അക്രമാസക്തരാകുന്ന പുലികൾ

Date:

spot_img

ചില മുയലുകൾ ഇങ്ങനെയാണ്
പച്ചിലത്തുരുത്തിലൂടെ പാഞ്ഞുവരും
ഉറക്കം തൂങ്ങുന്ന പുള്ളിപ്പുലികൾക്ക് മുന്നിൽ
പ്രലോഭനത്തിന്റെ തിരുമുൽക്കാഴ്ചയാകും
പുലിയൊന്ന് മുരണ്ടു തിരിഞ്ഞുകിടന്നാലും
പോകുവാൻ മുയലിന് മനസ്സില്ല
തൊട്ടുതൊട്ടങ്ങനെ വന്ന്
പുലിയുടെ പുള്ളിയിൽ ചിത്രം വരയ്ക്കും
മൂരി നിവർന്ന്
മൂകതപറ്റി
മരച്ചുവടു മാറിക്കിടന്നാലും
മുയൽ പോവുകയില്ല
അവന്റെ കോമ്പല്ലുകളിലരഞ്ഞരഞ്ഞ്
അന്നനാളത്തിൽ ഞെരിഞ്ഞു കുഴഞ്ഞ്
അവന്റെ ജീവകോശങ്ങളിൽ സംക്രമിച്ച്
കാടിനെ നടുക്കുന്ന ഗർ്ജ്ജനമാകുന്ന
ഒരു നിമിഷത്തെപ്പറ്റി പ്രഭാഷണം നടത്തും
ഭയം സാത്വികമാണെന്ന നാട്ടുനടപ്പിൽ
അവിശ്വാസിയായി നടിക്കും

സംയമത്തിന്റെ ശാന്തതയിൽ
കാറ്റുപിടിക്കുമ്പോൾ
ചില്ലകളുലഞ്ഞ്
അസ്തിത്വത്തിന്റെ അടിവേരുകൾ
ഇളകുമ്പോൾ
അവൻ മുയലിന് നേരെ
അരുമയോടെ കൈനീട്ടും
എന്നാൽ
തൊട്ടുണർത്തിയ രജോഗുണത്തിന്
മുന്നിൽ നിന്നും
നാട്ടുനടപ്പ് തെറ്റിക്കാതെ
പാഴിലകൾക്ക് മുകളിലൂടെ
മുയൽ ഓടിയോടിപ്പോകും

ഉണർന്നു മുറ്റിയ ശൗര്യം  ശമനം കൊള്ളാതെ
പുലിയുടെ കോമ്പല്ലുകൾ രാകി മിനുക്കും
തുറന്ന വായിൽ
നിലയ്ക്കാത്ത ഗർജ്ജനം തൊടുത്തുവെക്കും
കാണുന്ന മാളങ്ങളിലൊക്കെയും
അവൻ നഖങ്ങൾ കൊണ്ട്
ശൗര്യത്തിന്റെ മുദ്രകൾ ചാർത്തും

അങ്ങനെയാണത്രെ ചില പുലികൾ
അക്രമാസക്തരാകുന്നത്.

More like this
Related

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക്...

അവൾ

ഋതുക്കളെ ഉള്ളിലൊളിപ്പിച്ചവൾപച്ചപ്പിന്റെ കുളിർമയുംമരുഭൂമിയുടെ ഊഷരതയുംഉള്ളിലൊളിപ്പിച്ച സമസ്യകണ്ണുകളിൽ വർഷം ഒളിപ്പിച്ചുചുണ്ടുകളിൽ വസന്തംവിരിയിക്കുന്ന മാസ്മരികതവിത്തിനു...
error: Content is protected !!