കൊറോണ എന്നപുതിയ പാഠം!

Date:

spot_img

(ഒരു അധ്യാപകന്റെ വിചിന്തനം)


കാലം! അത് നമുക്കായി എന്തൊക്കെ കരുതി വയ്ക്കുന്നു എന്ന് ചിന്തിച്ചാൽ ഒരു പിടിയുമില്ല. അത് ആരോടും ഒരു വിവേചനവുമില്ലാതെ എന്നും മുന്നോട്ട് തന്നെ. പക്ഷെ കാലക്രമേണ നമ്മിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചൊക്കെ ഇടയ്ക്ക് ചിന്തിക്കുന്നത് നല്ലതാണ്. ഇപ്പോഴിതാ നിനച്ചിരിക്കാത്ത നേരത്തൊരു ‘കുഞ്ഞൻ വൈറസ്’. ജീവി എന്ന് പോലും വിളിക്കപ്പെടാൻ യോഗ്യതയില്ലാത്ത അവന്റെ മുന്നിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്നു. അധ്യാപകൻ എന്ന നിലയിൽ ഈ കൊറോണക്കാലത്തെ വിശകലനം ചെയ്യുമ്പോൾ നെടുവീർപ്പോടെ ചിന്തിച്ചു പോകുന്നത് ഇങ്ങനെയൊക്കെ
യാണ്.

പാഠം ഒന്ന് :
വിദ്യാലയം നമുക്ക് സമ്മാനിച്ച ആദ്യത്തെ ഓർമകളിലെ പ്രധാനപ്പെട്ട രണ്ട് വാക്കുകളാണിവ, ‘പാഠം’, ‘ഒന്ന്’. പിന്നീടങ്ങോട്ട് ജീവിത പാഠങ്ങൾ ഒന്നൊന്നായി മനസ്സിലാക്കാൻ നമ്മെ പ്രാപ്തരാക്കിയവർ ഏറെയുണ്ടാകും. അങ്ങനെ ചിലർ കൈപിടിച്ചു നടത്തിയതിന്റെ ഫലമാണ് നമ്മൾ ഇന്ന് ആസ്വദിക്കുന്നതും. ഭാഗ്യം എല്ലാവരെയും തുണയ്ക്കണമെന്നില്ലല്ലോ. വിദ്യാഭ്യാസം എന്നത് ‘നടക്കാത്ത സ്വപ്‌നമായി’ മാത്രം അവശേഷിക്കുന്ന മാതാപിതാക്കൾ ഇപ്പോഴും നമ്മുടെ ഇടയിൽ ജീവിച്ചിരിപ്പുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കിയ കാലം മുതൽ വന്ന വ്യത്യാസം ചില്ലറയല്ല. അതുമൂലം നമ്മുടെ നാട്ടിൽ വന്നിട്ടുള്ള പുരോഗതികളും കണ്ടില്ലെന്ന് നടിക്കാനാവില്ല. പക്ഷെ ഇപ്പോൾ കാണുന്ന കുറെ കാര്യങ്ങളുണ്ട്. അതേക്കുറിച്ച് അല്പം പറയാതെ വയ്യ.

