കത്തോലിക്കാ സഭ! ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സന്യാസസമൂഹം!
‘ഹൃദയവയലും’ ‘നിലത്തെഴുത്തും’ തന്ന ബോബിയച്ചൻ..
ആംഗികവും, വാചികവുമായ അനുഗ്രഹനർമ്മങ്ങൾ കൊണ്ട് കേരളമാകെ നിറയുന്ന കാപ്പിപ്പൊടിയച്ചൻ..
അങ്ങനെയൊക്കെയിരിക്കെ, ആകാശത്തിരശ്ശീലയിൽ, ഔന്നത്യങ്ങളിൽ നിത്യം വിളങ്ങുന്ന പ്രപഞ്ചസത്യത്തിന്റെ കാവലാളായ കരുണാമയനെ ഉപാസിക്കാനും ഒപ്പം വെളളിവെളിച്ചത്തിൽ പാത്രസൃഷ്ടികൾകൊണ്ട് നമ്മെ അത്ഭുതപ്പെടുത്താനുമായി ഇതാ കപ്പൂച്ചിൻ സഭയിൽ നിന്ന് ഒരാൾ കൂടി… ഫാദർ റോയ് കാരയ്ക്കാട്ട് !
ഈ വൈദികൻ ആദ്യമായി സംവിധാനം ചെയ്ത ‘കാറ്റിനരികെ’ എന്ന ചിത്രത്തിന് 44-ാമത് ഫിലിംക്രിട്ടിക്സ് അവാർഡിൽ നവാഗതപ്രതിഭയ്ക്കുളള പ്രത്യേകജൂറിപുരസ്കാരം ലഭിച്ചു. ഇനി അടിവരയിട്ട് പറഞ്ഞുതുടങ്ങാം.
മലയാളസിനിമയിൽ വൈദികനും പലതിനും ഇടമുണ്ട്, കാര്യവുമുണ്ട്.. അവർക്കേറെ പറയാനുമുണ്ട്.
പുരാവൃത്തം
എരുമേലിക്ക് സമീപം കൊല്ലമുള ഗ്രാമത്തിൽ ജനിച്ച കുഞ്ഞുറോയ് മരിയഗൊരേത്തി സ്കൂളിലും ഉമിക്കുപ്പ സെന്റ് മേരീസ് സ്കൂളിലുമായി ബാല്യ-കൗമാരവും വിദ്യാഭ്യാസവും തുടർന്നു. കാരയ്ക്കാട്ട് വീട്ടിലെ ജോസഫ് – അന്നമ്മ ദമ്പതികളുടെ ആറാൺ മക്കളിൽ ഇളയവനായ കുഞ്ഞുറോയിക്ക് സിനിമാമോഹത്തിന്റെ വിത്തുകൾ പാകിയത് സമീപദേശത്തെ ത്രിവേണി ടാക്കീസും ശ്രീ അയ്യപ്പൻ തീയേറ്ററുമാണ്. ജ്യേഷ്ഠാനു ജന്മാർ മത്സരിച്ച് പുല്ലരിയുകയും പശുക്കളെ പരിപാലിക്കുകയും ചെയ്ത് അപ്പനോട് സിനിമാകാണാൻ അനുവാദം ചോദിച്ചായിരുന്നു കൊട്ടകയിലേയ്ക്ക് എത്തിയിരുന്നത്. മനസ്സിലെ വെള്ളിത്തിരയിൽ സിനിമയും തപസ്സിന്റെ ഫലശ്രുതിയായി ദൈവശാസ്ത്രം പഠിച്ച് വൈദികജീവിതവും കുഞ്ഞുറോയി ഏറെ ആഗ്രഹിച്ചു.
വേഗവിരലിലെ താളവട്ടങ്ങൾ
സംഗീതവും സാഹിത്യവും ജന്മസിദ്ധമായി ലഭിച്ച റോയ് കാരയ്ക്കാട്ടിലിന്റെ വിരലുകൾക്ക് തബലയെന്ന വാദ്യം ഏറെ പ്രിയങ്കരമായി. പതിമൂന്നു വർഷക്കാലം ക്വയറിലെ തബലവാദകൻ… പെർക്കഷൻ ഡിപ്പാർട്ട്മെന്റ്. ഏതായാലും റോയ് കാരയ്ക്കാട്ടിന്റെ വേഗവിരലുകൾക്ക് ഏറെ പ്രിയപ്പെട്ടതും പ്രയോഗസാധനയുടെ നീണ്ട താളവട്ടങ്ങളാകുകയുമായിരുന്നു.
