ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ് മഴ. അത് ദൈവത്തിന്റെ കൃപയാണ്. ദൈവകൃപയാണ് മഴയായി പെയ്യുന്നത് എന്നതാണ് എന്റെ വിശ്വാസം. മഴ പെയ്യുമ്പോൾ സംഭവിക്കുന്നത് ഒരു ശുദ്ധീകരണപ്രക്രിയയാണ്. ഭൂമിയെ അത് ഒരമ്മ കുഞ്ഞിനെ കുളിപ്പിച്ച് തോർത്തിയെടുക്കുന്നതുപോലെ കഴുകി വിശൂദ്ധീകരിക്കുന്നു. മഴ പെയ്തതിന് ശേഷം പ്രകൃതിയെ നോക്കിയിട്ടുണ്ടോ.. എന്തു രസമുള്ള കാഴ്ചയാണ് അവിടെ കാണാൻ കഴിയുന്നത്. എല്ലാ മാലിന്യങ്ങളും കഴുകിവെടിപ്പാക്കിയതുപോലെയാണ് പ്രകൃതി അപ്പോൾ കാണപ്പെടുന്നത്. അതുപോലെ ഭൂമിയിലെ മാലിന്യങ്ങളെയെല്ലാം മഴ കഴുകി ശുദ്ധീകരിക്കുന്നു. ചെറിയ ചെറിയ നീർച്ചാലുകളായി രൂപപ്പെട്ട് തോട്ടിലൂടെ, ആറിലൂടെ, നദിയിലൂടെ കായലിലൂടെ കടലിൽ ചെന്നുചേരുന്ന യാത്രാപഥമാണ് മഴയുടേത്. ശുദ്ധജലമാണ് മഴയായി നമുക്ക് പെയ്തിറങ്ങുന്നത്. സൂര്യതാപത്താൽ കടലിൽ നിന്നുയരുന്ന നീരാവി ഏറ്റവും ശുദ്ധീകരിച്ച മഴയായി ഭൂമിയിലേക്ക് തന്നെ പെയ്തിറങ്ങുന്നു. ജലം നമുക്കും പ്രകൃതിക്കും പ്രകൃതിയിലെ സസ്യലതാദികൾക്കും ജീവജാലങ്ങൾക്കും എത്രത്തോളം അത്യാവശ്യമാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് ശുദ്ധമായി പെയ്തിറങ്ങുന്ന മഴയുടെ പ്രാധാന്യം നാം തിരിച്ചറിയുന്നത്.
വേനലിൽ വാടിത്തളർന്നും കരിഞ്ഞുണങ്ങിയും കഴിയുന്ന സസ്യലതാദികൾക്ക് ജീവൻ തിരിച്ചുകിട്ടുന്നത് മഴ പെയ്യുമ്പോഴാണ്. മഴ പെയ്യുന്നതോടെ ഭൂമി പച്ചപ്പ് വിരിക്കുന്നു. പുല്ലുകൾ മുളയ്ക്കുന്നു. വളരുന്നു, സസ്യങ്ങൾ മുളയ്ക്കുന്നു. വൃക്ഷങ്ങൾ വളരുന്നു, മണ്ണിനടിയിൽ ഉറങ്ങുന്ന വിത്തുകൾ ജീവന്റെ നാവ് നീട്ടി പുറത്തേക്ക് വരുന്നു. മലകളിൽ നിന്നും കുന്നുകളിൽ നിന്നും നീരുറവകൾ പൊട്ടിപ്പുറപ്പെടുന്നു. അവ ചെറിയ നീർച്ചാലുകളായി പിന്നീട് അരുവികളായി, നദികളായി വളരുന്നു. മഴ ലഭിക്കുമ്പോഴാണ് വൃക്ഷങ്ങൾ വളരുകയും ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നത്. മനുഷ്യർക്കും ഭൂമിയിലെ സകലജീവജാലങ്ങൾക്കും ഇഴജന്തുക്കളും പക്ഷിപറവജാതികൾ ഉൾപ്പെടെ എല്ലാറ്റിനും ഭക്ഷിക്കാനുള്ളവ ലഭിക്കുന്നത് മഴ പെയ്യുന്നതുവഴിയാണ് വിശ്വപ്രപഞ്ചത്തിന് ആകെയും സൂക്ഷ്മജീവികൾക്കും എല്ലാം മഴ ആഘോഷവും ഉത്സവവും സന്തോഷവുമാണ്.
