സിനിമ അനുഭവവേദ്യമാകാൻ വ്യത്യസ്തമായ ലൊക്കേഷനുകളും സംഘടനങ്ങളും ഐറ്റം ഡാൻസുകളും ഗാനരംഗങ്ങളും വേണമെന്ന് ആരാണ് പറഞ്ഞത്? ഒന്നും വേണ്ട. സിനിമ അനുഭവവേദ്യമാകാൻ ജീവിതം പറയുന്ന ഒരു കഥ മതി. ഹൃദ്യമായ അവതരണം മതി. അതിനുളള ഏറ്റവും പുതിയ ഉദാഹരണമാണ് സി യൂ സൂൺ. മഹേഷ് നാരായണന്റേതായി പുറത്തുവന്ന രണ്ടാമത് സിനിമ. കണ്ടുപരിചയിച്ച സിനിമാക്കാഴ്ചകളിൽ നിന്ന് അമ്പേ വ്യത്യസ്തമാണ് ഈ സിനിമ.
കമ്പ്യൂട്ടർ സ്ക്രീനിലും മൊബൈൽ സ്ക്രീനിലും മാത്രമായിട്ടാണ് സിനിമ മുന്നോട്ടുപോകുന്നത്. അത്യസാധാരണമായ സംഭവ വികാസങ്ങളില്ല. പക്ഷേ പിരിമുറുക്കവും ആകാംക്ഷയുമുണ്ട്. പൊട്ടിച്ചിരിക്കാൻ കഴിയുന്ന കോപ്പുകളില്ല. പക്ഷേ ഹൃദയം അസ്വസ്ഥമാക്കുന്ന ഒരുപിടി സന്ദർഭങ്ങളുണ്ട്. വിദേശജോലി സ്വപ്നം കണ്ട് കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഇറങ്ങിത്തിരിക്കുന്ന ഒരു പെൺകുട്ടി ചെന്നുചാടുന്ന അപകടവും അതിൽ നിന്ന് പുറത്തുകടക്കാൻ അവൾ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ കാതൽ. അതിനു വേണ്ടി അവൾ ചില കള്ളത്തരങ്ങൾ കാണിക്കുന്നുണ്ട്. എങ്കിലും ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നതിനാൽ അതിനെ നിരുപദ്രവകരമെന്നേ പറയാൻ കഴിയൂ.
മറ്റൊരാളായി മാറിക്കൊണ്ടുള്ള ആ വേഷപ്പകർച്ച തന്നെയാണ് അവളെ രക്ഷിക്കുന്നതും. വിദേശത്ത് ജോലിക്ക് പോകുന്ന പെൺകുട്ടികൾ ചെന്നുചാടാൻ സാധ്യതയുള്ള ചില അപകടങ്ങളെക്കുറിച്ചുളള മുന്നറിയിപ്പുകൾ കൂടി ചിത്രം നല്കുന്നുണ്ട്.
ലോക്ക് ഡൗൺ കാലത്ത് ചിത്രീകരിച്ച സിനിമ എന്നതിന്റെ പേരിലായിരുന്നു പ്രേക്ഷകരിലേക്കെത്തുന്നതിന് മുമ്പ് സി യൂ സൂൺ ചർച്ച ചെയ്യപ്പെട്ടത്. ഇപ്പോഴാവട്ടെ ഒരു സിനിമയെ എത്രത്തോളം വ്യത്യസ്തമായി പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ അവതരിപ്പിക്കാം എന്നതിന്റെ പേരിലും. എല്ലാ സിനിമകളും ഇതുപോലൊരു രീതിയിൽ ചിത്രീകരിക്കാം എന്ന് വിചാരിക്കാൻ പാടില്ല. പക്ഷേ ഈ ചിത്രം അവതരിപ്പിക്കാൻ ഇതിലും നല്ല രീതിയില്ലെന്നും നാം മനസ്സിലാക്കണം.
ഫഹദ് ഫാസിൽ, റോഷൻ മാത്യു, സൈജു കുറുപ്പ്, മാലാ പാർവതി, ദർശന എന്നിങ്ങനെ അറിയപ്പെടുന്ന അഞ്ചോ ആറോ മുഖങ്ങൾ മാത്രമേ അഭിനേതാക്കളായുള്ളൂ. സ്ഥലം, കാലം എന്നീ പരിമിതികളെ അതിലംഘിക്കുന്ന വിധത്തിൽ അഭിനയത്തിന്റെ പകർന്നാട്ടങ്ങൾ കൊണ്ടാണ് ഫഹദും റോഷനും ദർശനയും നമ്മെ അമ്പരിപ്പിക്കുന്നത്.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ രണ്ടാമത്തെ ചിത്രത്തിനും പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത് യഥാർത്ഥ സംഭവങ്ങളെ തന്നെയാണ്. ജീവിതവുമായി പുലബന്ധം പോലുമില്ലാത്ത കഥയും കഥാഗതികളും കൊണ്ട് പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്ന ചലച്ചിത്രാഭാസങ്ങളുടെ ഇടയിൽ വ്യത്യസ്തമായ ഈ സിനിമാ പരീക്ഷണത്തിന് എണീറ്റു നിന്ന് കൈയടിക്കാതിരിക്കാൻ വയ്യ.