ഈ ലോകത്തിൽ ഒരാൾക്ക് നേടാൻ കഴിയുന്നതിലും ഏറ്റവും വലിയ സമ്പാദ്യം അനുഗ്രഹങ്ങളാണ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. മാതാപിതാക്കന്മാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. അനുഗ്രഹങ്ങൾ കൈവശമാക്കാനുള്ളതാണ് ഓരോ ജീവിതങ്ങളും. പക്ഷേ പലരും മറ്റ് പല സമ്പാദ്യങ്ങളും നേടാനുള്ള ശ്രമത്തിൽ അനുഗ്രഹം എന്ന സമ്പാദ്യം നേടിയെടുക്കാൻ മറന്നുപോകുന്നു. എനിക്ക് മാത്രം ലഭിച്ച അനുഗ്രഹങ്ങളല്ല, എനിക്ക് അറിയാവുന്നതും മറ്റ് പലരുടെയുമായഅനുഭവങ്ങളാണ് ഇവിടെ വിവരിക്കുന്നത്.
എനിക്ക് പതിമൂന്നു വയസുള്ളപ്പോഴായിരുന്നു അമ്മയുടെ മരണം. ഒരു ദിവസം അമ്മ കാൽവഴുതി വീഴുകയായിരുന്നു. തളർവാതരോഗത്തിന്റെ ആരംഭമായിരുന്നു അത്. അന്ന് കിടപ്പിലായ അമ്മ തുടർന്നുള്ള പതിനൊന്നര മാസക്കാലം കിടക്കയിൽ തന്നെയായിരുന്നു. ഞങ്ങൾ എട്ടുമക്കളാണ്. ഏറ്റവും മൂത്തത് ജേ്യഷ്ഠൻ. ഏറ്റവും ഇളയ ആൾ ഞാനും. ഞങ്ങൾക്കിടയിൽ ആറു പെങ്ങന്മാർ. എല്ലാ മക്കളെയും ഒരുപോലെ സ്നേഹിക്കാൻ കഴിവുള്ളവളായിരുന്നു എന്റെ അമ്മ. ഏറ്റവും ഇളയ ആളായതുകൊണ്ട് അമ്മ എന്നെയാണ് ഏറ്റവും അധികം സ്നേഹിക്കുന്നത് എന്നതായിരുന്നു എന്റെ വിശ്വാസം. പക്ഷേ ഇതേ വിശ്വാസം മറ്റ് ഏഴുപേർക്കും ഉണ്ടായിരുന്നു എന്നതാണ് അമ്മയെ മഹതിയാക്കുന്നത്.
അമ്മ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ആ സംഭവം. അമ്മ എന്റെ മൂത്ത സഹോദരിയോട് പറഞ്ഞു. കൂവപ്പൊടി ഇരിപ്പുണ്ട്. നീ അതെടുത്ത അട ചുടണം. അട ചുടുമ്പോൾ ഒരെണ്ണം എടുത്ത് മാറ്റിവച്ചേക്കണം.
ആർക്കുവേണ്ടിയാണ് അത് എന്ന് പറഞ്ഞില്ലെങ്കിലും അതാർക്ക് നല്കാനാണെന്ന് ഞങ്ങൾ എല്ലാവർക്കും അറിയാമായിരുന്നു. ചേട്ടൻ അക്കാലത്ത് വിവാഹിതനായി വേറെ താമസം ആരംഭിച്ചിരുന്നു. പക്ഷേ എല്ലാ ദിവസവും ചേട്ടൻ അമ്മയെ കാണാൻ വീട്ടിലെത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് ചേട്ടന് നല്കാനാണ് അടയെന്ന് ഞങ്ങൾ സ്വഭാവികമായും മനസ്സിലാക്കി. പതിവുപോലെ ചേട്ടൻ വന്നു. പെങ്ങൾ അടുക്കളയിൽ നിന്ന് അട ചുട്ടതുമായി ചേട്ടന്റെ അടുക്കലെത്തിയപ്പോൾ അമ്മ പറഞ്ഞു. നിന്നോട് അവന് അട കൊടുക്കാൻ ഞാൻ പറഞ്ഞില്ലല്ലോ. നീ അതിങ്ങ് താ. ഞാൻ തന്നെ അതു കൊടുക്കാം. പെങ്ങൾ ഉടൻ തന്നെ കൂവ അട അമ്മയുടെ കൈയിലേക്ക് വച്ചുകൊടുത്തു. അമ്മ അത് വാങ്ങി ചേട്ടന്റെ കൈയിൽ കൊടുത്തു. ഇനി എന്റെ കൈ കൊണ്ട് നിനക്ക് എന്തെങ്കിലും തരാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അടുത്ത ദിവസം അമ്മ മരിച്ചു. പക്ഷേ അമ്മയുടെ വാക്കുകൾ ഒരു അനുഗ്രഹമായി തനിക്ക് മാറുകയായിരുന്നുവെന്ന് ചേട്ടൻ പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്. ചേട്ടന് ജീവിതകാലത്ത് ഇന്നുവരെ ഭക്ഷണത്തിന് മുട്ടുവന്നിട്ടില്ല. ഒരു ഭക്ഷണം പോലും കഴിക്കാൻ പറ്റാതെയും വന്നിട്ടില്ല.
