പ്രിയയുടെ പ്രിയങ്കരി..

Date:

spot_img

കണ്ണൂർ പറശ്ശിനിക്കടവിന്റെ നാട്ടുവഴിയിലൂടെ ചിരിനിലാവ് തെളിയിച്ച് ഒരു സ്‌കൂട്ടി വന്നു നിന്നു. സീറ്റുബെൽറ്റ് പോലെ ചുരിദാറിന്റെ ഷോൾ പരസ്പരം ബന്ധിപ്പിച്ച് ഒരമ്മയും മോളും. അതെ, പ്രിയയും മകൾ മീനാക്ഷിയും.

മാലാഖച്ചിരിയോടെ നിൽക്കുന്ന മീനുവിനെ നോക്കി അമ്മമനസ്സ് പറഞ്ഞു തുടങ്ങി.   മുത്തപ്പന്റെ നാട്ടിലെ പ്ലസ്ടൂക്കാരി പ്രിയക്ക് പതിനെട്ടു വയസ്സിലേ വിവാഹം കഴിഞ്ഞു. താമസിയാതെ നിധിപോലെ പിറന്ന ‘മീനു’വിന് മഞ്ഞപ്പിത്തം പിടികൂടി. കഇഡവിലും ആശുപത്രി വാർഡിലുമായി മാസങ്ങൾ തുടർന്ന ഈ അമ്മയും മോളും പരിയാരം മെഡിക്കൽ കോളേജിന്റെ പടിയിറങ്ങുമ്പോൾ കുഞ്ഞുമീനു ‘അറ്റാക്‌സിക് സെറിബ്രൽ പാഴ്‌സി’ എന്ന ശാരീരികാവസ്ഥയുളള നിലയിലേക്കു മാറുകയായിരുന്നു.

വിധിയുമായുളള ആദ്യ അങ്കം

മീനൂക്കുട്ടിയുടെ രോഗാവസ്ഥ… താളപ്പിഴയോടെ നീങ്ങിയ സ്വകാര്യജീവിതം.. പ്രിയ മടുത്തുതുടങ്ങി.
ആ സമയത്ത് ആത്മഹത്യക്ക്‌പോലും ശ്രമിച്ച പ്രിയയുടെ മനസ്സിലേയ്ക്ക് മുത്തപ്പൻറെ അനുഗ്രഹം പോലെ പച്ചയായ ജീവിതത്തിന്റെ വാതിൽ തുറന്നുകിട്ടി..
മോളെ സമൂഹത്തിന്റെ കണ്ണിലേയ്ക്ക് നന്നായി കാണും വിധം ഒരുക്കിയെടുക്കാനും ആവുംപോലെ ചികിൽസയും ആത്മവിശ്വാസവും കൊടുത്ത് അവളെ നല്ല പേരന്റിങ്ങിലൂടെ നടത്താൻ നിശ്ചയിച്ചുറച്ചു.
അങ്ങനെ നീങ്ങിയ ആ അമ്മയും മോളും ക്രമേണ നാട്ടുകാർക്കും ആരാധകർക്കും കേരളത്തിനുതന്നെ പ്രിയമുളളവരായി. കാരണങ്ങളുടെ പ്രഥമഗണനയിൽ ‘മീനാക്ഷിമീനു 257’ എന്ന ടിക്‌ടോക്ക് ഐഡി പ്രാധാന്യമുള്ളതാണ്.

അമ്മയും മോളും പിന്നെ സ്‌കൂളും

ഇരുണ്ട രാത്രികൾ തീരുന്നു…വെളിച്ചം കുടഞ്ഞ പകലുകൾ അനുഗ്രഹമാകുന്നു… ഉറച്ച പ്രതിരോധവും പ്രതീക്ഷയുമായിനിന്ന പ്രിയയുടെ സ്വപ്‌നങ്ങൾ പൂവണിഞ്ഞു തുടങ്ങി.
പറശ്ശിനിക്കടവ് ഗവ. യൂ പി സ്‌കൂളിലെ ആറാംക്ലാസിലെത്തി നിൽക്കുന്ന മീനുവിപ്പോൾ സെലിബ്രിറ്റിയും,ആരാധകരുടെ സ്വന്തം മിന്നാരവുമാണ്. സഹപാഠികളുടെ കരുതലും ഭിന്നശേഷിക്കാർക്കുളള അദ്ധ്യാപകരുടെ കൃത്യമായ ഇടപെടലുകളും പ്രിയയുടെ നിശ്ചയദാർഢ്യവുമായപ്പോൾ വിധി തോറ്റുതുടങ്ങി.

