ജീവിതം ആസ്വദിക്കാം നോക്കിക്കേ…….

Date:

spot_img

 ശ്രദ്ധാലുവായ ഒരു ഓട്ടക്കാരനെപോലെ നമ്മൾ ചരിത്രം സൃഷ്ടിക്കാനുള്ള പരക്കംപാച്ചിലിലാണ്. എത്രയൊക്കെ നേടിയെടുത്താലും സ്ഥിരതയില്ലത്ത നമ്മുടെ മനസ് വീണ്ടും ആർത്തിയോടെ മറ്റൊന്നിലേക്ക് ദൃഷ്ടി പതിപ്പിച്ചു കൊണ്ടെയിരിക്കും. കുറച്ചുമാത്രം സംസാരിച്ച്…, അതികം ആകുലപ്പെട്ട് , പ്രായമാകുന്നതിനു മുമ്പേ വാർദ്ധക്യം നമ്മുടെ സിരകളിൽ പടർന്നു പിടിക്കുന്നു. ചരിത്രത്തിന്റെ താളുകളിലേക്കുള്ള നമ്മുടെ കണ്ണടച്ചുള്ള യാത്രകളൊക്കെ വിഡ്ഢിത്തമാണന്നാണ് ഓഷോ ആദ്യം തന്നെ പറഞ്ഞ് വെക്കുന്നത്. കാരണം ചരിത്രത്തിലേക്കുള്ള ഓട്ടത്തിനിടെ നമ്മൾ പലപ്പോഴും ജീവിക്കാൻ മറന്നു പോകും. ജീവിച്ചിരുന്ന ജീവിതത്തിൽ നിങ്ങൾ ജീവിക്കാതിരിക്കുകയും ചരിത്രത്താളുകളിൽ നിങ്ങൾ സ്മരിക്കപ്പെടുകയും ചെയ്യുന്നത് കൊണ്ട് നിങ്ങൾക്ക് എന്ത് പ്രയോജനം.

നേട്ടങ്ങളിലേക്ക് തിരിഞ്ഞു നോക്കാതെ ചരിത്രമെന്ന ആത്മരതിയുടെ ഭാണ്ഡകെട്ടുകളുടെ ഭാരം എൽക്കാതെ ശാന്തനായി ജീവിതം അതിന്റെ പൂർണതയിൽ ആസ്വദിച്ച ചുവാങ്ങ് സൂ ലേക്ക് ഓഷോയുടെ വിരലുകൾ ഉയരുന്നു. തന്നിലേക്ക് തന്നെ പിൻവലിഞ്ഞയാൾ ഉള്ളിൽ വിശാലമായിക്കിടക്കുന്ന ഒരു മനസു കണ്ടു പിടിച്ചു. വെറും ഓർമ്മകളിൽ മാത്രം ജീവിക്കാൻ ആഗ്രഹമില്ലാത്ത അയാൾ അതു കൊണ്ട് തന്നെ ജീവിതത്തെ മഹത്വം പെടുത്താൻ മാത്രം ഒന്നും ചെയ്തില്ല. അയാൾ ജീവിതത്തിന്റെ ഒടുക്കം വരെ സാധാരണക്കാരനായിരുന്നു. ഉള്ളിനെ ഒന്നിനോടും ആഗ്രഹമില്ലാത്ത ഒരിടമാക്കി, അയാളെ പോലെ ഒന്നു ജീവിച്ചു നോക്കൂ എന്ന വെല്ലുവിളിയാണ് ഗ്രന്ഥകാരൻ ഇവിടെ ഉയർത്തുന്നത്.

സാധാരണക്കാരനായ ഒരു മനുഷ്യന് എങ്ങനെയാണ് ചരിത്രം സൃഷ്ടിക്കാൻ ഒക്കുന്നത്. ഒരു യുദ്ധത്തിൽ മല്ലടിച്ച് കരുത്ത് തെളിയിക്കുന്നവനും പതിനായിരങ്ങളെ കൊലപ്പെടുത്തിയവനും ഒക്കെയാണ് ചരിത്രത്തിൽ ഇടം. എന്നാൽ ചുവാങ്ങ് സാധാരണക്കാരനാണ്. അയാൾ എല്ലാ ദിവസവും പ്രഭാതത്തിൽ ഉണർന്ന് പല്ലു തേക്കും, മൂന്നു നേരം ആഹാരം കഴിക്കുകയും സ്വപ്‌നങ്ങളുടെ കൂട്ടുപോലും പിടിക്കാതെ ഉറക്കത്തിലേക്കും യാത്രയാകും, അടയാളപ്പെടുത്താനുള്ള ആഗ്രഹം ഒരു ഭാരമാണന്നറിഞ്ഞതുകൊണ്ടാണയാൾ പതുക്കെ പതുക്കെ പതുങ്ങി ഒരു കുഞ്ഞിനേപ്പോലെ ജീവിതത്തിലേക്ക് തിരിച്ചു വന്നതും. ലോകത്ത് ആർക്കുമാർക്കും ഇത്തരക്കാരെ അറിയണമെന്നില്ല.അവർ ഒഴിവു നേരങ്ങളിൽ വർത്തമാനം പറഞ്ഞും പൊട്ടിച്ചിരിച്ചും ജീവിതത്തെ ആസ്വദിച്ചു കൊണ്ടിരിക്കും. ചുറ്റും ആരും ഇല്ലായെന്നുറപ്പിച്ച് അവർ പാട്ടു പാടും, സത്യ പറയാമല്ലോ ഭൂമിയെ ആർത്തിയോടെ സ്‌നേഹിക്കുകയും ജീവിതത്തെ ജീവിതമാക്കിയതും ഇത്തരക്കാർ തന്നെയാണ്.

