വരാപ്പുഴ അതിരൂപതാധ്യക്ഷനായിരുന്ന ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ സിസ്റ്റർ സുജാത എസ് ഡി യെക്കുറിച്ച് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്. ഷീ ഈസ് ഡിഫറന്റ്. അന്ന് ആർച്ച് ബിഷപ് ഡോ. കല്ലറയ്ക്കൽ പറഞ്ഞത് സിസ്റ്റർസുജാതയുടെ ജീവിതത്തെ സംബന്ധിച്ചുളള കൃത്യമായ നിരീക്ഷണവും അവരുടെ ജീവിതത്തിന്റെ ആകെത്തുകയുമാണെന്ന് സുജാതയെ അടുത്തറിയുന്ന ഏതൊരാളും പറഞ്ഞുപോകും. എന്നും വ്യത്യസ്തയായിരുന്നു സിസ്റ്റർ സുജാത.
ജനിച്ചുവളർന്ന വീട്ടിലും കന്യാസ്ത്രീയായി ജീവിച്ച എസ് ഡി കോൺവെന്റിലും അധ്യാപികയായി സേവനം ചെയ്ത വിദ്യാഭ്യാസകേന്ദ്രങ്ങളിലും പിന്നീട് കന്യാമഠത്തിന്റെ സുരക്ഷിതത്വവും ആദരവും ഉപേക്ഷിച്ച് സഭാധികാരികളുടെയും പരമോന്നത സഭയായ വത്തിക്കാന്റെ അംഗീകാരത്തോടെ സന്യാസജീവിതത്തിന് തുടക്കമിട്ടപ്പോഴുമെല്ലാം ആ വ്യത്യസ്തത സുജാതയെ പൊതിഞ്ഞുനിന്നിരുന്നു. മുണ്ടശ്ശേരി മാസ്റ്ററുൾപ്പടെയുള്ള സാഹിത്യനായകരുടെ സുഹൃത്തും കവിയും അധ്യാപകനുമായിരുന്ന എം. ഒ . അവിരായുടെ മൂന്നു പെൺമക്കളിൽ രണ്ടാമത്തെയാളായിരുന്നു സുജാത. ആൺമക്കളില്ലാത്ത കുടുംബത്തിലെ നെടുംതൂണും ആണുമായിട്ടാണ് അവിരാമാസ്റ്റർ അവളെ വളർത്തിക്കൊണ്ടുവന്നത്. പക്ഷേ കന്യാസ്ത്രീയായി ജീവിക്കാനാണ് മകളുടെ ആഗ്രഹമെന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം തകർന്നുപോയി. അതുകൊണ്ട് തന്നെ വീട്ടുകാരുടെ മുഴുവൻ എതിർപ്പും വാങ്ങിയാണ് സുജാത കന്യാമഠത്തിൽ ചേർന്നത്. അഗതികൾക്കുവേണ്ടിയുളള ശുശ്രൂഷ കാരിസമായി തിരഞ്ഞെടുത്ത എസ് ഡി കോൺവെന്റിലാണ് സുജാത ചേർന്നത്. പക്ഷേ രോഗിശുശ്രൂഷയോ അഗതിസേവനമോ ആയിരുന്നില്ല സുജാതയ്ക്കായി അധികാരികൾ ഏർപ്പെടുത്തിയത്. താരമത്യനേ കന്യാമഠത്തിൽ ചേരുന്ന പെൺകുട്ടികളെക്കാളും പ്രായക്കൂടുതലുമായി മഠത്തിലെത്തിയ സുജാത അവിടെയെത്തുമ്പോൾ അധ്യാപികകൂടിയായിരുന്നു. അതുകൊണ്ടുതന്നെ അധ്യാപികയായി സേവനം തുടരാനാണ് അധികാരികൾ നിർദ്ദേശിച്ചത്. മാത്രവുമല്ല അവിരാമാസ്റ്റർ അപ്പോഴേയ്ക്കും ഗവൺമെന്റ് സർവീസിൽ മകൾക്ക് ജോലി വാങ്ങികൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെ ഗവൺമെന്റ് ഹൈസ്‌ക്കൂളിൽ ആദ്യമായി ജോലിക്കെത്തുന്ന കന്യാസ്ത്രീയായും പിന്നീട് ഹെഡ്മിസ്ട്രസുമായി സുജാതയുടെ സ്‌കൂൾ ജീവിതം കടന്നുപോയി. ഇന്നേ വരെ ഒരു കന്യാസ്ത്രീയും ഗവൺമെന്റ് സ്‌കൂളിൽ ജോലി ചെയ്തിട്ടില്ല എന്നുകൂടി അറിയണം. മാതൃഭൂമി ഉൾപ്പടെയുള്ള പ്രമുഖ ദിനപ്പത്രങ്ങളിൽ അക്കാലത്ത് അതൊരു വിശേഷവാർത്തയായിരുന്നു.