അരുതെന്ന് ആര് പറയണം
പണ്ടൊക്കെ കുട്ടികളോട് അരുതെന്ന് പറയേണ്ടത് എപ്പോഴൊക്കെയാണെന്ന് മാതാപിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ അറിയാമായിരുന്നു. കാലം മാറി. ഇപ്പോൾ അധ്യാപകർ അരുതെന്ന് പറയുന്നത് മാതാപിതാക്കൾക്കും നേരെ തിരിച്ചും മനസ്സിലാകണമെന്നില്ല. അന്നൊക്കെ അധ്യാപകൻ ഒന്ന് തല്ലിയാലും നുള്ളിയാലും മാതാപിതാക്കൾ പറയുന്ന ഒരു വാചകമുണ്ട്. ‘നീ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ടാകും, അല്ലാതെ മാഷ് തല്ലില്ല.’ ഇന്ന് അതൊക്കെ പഴങ്കഥ.  മകനായും മകളായും ഒന്നോ രണ്ടോ ഒക്കെ ഉള്ളൂ വീട്ടിൽ. ‘സ്‌കൂളിൽ തല്ലാൻ പാടില്ല’ എന്നാണ് ഇന്ന്. എന്നാലും കുട്ടി കുരുത്തക്കേട് കാണിച്ചതിന് വടിയെടുത്ത് മാഷൊന്നു തല്ലിപ്പോയാൽ, പല മാതാപിതാക്കളുടെയും മറുപടി ‘ആഹാ, അയാൾ അത്രയ്ക്കായോ, എന്റെ കുട്ടി തെറ്റൊന്നും ചെയ്യില്ല, എനിക്കുറപ്പുണ്ട്’ എന്നൊക്കെയാണ്. കാര്യം എന്താണെന്ന് തിരക്കാൻ പോലും നിന്നെന്നു വരില്ല. എപ്പോഴും അങ്ങനെയാണ് എന്നല്ല. പക്ഷെ പലപ്പോഴും സംഭവിച്ചിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപാണ്. ഒരു കുട്ടിയെ അധ്യാപിക വടി കൊണ്ട് കയ്യിൽ തല്ലിയ സാധാരണ ഒരു സംഭവം (തല്ലിയ ഭാഗത്ത് മുറിവോ ചതവോ ഒടിവോ ഉണ്ടായിരുന്നില്ല) അടുത്തിരുന്ന കുട്ടി തന്റെ വീട്ടിൽ പറയുകയും ആ കുട്ടിയുടെ അമ്മ തന്റെ സുഹൃത്തായ വക്കീലിനെ അറിയിക്കുകയും കേസ് ആക്കി, പൊലീസ് അധ്യാപികയെ അന്വേഷിച്ച് സ്‌കൂളിൽ വരുകയും പ്രിൻസിപ്പാലിന്റെ സാനിധ്യത്തിൽ ചോദ്യം ചെയ്യുകയും ചെയ്ത ഒരു അനുഭവം ഈയുള്ളവന് ഉണ്ടായിട്ടുണ്ട്.

കൊല്ലപ്പരീക്ഷ എന്തിനാ,
കൊല്ലാനോ?

അല്ല. തീർച്ചയായും കൊല്ലാനല്ല. ‘വർഷാവസാനപരീക്ഷ വേണ്ട’ എന്നൊരുകൂട്ടർ വാദിയ്ക്കുന്നുണ്ട്. വേണം എന്ന് മറ്റൊരു കൂട്ടരും. ഏതായായും വേണം എന്ന് തന്നെയാണ് എന്റെ പക്ഷം. അതിനുത്തരം പ്രകൃതിയിൽ തന്നെയുണ്ട്.
മാവും പ്ലാവും കായ്ക്കുന്ന കാലമേതാ? വേനൽ. അത്യുഷ്ണം ആയിരിക്കും. പക്ഷെ അതിന്റെ നടുവിലും നമുക്കത് ഫലം തരും, നല്ല മധുരമുള്ള ഫലം. അതിനൊരു പ്രത്യേകതയുണ്ട്. നീണ്ട ഒരു വർഷത്തെ കാത്തിരിപ്പാണത്. മഴക്കാലവും വസന്തകാലവും മഞ്ഞു കാലവും കടന്ന് സകല ഊർജവും സംഭരിച്ച് അതിന്റെ കഴിവ് തെളിയിക്കുന്ന കാലം വരെ അത് കാത്തിരിക്കുന്നു, എന്തിനാ? കായ്ക്കാൻ. തന്റെ ഫലത്തിനായ് കാത്തിരിയ്ക്കാൻ ആളുണ്ട് എന്ന തിരിച്ചറിവുള്ള കാലത്തോളം അത് ഫലം തന്നുകൊണ്ടിരിയ്ക്കും. മനുഷ്യന്റെ സകല പരീക്ഷകളും അങ്ങനെത്തന്നെയാണ്. താൻ ആരാണെന്ന് തെളിയിക്കാൻ വേണ്ടി കാത്ത് കാത്തിരിക്കേണ്ട സുവർണ്ണാവസരമായി വേണം അതിനെ കാണാൻ. ഏത് പ്രതികൂല സാഹചര്യത്തിലും നാം ചെയ്യേണ്ടത് ചെയ്യുകതന്നെ വേണം എന്ന ഒരു പാഠം ഉണ്ടതിൽ. അല്ലെങ്കിലും പരീക്ഷ എഴുതാതെ ഔദാര്യം കൊണ്ട് ജയിച്ചാൽ എന്താണ് വില?
ഇന്നത്തെ സ്ഥിതി തികച്ചും ഗൗരവകരമാണ്. തോൽക്കാൻ മടിയുള്ള കുട്ടികൾ. കാത്തിരിക്കാനും ക്ഷമിക്കാനും അറിയാത്തവർ.  എന്തിനും ഏതിനും കടുംകൈ ചെയ്യാൻ മടിയില്ലാത്തവർ. ഇപ്പഴോ… എല്ലാം ഒരു ചോദ്യചിഹ്നത്തിലാക്കി ഒരു കൊറോണയും… മനുഷ്യൻ മനുഷ്യനല്ലാതായിരിക്കുന്നു. കുറെ നാളുകളായി, തിരക്ക് പിടിച്ച ജീവിതശൈലി മൂലം എവിടെയൊക്കെയോ വച്ച് മനുഷ്യന് കൈമോശം വന്നുപോയ പല നല്ല കാര്യങ്ങളും ഒരു പരിധിവരെ അവൻ പല വിധത്തിൽ തിരിച്ചു പിടിച്ചുകൊണ്ട് വരികയായിരുന്നു, റെസിഡൻഷ്യൽ കൂട്ടായ്മകളും കുടുംബകൂട്ടായ്മകളും ഒക്കെ വഴി. അപ്പോഴാണ് ഒരു വില്ലനായി അവന്റെ വരവ്, ഈ തലമുറ കണ്ട ഏറ്റവും വലിയ മഹാമാരിയുടെ രൂപത്തിൽ! കാലത്തിന്റെ ഒരു പോക്കേ…

