സഹജം

Date:

spot_img

അന്ന് വൈകുന്നേരം വീട്ടിൽ തിരികെയെത്തിയപ്പോൾ കണ്ടത് ഭാര്യയും മക്കളും ചേർന്ന് ഒരു പൂച്ചക്കുട്ടിക്ക് പാൽ കൊടുക്കുന്നതാണ്. ഏതോ വീട്ടുകാർ ഉപേക്ഷിച്ച എല്ലും തോലുമായ പൂച്ചക്കുട്ടി. ആർത്തിയോടെ അത് പാൽ നക്കിക്കുടിക്കുന്നത് നിർവൃതിയോടെ നോക്കിനില്ക്കുന്ന മക്കൾ. കണ്ടപ്പോൾ ദേഷ്യമാണ് തോന്നിയത്. എവിടെ നിന്നറിയാത്ത പൂച്ച. പിന്നെ വീടിനകത്തും പുറത്തുമൊക്കെ അത് ചെയ്തുവച്ചേക്കാൻസാധ്യതയുള്ള ചില വേണ്ടാതീനങ്ങൾ. കുട്ടിക്കാലത്ത് പൂച്ചയെ വളർത്തിയിരുന്ന ആളായിരുന്നു എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. ഇപ്പോൾ മക്കളുടെ സുരക്ഷ കണക്കിലെടുക്കേണ്ടതുണ്ട്. അതുകൊണ്ട് എത്രയും വേഗം പൂച്ചയെ ഓടിച്ചുവിടണമെന്ന് ഞാൻ കട്ടായം പിടിക്കുകയും പാൽ കൊടുത്തതിന് ഭാര്യയോട് ദേഷ്യപ്പെടുകയും ചെയ്തു. പിള്ളേരുള്ള വീടാ. പൂച്ചയൂടെ കൂടെ കളിക്കുമ്പോൾ മാന്തുകയോ മറ്റോ ചെയ്താൽ.. കിടക്കുമ്പോൾ കൂടെ വന്നു കിടന്നാൽ.. നിരത്താൻ എനിക്ക് പല കാരണങ്ങളുമുണ്ടായിരുന്നു.

പ്ലീസ് അപ്പാ,സാരമില്ല അപ്പാ ഈ പൂച്ചക്കുട്ടിയെ നമുക്ക് വളർത്താം അപ്പാ.. ഞങ്ങൾ അവനു പേരും ഇട്ടു അപ്പാ. ‘പിക്കാച്യോ’. മക്കൾ പതിവില്ലാത്തവിധം ശാഠ്യം പിടിച്ചു. മൂത്തമകനെ വേണമെങ്കിൽ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താം. അവൻ അടങ്ങുകയും ചെയ്തേക്കാം. പക്ഷേ ഇളയവൻ അത്ര തിരിച്ചറിവായിട്ടില്ല. സത്യത്തിൽ രണ്ടാമനെ ഓർത്ത് ഞാൻ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു, അകത്ത് കേറ്റരുത്, മുൻവശത്ത് വച്ച് തീറ്റ കൊടുക്കരുത് ഇങ്ങനെ ചില ഉപാധികളോടെ. കുട്ടികൾ സമ്മതിച്ചു. വരാന്തയിലെ ചാരുകസേരയിൽ അവൻ രാത്രി ഉറങ്ങി പകലും രാത്രിയും പിന്നാമ്പുറത്തിരുന്നു ഭക്ഷണം കഴിച്ചു. പകൽ സമയം മുറ്റത്ത് കുട്ടികൾക്കൊപ്പം ഓടിക്കളിച്ചു.

