്ഞിന്റെ ജീവൻ മാത്രമല്ല തന്റെ ജീവിതവും കൂടിയാണ് രക്ഷിച്ചെടുക്കുന്നത്.

ഇതിന് നേർവിപരീതമാണ് സാറ. കരിയറും പ്രഫഷനുമാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യങ്ങളെന്ന് വിചാരിക്കുന്നതുകൊണ്ടും മക്കളെ പ്രസവിച്ചു വളർത്തി, വിവാഹം കഴിപ്പിച്ചയച്ചു, മക്കളുണ്ടായി, അമ്മൂമ്മയായി എന്നതിനപ്പുറം ഏതെങ്കിലും വിധത്തിൽ ഈ സമൂഹത്തിൽ ജീവിച്ചിരുന്നുവെന്നതിന് അടയാളം പതിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നതുകൊണ്ടുമാണ്  തന്റെ ആദ്യഗർഭത്തെ തന്നെ അബോർഷൻ ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നത്. തന്റെ എന്നത്തെയും  സ്വപ്നമായ സിനിമ യാഥാർത്ഥ്യമായി കയ്യിലെത്തിയ നിമിഷത്തിലായിരുന്നു താൻ ഗർഭിണിയാണെന്ന് അവൾ മനസ്സിലാക്കുന്നത്. കുഞ്ഞുകാരണം സിനിമ ഇല്ലാതാകുമെന്ന ഭീതിയാണ് അവളെ പിടികൂടുന്നതും ബന്ധുക്കളുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് അബോർഷൻ ചെയ്യാൻ തീരുമാനിക്കുന്നതും. ഡോക്ടറുടെ വാക്കുകൾ അവൾക്ക് അനുകൂലവുമായി. പ്രസവിക്കാൻ തയ്യാറല്ലാത്ത പെൺകുട്ടികളുണ്ട്. ശാരീരികമായ പ്രത്യേകതകൾ കൊണ്ടും മാനസികമായ കാരണങ്ങൾകൊണ്ടുമായിരിക്കാം അത്. പക്ഷേ സാറായുടെ പ്രശ്നം അതല്ല, അവൾക്ക് കുഞ്ഞുങ്ങളെ ഇഷ്ടമല്ല, ഗർഭംധരിക്കുന്നതും പ്രസവിക്കുന്നതും ഇഷ്ടമല്ല. സ്വതന്ത്രമായി വിഹരിക്കാൻ അവളിലെ പക്ഷിക്ക് കാലിലെ കുരുക്കാണ് കുഞ്ഞ്. കുടുംബം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട എന്ന് കരുതി ജീവിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റിനും വളർന്നുവരുന്നുണ്ട്. അത്തരക്കാർക്കൊരു ദുർമാതൃകയായി മാറുകയാണ് സാറ.

അമ്മയാകണോ അച്ഛനാകണോ വിവാഹം കഴിക്കണോ അവിവാഹിതാവസ്ഥയിൽ തുടരണോ സ്വവർഗ്ഗത്തിൽ പെട്ട ആളെ വിവാഹം കഴിക്കണോ എന്നതെല്ലാം ഒരു വ്യക്തിയുടെ തീരുമാനമാണ്. അതിലെ ശരിതെറ്റുകൾ ആപേക്ഷികവുമാണ്. വിവാഹം കഴിക്കുന്നതും കുട്ടികളെ ജനിപ്പിക്കുന്നതുമാണ് ഒരാളുടെ ജീവിത ലക്ഷ്യം എന്ന വിധിയെഴുതുകയും ചെയ്യരുത്. ഒരുപക്ഷേ ഭൂരിപക്ഷസമൂഹത്തിന്റെയും പൊതുവഴി അതായതുകൊണ്ടാവാം, അതുമാത്രമാണ് ജീവിതത്തിലെ ഏകശരിയെന്ന തെറ്റിദ്ധാരണ രൂപപ്പെട്ടിരിക്കുന്നത്. വിവാഹം കഴിക്കാതെയും കുഞ്ഞുങ്ങളെ ജനിപ്പിക്കാതെയും ജീവിച്ചിരുന്നിട്ടും ഈ സമൂഹത്തിൽ ഏറെ നന്മകൾ കൈമാറുകയും ലോകത്തെ തന്നെ പ്രകാശിപ്പിക്കുകയും ചെയ്ത മദർ തെരേസയെയും അബ്ദുൾകലാമിനെയും പോലെയുള്ള ജീവിതങ്ങൾക്കൊപ്പം ജീവിക്കാൻ ഭാഗ്യം കിട്ടിയവരെന്ന നിലയിൽ വിവാഹം, കുഞ്ഞ് എന്നിവ കൊണ്ടു മാത്രമാണ് ഒരു ജീവിതം സ്വാർത്ഥകമാകുന്നത് എന്ന വിധിയെഴുതുന്നത് ക്രൂരമാണ്; ചുരുങ്ങിയപക്ഷം ആഗ്രഹിച്ചിട്ടും വിവാഹം കഴിക്കാത്തവരോടും വിവാഹം കഴിഞ്ഞിട്ടും കുഞ്ഞുങ്ങളില്ലാത്തവരോടും.