ഇങ്ങനെയൊക്കെ പോകുമ്പോഴും സുജാതയുടെ മനസ്സ് മറ്റൊരു വഴിയെയായിരുന്നു സഞ്ചരിച്ചിരുന്നത്. ഒരു ആശ്രമം സ്ഥാപിക്കണം. ഭാരതീയ സന്യാസിനിയായി ജീവിക്കണം. ആർക്കും എപ്പോൾ വേണമെങ്കിലും കടന്നുവരാവുന്ന വിധത്തിൽ, മണിയടിച്ച് കാത്തുനില്ക്കേണ്ട സാഹചര്യമില്ലാത്ത, വരുന്നവർക്കെല്ലാം തുല്യപ്രാധാന്യം കൊടുക്കുന്ന, ഒരു ആശ്രമം. ഏകാന്തതയിലും ധ്യാനത്തിലും ഈശ്വരാനുഭവം സ്വന്തമാക്കാൻ കഴിയുന്ന ഒരു ജീവിതം. എന്നിട്ടും റിട്ടയർമെന്റ് വരെ സിസ്റ്റർ ക്ഷമയോടെ പ്രാർത്ഥനാപൂർവ്വം അതിന് വേണ്ടി കാത്തിരുന്നു. അതിന് ശേഷം അധികാരികളെ വിവരമറിയിച്ചു.
അനുകൂലമായ മറുപടിയായിരുന്നു ലഭിച്ചത്. അതേതുടർന്ന് ആശ്രമജീവിതം പഠിക്കാനായി കേരളത്തിലും വെളിയിലുമുള്ള നിരവധി ആശ്രമങ്ങളിൽ താമസിക്കുകയും ആശ്രമജീവിതം മനസ്സിലാക്കുകയും ചെയ്തു. താൻ അംഗമായ സഭയിൽ തന്നെ താല്പര്യമുള്ളവർക്കായി ആശ്രമജീവിതത്തിന്റെ ഒരു വിംങ് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. അതിനിടയിൽ എസ് ഡി സമൂഹത്തിന്റെ തൊട്ടടുത്തായി ഒരു ചെറിയ വീട്ടിൽ ഏകാന്തവാസം ആരംഭിക്കുകയും ചെയ്തിരുന്നു. മൗനവ്രതം, പ്രാർത്ഥന, കൃഷിപ്പണി, സസ്യാഹാരം അങ്ങനെയൊരു ജീവിതം. പക്ഷേ ഒരേ വളപ്പിൽ രണ്ടുതരം ജീവിതം സാധ്യമല്ലെന്ന് ഒട്ടും വൈകാതെ തന്നെ സിസ്റ്റർക്ക് മനസ്സിലായി. അപ്പോഴാണ് ഓറിയന്റൽ കോൺഗ്രിഗേഷനുകൾ അംഗങ്ങൾക്ക് അനുവദിക്കുന്ന ബഹിർവാസജീവിതത്തെക്കുറിച്ച് അറിയാൻ ഇടയായതും അതിന് വേണ്ടി സഭാധികാരികൾ വഴി റോമിലേക്ക് അപേക്ഷ അയച്ചതും. രണ്ടുമാസത്തിന് ശേഷം റോമിൽ നിന്ന് അനുവാദം നല്കിക്കൊണ്ട് മറുപടി വന്നു, ചില വ്യവസ്ഥകളോടെ. നിലവിലെ സന്യാസവസ്ത്രം മാറ്റണം.
