കവി, ഗാനരചയിതാവ്, പ്രഭാഷകൻ, പല്ലന കുമാരനാശാൻ സ്മാരക ട്രസ്റ്റിന്റെ ചെയർമാൻ, സമാധാനം പുലരുന്ന നല്ലകാലത്തിലേക്ക് മിഴിയും മനവും നട്ട് ഉള്ളുരുക്കമുള്ള പ്രാർത്ഥനകളോടെ കാവ്യചികിത്സകനായും നമ്മോടൊപ്പം തുടരുന്ന ഈ പ്രതിഭയെ ഇങ്ങനെ ചെറിയ പ്രൊഫൈലിലേക്ക് ചുരുക്കിയെഴുതാൻ പ്രയാസമാണ്. മലയാളസിനിമയുടെ നഭോമണ്ഡലത്തിൽ പദവൈഭവത്തിടമ്പാണ് രാജീവ് ആലുങ്കൽ.
ഗാനരചനാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരളസംഗീതനാടക അക്കാഡമിയുടെ അവാർഡ് 39-ാം വയസ്സിനുള്ളിൽ ലഭിച്ച അപൂർവ്വ ബഹുമതിയും രാജീവ് ആലുങ്കലിന് സ്വന്തം.1993 ൽ പ്രൊഫഷണൽ നാടകത്തിലൂടെ ഗാനരചനാരംഗത്ത് തുടക്കം കുറിച്ച രാജീവ് ഇപ്പോൾ ഇരുനൂറ്റിഅമ്പതിലേറെ പ്രൊഫഷണൽ നാടകങ്ങൾക്ക് ഗാനരചന നടത്തി തുടർയാത്രയിലുമാണ്.
2003ൽ ‘ഹരിഹരൻ പിളള ഹാപ്പിയാണ്’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ വരവറിയിച്ച രാജീവ് ആലുങ്കൽ ഇതിനകം 140ഓളം മലയാളസിനികൾക്ക് ഗാനരചന നിർവ്വഹിച്ച് 300ലേറെ സിനിമാഗാനങ്ങളുമായി നമ്മുടെ കാതുകൾക്ക് ഏറെ പരിചിതനും മലയാള സിനിമയ്ക്ക് പ്രിയങ്കരനായ ഗാനരചയിതാവുമാണ്.
ആലുങ്കൽ ദേശത്ത് നിന്നും ആൽമരം പോലെ വയലാറിന്റെ ജന്മദേശത്തിനു സമീപം ആലുങ്കൽ എന്ന കൊച്ചുപ്രദേശത്ത് ജനിച്ച രാജീവ് ഇന്ന് ആൽമരംപോലെ പലശാഖികളോടെ മലയാളക്കരയാകെ പന്തലിച്ചിരിക്കുന്നു. ചെറുപ്പത്തിൽ ഒരു വാചകം പൂർണ്ണമായി ഉച്ചരിക്കുന്നതിനിടയിൽ നാലുതവണയെ ങ്കിലും വിക്കിയിരുന്ന ഈ മനുഷ്യൻ ഇന്ന് മൂന്നുനാലു മണിക്കൂർ ഒരു ചെറിയ തടസ്സമോ,വിക്കലോ പോലും ഇല്ലാതെ കാവ്യത്മകമായി ഭാഷണം നടത്തുന്നു.
കാവ്യദേവതയുടെ പ്രസാദമായി രാജീവ് ആലുങ്കൽ ഈ അപൂർവ്വതയെ മനസ്സിൽ കൊണ്ടുനടക്കുകയും നമ്മോട് ആവർത്തിച്ച് പറയുകയും ചെയ്യുന്നു.
സവിശേഷപാരമ്പര്യമോ, കെട്ടുകാഴ്ചകളോ ഒന്നുമില്ലാതെ വളർന്ന ഈ പ്രതിഭയ്ക്ക് വെള്ളവും വളവുമായത് ഗാഢമായ വായനയും ഗുരുത്വമുളള അഹംബോധവുമാണ്.
നാലര മിനിട്ട് മാത്രമനുവദിക്കുന്ന സിനിമാഗാനങ്ങളിലും കവിതകളിലും ഒതുക്കുന്ന ആശയങ്ങളെയും തത്വാധിഷ്ഠിത മൂല്യങ്ങളെയും ശ്രേഷ്ഠഭാഷയ്ക്ക് പരിധിയില്ലാതെ ലഭിക്കാൻ ഗാനരചനയോളം മൂല്യത്തിൽ ഇദ്ദേഹം പ്രഭാഷണങ്ങൾക്കായി അധരവും ഹൃദയവും സജ്ജമാക്കുന്നു.
മോട്ടിവേഷൻ ക്ലാസ്സുകളിലെ പ്രിയബന്ധുവാണ് രാജീവ് ആലുങ്കൽ. മൂന്നു പതിറ്റാണ്ടായി തുടരുന്ന കാവ്യജീവിതത്തിൽ രാജീവ് ആലുങ്കലിന്റെ ഓർമകൾക്കാകെയും അൻപത്തൊന്നരക്ഷങ്ങളുടെ കിലുക്കമാണ്.