സാറായിലേക്ക് മടങ്ങിവരാം. തന്റെ ആദ്യ കുഞ്ഞിനെ സിനിമയെന്ന സ്വപ്നസാക്ഷാത്ക്കാരത്തിന് വേണ്ടി അബോർഷൻ ചെയ്യാൻ തീരുമാനിക്കുന്നതുമാത്രമല്ല സാറായെ അപകടകാരിയാക്കുന്നത്.

ഇഷ്ടപുരുഷനൊപ്പം യാത്ര പ്ലാൻ ചെയ്യുമ്പോൾതന്നെ ലൈംഗികബന്ധത്തിന്റെ സാധ്യത അന്വേഷിക്കുകയും സംഭവിക്കുകയാണെങ്കിൽ പ്രിക്കോഷൻസ് എടുക്കാനുള്ള വഴികൾ മുൻകൂട്ടികണ്ടുവയ്ക്കുകയും ചെയ്യണമെന്ന് ലാഘവത്തോടെ പറയുകയും ചെയ്യുന്ന ഒരു നായിക സാറ മാത്രമായിരിക്കും. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിക്കാൻ ആറേഴുമാസത്തെ ഡേറ്റിംങിന് ശേഷം ആലോചിക്കാമെന്ന് പറയുന്ന നായികയും അവൾ മാത്രമായിരിക്കും.

ജീവനിലേക്കെത്തുന്നതിന് മുമ്പ് പെട്ടെന്ന് ഓർമ്മിച്ചെടുക്കാൻ കഴിയാത്തത്രവിധത്തിൽ പലഘട്ടങ്ങളിൽ പല ആൺകുട്ടികളും സാറായുടെ ജീവിതത്തിലുണ്ടായിരുന്നുവെന്നും ചിത്രം പറയുന്നുണ്ട്. ഇതിലൂടെയെല്ലാം സാറായുടെ ജീവിതവീക്ഷണം തന്നെയാണ് അനാവൃതം ചെയ്യപ്പെടുന്നത്. അതായത് പഴയൊരു തലമുറ സംശുദ്ധമെന്ന് കരുതുന്ന പലതിനെയും സാറാ മൂല്യമുള്ളതായി കരുതുന്നില്ല. മൂല്യാധിഷ്ഠിതവും സമൂഹഭദ്രവുമായ ഒരു ബോധ്യത്തിലേക്ക് സാറാ വരുന്നതേയില്ല. അവൾ അവളെ മാത്രമാണ് ഫോക്കസ് ചെയ്യുന്നത്.  ശരീരബദ്ധമായ ലോകമാണ് അവളുടേത്.  വ്യക്തിസ്വാതന്ത്ര്യത്തിന്റെ  പേരിൽ തന്റെ കുഞ്ഞിനെ കൊല്ലാൻ സാറ തയ്യാറാകുമ്പോൾ ചോദിക്കാതിരിക്കാൻ വയ്യ. തന്നെ പ്രധാനമായി കരുതുന്ന സാറയ്ക്ക് തന്റെയുള്ളിലെ ആ കുഞ്ഞിനെയും ഒരു വ്യക്തിയായികാണാൻ കഴിയാതെ പോയത് എന്തുകൊണ്ട്? കളിയും ചിരിയുമായി നടക്കുന്ന ഒരു കൊച്ചുകുഞ്ഞിനെ കൊല്ലുന്നത് എത്രത്തോളം ക്രൂരമാണോ അത്രയും ക്രൂരത തന്നെയുണ്ട് ഓടിയൊളിക്കാൻപോലും നിർവാഹമില്ലാത്ത ഒരു അവസ്ഥയിൽ ഒരു കുഞ്ഞിനെ കൊന്നുകളയുന്നതും.

