പ്രായമായ ഒരു ബന്ധു കഴിഞ്ഞദിവസം വിളിച്ചപ്പോൾ പറഞ്ഞതാണ് ഇക്കാര്യം. ഭാര്യയ്ക്കും മകനും കോവിഡ് പോസിറ്റീവാണ്. മകളുടെ കുട്ടിയും ഇദ്ദേഹവുമാണ് വീട്ടിലുള്ളത്. കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അയൽക്കാർ ജനാലകൾപോലും തുറക്കാറില്ല. ഒരു അത്യാവശ്യത്തിന് പുറത്തുപോകാൻ സാധിക്കില്ല. സുഹൃത്തുക്കളെന്ന് കരുതിയ ആരും ഇപ്പോൾ വിളിക്കാറില്ല, വരാറില്ല. ഒരു ഓട്ടോ റിക്ഷാ ഡ്രൈവർക്ക് വാട്സാപ്പ് ചെയ്താൽ പുള്ളി സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്ന് ഗെയ്റ്റിൽ വച്ചിട്ടു പോകും.
വേറൊരു ചെറുപ്പക്കാരൻ പങ്കുവച്ച കാര്യം ഇങ്ങനെയാണ്. അവന്റെ അമ്മ ചെറുപ്രായത്തിലേ മരിച്ചുപോയി. ഏക പെങ്ങൾ വിവാഹിതയായി വിദേശത്താണ്. അച്ഛൻ ജോലിസ്ഥലത്തും. കോവിഡ് കാരണം വീട്ടിൽ ഒറ്റയ്ക്കാണ്. മുകളിൽ പറഞ്ഞതുപോലെ സുഹൃത്തുക്കളെന്ന് വിചാരിച്ചിരുന്ന ആരും ഇപ്പോൾ വിളിക്കാറില്ല. പക്ഷേ തൊട്ടയൽവക്കത്തെ അന്യമതസ്ഥരായ ചില സ്ത്രീകൾ ഇടയ്ക്ക് ഫോൺ ചെയ്ത് അന്വേഷിക്കാറുണ്ട്, എന്തെങ്കിലും ആവശ്യമുണ്ടോയെന്ന്. എന്റെ പഴയ ചങ്ങാതിമാരാരും ഈ വഴിയെ വരാത്തത് പോകട്ടെ ഒന്നുവിളിച്ച് അന്വേഷിക്കുകപോലും ചെയ്തില്ലല്ലോയെന്നോർക്കുമ്പോൾ വല്ലാത്ത സങ്കടംതോന്നുന്നു ചേട്ടാ.
പറഞ്ഞുകേട്ട മറ്റൊരു സംഭവം ഇങ്ങനെയാണ്. കോവിഡ് രോഗവിമുക്തനായി തിരികെ ജോലി സ്ഥലത്ത് ചെന്ന ചെറുപ്പക്കാരനെ കണ്ടപ്പോൾ സഹപ്രവർത്തകരും സുഹൃത്തുക്കളും ഓടിയകലുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്ന മേശയ്ക്കൽ അവൻ മാത്രമായി. മനസ്സ് മടുത്ത ആ ചെറുപ്പക്കാരൻ അടുത്ത ദിവസങ്ങളിലൊന്നും ജോലിക്ക് പോയില്ലത്രെ.
സുഹൃദ്ബന്ധങ്ങളിൽ കോവിഡ് ഏല്പിക്കുന്ന ആഘാതത്തെയും വിടവുകളെയും കുറിച്ച് ചിന്തിച്ചുതുടങ്ങിയതിന്റെ ഫലമാണ് സൗഹൃദത്തെ ആസ്പദമാക്കിയുള്ള ഒപ്പത്തിന്റെ ഈ ലക്കം. എല്ലാ സൗഹൃദങ്ങൾക്കും അതിന്റേതായ പരിമിതിയുണ്ട്, കുറവുകളുമുണ്ട്. പക്ഷേ ആത്മാർത്ഥതയുണ്ടെങ്കിൽ, സൗഹൃദപ്പെട്ടത് ശരിക്കും സ്നേഹത്തോടെയും നിസ്വാർത്ഥവുമായിട്ടായിരുന്നുവെങ്കിൽ ആ കുറവുകളെ അവഗണിക്കാവുന്നതേയുള്ളൂ. ഒന്നുനീട്ടിവിളിച്ചാൽ വിളികേട്ട് ഓടിയെത്തുമ്പോൾ തീരേണ്ടതാണ് എല്ലാ പിണക്കങ്ങളും. സൗഹൃദങ്ങളുടെ പേരിൽ മറ്റെ ആളെ കുറ്റപ്പെടുത്താൻ വളരെ എളുപ്പമാണ്. പക്ഷേ ഞാൻ നല്ല സുഹൃത്താണോ എന്ന് ഓരോരുത്തരും കണ്ടെത്തുകയാണ് വേണ്ടത്. മണ്ണിൽ മറഞ്ഞാലും ഭൂമിയിൽ അവശേഷിപ്പിക്കാൻ സൗഹൃദത്തിന്റെ ഒരു വിത്തുണ്ടാവട്ടെയെന്ന ആശംസയോടെ,
സ്നേഹാദരങ്ങളോടെ,
വിനായക് നിർമ്മൽ