വൈദികവൃത്തിയും സിനിമയിലേയ്ക്കുളള പ്രവേശികയും 2002ൽ വൈദികപ്പട്ടമേറ്റതിനു ശേഷം റോയിഅച്ചൻ അസ്സീസി മാസികയുടെ ചുമതലയേറ്റെടുക്കുകയും എഡിറ്റോറിയലിൽ ജീവിതപ്പൊരുൾ പകരുകയും ബഹുവിധ കവര്സ്റ്റോറികൾകൊണ്ട് മാസികയെ ഏറെ ശ്രദ്ധേയമാക്കുകയും ചെയ്തു. സക്രാരിയിൽ പരിശുദ്ധ ബലിയർപ്പിക്കും പോലെ തന്നെ ആത്മാർപ്പണത്തോടെയാണ് ചങ്ങനാശ്ശേരി മീഡിയ വില്ലേജിൽ സിനിമയുടെ ഔദ്യോഗികപഠനം പൂർത്തിയാക്കിയതും.
ഏറെ ശ്രദ്ധേയമായ “The last drop’ എന്ന ഹ്രസ്വചിത്രം കൊണ്ടുതന്നെ സവിശേഷതകൾ ഏറെയുളള സംവിധായകനെന്ന ഖ്യാതി റോയിഅച്ചന് ക്രിട്ടിക്കുകൾ നൽകിത്തുടങ്ങി.
സഭയിൽ നിന്ന് മലയാള സിനിമയി ലേക്കുള്ള ദൂരം കുറയ്ക്കാനും അൾത്താരയിൽ നിന്നും സിനിമാക്യാമറയുടെ പുറകിൽ മനസ്സിലെ ഫ്രയ്മുകളുടെ പൂർണ്ണത ആക്ഷനുകളും കട്ടുകളും റീടേക്കുകളുടെയും അകമ്പടിയോടെ സാക്ഷാത്കരിക്കാനും നസ്രായനായ ഈശോയുടെ അനുഗ്രഹത്തോടെ ഫാദർ റോയ് കാരയ്ക്കാട്ടിന് സാധ്യമായി.
കൗതുകമേറിയ ‘കാറ്റിനരികെ’
സന്യാസിയുടെ സിനിമാമോഹത്തിന് സാക്ഷാത്കാരഭാഗമാകാൻ ഉറ്റവരും മീഡിയാവില്ലേജിലെ സഹപാഠികളും ക്രൗഡ് ഫണ്ടിങ്ങിലൂടെ പല പ്രിയപ്പെട്ടവരും ഒത്തുചേർന്നു. അങ്ങനെ വളരെ കാവ്യാത്മകമായ തലക്കെട്ടിൽ കാറ്റിനരികെ എന്ന ചലച്ചിത്രം പിറവികൊണ്ടു.
ആന്റണി കപ്പൂച്ചിൻ കഥാകാരനായി. റോയി അച്ചനും സ്മിറിൻ സെബാസ്റ്റ്യനും തിരക്കഥയൊരുക്കി. മീഡിയാവില്ലേജിലെ മറ്റൊരു പ്രതിഭയും അനേകസിനിമകളിലൂടെ സുപരിചിതനുമായ ഷിനൂബ് ടി. ചാക്കോ ഉഛജ സെക്ഷൻ ഉജ്ജ്വലമാക്കി…
വിശാൽ ജോൺസന്റെ ഗാനരചന… നോബിൾ പീറ്ററിന്റെ സംഗീതം…വിശാഖ് രാജേന്ദ്രന്റെ എഡിറ്റിങ്…
ഇങ്ങനെയുള്ള പ്രതിഭകളുടെ സവിശേഷമായ കൈയൊപ്പോടെ രണ്ടേകാൽ മണിക്കൂർ ദൈർഘ്യമുളള ‘കാറ്റിനരികെ’എന്ന ഫീച്ചർഫിലിം വാഗമണ്ണിന്റെ ദൃശ്യചാരുതയിൽ പൂർത്തിയായി. ചലച്ചിത്രതാരം അശോകൻ നായകനായ ഈ ചിത്രത്തിൽ പ്രഗത്ഭരുടെയും നവാഗതരുടെയും സാന്നിദ്ധ്യം ഉണ്ട്. ഇന്ത്യയിൽ ആദ്യമായാണ് ഒരു വൈദികൻ പൂർണ്ണമായും സംവിധായകനായും തിരക്കഥാകൃത്തായും മലയാളസിനിമയിൽ വരവ് അറിയിക്കുന്നത്.