കാലം കാത്തുവച്ചത് !
കുട്ടികളുടെ കാര്യം തന്നെയാണ് ഗൗരവമായി എടുക്കേണ്ടത്. യാതൊരു അല്ലലും ഇല്ലാതെ ഒരു അധ്യയന വർഷം പൂർത്തിയാക്കി, അവർ. സ്‌കൂളിൽ പോയില്ല, വെയിൽ കൊണ്ടില്ല, കയ്യും കാലും ഒടിച്ചില്ല, എന്തിന്…. പുറത്തുപോലും ഇറങ്ങാതെ ഒറ്റമുറിയിൽ മൊബൈലിൽ കുത്തി ഒരു വർഷം. ഇന്നലെ വരെ ‘മൊബൈലിൽ നോക്കി നശിക്കല്ലേടാ’ എന്ന് പറഞ്ഞ അതേ നാവുകൊണ്ട് തന്നെ ‘മോനെ ആ മൊബൈൽ എടുത്ത് ഒന്ന് നന്നാവാൻ നോക്ക്’ എന്ന് പറയിച്ച ഒരു കാലം! ചിരിക്കണ്ട. വരാൻ പോകുന്നെ ഉള്ളൂ ഇതിന്റെ പുകിലുകൾ. കാത്തിരുന്നു കാണാം.

നിങ്ങളൊക്കെ എന്ത് !
ഒരു ദിവസം അതിരാവിലെ, എന്റെ സഹപ്രവർത്തകയ്ക്ക് ഒരു ഫോൺകോൾ. ഒരു പേരെന്റ് ആണ് വിളിക്കുന്നത്. ”ടീച്ചർ ഇവിടെ വരെ ഒന്ന് വരണം, ബാക്കി എല്ലാം വന്നിട്ട് പറയാം.” അങ്ങനെ മാത്രം പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ആ വീട്ടിലെ കാര്യങ്ങൾ അല്പം അറിയാവുന്നത് കൊണ്ട് ഉടനെ ആ അധ്യാപിക അവിടെ വരെ ചെന്നു. അവിടെ കണ്ട കാഴ്ച ഇതാണ് : പത്താം ക്ലാസ്സിൽ
പഠിക്കുന്ന പെൺകുട്ടി, കിടക്കയും തലയിണയും വലിച്ച് കീറിയിരിക്കുന്നു. ഭ്രാന്ത് പിടിച്ച അവസ്ഥ. അവളുടെ ഫോൺ തിരികെ കിട്ടാൻ വേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കുന്നത് നോക്കി നിൽക്കുന്ന അയൽക്കാർ….

മറ്റൊരു കുട്ടി പറഞ്ഞത് ഇങ്ങനെയാണ്, ”നിങ്ങളൊക്കെ എന്ത്! അതൊക്കെ കൊറിയക്കാർ… അവരെ കണ്ടു പഠിക്ക്… എനിക്ക് അവർ മതി. അവരുടെ ജീവിതമാണ് ജീവിതം. നിങ്ങളൊക്കെ എനിക്ക് വേണ്ടി എന്താ ചെയ്യുന്നത്?” കാര്യം കുറച്ചു പേർക്കെങ്കിലും മനസ്സിലായിക്കാണും. മനസ്സിലാകാത്തവർക്ക് പറഞ്ഞു തരാം.