മഴയിൽ മൊട്ടിട്ട് പൂ വിടുന്ന ചെടികളിലെ പൂന്തേൻ നുകരാൻ പൂമ്പാറ്റകൾ എത്തുന്നത് നോക്കൂ. ഒരു മഴ ഈ ഭൂമിയെ മുഴുവനും ഒരു പച്ചപ്പിൽ പൊതിപ്പിക്കുന്നു. മഴയില്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് ആലോചിക്കുമ്പോഴാണ് സീസൺ തോറും നമുക്ക് കിട്ടുന്ന മഴയുടെ വില തിരിച്ചറിയുന്നത്. ഓരോ സീസണിലും പെയ്യേണ്ട മഴ കൃത്യമായ തോതിൽ പെയ്യാതെ വരുമ്പോൾ അതുണ്ടാക്കാനിടയിലുളള ബുദ്ധിമുട്ടുകളെക്കുറിച്ച് നാം വായിച്ചുകേൾക്കാറുണ്ട്. അപ്പോൾ മഴ തന്നെ പെയ്യാതെ വന്നാലോ.. ദുഷ്ടന്റെയും ശിഷ്ടന്റെയും മേൽ മഴ വർഷിക്കപ്പെടുന്നതായിട്ടാണ് ബൈബിൾ സങ്കല്പം. ഭൂമിയെ നനയ്ക്കാതെ ഒരു മഴയും പെയ്തുതീരുന്നുമില്ല. ഏറ്റവും അധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് നമ്മുടേത്. എന്നിട്ടും ലഭിക്കുന്ന മഴയെ പ്രയോജനപ്രദമായി ഉപയോഗിക്കാൻ നമുക്ക് കഴിയുന്നില്ല.
തോടുകളിൽ ചെക്ക് ഡാമുകളും തടയണകളും പുരയിടങ്ങളിൽ നീർക്കുഴികളും വെള്ളം ഒഴുകിപ്പോകാതെ പിടിച്ചുനിർത്തുവാൻ സഹായിക്കുന്നവയാണ്. ഉയർന്ന സ്ഥലങ്ങളിൽ ആവശ്യമായ നീർക്കുഴികൾ നിർമ്മിക്കുമ്പോൾ അതതു സ്ഥലത്ത് പെയ്തിറങ്ങുന്ന മഴവെള്ളം അതതു സ്ഥലത്ത് തന്നെ താണിറങ്ങുന്നതിനാൽ മലകളിൽ ആവശ്യാനുസരണം വെള്ളം കെട്ടിനില്ക്കുകയും അവിടെ പുതിയ നീരുറവകൾ പൊട്ടിപ്പുറപ്പെടാൻ കാരണമാകുകയും ചെയ്യുന്നു.
എന്റെ പറമ്പിൽ നീർക്കുഴികൾ നിർമ്മിച്ചതുവഴി തൊട്ടയൽവക്കത്തെ കിണറുകളിൽ പോലും ജലനിരപ്പ് വർദ്ധിക്കുകയും വേനലിൽ പോലും വറ്റുന്ന കിണറുകളിൽ വെള്ളം അവശേഷിച്ചതായും അനുഭവത്തിൽ നിന്ന് തന്നെ പറയാൻ കഴിയും. മണ്ണിന്റെ ഉപരിതലത്തിൽ ജലം പിടിച്ചുനിർത്തപ്പെടുന്നതുകൊണ്ടാണ് മണ്ണിൽ നിന്ന് ഉറവകൾ പൊട്ടിപ്പുറപ്പെടുന്നതും എത്ര ഉയർന്ന മലകളിൽ നിന്നും ജലപ്രവാഹങ്ങൾ രൂപപ്പെടുന്നതും. എല്ലാ നദികളും മലമുകളിൽ നിന്നാണ് ആരംഭിക്കുന്നത്. മീനച്ചിലാർ ഉദാഹരണം. മീനച്ചിലാറ്റിൽ വെള്ളമുണ്ടാകണമെങ്കിൽ പൂഞ്ഞാർ- തീക്കോയി-അടുക്കം- അയ്യമ്പാറ തുടങ്ങിയ മലകളിൽ മഴ പെയ്ത് വെള്ളമിറങ്ങണം. പെരിയാറാണ് മറ്റൊരു ഉദാഹരണം. പെരിയാറ്റിൽ വെള്ളം നിറയണമെങ്കിൽ മലയാറ്റൂർ മലഞ്ചെരുവുകൾ കാർമേഘത്തെ തടഞ്ഞുനിർത്തി മഴപെയ്യിക്കണം.
