എത്ര രസകരമാണെന്നോ ആ പാട്ട്? പക്ഷേ, പശ്ചാത്തലമറിഞ്ഞാൽ നെഞ്ചിലൊരു ഒപ്പീസിന്റെ സങ്കടമഴ പെയ്തുപോകും. കഴിഞ്ഞദിവസം യൂട്യൂബിൽ കണ്ടതാണ്. ഒന്നല്ല, പലതവണ. ലോകത്തെയാകെ ഇളക്കിക്കളഞ്ഞു ആ തമിഴ് പാട്ട്. എൻജോയ് എൻ ജാമി എന്ന റാപ്പാണ് യൂ ട്യൂബിൽ ഇറങ്ങി ദിവസങ്ങൾക്കകം കോടിക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞത്. അർഥമില്ലാത്ത വരികൾക്ക് ഭ്രമാത്മക താളം നല്കി പാടുകയല്ല ഇവിടെ. ശ്രീലങ്കയിലേക്കു കുടിയേറുകയും പിന്നീട് നാട്ടിലേക്കു മടങ്ങുകയും ചെയ്ത തമിഴ് തൊഴിലാളികളുടെ സ്മരണയിലാണ് പാട്ട്. മണ്ണും മാതാപിതാക്കളും ചരിത്രവും സ്നേഹസ്മരണകളും എല്ലാമുണ്ട് എൻജോയ് എൻജാമിയിൽ.
പാട്ടെഴുതിയത് തമിഴ് ഗായകൻ അറിവ് എന്ന അറിവരശ് കലൈനേശനാണ്. ദീ എന്ന പ്രശസ്ത ഗായികയ്ക്കൊപ്പം അറിവും പാടുന്നുണ്ട്. അദ്ദേഹത്തിന്റെ വല്യമ്മയെക്കുറിച്ചോർത്തുകൊണ്ടെഴുതിയ പാട്ടാണ്. വള്ളിയമ്മാൾ അത്തരമൊരു കുടിയേറ്റ തൊഴിലാളിയായിരുന്നു. ശ്രീലങ്കയിലെ കാട്ടുപ്രദേശത്ത് തോട്ടങ്ങളും വീടുകളും ബംഗ്ലാവുകളും റോഡുകളുമൊക്കെ തമിഴ്കുടിയേറ്റക്കാർ നിർമിച്ചു. അവർ നുള്ളിയെടുത്ത തേയിലകൾ ശ്രീലങ്കയുടെ സമൃദ്ധിക്കു കാരണമായി. അങ്ങനെയിരിക്കെ ഒരുനാൾ ആ തൊഴിലാളികൾ അധികപ്പറ്റായി. അവരോട് ഇനി മതി, തിരിച്ചുപൊയ്ക്കൊള്ളാൻ പറഞ്ഞു. അങ്ങനെ തമിഴർ വീണ്ടും തമിഴ്നാട്ടിലെത്തി. അവർക്കവിടെ കാര്യമായ വേരുകളില്ല. തോട്ടം പണി മാത്രമേ അറിയൂ. ജീവിക്കാൻ മാർഗമില്ലാതായ ആ തൊഴിലാളികൾ തേയിലത്തോട്ടങ്ങളുള്ള ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും വാൽപ്പാറയിലേക്കുമൊക്കെ വീണ്ടും കുടിയേറി. അവിടെ പണികിട്ടാത്തവർ കൂലിപ്പണിക്കാരായി. അവരെ മനസിൽ ധ്യാനിച്ചുകൊണ്ടുവേണം ഇനി ഈ പാട്ടു കേൾക്കാൻ.
അറിവിനെ വല്യമ്മ വിളിച്ചിരുന്നത് എൻജാമി (എന്റെ സ്വാമീ) എന്നായിരുന്നു. തോട്ടം തൊഴിലാളികളായിരുന്ന പൂർവികരുടെ കഷ്ടപ്പാടുകളും ജീവിതാവസ്ഥകളുമെല്ലാം ഓർമിപ്പിക്കുന്ന പാട്ട് ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഹിറ്റായി. കേൾവിക്കാരനിൽ പ്രകൃതിയെക്കുറിച്ച്, മനുഷ്യനെക്കുറിച്ച്, പക്ഷികളെക്കുറിച്ച്, മൃഗങ്ങളെക്കുറിച്ച് ഓർമയുണർത്തുന്നുണ്ടെങ്കിലും ഈ പാട്ടിൽ നിറഞ്ഞുനില്ക്കുന്നത് കുടിയേറ്റക്കാരന്റെ ജീവിതമാണ്.