ദിവസങ്ങൾ കടന്നുപോയി, പിക്കാച്യോ എല്ലും തോലും ഭാവത്തിൽ നിന്ന് മാറി തുടങ്ങി. അന്ന് സന്ധ്യയ്ക്ക് മുറ്റത്തുകൂടി നടക്കുമ്പോഴാണ് അത് കണ്ടത് പിക്കാച്യോ വായിൽ എന്തോ കടിച്ചുപിടിച്ചുകൊണ്ട് വരാന്തയിലേക്ക് കയറുന്നു. സൂക്ഷിച്ചുനോക്കിയപ്പോൾ മനസ്സിലായി ഒരു എലിക്കുഞ്ഞ്. ശബ്ദമുണ്ടാക്കിചെന്നപ്പോൾ പിക്കാച്യോ എലിയെയും കടിച്ചുപിടിച്ച് മുറ്റത്തേക്ക് ചാടി. മുറ്റത്തേക്കോടി ചെന്നപ്പോൾ അവൻ എലിയെയും കൊണ്ട് പോർച്ചിൽ കിടന്നിരുന്ന കാറിന്റെ  അടിയിലേക്ക് കയറി. നിലത്തു കമിഴ്ന്ന് കിടന്ന് നോക്കിയപ്പോൾ പിക്കാച്യോയുടെ വാൽ മാത്രം താഴേക്ക് തുങ്ങികിടക്കുന്നു. അപ്പാ അവൻ എലിയെ തിന്നുവാ.. കുട്ടികൾ വിളിച്ചുപറഞ്ഞു. ശബ്ദമുണ്ടാക്കിയിട്ടൊന്നും അവൻ കാറിന്റെ അടിഭാഗത്തുനിന്ന് ഓടിപ്പോകുന്നില്ല. വടിയെടുത്ത് ഓടിക്കാൻ കഴിഞ്ഞുമില്ല. കുറച്ചുസമയം കഴിഞ്ഞപ്പോൾ മുഖം മിനുക്കിക്കൊണ്ട് പിക്കാച്യോ വെളിയിലേക്ക് ഇറങ്ങിവന്നു. നല്ല ദേഷ്യം തോന്നി. ഇന്ന് എലി..നാളെ പാമ്പ്.. പിന്നെയെന്തെല്ലാം. അപ്പൻ മുറ്റത്തുകുത്തിപിടിച്ച് നടക്കാൻ ഉപയോഗിച്ചിരുന്ന കാപ്പിവടിയെടുത്ത് പിക്കാച്യോവിനെ പേടിപ്പെടുത്തി ഓടിച്ചു.  അത് രക്ഷപ്പെട്ടോടി പോയി. അപ്പോൾ ഭാര്യ ചോദിച്ചു. പൂച്ചയുടെ ഡ്യൂട്ടി എന്താ എലിയെ പിടിക്കുക എന്നതല്ലേ. അതിന് എന്തിനാ ആ പൂച്ചയോട് ദേഷ്യം പിടിക്കുന്നത്?
ആലോചിച്ചപ്പോൾ അത് ശരിയാണെന്ന്  തോന്നി. ഓരോരുത്തർക്കും സഹജവാസനകളുണ്ട്.അതൊരിക്കലും മാറ്റാൻ കഴിയുന്നവയല്ല.  ഏതോ വീട്ടിൽന ിന്നിറക്കിവിട്ട് ഏതോ വീട്ടിൽ കയറിക്കൂടിയതാണെങ്കിലും പൂച്ച പൂച്ച തന്നെയാണ്. അതിന് അതിന്റേതായ സ്വഭാവപ്രത്യേകതകളുണ്ട്. മറ്റുള്ളവരുടെ സഹജസ്വഭാവം മനസ്സിലാക്കാതെ പോകുന്നതാണ് ചിലപ്പോഴെങ്കിലും നമ്മുടെ വേദനകൾക്കും അപമാനങ്ങൾക്കും തിരസ്‌ക്കരണങ്ങൾക്കും നഷ്ടങ്ങൾക്കും കാരണം. നാം വിചാരിക്കുന്നു നമ്മുടെ സാന്നിധ്യം കൊണ്ട്, ഇടപെടലുകൾ കൊണ്ട്, സ്നേഹം കൊണ്ട് ആളെ അപ്പടി മാറ്റിയെടുക്കാമെന്ന്. അത്തരം കണക്കുകൂട്ടലുകൾ ചിലപ്പോഴെങ്കിലും തെറ്റിപ്പോകുന്നു. നാം വിചാരിക്കുന്നതിനും അപ്പുറമായിട്ടാണ് പല വ്യക്തികളും നമ്മോട് തിരികെ പ്രതികരിക്കുന്നത്. ഇതിൽ അവരെ കുറ്റക്കാരായി കാണേണ്ട ആവശ്യവുമില്ല. അവർ അവരാണ്. അവരുടെ സഹജഭാവം അതാണ്. എല്ലാം മാറിക്കൊണ്ടിരിക്കുന്നുവെന്നും എല്ലാം മാറ്റത്തിന് വിധേയമാണ് എന്നൊക്കെ പറയുമ്പോഴും മാറ്റത്തിനും ഒരു പരിധിയുണ്ട്, ഒരു അതിരുണ്ട്. അതിനപ്പുറം ഒരാളും ഇവിടെ മാറുന്നതേയില്ല. അല്ലെങ്കിൽ സഹജഭാവം വെടിഞ്ഞ് ആരും ഇവിടെ രൂപാന്തരപ്പെടുന്നില്ല.

 പിക്കാച്യോ വെറും പൂച്ചയായിരുന്നപ്പോൾ ഞാൻ കരുതി അത് തന്റെ തനിസ്വഭാവം പ്രകടിപ്പിക്കില്ലെന്ന്. വീടിന്റെ സുഭിക്ഷതയിലും സുരക്ഷിതത്വത്തിലും അത് അമ്പേ മാറിപ്പോകുമെന്ന്. പക്ഷേ സംഭവിച്ചത് അതല്ല. അനുകൂലസാഹചര്യത്തിൽ അല്ലെങ്കിൽ ഉള്ളിലെ ഭാവം പുറമേയ്ക്ക് പ്രകടിപ്പിക്കാൻ സാഹചര്യമുണ്ടായപ്പോൾ അത് തന്റെ തനിസ്വരൂപം എടുത്തു. ഇങ്ങനെയാണ് നമ്മളിൽ പലരും. പുറമേയ്ക്ക് നാംചിലപ്പോൾ നല്ല രീതിയിൽ പെരുമാറുകയും ജീവിക്കുകയും ചെയ്യുന്നുണ്ടാവാം. പക്ഷേ എന്റെ സഹജഭാവം എന്താണ്.. അവിടെയാണ് നമ്മുടെ വ്യക്തിത്വം മാറ്റുരയ്ക്കപ്പെടുന്നത്.

More like this
Related

ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കുക

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. സ്നേഹം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്. അടച്ചുപൂട്ടി വച്ചിരിക്കുന്ന ഒരു...

ഇങ്ങനെ പോയാൽ ശരിയാവും

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ...

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...
error: Content is protected !!