ഗ്രീൻ ടീപരിചയമുള്ളവർക്കുപോലും ബ്ലൂ ടീ പരിചയമുണ്ടാകണം എന്നില്ല. പക്ഷേ ഇപ്പോൾ സാർവത്രികമായിക്കഴിഞ്ഞിരിക്കുകയാണ് ബ്ലൂ ടീ. സമീപകാലത്തായി ബ്ലൂ ടീയുടെ ഗുണഗണങ്ങൾ പലരും അറിഞ്ഞുതുടങ്ങിയിട്ടുണ്ട്. എന്താണീ ബ്ലൂ ടീ എന്നല്ലേ ?
നീല ശംഖുപുഷ്പമാണ് ബ്ലൂ ടീക്ക് ഉപയോഗിക്കുന്നത്. അതായത് ശംഖുപുഷ്പം ചായ. ഗ്രീൻ ടീയുടെ രുചി ഇഷ്ടമാകാത്തവർക്കും ബ്ലൂ ടീ ഇഷ്ടമാകുമെന്നാണ് അവകാശവാദം. കാരണം ഗ്രീൻ ടീയുടെ കവർപ്പിന് പകരം മധുരമാണ് ബ്ലൂ ടീക്ക്. നിരോക്സികാരകങ്ങളാൽ സമൃദ്ധമാണത്രെ നീലച്ചായ. ആരോഗ്യദായകവും മനോദായകവുമാണ് നീലച്ചായ. മാനസിക സമ്മർദ്ദം അകറ്റുകയും ശ്വസനവ്യവസ്ഥയെ കഫവിമുക്തമാക്കുകയും ചെയ്യുന്നുണ്ട് ഇത്. കഫം, ചുമ,ജലദോഷം, ആസ്തമ എന്നിങ്ങനെയുള്ള അസുഖങ്ങൾ മൂലം വിഷമിക്കുന്നവർ സ്ഥിരമായി ബ്ലൂ ടീ കുടിക്കുന്നത് ശ്വസനവ്യവസ്ഥയുടെ ആരോഗ്യസ്ഥിതി വർദ്ധിപ്പിക്കും.
അമിതവണ്ണം മൂലം വിഷമിക്കുന്നവർക്കും നീലച്ചായ ഗുണം ചെയ്യും. സ്ഥിരമായി നീല ചായ കുടിച്ചാൽ ശരീരഭാരത്തിൽ കുറവ് അനുഭവപ്പെടുമത്രെ. മുടിയുടെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്. ചർമ്മസംരക്ഷണത്തിനും ബ്ലൂ ടീ ഉഗ്രൻ തന്നെ.
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ മനസ്സിന്റെ ആരോഗ്യത്തിനും ബ്ലൂ ടീ അത്യുത്തമമാണ്. മാനസികസമ്മർദ്ദം കുറയ്ക്കാനും ടെൻഷൻ, വിഷാദം എന്നിവയിൽ നിന്ന് മോചിതരാകാനും ബ്ലൂ ടീ പതിവാക്കിയാൽ മതിയത്രെ.