‘സകലകലാ വല്ലഭൻ’
അഭിനയകുലപതി രാജൻ പി. ദേവ് കൈപിടിച്ച് നാടകരംഗത്ത് കൊണ്ടുവന്ന രാജീവിനെത്തേടി അർജുനൻ മാഷ്, കുമരകം രാജപ്പൻ, വൈപ്പിൻ സുരേന്ദ്രൻ, ഫ്രാൻസിസ് വലപ്പാട്, ആലപ്പിരംഗനാഥ്, ആലപ്പി ഋഷികേശ് തുടങ്ങിയ നാടകത്തിലെ സജീവസാന്നിധ്യങ്ങൾ പാട്ടൊരുക്കാനായി ചേർന്നു. തുടർയാത്ര വേഗതയേറിയതും മലയാളസിനിമയുടെ തറവാട്ടിലേയ്ക്ക് കസേരയുറപ്പിച്ചത് ആധികാരികതയോടെയുമായിരുന്നു. ദക്ഷിണാമൂർത്തി സ്വാമി മുതൽ എ.ആർ. റഹ്മാൻ വരെയുളള പ്രഗത്ഭരായവരൊക്കെയും രാജീവ് ആലുങ്കലിന്റെ കാവ്യസിദ്ധിക്ക് സംഗീതമൊരുക്കി.
മലയാളസിനിമയിൽ കയ്യൊപ്പുചാർത്തിയ ഗാനരചയിതാക്കളായ ഗിരീഷ് പുത്തഞ്ചേരിയും ബിച്ചുതിരുമലയും ഒഎൻവി യും ഒക്കെ രംഗം വാഴുന്ന സമയത്ത് തന്നെയാണ് രാജീവ് ആലുങ്കലും മലയാളത്തറവാട്ടിൽ എണ്ണം പറഞ്ഞ എഴുത്തുകാരനായി തിളങ്ങിയത് എന്നത് ഈ പ്രതിഭയുടെ എഴുത്തുപുര സചേതനമായതുകൊണ്ടുതന്നെയാണ്.
ആലുങ്കലിലേക്ക് എത്തിയ
അംഗീകാരങ്ങൾ.!
ലളിതഗാനശാഖയിലേക്ക് എണ്ണത്തിലേറെ ഗാനങ്ങൾ…
മലയാണ്മചൂടുന്ന ഗ്രാമഗീതികൾ…
നൃത്തരൂപങ്ങളുടെ കഥയാട്ടത്തിനായി ചിട്ടപ്പെടുത്തിയ ക്ലാസിക് രചനകൾ…
പഴമയുടെ ഗന്ധം പേറുന്ന നാവേറുകളുടെ പുത്തനവതരണങ്ങൾ…
തത്വാധിഷ്ഠിത സമസ്യകളെ പൂരണത്തിലൂടെ ഉണർത്തിയ എപിക് രചനകൾ…
ആനുകാലികപ്രസിദ്ധീകരണങ്ങളിലൂടെ വെളിച്ചപ്പെട്ട ഒട്ടേറെ കവിതകൾ…
ചെറിയ കാലയളവിൽ വലിയപറ നിറയെ പതിരില്ലാത്ത അക്ഷരധാന്യം മലയാളിക്ക് നൽകിയ രാജീവ് ആലുങ്കലിന് കവിതയ്ക്കുള്ള ഹരിപ്രിയ പുരസ്‌കാരം, മദർ തെരേസാ പുരസ്‌കാരം, പി ഭാസ്‌കരൻ പുരസ്‌കാരം, ഇൻഡോ-മലബാർ കൾച്ചറൽ ഫോറത്തിന്റെ കാവ്യശ്രീ പുരസ്‌കാരം, ഗാനരചനയ്ക്കുളള സംസ്ഥാന സർക്കാർ അവാർഡ്, ഫിലിം ക്രിട്ടിക്‌സ് അവാർഡ്, ഏഷ്യാനെറ്റ് അവാർഡ്, വയലാർ രാമവർമ്മ അവാർഡ്, ജേസി അവാർഡ് തുടങ്ങിയ ഒട്ടേറെ ബഹുമതികൾ നേടാനായി.
ഏതു മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച പ്രതിഭകളാകട്ടെ അവരെയൊക്കെയും നാടും നമ്മളും അംഗീകരിക്കുന്നത് അവരുടെ ജീവിതസായാഹ്നത്തിൽ ആണെന്നുളളതും ഒരു വേദിയിലേയ്ക്ക് പരസഹായമില്ലാതെ നടക്കാൻ വയ്യാത്ത സാഹചര്യത്തിലുമാണെന്നുള്ളത് അപലപനീയമാണ്. ആയതുകൊണ്ട് അവാർഡുകളും അംഗീകാരങ്ങളും ആശംസകളും ഒക്കെ ഏതൊരു മികച്ചകലാകാരനും നൽകേണ്ടത് അവരുടെ ആയുസ്സിന്റെ അങ്ങേയറ്റം എത്തിനിൽക്കുമ്പോഴല്ല എന്നത് ശ്രദ്ധേയമാണ്.
ക്ലീഷേകളില്ലാതെ…
എഴുത്തുവഴിയും പ്രഭാഷണരീതിയും പ്രയോഗരീതികളും പതിവുക്ലീഷേകളിൽ നിന്ന് സ്വയം അടർന്ന് മാറി നവവഴികളിലൂടെയാണ് ആലുങ്കലിന്റെ സഞ്ചാരം.
നാല്പത്തേഴു വർഷങ്ങളുടെ ജീവിതത്തിനിടയിൽ നാലായിരത്തിലേറെ ഗാനങ്ങളും കവിതകളും പ്രഭാഷണങ്ങളും എന്നത് ചെറിയകാര്യമേയല്ല.
ശുദ്ധമലയാളത്തിന്റെ വെൺചാമരം വീശി വെട്ടം പകരുന്ന രാജീവ് ആലുങ്കൽ കവിതകളും ഗാനങ്ങളും പ്രഭാഷണങ്ങളുമായി ഇനിയുമേറെ ദൂരം തുടരുമ്പോൾ ശ്രേഷ്ഠഭാഷ കൂടുതൽ സൗന്ദര്യത്തിന്റെ പുത്തനുടുപ്പുകൾ അണിയുകതന്നെ ചെയ്യും.
സിബി അമ്പലപ്പുറം