ആൺകുട്ടികൾക്കും ചില പ്രശ്‌നങ്ങളുണ്ട്

Date:

spot_img

അന്ന് ഹോസ്റ്റലിലെ കുട്ടികൾ സ്‌കൂളിൽ നിന്ന് വന്നപ്പോൾ ഭക്ഷണമുറിയിലേക്ക് പോകാതെ നേരേ എന്റെ അടുത്തേക്കാണ് വന്നത്.  ‘അവർ സ്‌കൂളിൽ എന്തോ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്’, എന്റെ മനസ്സ് മന്ത്രിച്ചു. അധ്യാപകർ അറിയിക്കുന്നതിന് മുമ്പ് നേരിട്ട്  കാര്യം പറഞ്ഞാൽ ശാസനയുടെ കാഠിന്യം കുറയും. അതവർക്കറിയാം. ഇവരെല്ലവരും കൂടെ എന്ത് പ്രശ്‌നമാണ് ഉണ്ടാക്കിയത്? എന്റെ മനസ്സ്  ആകുലപ്പെട്ടു.
കൂട്ടത്തിൽ ഒരുവൻ പറഞ്ഞു തുടങ്ങി…. ‘അച്ചാ ഇന്ന് സ്‌കൂളിൽ ഒരു പ്രശ്‌നമുണ്ടായി.  കളിയുടെ സമയത്ത്   ഒരുത്തൻ എന്നെ തല്ലി. സ്‌കൂൾ വിട്ടപ്പോൾ ഞാൻ അവനോട് പോയി ചോദിച്ചു. സമാധാനത്തിൽ പറഞ്ഞു തീർക്കാൻ ചെന്നതാ. അപ്പോൾ  അതാ അവൻ വെല്ലുവിളിക്കുന്നു. പിന്നെ ചെറിയ ഉന്തും തള്ളുമായി’. അപ്പോൾ സീനിയറിൽ ഒരുവൻ പറഞ്ഞു: ‘ അച്ചാ ഇവനെ തല്ലുന്നതു കണ്ടാൽ ഞങ്ങൾക്ക് നോക്കി നില്ക്കാൻ പറ്റുമോ, ഞങ്ങളും ഇടപെട്ടു പോയി.’

എനിക്ക് കാര്യം മനസ്സിലായി അനിയന്റെ  പ്രശ്‌നത്തിൽ ചേട്ടൻമാർ ഇടപെട്ടതാണ്. എന്താണ് കുട്ടികളോട് ഇപ്പോൾ പറയേണ്ടത്? പലതരം ചിന്തകൾമനസ്സിലൂടെ കടന്നുപോയി. ഒടുവിൽ ഞാൻ പറഞ്ഞത് ഇങ്ങനെയാണ്.

‘സംഭവിക്കാനുളളതൊക്കെ സംഭവിച്ചു ഇനിയൊരു കാര്യം, നിങ്ങളിൽ ഒരുത്തന് ഒരു പ്രശ്‌നം വന്നാൽ ബാക്കിക്കുള്ളവർ കൈയ്യും കെട്ടി നോക്കി നില്ക്കുക ഒന്നും വേണ്ട. പ്രതീക്ഷിക്കാത്ത മറുപടി കേട്ടപ്പോൾ ആ കൗമാരക്കാരുടെ കണ്ണുകളിൽ കലർന്ന ഭാവം ഞാൻ ശ്രദ്ധിച്ചു. തീക്ഷ്ണമായ ഒരു തിളക്കം. ആർപ്പുവിളിച്ചുകൊണ്ടാണ്അന്നവർ  ഭക്ഷണമുറിയിലേയ്ക്ക് പോയത്.