മഴയ്ക്കുംമലകൾക്കും തമ്മിലുള്ള ബന്ധം കൂടിയാണ് ഇവിടെ വ്യക്തമാക്കപ്പെടുന്നത്. ഓരോ പുഴകളിലേക്കും നദികളിലേക്കും വെളളം എത്തിക്കുന്നതിനും മഴ പെയ്യിക്കുന്നതിനുമുള്ള ഉദാഹരണങ്ങളാണ് ഇവയോരോന്നും. കുറവനും കുറത്തിയും എന്നറിയപ്പെടുന്ന മലകളാണ് ഇടുക്കി അണക്കെട്ടിന്റെ അസ്തിവാരമുറപ്പിക്കുന്നതിൽ സഹായകരമായിരിക്കുന്നത്. പ്രകൃതിയിലുള്ള ഓരോ പ്രതിഭാസങ്ങളും പരസ്പരം ബനധപ്പെട്ടാണിരിക്കുന്നത്. ഒന്നുമാത്രമായി ഇവിടെ നിലനില്ക്കുന്നില്ല. ഒന്നിന്റെ അഭാവം മറ്റൊന്നിനെയും പ്രതികൂലമായി ബാധിക്കും. ഒന്ന് സംരക്ഷിക്കപ്പെടുമ്പോൾ മറ്റൊന്നിന്റെയും സുരക്ഷ ഉറപ്പുവരുത്തപ്പെടും. മലകൾ സംരക്ഷിക്കപ്പെടുമ്പോഴേ മഴയുണ്ടാകൂ. മഴയുണ്ടെങ്കിലേ കാർഷികമണ്ഡലം ഫലം തരുകയുള്ളൂ.
കുന്നുകളും മലകളും പർവതങ്ങളും താഴ് വരകളും എല്ലാം കാലാവസ്ഥയിൽ നിർണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്.നീർക്കുഴികൾ നിർമ്മിക്കുന്നതുവഴി തീരപ്രദേശങ്ങളിലെ വെള്ളപ്പൊക്കവും നിയന്ത്രണവിധേയമാക്കാൻ കഴിയും. മണ്ണിൽ പെയ്തിറങ്ങുന്ന മഴവെള്ളത്തെ തടഞ്ഞുനിർത്തി പരമാവധി ഉപയോഗപ്പെടുത്തിയാൽ നമ്മുടെ കൃഷികളിൽ നിന്ന് വളരെ മികച്ച ആദായം ലഭിക്കുകയും കാർഷികമേഖല പുഷ്ടി പ്രാപിക്കുകയും ചെയ്യും. കാർഷിക മേഖല ശക്തമായാൽ വ്യാപാരവും വ്യവസായവുംഎല്ലാം ശക്തമാകും. അതുകൊണ്ട് കാർഷികവ്യവസ്ഥയ്ക്ക് മനുഷ്യജീവിതത്തിൽ അവഗണിക്കാനാവാത്ത സ്ഥാനമുണ്ട്. കർഷകനാണ് രാജ്യത്തിന്റെ നട്ടെല്ല്. മഴ പെയ്തില്ലെങ്കിൽ, വെള്ളം ലഭിച്ചില്ലെങ്കിൽ കാർഷിക മേഖല തകരും. എത്ര സമ്പന്നനാണെങ്കിലും അയാൾക്ക് ജീവൻ നിലനിർത്താൻ വിവിധതരത്തിലുള്ള കാർഷികവിഭവങ്ങൾ ആവശ്യമാണ്. ആ കാർഷികവിളകൾ കൃഷി ചെയ്യണമെങ്കിൽ അനുകൂലമായ കാലാവസ്ഥയും മഴയും മലയും ആവശ്യമാണ്. പക്ഷേ ഇന്ന് ആഴ്ചകളും മാസങ്ങളും കൊണ്ട് മലകൾ ഇടിച്ചുനിരപ്പാക്കുന്നു. കുന്നുകൾ നികത്തപ്പെടുന്നു. മലയും പാറകളും നിമിഷനേരംകൊണ്ട് ഇല്ലാതാക്കിയതിന് ശേഷം അതിവേഗത്തിൽ പാഞ്ഞുപോകുന്ന ടിപ്പറുകളും ടോറസുകളും ലോറികളും ഒരു പ്രകൃതിസ്നേഹിയിൽ ഉണ്ടാക്കുന്ന മുറിവുകൾ വളരെ ആഴത്തിലുള്ളവയാണ്.