സിസ്റ്റർ സുജാത എസ് ഡി സന്യാസവസ്ത്രം ഉപേക്ഷിക്കുകയും കാഷായവസ്ത്രം സ്വീകരിച്ചതും അങ്ങനെയാണ് (ആദ്യമായി കാഷായവസ്ത്രം ധരിച്ച് താൻ കാണാൻ പോയത് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ ബിഷപ് മാർ ജെയിംസ് പഴയാറ്റിലിനെ ആണെന്ന് സന്തോഷത്തോടെ സുജാത ഓർമ്മിക്കുന്നു. ബിഷപ് പഴയാറ്റിൽ അവസാനസമയത്ത് സെന്റ് ജെയിംസ് ഹോസ്പിറ്റലിൽ കിടന്ന വേളയിൽ അദ്ദേഹത്തിൽ നിന്ന് അവസാനത്തെ ആശീർവാദം ലഭിച്ച വ്യക്തി താനാണെന്നും ഇതോട് ചേർത്ത് സിസ്റ്റർ സുജാത അഭിമാനിക്കുന്നു).
മൂന്നുവർഷത്തെ ബഹിർവാസജീവിതത്തിന് ശേഷം ഒന്നുകിൽ എസ് ഡിയിലേക്ക് തിരികെ വരുകയോ അല്ലെങ്കിൽ അതേ രീതിയിൽ ജീവിതം തുടർന്ന് ആശ്രമം സ്ഥാപിക്കുകയോ ചെയ്യാം എന്നും വത്തിക്കാൻ നിർദ്ദേശിച്ചിരുന്നു. മൂന്നുവർഷത്തിന് ശേഷം എസ് ഡി കോൺവെന്റിലേക്ക് തിരികെ മടങ്ങാൻ സുജാത തയ്യാറായിരുന്നില്ല. കാരണം അപ്പോഴേയ്ക്കും അനേകം ജീവിതങ്ങളിന്മേൽ ഇടപെടുവാൻ തക്ക ശക്തമായ ഒരു ഉപകരണമായി ദൈവം സുജാതയെ മാറ്റിയിരുന്നു. അനേകരുടെ കണ്ണീരൊപ്പാൻ, അനേകരിലേക്ക് സഹായഹസ്തം നീട്ടാൻ സുജാതയ്ക്ക് കഴിയുകയും ചെയ്തിരുന്നു. അതേ രീതിയിൽ മുന്നോട്ടുപോകാനും ആശ്രമം സ്ഥാപിക്കാനുമായിരുന്നു ആഗ്രഹിച്ചതെങ്കിലും അതിനുളള അനുകൂലപ്രതികരണങ്ങൾ ലഭിക്കുകയുണ്ടായില്ല. അതുകൊണ്ട് ഡിസ്പെൻസേഷൻ വാങ്ങി സുജാത എസ് ഡി കോൺവെന്റിനോട് യാത്രപറഞ്ഞിറങ്ങുകയായിരുന്നു.
2006 ൽ ആരംഭിച്ച ആ ജീവിതം നീണ്ട പതിനാല് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇതിനിടയിൽ പല തിക്താനുഭവങ്ങളും നേരിടുകയുണ്ടായി. വാടകവീടുകൾ കേന്ദ്രീകരിച്ച് മനുഷ്യസേവനം ചെയ്യുന്നതുകൊണ്ട് പല തെറ്റിദ്ധാരണകളും പോലീസ്‌കേസുകൾ പോലും ഉണ്ടായി. പക്ഷേ അതുകൊണ്ടൊന്നും സിസ്റ്റർസുജാത തളർന്നിട്ടില്ല. പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്ന സഹായം അർഹിക്കുന്നവരെക്കുറിച്ചുള്ള വാർത്തകൾ വായിച്ച് അവർക്കാവശ്യമായതെല്ലാം ചെയ്തുകൊടുക്കാനും മറ്റുള്ളവരെ ക്കൊണ്ട് ചെയ്യിപ്പിക്കാനുമായി സഞ്ചരിച്ച ദൂരങ്ങൾക്ക് പരിധികളില്ല. ആത്മകഥ ഉൾപ്പടെ രണ്ടുകൃതികളുടെ കർത്താവുമാണ് സിസ്റ്റർ സുജാത. ആകാശവാണിയിൽ ഒരു കാലത്ത് സ്ഥിരമായി സുഭാഷിതം അവതരിപ്പിക്കാറുമുണ്ടായിരുന്നു. ഇപ്പോൾ പ്രവർത്തനങ്ങൾക്ക് അവധി കൊടുത്ത് പ്രാർത്ഥനയിൽ കഴിയുകയാണ് സിസ്റ്റർ സുജാത.