ഞാൻ ചിന്താകുലനായി. തെറ്റായ ഒരു കാര്യമാണോ ഞാനവരെ പഠിപ്പിച്ചത്?  ഇല്ല ഞാൻ തെറ്റൊന്നും പഠിപ്പിച്ചിട്ടില്ല. വഴക്കു പറഞ്ഞിരുന്നുവെങ്കിൽ അതാകുമായിരുന്നു തെറ്റ്. കാരണം പിന്നീടെന്നെങ്കിലും തങ്ങളുടെ കൂട്ടുകാർക്ക് ഒരു പ്രശ്‌നം വരുമ്പോൾ ഇടപെടാൻ അവർ മടിച്ചേനേ. സീനിയർ കുട്ടികളെ രഹസ്യമായി വിളിച്ച്  ജൂനിയർ പയ്യന് അപകടമൊന്നും ഉണ്ടാവാത്ത വിധത്തിൽ നോക്കണമെന്നും ജൂനിയർ പയ്യനോട് എതിരാളിയോട് എത്രയും പെട്ടെന്ന് രമ്യതയിലാവണമെന്നും പിന്നീട് ഞാൻ നിർദ്ദേശിച്ചു. എന്തായാലും കാര്യങ്ങൾക്ക് ശുഭപര്യവസാനമാണുണ്ടായത്.
മറ്റുള്ളവർക്ക്  ഒരു പ്രശ്‌നം വരുമ്പോൾ അതിലിടപെടുക എന്നുള്ളത് ഒരാണിന്റെ നൈസർഗ്ഗിക  ഭാവമാണ്.  പ്രിയപ്പെട്ടവർക്കാണ് പ്രശ്‌നമെങ്കിൽ പറയുകയും വേണ്ട!  കാരണം തന്റെ കൂടെയുള്ളവരുടെ സംരക്ഷകനാണ് ഞാൻ എന്നാണ്  ഓരോ ആൺകുട്ടിയും (പുരുഷനും) ചിന്തിക്കുന്നത്. ആ ഭാവത്തെ തല്ലിത്തകർക്കരുത്. അപ്പന്റെ കൈയ്യിൽ പിടിച്ചു നടക്കുമ്പോൾ നാം അനുഭവിക്കുന്ന ഒരു സുരക്ഷിതത്വമുണ്ടല്ലോ? അത് അന്യം നിന്നു പോകരുത്.

കഠിനമാണ് ഇന്നൊരു ആൺകുട്ടിയുടെ അതിജീവനം. പഠിക്കാൻ അവർക്ക് സ്‌കോളർഷിപ്പുകളില്ല, സംവരണങ്ങളില്ല. ഇനി അഥവാ ഒരു കോളേജിൽ അഡ്മിഷൻ കിട്ടിയാൽ  താമസിക്കാൻ ഹോസ്റ്റലുകളില്ല. എങ്ങനെയെങ്കിലും കഷ്ടപ്പെട്ട്  പഠിച്ച് ജോലി വാങ്ങി വിവാഹം കഴിക്കാൻ  ആഗ്രഹിക്കുമ്പോൾ പെൺകുട്ടികൾക്ക് അവനെ വേണ്ട!  കാരണം പ്രായം കൂടിപ്പോയി.

ഏകദേശം ഇരുപത് വർഷം മുമ്പു വരെ ആൺകുട്ടികളായിരുന്നു എവിടെയും ഒന്നാമതായിട്ടുണ്ടായിരുന്നത്. പക്ഷേ ഇന്ന് പലയിടങ്ങളിൽ നിന്നും ആൺകുട്ടികൾ പിന്മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു പ്രസംഗം പറയാൻ, ദേവാലയത്തിൽ ലേഖനം വായിക്കാൻ, സംഘടനകൾക്ക് നേതൃത്വം വഹിക്കാൻ, പരിപാടികൾ നടത്താൻ എന്നു വേണ്ട എല്ലാക്കാര്യങ്ങൾക്കും മുൻപന്തിയിൽ ഇന്ന് പെൺകുട്ടികളാണ്. കാരണം ശക്തിയുള്ളവരാണ് അവസരങ്ങൾ ആദ്യം പ്രയോജനപ്പെടുത്തുക. അതൊരു പ്രകൃതി നിയമവുമാണ്.

