പത്തുവയസുകാരനായ ജെറിക്ക് രാത്രിയിൽ സുഖമായി ഉറങ്ങാൻ കഴിയുന്നില്ല. പല തവണ വെള്ളം കുടിക്കാനായി എണീല്ക്കും. ഉറക്കത്തിൽ എന്തൊക്കെയോ പുലമ്പും. പേടിച്ചു നിലവിളിക്കും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് മാതാപിതാക്കൾ മകനെയും കൊണ്ട് മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിയത്.
കുടുംബസാഹചര്യങ്ങൾ വിശദമായി കേട്ടുമനസ്സിലാക്കിക്കഴിഞ്ഞപ്പോൾ ജെറിയുടെ ഉറക്കക്കുറവിന്റെയും ഉറക്കത്തിലെ പ്രശ്നങ്ങളുടെയും കാരണം ഡോക്ടർക്ക് മനസ്സിലായി. ജെറിയുടെ മനസ്സിൽ ഉത്കണ്ഠയുണ്ട്, ആശങ്കകളുണ്ട് . അതിന് കാരണമോ മാതാപിതാക്കൾ ഡിവോഴ്സിനെക്കുറിച്ച് തീരുമാനത്തിലെത്തിയിരിക്കുന്നതും. മാതാപിതാക്കൾ വേർപിരിയുകയാണെന്നും ഇനി മുതൽ തനിക്ക് രണ്ടുപേരിൽ ഒരാൾ മാത്രമേയുണ്ടാവുകയുളളൂവെന്നുമുള്ള ചിന്തയാണ് ജെറിയുടെ ഉറക്കത്തെ അപഹരിച്ചത്.
കുട്ടികളുടെ മാനസികാരോഗ്യം ഏറെ മെച്ചപ്പെടുത്താനുള്ള ഒരു മാർഗ്ഗമാണ് ദമ്പതികൾ തമ്മിലുള്ള മാനസികമായ ഐക്യവും സ്നേഹബന്ധവും. മാതാപിതാക്കൾ തമ്മിലുള്ള സ്നേഹം കണ്ടുവളരുന്ന മക്കളിൽ അത് സുരക്ഷിതത്വവും സന്തോഷവും നല്കുന്നുണ്ട്. എന്നാൽ ഇതിന് വിരുദ്ധമായിട്ടുള്ള അനുഭവമാണ് കുടുംബത്തിൽ ഉണ്ടാകുന്നതെങ്കിൽ അത് കുട്ടികളുടെ മാനസികനിലയെ ദോഷകരമായി ബാധിക്കും.
ഭർത്താവിനെ നിരന്തരമായി കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ചെയ്യുന്ന ഒരു അമ്മയെ കണ്ട് വളരുന്ന മകൾ മനസ്സിലാക്കുന്നത് പുരുഷന്മാരെക്കുറിച്ചുള്ളതെറ്റായ ധാരണയാണ്. ഭാര്യയെ നിരന്തരമായി കുറ്റപ്പെടുത്തുകയും അവഗണിക്കുകയും ചെയ്യുന്നത് കണ്ടുവളരുന്ന മകന്റെ മനസ്സിലും രൂപപ്പെടുന്നത് സ്ത്രീയെക്കുറിച്ചുള്ള തെറ്റായ വിചാരങ്ങളാണ്. ഇത്തരം തെറ്റായ വിവരങ്ങളുമായി ഭാവിയിൽ കുടുംബജീവിതം ആരംഭിക്കാൻതുടങ്ങുമ്പോൾ അത് അവരുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കും. പലരുടെയും കുടുംബജീവിതത്തിലുണ്ടാകുന്ന താളപ്പിഴകൾക്കും സ്വഭാവവൈകല്യങ്ങൾക്കും അസ്വാരസ്യങ്ങൾക്കും ഒരു കാരണം കുട്ടികളായിരുന്നപ്പോൾ അവർ കടന്നുപോയ തിക്താനുഭവങ്ങളും സ്ത്രീപുരുഷന്മാരെക്കുറിച്ച് രൂപപ്പെട്ടുവരുന്ന തെറ്റിദ്ധാരണകളുമാണ്. ഭർത്താവിനെ നിരന്തരമായി ചീത്തപറയുന്ന ഒരു ഭാര്യയുടെ മാനസിക നില ഡോക്ടർമാർ അപഗ്രഥനവിധേയമാക്കിയപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞതും ഇതുതന്നെയാണ്. അമ്മ അച്ഛനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും തനിക്ക് ഇഷ്ടമില്ലാത്തത് ഭർത്താവ് ചെയ്യുന്നത് കാണുമ്പോൾ ചീത്തപറയുന്നതും കണ്ടുവളർന്ന മകൾ താനൊരു ഭാര്യയായപ്പോൾ അതേ രീതിയാണ് സ്വീകരിച്ചത്. ഭർത്താവിനെ നിശ്ശബ്ദനാക്കാൻ അമ്മ പ്രയോഗിച്ച രീതികളെല്ലാം മകളും ആവർത്തിച്ചു. ഫലമോ മകളുടെ കുടുംബജീവിതം താറുമാറായി.
