തുടക്കത്തിലുള്ള സന്തോഷവും സ്നേഹവും പല വിവാഹബന്ധങ്ങളിലും കാലങ്ങൾ കഴിയുംതോറും കുറഞ്ഞുവരുന്നതായിട്ടാണ് കണ്ടുവരുന്നത്. ഭാര്യയും ഭർത്താവും വിരുദ്ധധ്രുവങ്ങളിലാകുന്നു. ഭാര്യ പറയുന്നത് ഭർത്താവിനോ ഭർത്താവ് പറയുന്നത് ഭാര്യയ്ക്കോ മനസ്സിലാകാതെ വരുന്നു. മനസ്സിലാകാത്തതിന്റെ പേരിൽ കലഹം രൂപപ്പെടുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്? ഇവയ്ക്കുള്ള പരിഹാരമെന്താണ്?
മാര്യേജ് റിസേർച്ചറായ ജോൺ ഗോട്ട്മാനും ഫാമിലി തെറാപ്പിസ്റ്റ് ഡാനാ മക്നെയിലും പറയുന്നത് ദമ്പതികൾ തമ്മിൽ ആഴമേറിയ സൗഹൃദം ഉണ്ടായിരിക്കേണ്ടത് അവരുടെ ബന്ധങ്ങളെ ശക്തിപ്പെടുത്താൻ ഏറെ സഹായിക്കും എന്നാണ്. വിജയപ്രദമായ ദാമ്പത്യത്തിന് ഏറ്റവും പ്രധാനം ഉണ്ടായിരിക്കേണ്ടത് ഈ സൗഹൃദമാണ്. സൗഹൃദം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. പ്രായമോ ലിംഗഭേദമോ അതിന് ബാധകവുമല്ല. ദാമ്പത്യബന്ധത്തിലും അത്പ്രധാന പങ്കുവഹിക്കുന്നു. പരിഗണന, താല്പര്യം, അംഗീകാരം എന്നിവയെല്ലാം ഇതിന്റെ ഭാഗങ്ങളാണ്. ദാമ്പത്യജീവിതത്തിന്റെ അടിത്തറ എന്നു പറയുന്നതും ഇവയാണ്. ആഴമേറിയ സൗഹൃദമുണ്ടെങ്കിൽ മാത്രമേ ഇത് സാധിക്കുകയുള്ളൂ. മറ്റെയാൾക്ക് അയാളുടേതായ സ്പെയ്സ് കൊടുക്കാനും തയ്യാറായിരിക്കണം. മറ്റൊരു വൃക്ഷത്തിന്റെ നിഴലിൽ ഒരു ഓക്കുമരവും വളരുകയില്ലെന്ന് മറക്കാതിരിക്കാം. സൗഹൃദത്തിന്റെ അടിത്തറയുണ്ടെങ്കിൽ മറ്റെന്തുപ്രശ്നം വന്നാലും ദാമ്പത്യ ബന്ധം ഉലയുകയില്ല.
ഒരു ടീമായി ചിന്തിക്കാനുള്ള സന്നദ്ധതയും കഴിവുമാണ് മറ്റൊന്ന്. ഭർത്താവിന് ഒരു രോഗമുണ്ടായാൽ അത് തനിക്ക് വന്ന രോഗമായി ഭാര്യക്ക് അനുഭവപ്പെടണം. ഭാര്യക്കുണ്ടായ അപമാനം തന്റെ അപമാനമായി ഭർത്താവ് കാണണം. ഒരാളുടെ പ്രശ്നത്തെ രണ്ടുപേരും കൂടി ഒരുമിച്ചുനേരിടാൻ തയ്യാറാകണം. ഇവിടെ ഒറ്റയ്ക്കൊറ്റയ്ക്കുളള വ്യക്തികളില്ല. വലിയ കമ്പനികളിലെല്ലാം സുശക്തരായ ഒരു ടീമാണ് പ്രവർത്തിക്കുന്നത്. പ്രത്യേകിച്ച് സോഫ്റ്റ് വെയർ കമ്പനികളിലും മറ്റും. ഒരാൾക്ക് അറിഞ്ഞുകൂടാത്തത് മറ്റെ ആൾക്ക് അറിയാം. ഇങ്ങനെയാണ് തങ്ങളെ ഏല്പിച്ചിരിക്കുന്ന വിവിധതരം പ്രോജക്ടുകൾ പൂർത്തിയാക്കുന്നത്. ഇതുപോലെയാണ് ദാമ്പത്യജീവിതവും. അതൊരു ടീം വർക്കാണ്. ഒരേ ലക്ഷ്യത്തോടെ പരസ്പരം കഴിവുകൾപങ്കുവച്ചും തിരുത്തിയും പഠിച്ചും പഠിപ്പിച്ചും പിന്തുണച്ചും മുന്നോട്ടുപോകുക.
