ജീവിതത്തിന്റെ ഉദയസൂര്യൻ

Date:

spot_img

ഇരുപത്തിയഞ്ചാം വയസിൽ വിധവയായ ഒരു പെൺകുട്ടിയുടെ മനസ്സിലെന്താവും? അതും ഭർത്താവിന്റേത് വിഷാദത്തിന്റെ ചുഴിയിൽ അകപ്പെട്ടുള്ള ഒരു ആത്മഹത്യയാകുമ്പോൾ. പോരാഞ്ഞ് രണ്ടു പൊടി പെൺകുഞ്ഞുങ്ങളുടെ അമ്മയും   ബാങ്കുകാർ ജപ്തി നോട്ടീസ് പതിപ്പിച്ച ഒരു വീടിന്റെ ഉടമയും കൂടിയായിരുന്നു അവൾ. ഒരിക്കലും അവളുടെ ഭാവി ശോഭനമാവില്ലെന്നേ നാം വിധിയെഴുതൂ. അന്ധകാരം മാത്രമായ ആ ജീവിതത്തിൽ ഇനിയെങ്ങനെ ഒരു സൂര്യൻ ഉദിക്കും?

പക്ഷേ ജീവിതത്തിലെ ഇരുട്ടിനെ നോക്കിയിരിക്കാതെ ഒരു തിരി കൊളുത്താൻ അവൾ തയ്യാറായി. പുറത്തേക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ച് നിരാശയുടെ ശൈത്യത്തിൽ വിറങ്ങലിച്ചിരിക്കുന്ന എല്ലാവർക്കും പ്രചോദനമാണ് ജിജി ജോഗിയുടെ ജീവിതകഥ.

ജിജി ജോഗിയെ ചിലർക്കെങ്കിലും സന്തോഷ് ജോഗിയെന്ന നടന്റെ വിധവയായിട്ടേ അറിയൂ. അല്ലെങ്കിൽ അതുതന്നെയായിരുന്നു ജിജിയുടെ മേൽവിലാസവും. പക്ഷേ ഇന്ന് ആ വിലാസത്തിനൊപ്പം ജിജി ജോഗിക്ക് മറ്റു പലതുമുണ്ട്.  ഗായിക, എഴുത്തുകാരി, അഭിനേതാവ്, പ്രസാധക…

 പിന്തിരിഞ്ഞുനോക്കുമ്പോൾ എല്ലാം ഒരു സ്വപ്നം പോലെയേ ജിജിക്ക് കാണാനാവൂ. ജോഗിയുമായുള്ള കണ്ടുമുട്ടൽ പോലും. പതിനേഴാം വയസിലായിരുന്നു അത്. ഗാനമേളയിൽ പാടാനെത്തിയതായിരുന്നു ജിജി.  പകരക്കാരനായി യുഗ്മഗാനം പാടാനെത്തിയ സന്തോഷ്, പിന്നെ ജീവിതകാലം മുഴുവനും ജിജിയോടൊപ്പം പാടുകയായിരുന്നു, പ്രണയത്തിന്റെ ഗീതങ്ങൾ.
പൊതുവെ വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും ചായ് വുളള വ്യക്തിയായിരുന്നു സന്തോഷ്. പരാജയപ്പെട്ട ആത്മഹത്യാശ്രമത്തിന് ശേഷമായിരുന്നു അവരുടെ ആദ്യ കണ്ടുമുട്ടൽതന്നെ. ഒരുപക്ഷേ ഭാവിയിൽ സംഭവിക്കാനിടയുള്ള എല്ലാ ദുരന്തങ്ങളും മനസ്സിലാക്കിക്കൊണ്ടുതന്നെയാവാം ജിജി സന്തോഷിൽ അനുരക്തയായത്. സന്തോഷ് ജോഗിയെ അടുത്തറിയുന്ന എല്ലാവർക്കും തന്നെ ആ വ്യക്തിത്വത്തിന്റെ പ്രത്യേകതകൾ മനസ്സിലാവുമായിരുന്നു.  എന്നിട്ടും അകന്നു പോകാനല്ല അടുത്തുനില്ക്കാനാണ്  ജിജിക്ക് തോന്നിയത്.  അങ്ങനെ ആദ്യസമാഗമത്തിന്റെ ആറുമാസങ്ങൾക്ക് ശേഷം വിവാഹം കഴിഞ്ഞു. നിയമപരമായ വിവാഹമൊന്നുമായിരുന്നില്ല,  മൂകാംബിക ക്ഷേത്രത്തിൽ ചെന്ന് മാലയിട്ടു. അത്ര തന്നെ. സന്തോഷിനെ  തന്റെ ആവശ്യങ്ങളുടെ പേരിൽ ബുദ്ധിമുട്ടിക്കാനോ അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾക്ക് നേരെ  അരുതുപറയാനോ ജിജി തയ്യാറായിരുന്നില്ല.  ഭർത്താവിന്റെ സ്വപ്നങ്ങളെക്കാളും അയാളിലെ കലാകാരനെക്കാളും  വലുതായിരുന്നില്ല അവൾക്കൊന്നും. അവൾക്ക് വേണ്ടത് പ്രണയം മാത്രമായിരുന്നു. കാരണം ജിജിയെ സന്തോഷിനോളം മറ്റാരും സ്നേഹിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ ജിജിയോടുള്ള ഹൃദയംഗമമായ എല്ലാ സ്നേഹത്തിനും അവധി കൊടുത്ത് വിഷാദത്തിന്റെ മറ്റൊരു ചുഴിയിൽ സന്തോഷ് സ്വയം ജീവനൊടുക്കിയപ്പോൾ മക്കളായ ചിത്രലേഖയെയും കപിലയെയും കെട്ടിപിടിച്ചുകരയാൻ മാത്രമേ ജിജിക്ക്  കഴിഞ്ഞുള്ളൂ.
ജിജിയെയും തകർത്തുകളഞ്ഞത് സാമ്പത്തികപ്രതിസന്ധി തന്നെയായിരുന്നു. സ്വന്തം വീടുപോലും ബാങ്കുകാർ കൊണ്ടുപോകുന്ന അവസ്ഥ. പക്ഷേ കരഞ്ഞിരിക്കാൻ തനിക്കാവില്ലെന്ന് ജിജി ഏതോ ഒരു നിമിഷം തീരുമാനമെടുത്തു. ആ തീരുമാനമാണ് സ്വാസ്ഥ്യം എന്ന കൗൺസലിംങ് സെന്ററിന്റെയും സാപ്പിയൻ ലിറ്ററേച്ചർ എന്ന പുസ്തകപ്രസാധന സംരംഭത്തിന്റെയും സ്വന്തമായ ഒരു വീടിന്റെയും ഉടമയായി ഇന്ന് ജിജിയെ വളർത്തിയിരിക്കുന്നത്.

