അപ്പ ആരാ അപ്പേ?

Date:

spot_img

കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ മകൻ അടുത്തുവന്ന് കിടന്നു. പിന്നെ നിഷ്‌ക്കളങ്കമായി അവൻ ചോദിച്ചു. അപ്പ ആരാ അപ്പേ? അവന്റെ ചോദ്യം മനസ്സിലാവാതെ ഞാൻ പറഞ്ഞു, മോന്റെ അപ്പ. പറഞ്ഞതിന്റെ തുടർച്ചയായി ഞാൻ പറഞ്ഞു. മോന്റേം താത്തീടേം (മൂത്തമകൻ ഫ്രാൻസിസിനെ അവൻ വിളിക്കുന്നത് താത്തീയെന്നാണ്) അപ്പ. പക്ഷേ എന്റെ ഉത്തരം തെറ്റായതുകൊണ്ട് അവൻ പറഞ്ഞു, അതല്ലപ്പേ, അപ്പ ശരിക്കും ആരാന്നാണ്.

അവന്റെ ഉള്ളിലെന്താണ് എന്ന് എനിക്ക് മനസ്സിലായത് അപ്പോഴാണ്. അതായത് അവൻ അറിയാൻ ആഗ്രഹിക്കുന്നത് എനിക്കെന്തു ജോലിയാണ് എന്നാണ്. അവന്റെ അമ്മയ്ക്ക് എന്താണ് ജോലി എന്ന് അവനറിയാം. കാരണം അവന്റെ അമ്മ രാവിലെ  പോകുന്നു. വൈകുന്നേരം തിരികെവരുന്നു. അടുക്കളയിൽ പാചകം ചെയ്യുന്നു. പക്ഷേ അവന്റെ അപ്പനായ ഞാൻ ജോലി എന്ന് പറഞ്ഞ് രാവിലെ വീടുവിട്ടുപോകുന്നില്ല. വൈകുന്നേരം തിരികെയെത്തുന്നുമില്ല. പകരം ദിവസത്തിന്റെ കൂടുതൽ മണിക്കൂറും വീട്ടിൽ. രാവിലെ അവൻ ഉറക്കമുണർന്ന് എണീല്ക്കുമ്പോഴും രാത്രി കിടക്കാൻ പോകുമ്പോഴും കാണുന്നത് ലാപ്പ്ടോപ്പുമായി ഇരിക്കുന്ന എന്നെയാണ്.  

മിഠായി മേടിക്കാനും സ്‌കൂൾ ഫീസും കൊടുക്കാനും കാശു വേണം  എന്ന് അവനറിയാം. മരുന്ന് മേടിക്കണമെങ്കിലും പിറന്നാളിന് കേക്കു മേടിക്കണമെങ്കിലും കാശ് വേണം. ജോലി ചെയ്താലേ കാശു കിട്ടൂ എന്നും അവനറിയാം. ഞാനാണ് എല്ലാറ്റിനും കാശു ചെലവാക്കുന്നതെന്നും അവനറിയാം. കാരണം അവന്റെ അമ്മ പറഞ്ഞു അവൻ കേട്ടിട്ടുണ്ട്, അപ്പേടെ കൈയിലേ കാശുള്ളൂവെന്ന്. ജോലി ചെയ്താലേ കാശു കിട്ടൂ എന്നും അവനറിയാം. പക്ഷേ അവന്റെ അപ്പ ജോലിക്കായി പുറത്തുപോകുന്നില്ല.

എന്നാൽ വീട്ടിലെ കാര്യങ്ങൾ വേണ്ടവിധം നടക്കുന്നുമുണ്ട്. അതെങ്ങനെ ശരിയാകും? അതുകൊണ്ടാണ് അവന്റെ മനസ്സിൽ അങ്ങനെയൊരു സംശയം ഉടലെടുത്തത്. ഞാൻ ആരാണ്? ഞാൻ ശരിക്കും എന്താണ് ചെയ്യുന്നത്?  പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല ഇപ്പോഴത്തെ കുട്ടികൾ തങ്ങളുടെ വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമൊക്കെ എത്രയധികമായിട്ടാണ് ചിന്തിച്ചുവച്ചിരിക്കുന്നത് എന്ന് പറയാനാണ്.

മുതിർന്നവർ വിചാരിക്കുന്നതിലും അപ്പുറമാണ് കുട്ടികളുടെ ചിന്തകൾ. അവർ എല്ലാം മനസ്സിലാക്കുന്നു. എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുന്നു.  എല്ലാം നിരീക്ഷിക്കുന്നു. മുതിർന്നവരുടെ പെരുമാറ്റങ്ങൾ, മറ്റുള്ളവരോടുളള ഇടപെടലുകൾ. സംസാരങ്ങൾ. പക്ഷേ മനസ്സിലാക്കിയത് മുഴുവൻ അവർ തുറന്നുപറയണമെന്നില്ല.
ചിലപ്പോൾ മനസ്സിലാക്കുന്നത് പൂർണ്ണമായും ശരിയായിരിക്കണമെന്നുമില്ല. എപ്പോഴും തുറന്നുപറയണമെന്നുമില്ല. അനുകൂല സാഹചര്യങ്ങളിൽ.