അവൾ നേടിയ ഒരു കൊമേഴ്സ്യൽ വിജയത്തിന് മുമ്പിൽ, കരിയർ സക്സസിന് മുമ്പിൽ അവൾ നടത്തിയ ഭ്രൂണഹത്യപോലും നീതികരിക്കപ്പെടുകയാണ്. അമ്മയാകാൻ വിസമ്മതിച്ചതിന് അവളെ ഉപദേശിക്കുകയും ശാസിക്കുകയും ചെയ്തവർ അവളെ അകമഴിഞ്ഞ് പ്രശംസിക്കുന്നു.  ഒരാൾ പണവും പ്രശസ്തിയും കൈവരിക്കുമ്പോൾ അയാളുടെ തെറ്റുകൾ പോലും തെറ്റുകൾ അല്ലാതാവുന്ന അവസ്ഥ. സാറാ അബോർഷൻ ചെയ്യാൻ തീരുമാനിക്കുന്നതിനെക്കാൾ, അതല്ലെങ്കിൽ അവൾ അത് ചെയ്തതിനെക്കാൾ നമ്മെ അമ്പരിപ്പിക്കേണ്ടത് സമൂഹത്തിന്റെ മനോഭാവത്തിൽ വന്ന ഈ മാറ്റമാണ്.

തന്റെ പെർഫോമൻസ് എങ്ങനെയുണ്ടായിരുന്നുവെന്ന ആത്മവിശ്വാസത്തോടെയുള്ള ജീവന്റെ ചോദ്യം  അനാവരണം ചെയ്യുന്നത്  സെക്സ് മാത്രമാണ് ജീവിതമെന്നാണ്. സ്നേഹത്തിന്റെ അനന്തരഫലമാണ് രതിയെന്ന ബോധം അവിടെ തകിടം മറിക്കപ്പെടുന്നു. സെക്സ് മാത്രമാണോ കുടുംബജീവിതത്തിന്റെ അടിസ്ഥാനം? ആരോഗ്യകരമായ ലൈംഗികത കുടുംബജീവിതത്തിന്റെ ഭദ്രതയ്ക്ക് അടിത്തറയാകുന്നുണ്ട് എന്ന കാര്യം തർക്കമില്ലാത്തതാണ്. എന്നാൽ അതാവട്ടെ സ്നേഹത്തിൽ നിന്നാണ് ഉണ്ടാവേണ്ടതാണ്.
സാറായുടെയും ജീവന്റെയും കഥയിൽ നിന്ന്  42 വയസിനിടയിൽ അഞ്ചാമതും ഗർഭിണിയായിരിക്കുന്ന ശ്രിന്ദ അവതരിപ്പിക്കുന്ന കഥാപാത്രത്തിലെത്തുമ്പോൾ കുടുംബജീവിതത്തിന്റെ ഈ തലമാണ്  വിവരിക്കപ്പെടുന്നത്. കരിയറിന് വേണ്ടി കുഞ്ഞിനെ അബോർഷൻ ചെയ്യണമെന്ന് പ്രഖ്യാപിക്കുന്ന സാറായുടെ ജീവിതവീക്ഷണം എത്രത്തോളം വികലമാണോ അതിനെക്കാൾ അപഹസിക്കേണ്ടതാണ് ഉത്തരവാദിത്തബോധമില്ലാതെ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുന്ന രീതിയും. എത്ര മക്കളെ അവർ അർഹിക്കുന്ന അവകാശങ്ങളോടെ വളർത്താനും സ്നേഹിക്കാനുമുളള സാഹചര്യം ഒരുക്കിക്കൊടുക്കാൻ കഴിയുമോ അത്രത്തോളം കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുക എന്നത് മാതാപിതാക്കളുടെ തീരുമാനമാണ്. അത് ഭാര്യഭർത്താക്കന്മാർ കൂടിയാലോചിക്കേണ്ടതാണ്.രണ്ടിലധികം മക്കളെ വളർത്താൻ സാമ്പത്തികസൗകര്യങ്ങളും സാഹചര്യങ്ങളും ഉള്ളവർ അപ്രകാരം ചെയ്യട്ടെ. നല്ലതീരുമാനം. പക്ഷേ എല്ലാവരും അപ്രകാരം ചെയ്യണമെന്ന് ശഠിക്കരുത്.