നവലോകത്തിൽ
നമ്മൾ വിമലീകരിക്കേണ്ടത്…
ഭൗതികജീവിതത്തിന്റെ സുഖസാധ്യതകൾ ബോധപൂർവ്വം വെടിഞ്ഞ് സത്യസങ്കല്പത്തിന്റെ വഴിയിൽ അനേകർക്ക് ആശ്വാസമാകുകയും തണലൊരുക്കുകയും പശ്ചാത്താപത്തിന്റെ ഹരണഫലം ചൂണ്ടി കുമ്പസാരം കേൾക്കുകയും അൾത്താരയിൽ ദിവ്യബലിയർപ്പിക്കുകയും മാനവരാശിക്കുവേണ്ടി ഇമയനങ്ങാതെ ധ്യാനത്തിലാകുകയും ചെയ്യുന്ന വൈദികവൃന്ദമാകെയും ദൈവശൂശ്രൂഷ ആരാധനായലങ്ങളിൽ മാത്രം ചെയ്ത് അടയാളപ്പെടുന്നവരല്ല മറിച്ച് ദൈവാംശമുളള നീതിബോധത്തോടെ ആധുനികലോകത്തിന്റെ അനന്തസാധ്യതകളെ നല്ലതിനായി ഉപയോഗിച്ച് ആത്മാർപ്പണം കൊണ്ട് നേടിയ സാധനകളെ കലാസൃഷ്ടികളായി നമുക്ക് തരുമ്പോൾ ആസ്വാദ്യകരമെങ്കിൽ ഇരുകയ്യും നീട്ടി അവയെ സ്വീകരിക്കു കയും വേണം.
വൈദികരാകെയും സന്യാസിനി സമൂഹവും നമുക്കുചുറ്റും പ്രാർത്ഥനകളുടെ തണലാകുമ്പോൾ ദേവാലയങ്ങളിലും മഠങ്ങളിലും തിരുവസ്ത്രത്തിന്റെ മേലങ്കിയുമായി മാത്രം ധരിച്ച് ആയുസ്സിന്റെ അറ്റംവരെ ഒരു പ്രത്യേകവിഭാഗമായി ഒതുങ്ങണമെന്ന് പുരോഗമനചിന്തയുളള നമ്മൾ ഒരിക്കലും ശഠിക്കരുത്. അവരെ ആത്മനിയന്ത്രണത്തിന്റെ അവസാന അധ്യായം പഠിപ്പിക്കുന്ന സദാചാരവാദികളാകാതെ സ്വയം വിമലീകരിക്കുക തന്നെ വേണം. വർത്തമാനകാലസാഹചര്യങ്ങൾ കൊണ്ട് അനുബന്ധമായി ചേർത്ത മേൽ വിശദങ്ങൾ അനിവാര്യതയാണ്.
ഒരു സബ്സീൻ കൂടി
സാഹോദര്യം കൊണ്ടും സംസർഗ്ഗം കൊണ്ടും അനുഗ്രഹങ്ങൾ കൊണ്ടും ഫാദർ റോയ് കാരയ്ക്കാട്ടിന്റെ പ്രതിഭകൊണ്ടും
പൂർത്തിയായ ‘കാറ്റിനരികെ’ കോവിഡാന്തരസിനിമാലോകം റിലീസ് പ്രതീക്ഷിക്കുകയാണ്. വൈദികവൃത്തിക്കും ആക്ഷൻ & കട്ടുകൾക്കുമിടയിൽ റോയി അച്ചൻ മറ്റൊരു ഉദ്യമത്തിലുമാണ്. വിഖ്യാത ചലച്ചിത്രകാരൻ പത്മരാജന്റെ സിനിമകളെക്കുറിച്ച് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ഡോക്ടർ ജോസ് കെ മാനുവലിന്റെ മാർഗ്ഗനിർദ്ദേശങ്ങളോടെ ഗവേഷണം അവസാനഘട്ടത്തിൽ എത്തിനിൽക്കുകയും ഒപ്പം മറ്റൊരു ചലച്ചിത്രത്തിന്റെ പണിപ്പുര ആരംഭിക്കുകയുമാണ്. നാളെകളിലെ ഹിറ്റ് മേക്കർ ഫാദർ റോയ് കാരയ്ക്കാട്ടിലിന് അനേകരുടെ ആശംസകൾ പ്രാർത്ഥനകളാകുമ്പോൾ
സീൻ കട്ട്!
തപസ്സിലെ ദൈവശാസ്ത്രവും മനസ്സിലെ വെളളിത്തിരയും
Date: