നരനും നാരിയും നരയും

Date:

spot_img

വടക്കൻ പാട്ടിലെ പാണൻ പാടിനടന്നിരുന്ന സ്ത്രീപുരുഷ സൗന്ദര്യത്തെക്കുറിച്ചുള്ള വർണ്ണനകൾ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും. ഇപ്പോൾ കാലങ്ങൾക്ക് പിന്നിൽ നിന്ന് അതേക്കുറിച്ച് ചിന്തിക്കുമ്പോൾ ചിരിക്കാൻ തോന്നുന്നതും സ്വഭാവികം. ആ സൗന്ദര്യസങ്കല്പങ്ങൾ നമുക്കൊരിക്കലും ഇന്നത്തെ ചുറ്റുപാടിൽ ആസ്വദിക്കാൻ കഴിയുന്ന ഒന്നല്ല തന്നെ. കാലം മാറുന്നത് അനുസരിച്ച് സൗന്ദര്യസങ്കല്പങ്ങൾ മാറിവരും എന്നും മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെയും ഉദാഹരണമാണ് അവയോരോന്നും. പുതിയ കാലത്തെ ഒരു പഠനം പറയുന്നത് സ്ത്രീകൾ മുടിയും താടിയും നരച്ച പുരുഷന്മാരെ കൂടുതലായി ഇഷ്ടപ്പെടുന്നുവെന്നാണ്.  72 ശതമാനം സ്ത്രീകളും നരച്ച പുരുഷന്മാരിലേക്ക് ആകർഷിക്കപ്പെടുന്നുവെന്നാണ് ഈ സർവ്വേ പറയുന്നത്.
ജോർജ് ക്ലൂനെ, ബ്രാഡ് പിറ്റ്, മിലിന്ദ് സോമൻ തുടങ്ങിയവരെയാണ് ഇതിലേക്കായി എടുത്തുദാഹരിക്കുന്നത്.  പ്രായം ചെന്ന് നരയ്ക്കുന്നതും അകാലത്തിൽ നരയ്ക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. പ്രായം ചെന്ന നരച്ചവരെയല്ല ഇവർ ഇഷ്ടപ്പെടുന്നതെന്നും ശ്രദ്ധിക്കണം. അതായത് മുടിയും താടിയും നരച്ചെങ്കിലും യൗവനം കൈമോശം വരാത്തവരും ആരോഗ്യം കുറയാത്തവരുമായവരായിരിക്കണം ഈ നരയന്മാർ. നരച്ച വരെ സ്ത്രീകൾ ഇഷ്ടപ്പെടാൻ കാരണമായിട്ട് പറയുന്നത് അത്തരം പുരുഷന്മാർ സ്ത്രീകളിൽ കൂടുതൽ സുരക്ഷിതത്വവും സംരക്ഷണവും നല്കുന്നു എന്നാണ്.

ഒരുപക്ഷേ തങ്ങളുടെ മനസ്സിലെ പിതൃബിംബത്തോടുള്ള ആദരവും സ്നേഹവുമായിരിക്കാം അവരെ അതിന് പ്രേരിപ്പിക്കുന്നത്. അതുപോലെ പുരുഷന്റെ പക്വതയും ഒരു കാരണമാണ്. നരച്ച മുടി വിവേകത്തിന്റെ അടയാളം എന്നാണല്ലോ വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത്.  

തമിഴ് നടൻ അജിത് നരച്ച മുടിയും താടിയുമായി പ്രത്യക്ഷപ്പെടാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. മലയാള സിനിമയിൽ അങ്ങനെ എടുത്തുപറയാൻ തക്ക വ്യക്തികളുമില്ല. പുരുഷന്മാരെക്കാളേറെ സ്ത്രീകളെയാണ് നര ആകുലപ്പെടുത്തുന്നത്.
പക്ഷേ നര കയറുമ്പോൾ പ്രായമേറുന്നു എന്ന സങ്കടം നമ്മെ മഥിക്കുന്നു. പ്രായത്തെ മറയ്ക്കാൻ നാം നരയ്ക്ക് കറുപ്പിന്റെ കൂട്ടു പിടിക്കുന്നു.

അങ്ങനെ എഴുപതിലും അറുപതിലുമൊക്കെ നാം കറുകറുത്ത കുട്ടപ്പന്മാരായി തല ഉയർത്തിനടക്കുന്നു. മുടി നരച്ച അച്ഛനെ സ്‌കൂളിൽ കൊണ്ടുപോകാൻ നാണക്കേടാണെന്ന് മകൾ പറയുന്ന പരസ്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്.

അതുകൊണ്ട് അഞ്ചുമിനിറ്റു കൊണ്ട് തല കറുപ്പിച്ച് യൗവനം വീണ്ടെടുക്കുന്ന രഹസ്യങ്ങൾ നാം അന്വേഷിക്കുന്നു. എഴുപതിലും സുന്ദരന്മാരായി നടക്കുന്ന സൂപ്പർതാരങ്ങളെ നാം അസൂയയോടെ നോക്കുന്നു. അവരെയൊന്നും പ്രായം പിടിക്കുന്നില്ലല്ലോയെന്ന് വേവലാതിപ്പെടുന്നു.

നര സ്വഭാവികമാണ്. പ്രകൃതിദത്തവുമാണ്. ഒരു കാലം കഴിയുമ്പോൾ പച്ചിലകൾ പഴുക്കും. പഴുത്തവ ഉണങ്ങും. ഇതുപോലെ തന്നെയാണ്  മനുഷ്യജീവിതത്തിലെ നരയും.   ആ കാലത്തെ അതേപടി അംഗീകരിക്കാൻ നമുക്ക് കഴിഞ്ഞാൽ അത് വലിയൊരു കാര്യമാണ്. തല വെളുത്താലും മനസ്സ് കറുപ്പിക്കാതിരിക്കുക.

More like this
Related

രണ്ടു ചായക്കടക്കാർ

കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ വൈറലായ രണ്ടുപേരെ പരിചയപ്പെടാം. അനശ്വര എന്ന...

കർക്കടകത്തെ അറിയാം

കർക്കടകം എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് കർക്കടക ചികിത്സയും  കർക്കടക...

‘എൻജോയ് എൻജാമി’ മലയാളി പാടാത്ത റാപ്

എത്ര രസകരമാണെന്നോ ആ പാട്ട്? പക്ഷേ, പശ്ചാത്തലമറിഞ്ഞാൽ നെഞ്ചിലൊരു ഒപ്പീസിന്റെ സങ്കടമഴ...

കലയെ പേടിക്കണം

അതെ അതാണ് ചോദ്യം. കലയെ, കലാരൂപങ്ങളെ, എഴുത്തിനെ പേടിക്കേണ്ടതുണ്ടോ. കലയും വ്യത്യസ്തങ്ങളായ...
error: Content is protected !!