ജോഗിയുടെ മരണത്തെ തുടർന്ന് കടംവാങ്ങിയവരും ബാങ്കുകാരും വീട്ടുമുറ്റത്ത് സ്ഥിരമായപ്പോൾ കിട്ടിയ വിലയ്ക്ക് വീടു വിറ്റ് കടങ്ങൾ വീട്ടി നാലും രണ്ടും വയസുള്ള പെൺമക്കളെയും തന്റെ മാതാപിതാക്കളെയും കൂട്ടി ഒരു വാടകവീടിന്റെ സ്വസ്ഥതയിലേക്ക് ചേക്കേറുകയാണ് ജിജി ആദ്യം ചെയ്തത്. അന്നൊരു കമ്പനിയിൽ ചെറിയൊരു ശമ്പളത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു.
പക്ഷേ ആ ശമ്പളം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ജിജിക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട് അധികവരുമാനത്തിന് വേണ്ടി ജോലി കഴിഞ്ഞുള്ള സമയം ഹോം ട്യൂഷനെടുത്തു തുടങ്ങി.ഒന്നുമില്ലായ്മയിൽ നിന്ന് ജീവിതം തിരികെ പിടിക്കാനുള്ള പോരാട്ടം ജിജി ആരംഭിക്കുകയായിരുന്നു. രാത്രി പത്തുമണി വരെയായിരുന്നു ഹോം ട്യൂഷൻ. അതിന് ശേഷം ഓൺലൈനിൽ ചില ചെറിയ ജോലികൾ.