മനുഷ്യന്റെ എല്ലുകളും പല്ലുകളും മനുഷ്യന് ആകൃതിയും ബലവും നല്കി സംരക്ഷിച്ചിരിക്കുന്നതുപോലെ കല്ലുകളും പാറകളും മലകളും ഭൂമിക്ക് ആകൃതിയും ബലവും നല്കി ഭൂമിയെ സംരക്ഷിച്ചുനിർത്തുന്നവയാണ്. ഓരോ പ്രദേശങ്ങളെയും താങ്ങിനിർത്തുന്നതിനും മണ്ണിൽ ജലം പിടിച്ചുനിർത്തുന്നതിനും നിമ്ന്നോന്നത സ്ഥലങ്ങളെ അതേരീതിയിൽ നിലനിർത്തുന്നതിനുമെല്ലാം കല്ലുകളുംപാറക്കെട്ടുകളും വലിയ പങ്കാണ് വഹിക്കുന്നത്. പക്ഷേ അത്യാഗ്രഹിയായ മനുഷ്യൻ ഇതൊന്നും മനസ്സിലാക്കാതെയാണ് പാറക്കെട്ടുകളെ തകർത്ത്,കുന്നുകളെും മലകളെയും ഇടിച്ചുനിരത്തി, മണ്ണുംപാറയും കൊണ്ട് സ്വന്തം പോക്കറ്റിൽ പണവുമായി ടിപ്പറുകളിൽ കുതിച്ചുപായുന്നത്.ഈ ഓട്ടത്തിനിടയിൽ കാൽനടയാത്രക്കാരെയോ ഇരുചക്രവാഹനക്കാരെയോ ഇടിച്ചുതെറിപ്പിക്കുന്നതായ വാർത്തകളും കുറവൊന്നുമല്ല. ഒരേ സമയം മനുഷ്യജീവനോടും പ്രകൃതിയോടുമുള്ള അനാദരവാണ് ഇവിടെ പ്രകടമാകുന്നത്. അമേരിക്കയിൽ പോകാനിടയായപ്പോൾ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. അവിടെ ഇരുചക്രവാഹനക്കാർക്കും കാൽനടയാത്രക്കാർക്കും കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ട്. മനുഷ്യജീവന് കല്പിക്കുന്ന വിലയാണ് ഇവിടെ വ്യക്തമാകുന്നത്. പൗരന്റെ വില പൗരബോധമുള്ളവർ തിരിച്ചറിയുന്നു. ഭൂമികുലുക്കങ്ങൾ ഉണ്ടാകുന്നതിന് പിന്നിലെ കാരണവും അശാസ്ത്രീയവും അസാധാരണവുമായ രീതിയിലുള്ള പാറഖനനങ്ങൾ തന്നെയാണ്. ഭൂമിയുടെ സ്വതസിദ്ധമായ ചെരിവിനെയും ആകൃതിയെയും ഇവ പ്രതികൂലമായി ബാധി്ക്കുന്നു. ഇത്തരം സാഹചര്യത്തിലാണ് ഭൂമികുലുക്കം വഴി ഭൂമി തന്റെ ആകൃതി വീണ്ടെടുക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നത്.
ഈ പ്രകൃതിയിൽ ദൈവം സൃഷ്ടിച്ച ഒന്നും വിലയില്ലാത്തതായിട്ടില്ല. ഓരോന്നും ഓരോ രീതിയിൽ വിലയുളളതും പ്രയോജനപ്രദവുമാണ്. പക്ഷേ നാം അവയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് അവയെ വിലയുള്ളതാക്കി മാറ്റുന്നത്. അവയുടെ മഹത്വം തിരിച്ചറിയുകയും അവയ്ക്ക് പിന്നിലെ ദൈവകരം കണ്ടെത്തുകയും ചെയ്തുകഴിയുമ്പോൾ നാമും മഹത്വത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്.
വി എ തോമസ് കട്ടക്കയം