റാപ് എന്നത് കഥ പറച്ചിലാണെങ്കിൽ എന്റെ വല്യമ്മയാണ് ഏറ്റവും വലിയ കഥ പറച്ചിൽകാരി എന്നാണ് അറിവ് പറയുന്നത്. അറിവ് പറഞ്ഞതുകൊണ്ട് ശ്രീലങ്കയിൽനിന്നു കുടിയിറങ്ങേണ്ടിവന്ന തമിഴരോട് നമുക്ക് അലിവു തോന്നും. അങ്ങനെ അതിന്റെ വൈകാരികത വർധിക്കുകയും കൂടുതൽ ആളുകളെ ആകർഷിക്കുകയും ചെയ്യും. അതങ്ങനെയാവട്ടെ.
ഇനി രണ്ടാമത്തെ കാര്യം പറയാം:
പക്ഷേ, ഇവിടെ നമ്മുടെ മണ്ണിൽ കുറച്ചു മനുഷ്യരുണ്ട്. ഹൈറേഞ്ചിലേക്കും മലബാറിലേക്കും കുടിയേറിയ മനുഷ്യർ. പട്ടിണികൊണ്ട് പൊറുതിമുട്ടിയ കാലത്ത് ഉള്ളതെല്ലാം വിറ്റുപെറുക്കി മലനാടുകളിലേക്കു പോയവർ. കുടിയേറ്റകാലത്തുണ്ടായിരുന്നവരിൽ അവശേഷിക്കുന്ന വല്യമ്മമാരോടും വല്യപ്പന്മാരോടും ചോദിക്കുക, എൻജാമിയെ വെല്ലുന്ന കഥകൾ നമുക്കു കേൾക്കാം. കപട പരിസ്ഥിതിക്കാരും സ്ഥാപിത താത്പര്യക്കാരും പറഞ്ഞു പരത്തിയതല്ലാത്ത, നമ്മൾ കേൾക്കാൻ ചെവികൊടുത്തിട്ടില്ലാത്ത മറ്റൊരു കഥ അവരുടെ ജീവിതത്തിലുണ്ട്. മലനാട്ടിലേക്കു പോയ മനുഷ്യർ വന്യമൃഗങ്ങളോടും മഹാമാരികളോടും പൊരുതിയ കഥ. കാളവണ്ടി കയറിയും നടന്നും ഇടുക്കിയിലേക്കും തീവണ്ടി കയറിയും ദിവസങ്ങളോളം നടന്നും മലബാറിലേക്കുമൊക്കെ കുടിയേറിയവരിൽ മിക്കവരും ഇപ്പോഴില്ല. തിരുവിതാംകൂറിൽനിന്നും കൊച്ചിയിൽനിന്നുമൊക്കെ പുറപ്പെട്ട ആ മനുഷ്യരുടെ ദുരിതങ്ങൾ പറഞ്ഞുകേട്ടിട്ടുള്ള മക്കളോടു ചോദിച്ചാലും മതി.
ഒപ്പമുണ്ടായിരുന്നവരെല്ലാം മരിച്ചുപോയതുകൊണ്ട് വെറുംകൈയോടെ മടങ്ങേണ്ടിവന്നവർ, എല്ലാം വിറ്റുപെറുക്കി പോയതുകൊണ്ട് തിരികെ വരാനാവാതെപോയവർ, രാവും പകലും നിലാവുള്ള രാത്രികളിലും പറമ്പിൽനിന്നു കയറാതെ പണിതിട്ടും വയറുനിറയെ ഉണ്ണാതെ, നല്ല വസ്ത്രം ധരിക്കാതെ, നല്ല മരുന്നു കിട്ടാതെ, നല്ല മരണമോ നല്ലൊരു സംസ്കാരമോ കിട്ടാതെ മണ്ണിലേക്കെടുക്കപ്പെട്ടവരുടെ കഥകൾ.