പലതുള്ളി പെരുവെള്ളം എന്നതുപോലെ ഓരോ നാണയത്തുട്ടുകളും ജിജി ശേഖരിച്ചുവയ്ക്കുകയായിരുന്നു വലിയ ചില സ്വപ്നങ്ങൾക്ക് വേണ്ടി. വർഷങ്ങൾ കൊണ്ട് കടം വീടി. സ്വന്തമായി ഇത്തിരി സ്ഥലം വാങ്ങി, അതിൽ മനോഹരമായ വീടുപണിതു.2010ൽ തുടങ്ങിയ വീടുപണി പൂർത്തിയാകാൻ നാലുവർഷമെടുത്തുവെന്നു മാത്രം.  അച്ഛനമ്മമാരുടെ വീടും പറമ്പും ഭർത്താവിന് വേണ്ടി പണയപ്പെടുത്തി ഒടുവിൽ ഒന്നുമില്ലായ്മയിലേക്ക് ഇറങ്ങിത്തിരിച്ച ജിജി ഇന്ന് സ്വന്തം വീട്ടിലാണ് മാതാപിതാക്കൾക്കും മക്കൾക്കും ഒപ്പം ജീവിക്കുന്നത്. അതിനിടയിൽ സൈക്കോളജിയിൽ ബിരുദവും സമ്പാദിച്ചു.
പുസ്തകങ്ങളോടും ഭർത്താവിനോടുമുള്ള ഇഷ്ടമാണ് തന്നെ ഒരു പ്രസാധകയാക്കിയിരിക്കുന്നതെന്നാണ് ജിജിയുടെ അഭിപ്രായം. നിനക്കുളള കത്തുകൾ എന്ന  പേരിൽ സന്തോഷ് ജോഗിയെക്കുറിച്ചെഴുതിയ പുസ്തകമാണ് ജിജിയെ പൊതുസമൂഹത്തിന്റെ മുമ്പിൽ പ്രശസ്തയാക്കിയത്. 101 കവിതകളുടെ സമാഹാരമായ പ്രണയസൂക്തങ്ങൾ, ഗ്രാമവഴികൾ എന്നീ രണ്ടു കൃതികളുടെയും രചയിതാവാണ് ജിജി.

ഭർത്താവിന്റെ അപ്രതീക്ഷിതമായ വേർപാട്  സൃഷ്ടിച്ച ഇരുട്ടിൽ നിന്നുള്ള മോചനമായിട്ടായിരുന്നു താൻ എഴുത്തിനെ ആദ്യം കണ്ടതെന്നും ജിജി പറയുന്നു. എല്ലാം ഒരു അത്ഭുതം പോലെ തോന്നുന്നുവെന്നാണ് വർഷങ്ങളുടെ പിന്നിലേക്ക് നോക്കുമ്പോൾ ജിജിക്ക് പറയാനുള്ളത്. പക്ഷേ അത്ഭുതം എന്ന ഒരൊറ്റവാക്കിൽ ജിജിയുടെ പോരാട്ടത്തെ ഒതുക്കിനിർത്തരുത്. ശരിക്കും ജിജി പോരാടുകയായിരുന്നു വിപരീത സാഹചര്യങ്ങളോട്.. നികത്താനും പരിഹരിക്കാനും ആവാത്ത നഷ്ടങ്ങളെ  അതായി തന്നെ അംഗീകരിച്ചു. ഭർത്താവ് ജീവിതകാലത്ത് നല്കിയ സ്നേഹവും പ്രണയവും തന്നെയായിരിക്കണം ജിജിയെ ഇന്നും വാടാതെ നിർത്തുന്നത്.

സന്തോഷം  നമ്മുടെ സൃഷ്ടിയാണെന്നും വിഷാദഭരിതമായ സാഹചര്യങ്ങൾ ഉണ്ടാവുക സ്വഭാവികമാണെന്നും എന്നാൽ അതിനെ അതിജീവിക്കുകയും അതിൽ നിന്ന് ഉണർന്നെണീല്ക്കുകയുമാണ് ചെയ്യേണ്ടതെന്നുമാണ് ഇന്ന് ജിജി ലോകത്തോട് പറയുന്നത്. എല്ലാ മനുഷ്യരുടെ ഉളളിലും അതിജീവിക്കാനുളള ഒരു ചെറിയകണിക ഉണ്ടെന്നും അതിനെ  പ്രകാശിപ്പിക്കുക എന്നത നമ്മുടെ ഉത്തരവാദിത്തമാണെന്നും ജിജി ഓർമ്മിപ്പിക്കുന്നു. ഈ ഓർമ്മപ്പെടുത്തൽ തന്നെയാണ് ജിജിയുടെ ജീവിതത്തിൽ നിന്ന് നാം പഠിച്ചെടുക്കേണ്ട പാഠവും.

അമാവാസി ഇരുട്ടാക്കിയ പ്രകൃതിക്ക് മീതെ പൗർണ്ണമിയുടെ നിലാവ് മറ്റൊരു നാൾ പരക്കും എന്നതുപോലെ  അന്ധകാരാവൃതമായ നിന്റെ ജീവിതാകാശത്ത് നാളെ അനേകം താരകങ്ങൾ മിന്നിത്തിളങ്ങുക തന്നെ ചെയ്യും. ആ വെളിച്ചത്തിലേക്ക് നീ മുഖമുയർത്തുക, താരകങ്ങളെ കാണുക.

More like this
Related

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...
error: Content is protected !!