ഇന്നത്തെ സാഹചര്യത്തിൽ മക്കളെ വളർത്തലും അടുക്കളകാര്യവുമൊക്കെ ഭാര്യഭർത്താക്കന്മാർപങ്കിട്ടു ചെയ്യുന്ന ഉത്തരവാദിത്തങ്ങളാണ്. അവിടെ ഏതെങ്കിലും ഒരാൾ വീഴ്ചവരുത്തുമ്പോൾ കുടുംബജീവിതം മാത്രമല്ല മക്കളുടെ ഭാവികൂടിയാണ് തകരാറിലാകുന്നത്. സാറാസ് സിനിമയിലെ അവസാനരംഗങ്ങളിൽ നാംകാണുന്നത് ഇത്തരം ദമ്പതികളെയാണ്.  കുഞ്ഞ് വാവിട്ടുനിലവിളിക്കുമ്പോഴും അതൊന്നും ഗൗനിക്കാതെ കിടന്നുറങ്ങുകയാണ് അജു വർഗീസിന്റെ കഥാപാത്രം. ശ്രിന്ദ അവതരിപ്പിക്കുന്ന അമ്മ കഥാപാത്രം കുഞ്ഞിനെ ശാന്തമാക്കികിടത്തിയുറക്കിക്കഴിയുമ്പോൾ അതുവരെ ഉറക്കം നടിച്ചുകിടക്കുകയായിരുന്ന അജു കണ്ണുതുറക്കുകയും ലൈംഗികവേഴ്ച എന്ന സ്വാർത്ഥലക്ഷ്യത്തോടെ ഭാര്യയെ സമീപിക്കുകയും ചെയ്യുന്നു. ഈ സമയം ശ്രിന്ദ കൊടുക്കുന്ന ചവിട്ടാണ് സാറാസ് സിനിമ കാഴ്ചവയ്ക്കുന്ന ഏറ്റവും പുരോഗമനപരമായ കാഴ്ചപ്പാട് എന്നതാണ് വ്യക്തിപരമായ അഭിപ്രായം.

അത് ഭാര്യയെ/ സ്ത്രീയെ ലൈംഗികോപകരണമായി മാത്രം സമീപിക്കുന്ന പുരുഷന്മാർക്കു കിട്ടുന്ന തിരിച്ചടിയാണ്.  ഭർത്താവാണെങ്കിലും ചില നേരങ്ങളിൽ വിട്ടുകൊടുക്കാനുള്ളതല്ല തന്റെ ശരീരമെന്ന ഭാര്യയുടെ ധീരമായ പ്രഖ്യാപനമാണ് അവിടെ മുഴങ്ങുന്നത്.തനിക്കുവേണ്ടി മാത്രമായി ഒരു കുഞ്ഞിനെയും പ്രസവിക്കാനോ വളർത്താനോ തയ്യാറല്ല എന്നാണ് അവൾ പറയുന്നത്. സാറാ അപകടകാരിയായ പുതുതലമുറയുടെ പ്രതിനിധിയാകുമ്പോൾ ശ്രിന്ദയുടെ കഥാപാത്രം അതിജീവിക്കാനുള്ള കഴിവു പ്രദർശിപ്പിക്കുന്ന ഇടത്തരം വീട്ടമ്മമാരുടെ പ്രചോദനവും മാതൃകയുമാണ്. സാറായെ കണ്ടവർ ഈ കഥാപാത്രത്തെ കാണാതെപോയി.