അമ്മയുടെ അനുഗ്രഹമാണ് അത്. ചേട്ടൻ ഇന്നും അങ്ങനെയാണ് വിശ്വസിക്കുന്നത്. ചേട്ടന്റെ ജീവിതത്തിലെ തന്നെ മറ്റൊരു സംഭവം കൂടി വിവരിക്കാം. ആശാൻ കളരിയിൽ നിലത്തെഴുത്ത് പഠിച്ചതിന് ശേഷം ചിന്തം വരയ്ക്കുക എന്നൊരു ഏർപ്പാടുണ്ട്. ആശാന് വിശേഷപ്പെട്ട രീതിയിൽ ഭക്ഷണം നല്കുക, വസ്ത്രവും രൂപയും നല്കുക തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമാണ്. ചേട്ടന്റെ മകന്റെ ചിന്തം വരയ്ക്കലിന്റെ സമയത്ത് ചേട്ടൻ ആശാനോട് പറഞ്ഞു, ഇവന് സംസാരിക്കുന്നതിന് അല്പം തടസ്സമുണ്ട്, പറയാനും മടിയുണ്ട്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ആശാൻ അത് മൂളിക്കേട്ടു. എന്തോ അയാൾ ആലോചിച്ചു കൊണ്ടിരുന്നു. ആ സമയം അടുത്തുണ്ടായിരുന്ന അയാളുടെ ഭാര്യ പറഞ്ഞു. നിങ്ങൾ ഒരു ഉരുള ചോറെടുത്ത് അവന്റെ വായിൽവച്ചുകൊടുക്കൂ. ആശാൻ പെട്ടെന്ന് തന്നെ അപ്രകാരം ചെയ്തു. കുട്ടി അത് ചവച്ചരച്ച് കഴിക്കുകയും ചെയ്തു. ആ ഉരുളച്ചോറ് വെറും ഉച്ഛിഷ്ടം മാത്രമായിരുന്നില്ല എന്നതാണ് സത്യം. അതൊരു അനുഗ്രഹമായിരുന്നു. ഗുരുവിന്റെ അനുഗ്രഹം. പിന്നീട് ഞങ്ങൾ അവനെ കാണുന്നത് നല്ലതുപോലെ സംസാരിക്കുന്ന ഒരാളായിട്ടാണ്. ആരുമായും വാഗ്വാദത്തിലേർപ്പെട്ടാലും ഉരുളയ്ക്ക് ഉപ്പേരി എന്ന രീതിയിൽ അവന് മറുപടി പറയാൻ കഴിയുന്നത് ഞങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ട്. ഉചിതമായ സമയത്ത് ജ്ഞാനത്തിന്റെ തികവിൽ അവന് സംസാരിക്കാൻ സാധിക്കുന്നത് അന്ന് ആ ഗുരു അവന് തന്റെപാത്രത്തിൽ ഉരുളച്ചോറെടുത്ത് നല്കി അവനെ അനുഗ്രഹിച്ചതുകൊണ്ടാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഇനി വ്യക്തിപരമായ ഒരു അനുഭവം പറയാം. ചാച്ചൻ മരിക്കാറായി കിടക്കുന്ന സമയം. ചാച്ചന്റെ ശുശ്രൂഷ മുഴുവൻ ഞാനാണ് നിർവഹിച്ചിരുന്നത്. മരണസമയം അടുക്കാറായെന്ന് തോന്നിയപ്പോൾ ചാച്ചൻ ഞങ്ങൾ ഓരോ മക്കളെയായി അരികിലേക്ക് വിളിച്ചുവരുത്തി. ഓരോരുത്തരെയും വ്യക്തിപരമായി അനുഗ്രഹിക്കാനായിരുന്നു അത്. ഓരോ മക്കൾക്കും ഓരോ രീതിയിലുള്ള അനുഗ്രഹമാണ് ചാച്ചൻ നല്കിയത്. എന്നെ അരികിലേക്ക് വിളിച്ചിട്ട് ചാച്ചൻ എന്റെ മടിക്കുത്ത് തൊറുത്തുതന്നു. പിന്നെ ഷർട്ടിന്റെ പോക്കറ്റ് തടവിതന്നു. ചാച്ചൻ എന്താണ് ഉദ്ദേശിക്കുന്നതെന്നോ എന്താണ് ചെയ്യുന്നതെന്നോ എനിക്ക് അപ്പോൾ മനസ്സിലായില്ല. പക്ഷേ അതൊരു അനുഗ്രഹമായിരുന്നുവെന്ന് പിന്നീടാണ് ഞാൻ വേർതിരിച്ചെടുത്തത്. നിന്റെ മടിശ്ശീലയൊരിക്കലും ഒഴിയുകയോ പോക്കറ്റിൽ കാശ് ഇല്ലാതെ വരുകയോ ചെയ്യുകയില്ല എന്നതായിരുന്നു ആ അനുഗ്രഹം. വർഷങ്ങൾ പിന്നീട് എത്രയോ കടന്നുപോയി. ചാച്ചന്റെ അനുഗ്രഹവൃക്ഷം ഫലം ചൂടി എന്റെ തലയ്ക്ക് മുകളിൽ ഇപ്പോഴും നില്ക്കുന്നു.
വി എ തോമസ് കട്ടക്കയം