ജീവിതത്തെ ജീവിതത്തിന്റെ വഴിക്ക് വിടൂ… പറ്റാത്ത ഭാരം ചുമത്തി എന്തിനാണ് അതിന്റെ മുതുക് ഒടിക്കുന്നത്. കളിയരങ്ങുകളിൽ നിങ്ങൾ നിങ്ങളുടെ വേഷമാടിത്തീരുമ്പോൾ നിങ്ങൾ അറിയാതെ പുറകിൽ നിന്ന് ജീവിതത്തിൽ നിന്ന് നിങ്ങളുടെ സമയം തീർന്നുവെന്നൊരറിയിപ്പുമായി മരണ മണി മുഴങ്ങും. അപ്പോൾ, അല്ലയോ ദൈവമേ ഞാൻ ഇനിയും എന്റെ ജീവിതം ജീവിച്ചു തീർത്തിട്ടില്ല എന്ന് പറഞ്ഞ് പരിതപിക്കുന്നതിൽ എന്ത് അർത്ഥം. ജീവിതത്തെ ഓഷോ നല്ല ഒഴുക്കുള്ള ഒരു പുഴയോടാണ് ഇവിടെ ഉപമിക്കുന്നത്. അതിന് നല്ല ഒഴുക്കുണ്ട് ,നീന്തുക പോലും വേണ്ട, ശാന്തമായി ഓളങ്ങളിൽ അലിഞ്ഞ് അലിഞ്ഞ് ലക്ഷ്യത്തിലെത്തുക. ഒരു റോസപ്പൂവിനെ അത് ആയിരിക്കുന്നതിനെക്കാൾ മനോഹരമാക്കാൻ ആർക്ക് കഴിയും? മനുഷ്യർക്ക് എന്തൊക്കയോ എവിടെയൊക്കയോ ഒരു തെറ്റുപറ്റിയിട്ടുണ്ട്, മനോഹരമായ ജീവിതം ശേഷിക്കുമ്പോഴും അവർ മറ്റെന്തിന്റെയോ പിന്നാലെയാണ്.

ജീവിതം ഇല്ലാത്ത ആ പഴഞ്ചൻ തെരുവുകൾ ഉപേക്ഷിക്കു.അവിടെ ആഗ്രഹങ്ങളുടെ കാമ കൂടാരമുണ്ട്, എത്ര കിട്ടിയാലും ആർത്തി തീരത്ത അത്യാഗ്രഹങ്ങളുടെ ചവർപ്പുണ്ടയിടങ്ങളിൽ. ജീവിക്കാതിരിക്കാനുള്ള കാരണങ്ങൾ ഒക്കെ ശേഷിക്കുന്ന ആ ഇടങ്ങളിൽ തന്നെയാണ്, ദുഃഖങ്ങളുടെയും, വെപ്രാളങ്ങളുടെയും ആശങ്കകളുടെയും ഗ്രഹം വിട്ട് ജീവിതത്തിലേക്ക്… വളരെ സാധാരണമായ ഒരു ജീവിതത്തിലേക്കൊരു ക്ഷണമാണ് ഈ പുസ്തകം.

ജിബു കൊച്ചുചിറ

More like this
Related

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക്...

അവൾ

ഋതുക്കളെ ഉള്ളിലൊളിപ്പിച്ചവൾപച്ചപ്പിന്റെ കുളിർമയുംമരുഭൂമിയുടെ ഊഷരതയുംഉള്ളിലൊളിപ്പിച്ച സമസ്യകണ്ണുകളിൽ വർഷം ഒളിപ്പിച്ചുചുണ്ടുകളിൽ വസന്തംവിരിയിക്കുന്ന മാസ്മരികതവിത്തിനു...

അസ്വസ്ഥം

ഉള്ളിലെനിക്കും,സദാചാരപ്പോലീസി-ലുള്ളൊരാൾ പാർപ്പുണ്ട്;നെറ്റിചുളിച്ചു ഞാൻചുറ്റും പരതുന്നു-ണ്ടാ,ണൊരു പെണ്ണിനോ-ടൊച്ചകുറച്ചെങ്ങാൻമിണ്ടുന്നുവോ?, പെണ്ണ്,തൊട്ടുചേർന്നെങ്ങാ-നിരിക്കുന്നുവോ?, തിക്കു-മുട്ടലുണ്ടേറെയെ-നിക്കെന്നറിയുക.ഞാൻ, മലയാളി, ശുഭകരമായതിൽമാനസമെത്താതലഞ്ഞു...
error: Content is protected !!