ബ്രഹ്മമുഹൂർത്തത്തിൽ എണീറ്റ് ഏകാന്തധ്യാനവും പ്രാർത്ഥനയും പിന്നീട വിശുദ്ധ കുർബാനയുംു ജപമാലയും ആരാധനയുമായി സുജാതയുടെ ദിവസങ്ങൾ സ്വച്ഛമായി കടന്നുപോകുന്നു. ശരീരം ദുർബലമാണെങ്കിലും മനസ്സിന് ഇപ്പോഴും കരുത്തുണ്ട്. അതുകൊണ്ടാവാം വർഷങ്ങൾക്ക് മുമ്പേ മനസ്സിൽ കയറിക്കൂടിയ, ഇപ്പോഴും പ്രാര്ത്ഥനാവിചാരമായികൊണ്ടുനടക്കുന്ന സ്നേഹാശ്രമം എന്ന ആശ്രമത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ നഷ്ടപ്പെടുത്താത്തത്. എന്നെങ്കിലുംഅത യാഥാർത്ഥ്യമാകുമെന്ന് സിസ്റ്റർ ഈ പ്രായത്തിലും വെറുതെ സ്വപ്നം കാണുന്നു.
കോൺവെന്റ് ജീവിതം ഉപേക്ഷിച്ച് പുറത്തുപോകുന്നതോടെ ഒരിക്കൽ താൻ അംഗമായിരുന്ന സമൂഹത്തെ അധിക്ഷേപിച്ചും നിറം കലർത്തിയും ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നവർ നമുക്കു ചുറ്റിനുമുണ്ട്. പക്ഷേ അത്തരക്കാർക്കിടയിലും സുജാത വ്യത്യസ്തയാണ്. കേരള ക്രൈസ്തവസഭയെ പിടിച്ചുകുലുക്കിയ പല വിവാദങ്ങൾ അടുത്തയിടെ അരങ്ങേറിയപ്പോഴും സഭയെ അധിക്ഷേപിക്കാൻ ഒപ്പം വരാമോയെന്ന് ചോദിച്ച് ചില ചാനലുകാരും പത്രപ്രതിനിധികളും പ്രലോഭനങ്ങളുമായി സുജാതയെ തേടിയെത്തിയിരുന്നു. അവരോട് നോ പറഞ്ഞ് സൗമ്യതയോടെ ഒഴിഞ്ഞുമാറാനായിരുന്നു സുജാതയുടെ കുടുംബപാരമ്പര്യവും അന്തസും കുലീനതയും പ്രചോദനം നല്കിയത്.
‘ഓരോ ജീവിതങ്ങൾക്കും അതിന്റേതായ വിളിയും ദൗത്യവുമുണ്ട്. എന്റെ വിളി ഇതാണെന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. ആരെയും അധിക്ഷേപിക്കാനോ കുറ്റം പറയാനോ എനിക്ക് താല്പര്യമില്ല’ സിസ്റ്റർ സുജാത പറയുന്നു. ലോറെറ്റോ സന്യാസസമൂഹത്തിന് എന്തെങ്കിലും കുറവുകൾ ഉള്ളതുകൊണ്ടായിരുന്നില്ല സിസ്റ്റർ ആഗ്‌നസ് അവിടം വിട്ടുപോന്നതും പിന്നീട് മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസസമൂഹം സ്ഥാപിച്ച് മദർ തെരേസയായതും. അതുപോലെ എസ്ഡി കോൺവെന്റിന് എന്തെങ്കിലും കുറവുള്ളതുകൊണ്ടായിരുന്നില്ല സിസ്റ്റർ സുജാത അവിടം വിട്ടുപോന്നത്. അത് അവരുടെ വിളിയായിരുന്നു. വിളിക്കുള്ളിലെ വിളി. പക്ഷേ ആശ്രമം സ്ഥാപിച്ചില്ല എന്നതുകൊണ്ട് സിസ്റ്റർ സുജാതയുടെ വിളി വെറുതെയാകുന്നുമില്ല. അനുകൂലമായ സമയത്ത് ദൈവത്തിന് അതിന്റെ പേരിൽ വിശദീകരണം നല്കാനുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, കാത്തിരിക്കാം.
സിസ്റ്റർസുജാതയുമായി സംസാരിച്ച് മടങ്ങിപ്പോരുമ്പോൾ ഡോ. കല്ലറയ്ക്കൽ പറഞ്ഞ ആ വിശേഷണം വീണ്ടും ഓർത്തുപോയി. യേസ് ഷീ ഈസ് ഡിഫറന്റ്.
പക്ഷേ സത്യത്തിലാരും അത് തിരിച്ചറിയുന്നില്ലല്ലോ?