അവർ ഭൂമിയെ പച്ചപുതപ്പിച്ചുതന്നെ നിർത്തി. എന്നിട്ടോ കാട്ടുകള്ളന്മാരെന്നു വിളിക്കപ്പെട്ടു. ലോകത്തെവിടെ മണ്ണിടിഞ്ഞാലും കാടു കത്തിയാലും ഉരുൾപൊട്ടിയലും എന്തിന് ഹിമാലയത്തിൽ മഞ്ഞുരുകിയാലും കുടിയേറ്റക്കാർ ഇടുക്കിയിലും മലബാറിലുമിരുന്ന് ഉത്തരം പറയേണ്ട സ്ഥിതിയിലേക്കു കാര്യങ്ങൾ മാറി.
റാപ് എന്നാൽ ഒരുവിധത്തിൽ സംഗീതമല്ല. അത് ഒരു താളത്തിലുള്ള വർത്തമാനമാണ്. കേരളത്തിലെ കുടിയേറ്റമേഖലകളിൽ ഇപ്പോഴുമുണ്ട് ആരും കേൾക്കാത്ത റാപ്. പട്ടിണിയുടെ കാലങ്ങളിൽ ഭക്ഷ്യക്ഷാമം ഒഴിവാക്കാൻ സർക്കാർ കുടിയേറ്റം പ്രോത്സാഹിപ്പിച്ച കാലത്തെക്കുറിച്ചുള്ള റാപ്, കുടിയേറ്റക്കാർ എത്തുംമുമ്പേ മുറിക്കപ്പെട്ട മരങ്ങളുടെ റാപ്, തങ്ങൾക്കു കിട്ടിയ തരിശുഭൂമിയിൽ കൃഷിയുടെ പച്ചവിരിച്ച കുടിയേറ്റ കർഷകന്റെ റാപ്, മലമ്പനി ബാധിച്ചു മരിച്ച പ്രിയപ്പെട്ടവരുടെ ശവശരീരങ്ങൾ തോളിലേറ്റി തനിയെ നടന്നുപോയവരുടെ റാപ്, മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയവരുടെ ആത്മാവിന്റെ മരണതാളമുള്ള റാപ്, കുടിയേറ്റ കർഷകന്റെ നെഞ്ചിൽ ശവതാളത്തിൽ നൃത്തമാടുന്ന വനംവകുപ്പുദ്യോഗസ്ഥരുടെ റാപ്… അതങ്ങനെ നീളും. തീരാത്ത കണ്ണുനീരിന്റെ കഥയാണ് കേരളത്തിന്റെ മലയോരങ്ങളിൽ ഇപ്പോഴും പാടാതെ അവശേഷിക്കുന്ന റാപ്.
തേയിലത്തോട്ടത്തിന്റെ ഇലകൾക്കും മണ്ണിനുമിടയിൽനിന്നാണ് തന്റെ വല്യമ്മയായ വള്ളിയമ്മാളിനെ അറിവ് ഉയിർത്തെഴുന്നേല്പിച്ചത്.
തമിഴന്റെ ചരിത്രബോധമുണ്ടെങ്കിൽ മലയാളി തിരിച്ചറിയണം, ഒരു നൂറ്റാണ്ടുമുമ്പ് കേരളത്തെ ഗ്രസിച്ച പട്ടിണിക്കാലം. അക്കാലത്തെ ഗതികെട്ട കർഷന്റെ പട്ടിണിക്കോലം. അവന്റെ ജീവിതവും അകാലമരണവുമാണ് നമ്മൾ പാടേണ്ട റാപ്. അങ്ങനെ നോക്കിയാൽ അറിവ് ഒരു പാട്ടുകാരന്റെ പേരല്ല, ബോധോദയത്തിന്റെ പേരാണ്. കേരളത്തിലും ഉണ്ടാകണം ‘അറിവ്.’
ജോസ് ആൻഡ്രുസ്