കുറച്ചു കാലമായി നമ്മുടെ പല കുട്ടികളും മൊബൈലിൽ കണ്ട് ഉറങ്ങുന്നതും കണികണ്ടുണരുന്നതും അമ്മമാർ കാണുന്ന ‘നാടൻ’ സീരിയലുകളോ സിനിമകളോ അല്ല. എനിക്ക് നേരിട്ട് അറിയാവുന്ന ഒരു കുട്ടിയുടെ സ്വഭാവത്തിൽ വന്ന വ്യത്യാസമാണ് ഇതൊക്കെ പറയാൻ കാരണം. മൊബൈലിൽ കാണുന്ന സൗത്ത് കൊറിയക്കാരാണ് ആ കുട്ടിക്ക് എല്ലാം. ഞെട്ടണ്ട. ആദ്യമായി കേട്ടപ്പോൾ എനിക്കും ഇതൊക്കെ പുതിയ ഒരു അനുഭവമായിരുന്നു. പിന്നീടാണ് കാര്യമായി ഇതിനെക്കുറിച്ച് അന്വേഷിച്ചതും കണ്ടെത്തിയതും. നമ്മുടെ നാട്ടിലെ ഠഢ പ്രോഗ്രാമുകൾ പോലെ തന്നെ പല പ്രായക്കാരും വിഭാഗക്കാരും ഉൾപ്പെടുന്ന പല പരിപാടികളും പാകിസ്ഥാൻ, തുർക്കി, ജപ്പാൻ, ചൈന പോലുള്ള മറ്റ് രാജ്യക്കാരും ടെലികാസ്‌റ് ചെയ്യുന്നുണ്ട്. അതിൽ സുന്ദരീ സുന്ദരന്മാരായ കുറെ ചെറുപ്പക്കാരുടെ പ്രോഗ്രാമുകളോടാണ് നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രിയം. അവരുടെ ജീവിത സാഹചര്യങ്ങളും ശൈലികളും സംസ്‌കാരവും അല്ല നമുക്കുള്ളത് എന്ന് മനസ്സിലാക്കാനുള്ള പക്വത ഇല്ലാത്ത നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സുകളെ അവയൊക്കെ ഭ്രമിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇങ്ങനെയുള്ള ടെലി-സീരീസുകൾ ദിവസവും പല വട്ടം കണ്ട് കണ്ട് ഒരു മായാ ലോകത്താണവർ.

ഇത് എങ്ങനെ മനസ്സിൽ കയറിക്കൂടി എന്ന് അന്വേഷിച്ച് പോയപ്പോഴാണ് ഉറവിടം വ്യക്തമായത്. ട്യൂഷൻ ടീച്ചർ പരിചയപ്പെടുത്തിയതാണ് പോലും. പരീക്ഷ സമയം ആയിട്ടും കുട്ടിക്ക് അതേക്കുറിച്ച് യാതൊരു ചിന്തയും ഇല്ലാഞ്ഞപ്പോൾ അന്വേഷിച്ച് കണ്ടുപിടിച്ചതാണ് ഇത്. സ്‌കൂൾ അടച്ചിട്ടിരുന്ന കൊറോണക്കാലത്തെ പല മാതാപിതാക്കളുടെയും ശരണം ട്യൂഷൻ ആയിരുന്നു. അതും ഒരുവഴിക്കായി. ആൺ കുട്ടികളുടെ കാര്യവും മറിച്ചല്ല. അവർക്ക് അഡിക്ഷൻ ‘വാർ ഗെയിംസ്’ പോലുള്ളതിനോടാണ്. ഇന്നത്തെ കുട്ടികൾക്ക് അറിവ് പകർന്നുകൊടുക്കാൻമാത്രം കഴിവ് എല്ലാ മാതാപിതാക്കൾക്കും ഉണ്ടോ? അങ്ങനെ നോക്കുമ്പോൾ ‘എന്തായിത്തീരും ദൈവമേ’ എന്ന് നെടുവീർപ്പിടേണ്ടി വരും ഞാനും നിങ്ങളും. ഇതൊന്നും നമ്മുടെ കയ്യിലല്ലല്ലോ.