ക്രിയാത്മകമായ വീക്ഷണവും കാഴ്ചപ്പാടും ദാമ്പത്യബന്ധത്തെ കൂടുതൽ സുന്ദരമാക്കും. ചില ദമ്പതികൾ നിഷേധാത്മകമായ കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുക്കുന്നവരാണ്. പക്ഷേ ദമ്പതികൾ ശുഭപ്രതീക്ഷയുള്ളവരാകണം. ഇനി പങ്കാളികളിൽ ആർക്കെങ്കിലും അത് കുറവാണെങ്കിൽ ആ വ്യക്തിയെ ശുഭാപ്തിവിശ്വാസമുള്ളതാക്കിമാറ്റാൻ പങ്കാളിക്ക് കഴിയണം.
സ്ട്രെസ് കൈകാര്യം ചെയ്യാൻ അറിഞ്ഞുകൂടാത്തത് പലപ്പോഴും ദാമ്പത്യബന്ധത്തെ തകരാറിലാക്കും. തന്റെ സ്ട്രസ് എങ്ങനെയാണ് ദാമ്പത്യബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നത് എന്ന് ദമ്പതികൾ മനസ്സിലാക്കിയിരിക്കണം. പക്ഷേ പലരും ഇക്കാര്യത്തെക്കുറിച്ച് ബോധവാന്മാരല്ല. ദമ്പതികളിലൊരാളുടെ സ്ട്രസ് കാരണം പല കുടുംബങ്ങളും കുട്ടികളും മാതാപിതാക്കളും അസ്വസ്ഥത അനുഭവിക്കുന്ന സാഹചര്യം കണ്ടുവരാറുണ്ട്.
സംഘർഷങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയാണ് മറ്റൊന്ന്. ദാമ്പത്യത്തിൽ വിയോജിപ്പുകളും വാഗ്വാദങ്ങളും അഭിപ്രായവ്യത്യാസങ്ങളും സാധാരണമാണല്ലോ. പക്ഷേ അവയെ സംഘർഷത്തിലെത്തിക്കരുത്. ഓരോരുത്തർക്കും അവനവരുടേതായ അഭിപ്രായങ്ങളും വീക്ഷണങ്ങളുമുണ്ട്. എന്നാൽ താൻ പറയുന്നത് മാത്രമേ ശരിയുള്ളൂ എന്ന് ശഠിക്കരുത്. മറ്റേ ആളെ കേൾക്കാനും സ്വീകാര്യമായവ അംഗീകരിക്കാനും തയ്യാറാകണം.
ഒരുമിച്ചായിരിക്കുന്നതിൽ സന്തോഷം അനുഭവിക്കുക. ഇണയുടെ സാന്നിധ്യത്തിൽ നിന്ന് ഓടിയകലാതെ ഒരുമിച്ചായിരിക്കാൻ സമയം കണ്ടെത്തുകയും അതിൽ സന്തോഷിക്കുകയും ചെയ്യുക. തിരക്കുപിടിച്ചതും സോഷ്യൽ മീഡിയ ആഴത്തിൽ സ്വാധീനം ചെലുത്തിയിരിക്കുന്നതുമായ ഈ ലോകത്ത് ഓരോരുത്തരും ഒറ്റപ്പെട്ട തുരുത്തുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന് പകരമായി ജോലിക്കും സോഷ്യൽമീഡിയയ്ക്കും കുറച്ചുനേരത്തേക്ക് അവധികൊടുത്ത് ദിവസവും ഒരുമിച്ചായിരിക്കുന്നതിന് നിശ്ചിത സമയം നീക്കിവയ്ക്കുക. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനും ടിവി കാണുന്നതിനും സമയം കണ്ടെത്തുക. ആഴ്ചയിലൊരിക്കൽ ഏതെങ്കിലും യാത്രകൾ നടത്തുകയോ സിനിമയ്ക്കോ പാർക്കിലോ പോവുകയോ ചെയ്യുക.