അവർ ചിലപ്പോൾ തങ്ങളുടെ ഉള്ളിലെ സംശയങ്ങൾ ചോദിച്ചേക്കാം. അത്തരം ചോദ്യങ്ങൾക്ക് മുമ്പിൽ അവരെ തൃപ്തിപ്പെടുത്തുന്ന സത്യസന്ധമായ മറുപടികൾ പറയാൻ നമുക്ക് കഴിയണമെന്ന് മാത്രം. ഞാൻ എന്താണ് ചെയ്യുന്നതെന്നും എന്താണ് എന്റെ ജോലിയെന്നും ഞാൻ അവന് പറഞ്ഞുകൊടുത്തു. അത് എത്രത്തോളം അവൻ മനസ്സിലാക്കിയെന്ന് എനിക്കറിയില്ല. പക്ഷേ അവന്റെ ചോദ്യം എന്നെ അമ്പരപ്പിച്ചു കളഞ്ഞു. അപ്പ ആരാണ് അപ്പേ? ഓരോ മക്കളുടെയും അവകാശമാണ് ആ ചോദ്യം. അവരുടെ അച്ഛനും അമ്മയും ആരാണെന്നും എന്താണെന്നും അറിയാൻ അവർക്ക് അവകാശമുണ്ട്.

വിക്രമാദിത്യൻ എന്ന ലാൽ ജോസ് സിനിമ ലോക്ക് ഡൗൺ കാലത്താണ് കണ്ടത്. അതിൽ ആദിത്യൻ കരുതുന്നത് അവന്റെ അച്ഛൻ പോലീസാണെന്നാണ്. പക്ഷേ ജീവിതത്തിലെ ഒരു പ്രത്യേക സന്ദർഭത്തിൽ അവന്റെ കൺമുമ്പിൽവച്ച് ആ നുണ അഴിഞ്ഞുവീഴുന്നു. പോലീസെന്ന് കരുതിയ അച്ഛൻ കള്ളനായിരുന്നു. ആ തിരിച്ചറിവ് അവന്റെ ജീവിതത്തെ വല്ലാതെ മാറ്റിമറിച്ചു. പലവിധ ജോലിക്കാരായ അച്ഛനമ്മമാരായിരിക്കാം നാം ഓരോരുത്തരും.  അല്ലെങ്കിൽ ഓരോ ജോലിയുടെ പേരിലായിരിക്കാം നാം  മക്കളുടെയും കുടുംബത്തിന്റെയും മുമ്പിൽ അറിയപ്പെടുന്നത്.
ഉദാഹരണത്തിന് ഒരു സർക്കാർ ജോലിക്കാരൻ. ആ രീതിയിലാണ് അയാൾ സമൂഹത്തിലും അറിയപ്പെടു്ന്നത്. എന്നാൽ അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ അയാൾ കൈക്കൂലി കേസിൽ പിടിക്കപ്പെടുമ്പോഴോ അഴിമതി കേസിൽ അകത്താകുമ്പോഴോ മക്കളിൽ അതേല്പിക്കുന്ന ആഘാതം എത്രയോ കനത്തതായിരിക്കും! രാവിലെ ഓഫീസിലേക്ക് പോകുന്ന അമ്മയെ ലോഡ്ജിലെ റെയ്ഡിൽ മറ്റൊരു പുരുഷനൊപ്പം പോലീസ് അറസ്റ്റ് ചെയ്തു എന്നറിയുന്ന മകളുടെ മാനസികാവസ്ഥ എന്തായിരിക്കും? അതുപോലെ വ്യാജവാറ്റിന്റെയും കള്ളനോട്ടടിക്കേസിന്റെയും ഒക്കെ പേരിൽ അച്ഛനമ്മമാർ അറസ്റ്റ് ചെയ്യപ്പെടുമ്പോൾഅതുവരെ മക്കൾ അക്കാര്യം അറിയുന്നില്ലെങ്കിൽ ആ അറസ്റ്റിന് മുമ്പിൽ അവർ തളർന്നുപോകില്ലേ? മക്കളുടെ മുമ്പിൽ നാണക്കേടില്ലാതെ അപമാനപ്പെടാതെ പറയാൻ കഴിയുന്ന ജോലിയാവട്ടെ നമ്മുടെ ഓരോരുത്തരുടെയും.  മകന്റെ ചോദ്യം വീണ്ടും കാതുകളിലെത്തുന്നു. അപ്പ ആരാ അപ്പേ?
ഞാൻ ഇപ്പോൾ ആ ചോദ്യം എന്നോട് തന്നെ ചോദിക്കുന്നു. ഞാൻ ശരിക്കും ആരാണ്? മക്കളറിയാത്ത, കുടുംബം അറിയാത്ത, സമൂഹം മനസ്സിലാക്കാത്ത മറ്റൊരു മുഖം എനിക്കുണ്ടോ?

More like this
Related

കുട്ടികൾ മോഷ്ടിച്ചാൽ…?

മകന്റെ ബാഗ് തുറന്നുനോക്കിയ അമ്മ അതിനുള്ളിൽ കണ്ടത് മകന്റേതല്ലാത്ത ഒരു പെൻസിൽ....

കുട്ടികളുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം

കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ...

കൈയടിക്കാം,കുട്ടികള്‍ക്കു വേണ്ടിയുള്ള നല്ല രണ്ട് തീരുമാനങ്ങള്‍ക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാര്‍ത്ഥ സമ്പാദ്യം. നാളെയ്ക്കുള്ള ലോകത്തെ കെട്ടിയുയര്‍ത്തുന്നത് അവരാണല്ലോ....

കുട്ടികളെ പ്രതികൂലമായി ബാധിക്കുന്ന ടീവി ദൃശ്യങ്ങള്‍

ടീവി എന്നത് മിതമായി ഉപയോഗിച്ചാല്‍ ഏറെ ഗുണകരമായ ഒന്നാണ്. അമിതമായാല്‍ ഏറെ...
error: Content is protected !!