‘കൂട്ടുകാർ’ വേണോ വേണ്ടയോ?
കുട്ടികൾക്ക് കൂട്ടുകാർ കൂടിയേ തീരൂ. മാതാപിതാക്കൾ അത് നിരുത്സാഹപ്പെടുത്തിയാലും അവർ അത് കണ്ടുപിടിച്ചിരിക്കും. എന്തും എപ്പോഴും കിട്ടുന്ന മൊബൈൽ ഫോൺ അവരുടെ കയ്യിൽ തന്നെയുണ്ടല്ലോ. കൂട്ട്, അത് അവരുടെ സമഗ്രവളർച്ചയ്ക്ക് അനിവാര്യമാണ്. അപ്പോൾ പിന്നെ അത് അനുവദിച്ച് കൊടുക്കുന്നത് തന്നെയല്ലേ നല്ലത്. പക്ഷെ അതും ആരോഗ്യപരമായ രീതിയിൽ അല്ലെങ്കിൽ വിപരീത ഫലം തരും എന്നതിന് മാറ്റമില്ല. അവനവന്റെ കുട്ടികളെ പോലും നേരെ ചൊവ്വേ അറിയാൻ പറ്റാത്തവർക്ക് നല്ല കൂട്ടുകാർ ഏതാണെന്നു എങ്ങനെ അറിയും? ബുദ്ധിമുട്ടുണ്ട്, അറിയാം. കൂട്ട് തെറ്റിയാൽ കുട്ടി തന്നെ കൂടെനിൽക്കാത്ത അവസ്ഥ വന്നെന്നും വരാം.



‘വാക്‌സിൻ വന്നു. കൊറോണക്കാലം കഴിഞ്ഞില്ലേ? ഇനി താനേ എല്ലാം ശരിയാവും’ എന്ന് വിചാരിക്കാൻ വയ്യ. താനേ എല്ലാം ശരിയാകുമോ? തോന്നുന്നില്ല. നമ്മൾ നിസ്സംഗരായിരുന്നുകൊണ്ട് ‘കാലം എല്ലാം ശരിയാക്കും’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയാൽ, ചിലപ്പോൾ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നേക്കാം. ഒന്നും, ഒരിക്കലും വൈകിയിട്ടില്ല’ എന്ന തിരിച്ചറിവാണ് പ്രധാനം. പറഞ്ഞ് വന്നത് ഇതാണ്. ഇപ്പോൾ തന്നെ ഒന്ന് മനസ്സ് വച്ചാൽ നമ്മുടെ കുഞ്ഞുങ്ങൾ ഒരു പരിധി വരെ നമ്മുടെ കൂടെയുണ്ടാവും. അതിന് എനിക്ക് ശരിയെന്നു തോന്നുന്ന രണ്ട് നിർദേശങ്ങൾ ഇവിടെ കുറിക്കട്ടെ… ഒന്ന്: കുട്ടികളെ കേൾക്കാൻ, അവരെ അറിയാൻ, അവർക്കും കുറച്ച് ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കാൻ മാതാപിതാക്കൾ അവരുടെ ‘കൂടെ’ ഉണ്ടാവുക. രണ്ട് : അധ്യാപകരോട് സഹകരിക്കുക. അധ്യാപകർ അത് ആഗ്രഹിക്കുന്നുണ്ട്. പകൽ മുഴുവൻ അവരെ കാണുന്നത് ഞങ്ങളല്ലേ… ഞങ്ങൾക്കും അവർ സ്വന്തം കുഞ്ഞുങ്ങൾ പോലെ തന്നെയാണ്. എല്ലാ കുഞ്ഞുങ്ങളും മാലാഖമാർ ആയിട്ടാണ് ഭൂമിയിൽ വരുന്നത്. അവരെ നമുക്ക് അങ്ങനെതന്നെ വളർത്താം.

More like this
Related

ചങ്ങാത്തം കൂടാൻ വാ…

കൂട്ടുകൂടാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? മനശാസ്ത്രജ്ഞന്മാരുടെ ഭാഷയിൽ കൂട്ട് മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു...

അർത്ഥം

അർത്ഥമുണ്ട്, നാനാർത്ഥവും. അതായത് ചില വാക്കുകൾക്ക് ഒറ്റ അർത്ഥം മാത്രമേയുള്ളൂ. വേറെ...

പ്രണയമരണം 

ഒടുവിൽ അവർ തീരുമാനിച്ചു 'എങ്കിൽ പിന്നെ നമുക്ക് പിരിയാം. അതിനു മുൻപ്...

തിരികെ വരുന്ന യാത്രകൾ

തിരികെ വരാതെ അവസാനിക്കാത്ത യാത്രകളില്ല. അവസാനമെന്നുറപ്പിച്ചു വിട പറഞ്ഞിറങ്ങുമ്പോഴും, ഒരിക്കലെങ്കിലും തിരികെയൊന്നു...
error: Content is protected !!