മുത്തപ്പന്റെ മിന്നാരം ടിക്ടോക്കിലൂടെ

തരിയോളമെങ്കിലും സന്തോഷവും മീനുവിന് അല്പമെങ്കിലും എക്‌സ്‌പോഷർ കിട്ടാനും മാത്രമാണ് പ്രിയ മോളെ ഉൾപ്പെടുത്തിയുളള ഡ്യുയറ്റ് വീഡിയോയിലൂടെ ശ്രമിച്ചത്.എന്നാൽ ടിക്‌ടോക് ആരാധകർ ഈ അമ്മയേയും മോളേയും ഏറ്റെടുത്തു. വളപട്ടണം പുഴയോരവും മീനുവും പ്രിയയുടെ ക്രാഫ്റ്റ് വർക്കുകളും കേരളത്തിന് സുപരിചിതമായി.

ഒരുലക്ഷത്തിപതിനായിരം ഫോളോവേഴ്‌സും മുപ്പത്തിഒന്നുലക്ഷം ലൈക്കുകളുമായി ‘മീനാക്ഷി മീനു257’എന്ന ഐഡി താരപരിവേഷത്തോടെ കുതിച്ചു. ചികിത്സയും സ്‌കൂളും വീടും മാത്രമായി ചുരുങ്ങിയ മീനുവിന്റെ റെഗുലർ ആക്ടിവിറ്റികൾ അത്ഭുതകരമായ മാറ്റത്തോടെ വരുന്നത് പ്രിയ കണ്ടു. കൂടുതൽ സംസാരിക്കാനും നൃത്തം ചെയ്യാനും സന്തോഷം പ്രകടിപ്പിക്കാനും പങ്കുവയ്ക്കാനും മീനു കൂടുതൽ പ്രാപ്തയായി.

പ്രിയയുടെ ക്രാഫ്റ്റും മീനുവിന്റെ ആക്റ്റും

ഫാഷൻ ഡിസൈനറും സ്റ്റിച്ചിങ്ങ് എക്‌സ് പെർട്ടുമായ അമ്മ നൽകിയ ഉടുപ്പകളും ആഭരങ്ങളുമായി മീനു കൂടുതൽ സന്തോഷത്തോടെ സ്വയംപര്യാപ്തതയിലേയ്ക്ക് നടന്നു തുടങ്ങുന്നു. ഒപ്പം സ്പീച്ച് തെറാപ്പിയും നടത്തവും നീന്തൽ പരിശീലനവുമൊക്കെയായി ഈ അമ്മ മകളെ കൂടുതൽ കൂടുതൽ നമ്മളെ പരിചയപ്പെടുത്തി അത്ഭുതപ്പെടുത്തുകയാണ്.

മീനുവാണ് താരം

അസുഖത്തിന്റെ പേര് പറഞ്ഞു സഹതാപം ഇരക്കാതെ, ഡിസേബിലിറ്റിയുടെ സാങ്കേതികത ശരിക്കുമുൾക്കൊണ്ട് ഗുണപരമായ മാറ്റങ്ങൾക്കായി മകളെയും കൂട്ടി ഈ അമ്മ തിരക്കുകളിലാണ്.

‘മീനൂസ് മിന്നാരം’ എന്ന യൂട്യൂബ് ചാനൽ, മീനുവുമൊത്തുളള പുതിയ ഡ്യുയറ്റുകൾ, സ്റ്റിച്ചിങ്ങ് വീഡിയോകൾ, പാട്ട്, നൃത്തം…

അതെ; അതിശയപ്പെടുത്തി ആകാശത്തോളം ഉയരമുളള സ്വപ്‌നങ്ങളുമായി ഒരമ്മയും, മകളും ഇങ്ങനെ നമുക്ക് ചുറ്റും ഉണ്ടെന്നത് അഭിമാനമാണ്.
ഡോക്ടേഴ്‌സും ചുറ്റുമുളളവരും കാൺകേ ഈ അമ്മ ഡിസേബിലിറ്റിയുളള കുഞ്ഞുങ്ങളെ എങ്ങനെ പരിചരിച്ച് മിടുക്കരാക്കാം എന്നതിനെക്കുറിച്ച്  ക്ലാസെടുക്കാനും തുടങ്ങിയിരിക്കുന്നു. ഇങ്ങനെയെങ്കിൽ ഇത്തിരിപ്പോന്ന ജീവിതത്തിന്റെ മുഷിഞ്ഞ അടയാളങ്ങളെ കണ്ണീരും ചിരിയുമായി തോൽപ്പിച്ച ഇവരാണ് സമൂഹത്തിലെ ‘റിയൽ ഹീറോസ്…’

സിബി അമ്പലപ്പുറം

More like this
Related

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക്...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ....

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ...

പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ...
error: Content is protected !!