മക്കൾ ജനിക്കുന്നതിന് മുമ്പ് മാതാപിതാക്കൾ മാനസികമായും ശാരീരികമായും തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട് എന്ന സന്ദേശവും പ്രസക്തമാണ്.  ഡോക്ടറാകാൻ പഠിക്കുന്ന ഒരു വിദ്യാർത്ഥി സർജറിയെക്കുറിച്ച് പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ടാവാം. എന്നാൽ പഠനത്തിന് ശേഷം അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിവരുമ്പോഴാണ് പഠിച്ചതും പരിചയിച്ചതുമായ കാര്യങ്ങൾ അയാൾക്ക് ഗുണകരമായി മാറുന്നത്. അതുപോലെയാണ് പേരന്റിങും.

ആദ്യത്തെ കുട്ടി മാതാപിതാക്കൾ എന്ന നിലയിൽ അവർക്ക് പരിശീലനകാലമാണ്. ആദ്യത്തെ കുട്ടിയുടെ മാതാപിതാക്കളെക്കാൾ രണ്ടാമത്തെ കുട്ടിയുടെ മാതാപിതാക്കളാകുമ്പോഴേക്കും അവർ കൂടുതൽ നല്ലവരാകുന്നതായിട്ടാണ് കണ്ടുവരുന്നത്. ക്ഷമയും സഹിഷ്ണുതയും അവർ കൂടുതൽ ശീലിക്കുന്നു. നല്ലമാതാപിതാക്കൾ ജനിക്കുന്നത് മക്കൾക്കൊപ്പമാണ്. അതുകൊണ്ട് എല്ലാം പരിപൂർണ്ണമായിക്കഴിഞ്ഞിട്ട് നല്ല മാതാപിതാക്കളാകാം, ഭാര്യഭർത്താക്കന്മാരാകാം എന്ന് വിചാരിക്കുന്നത് മൗഢ്യമാണ്.
വാൽക്കഷ്ണം: സാറാസ് സിനിമയെക്കുറിച്ച് അടുത്ത ഒരു ബന്ധുവിനോട് സംസാരിക്കുകയായിരുന്നു. ഇരുപത് വയസേ ആയിട്ടുള്ളൂ കക്ഷിക്ക്. സാറാ അബോർഷൻ ചെയ്തതിൽ എന്താണ് തെറ്റ്? കരിയറിന് വേണ്ടിയല്ലേ. അതായിരുന്നു ആളുടെ പ്രതികരണം. സത്യമായും ഞെട്ടിപ്പോയി. പിന്നെ തിരിച്ചറിഞ്ഞു ഇതാണ് പുതിയ തലമുറ. അവർക്ക് അവരുടേതായ ശരികളുണ്ട്. ആ ശരികളെ പ്രഖ്യാപിക്കാൻ സാറാസ് പോലെയുളള സിനിമകൾ ഏറെ സഹായകരമായേക്കും. ഒരാൾക്ക് വ്യക്തിപരമായി പല തീരുമാനങ്ങളും എടുക്കാം. എന്നാൽ അവയെ സാമാന്യവല്ക്കരിക്കുമ്പോൾ അവിടെയൊരു ദോഷമുണ്ട്. അങ്ങനെയൊരു ദോഷം നല്കാൻ സാധ്യതകളേറെയുള്ള സിനിമയാണ് സാറാസ്. അതുകൊണ്ട് സാറാമാരെ നാം പേടിക്കേണ്ടിയിരിക്കുന്നു.

ബിജു സെബാസ്റ്റ്യൻ

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...
error: Content is protected !!