കുട്ടിക്കാലത്തെ തിക്താനുഭവങ്ങളിൽ നിന്ന് മുക്തരാകാനും അതിജീവനം നടത്താനും ശ്രമിക്കുന്നവർ വളരെ കുറവാണ്. അച്ഛനും അമ്മയുടെയും ദാമ്പത്യജീവിതത്തിലെ കുറവുകൾ പരിഹരിച്ച് തങ്ങളുടെ ദാമ്പത്യം മനോഹരമാക്കണമെന്ന് തീരുമാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ദമ്പതികൾ കുറവാണെന്ന് കാണാം. പലരും തങ്ങളുടെ മാതാപിതാക്കളുടെ കുടുംബജീവിതത്തിന്റെ തുടർച്ച കൊണ്ടുപോകുന്നു. ഈ തുടർച്ച് അവരുടെ കുടുംബജീവിതത്തിന് ഒരിക്കലും ഗുണം ചെയ്യില്ല. ദമ്പതികൾ തമ്മിലുള്ള പരസ്പരാദരവും സ്നേഹവും പങ്കുവയ്ക്കലും കണ്ടുവളരുന്ന മക്കൾ അത് തങ്ങളുടെ കുടുംബജീവിതത്തിലും ആവർത്തിക്കും.
ജെറിയുടെ അനുഭവത്തിലേക്ക് മടങ്ങിവരാം. ജെറിയുടെ ഉറക്കപ്രശ്നങ്ങൾക്ക് ഡോക്ടർ നിർദ്ദേശിച്ച മാർഗ്ഗം ഇതായിരുന്നു. ജെറിയെ അച്ഛനും അമ്മയും ചേർന്ന് കിടത്തിയുറക്കുക. ഉറക്കത്തിന് മുമ്പ് അവനെ ചുംബിക്കുക. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നുവെന്ന് അവനോട് പറയുക. അച്ഛനും അമ്മയും തന്റെ ഇരുവശങ്ങളിലായികിടക്കുകയും താൻ സ്നേഹിക്കപ്പെടുന്നു എന്ന തിരിച്ചറിവു ഉണ്ടാവുകയും ചെയ്തതോടെ ജെറിയുടെ ഉറക്കപ്രശ്നങ്ങൾ ഇല്ലാതായി.
കുട്ടികൾ ഏറ്റവും അധികം ഭയക്കുന്നത് മാതാപിതാക്കൾ തമ്മിലുള്ള വേർപിരിയലാണ്. അവർക്ക് അച്ഛനെയും അമ്മയെയും വേണം. പക്ഷേ വിവാഹമോചനത്തിൽ അച്ഛനോ അമ്മയോ ആരുടെയെങ്കിലും ഒരാളുടെ കൂടെ മാത്രമേ മക്കൾക്ക് ജീവിക്കാൻ കഴിയൂ. ഇത് മക്കളിൽ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ തീവ്രമാണ്. അച്ഛൻ അമ്മയെയും അമ്മ അച്ഛനെയും ദുഷിച്ചുപറഞ്ഞുകൊടുത്താലും മക്കളുടെ മനസ്സിൽ ചിലപ്പോൾ അച്ഛനും അമ്മയും കാണും. ഇരുവരോടും സ്നേഹം ഉണ്ടായിരിക്കുകയും ചെയ്യും. അച്ഛന്റെ കൂടെ പോണോ അമ്മയുടെ കൂടെ പോണോ എന്ന് കോടതിയിൽ ചോദിച്ചപ്പോൾ എനിക്ക് രണ്ടാളെയും വേണമെന്ന് ഒരു കുട്ടി കരഞ്ഞുപറഞ്ഞതായ ഒരു സംഭവം വക്കീലായ സുഹൃത്തുപറഞ്ഞിട്ടുണ്ട്. പരസ്പരമുളള ഈഗോയുടെ പേരിൽ മാതാപിതാക്കൾ പിരിയുമ്പോൾ തകർന്നുപോകുന്നത് കുഞ്ഞുങ്ങളാണ്. മക്കളെ സ്നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന മാതാപിതാക്കൾ ഒരു കാര്യത്തിൽ തീരുമാനമെടുക്കണം. തങ്ങൾ നല്ല ഭാര്യഭർത്താക്കന്മാരായിരിക്കുമെന്ന്. അല്ലറ ചില്ലറ പിണക്കങ്ങൾ ഇല്ലാത്ത ദമ്പതികൾ കാണുകയില്ലായിരിക്കാം. പക്ഷേ ആ പിണക്കങ്ങൾ മക്കളുടെ മനസ്സിൽ പോറലുണ്ടാക്കാതിരിക്കാൻ അവർ ശ്രദ്ധിക്കണം. ചുരുക്കത്തിൽ മക്കളുടെ മാനസികാരോഗ്യത്തിന് സന്തുഷ്ടകരമായ കുടുംബജീവിതം അത്യാവശ്യം തന്നെ.