അവസരങ്ങൾ ആണിനും പെണ്ണിനും തുല്യമല്ലേ? ആൺകുട്ടികൾ ഉഴപ്പുന്നതു കൊണ്ടല്ലേ? ലക്ഷ്യമില്ലാതെ പെരുമാറുന്നതുകൊണ്ടല്ലേ? പഠിക്കാത്തതുകൊണ്ടല്ലേ? ഇങ്ങനെ പറയുന്നവരുണ്ട്. അവർ മനസ്സിലാക്കേണ്ട ചില പാഠങ്ങളുണ്ട്. ഒരു പെൺകുട്ടിക്ക് അവളുടെ ശരീരം തന്നെ ഒരു ഗുരുനാഥയാണ്. ജീവിത ലക്ഷ്യം, പക്വത, മധുരമായ സംസാരം, പെരുമാറ്റം ഇങ്ങനെ ഒട്ടനവധി കാര്യങ്ങൾ കൗമാരത്തിലേയ്ക്ക് കടക്കുമ്പോൾ തന്നെ ശരീരം അവളെ പഠിപ്പിക്കും. എന്നാൽ ഒരാൺകുട്ടി ഈ ജീവിത പാഠങ്ങൾ പഠിക്കുക കൗമാരത്തിന്റെ അവസാന ഘട്ടത്തിലാണ് . ഇതവന്റെ ജീവിത ചക്രമാണ്. ഒരുപാട് നാൾ ചിറകിട്ടടിച്ചു വേണം അവന്റെ ആണത്വത്തിന്റെ ചിറകിന് ബലം വെപ്പിക്കാൻ. (ദീർഘ നേരം ചിറകിട്ടടിച്ചാണ്  ഒരു ചിത്രശലഭപ്പുഴു തന്റെ കൂടു പൊളിച്ച് പുറത്തു വരുന്നത്. ചിത്രശലഭത്തിന്റെ ചിറകിന് ബലം വയ്ക്കാൻ പ്രകൃതി ഒരുക്കിയ പാഠം… ചിത്രശലഭം ഇങ്ങനെ ചിറകിട്ടടിക്കുന്നതു കണ്ട്  ദയ തോന്നി ആരെങ്കിലും ആ കൂട് പൊട്ടിച്ചു കൊടുത്താൽ അതിന് പറക്കാനാവില്ല)
എന്നാൽ കാത്തിരിക്കാനുള്ള മനസ് സമൂഹത്തിനോ വീട്ടുകാർക്കോ ഇല്ല. എങ്ങനെയെങ്കിലും അവനെ  ഒരു പെൺകുട്ടിയെപ്പോലെ   ‘നല്ല’ കുട്ടിയാക്കാനുള്ള ആവേശത്തിലാണ് നാം. അതിനുള്ള  എളുപ്പമാർഗ്ഗം അവന്റെ ആണത്വത്തിന്റെ കൂടുകൾ തകർത്ത് അവനെ ഒരു അമ്മക്കുഞ്ഞാക്കി മാറ്റുക എന്നതാണ്. ‘അമ്മക്കുഞ്ഞ് ‘ എന്ന് പറഞ്ഞാൽ അമ്മയുടെ സാരിത്തുമ്പിന്റെ ആവൃതിക്കുള്ളിൽ മാത്രം വട്ടം തിരിയുന്ന ‘പാവം’ ആൺകുട്ടി.   ഇന്നത്തെ  ആൺകുട്ടികളിൽ കുറെപ്പേരെങ്കിലും ഇത് ആസ്വദിച്ചു.  തുടങ്ങിയിരിക്കുന്നു.  അപകടകരമായ ട്രെൻഡാണിത്. എന്നാൽ അതേക്കുറിച്ച് ആരും തന്നെ വേണ്ടത്ര ചിന്തിക്കുന്നില്ലെന്ന് തോന്നുന്നു.

പെൺകുട്ടികളുടെ വളർച്ച തീർച്ചയായും  സന്തോഷകരം തന്നെ. ബലഹീന  ജൻഡറിനെ ശക്തി പ്പെടുത്തുക എന്നത് നമ്മുടെ രാജ്യത്തിന്റെ പോളിസിയുമാണ്. പക്ഷേ ഇന്ന്  കേരളത്തിലെ  വീക്കർ ജൻഡർ (ണലമസലൃ ഏലിറലൃ) ആൺകുട്ടികളാണ്.  അതുകൊണ്ട് ഇനി കുറച്ചു വർഷങ്ങൾ ആൺകുട്ടികളുടെ ശക്തീകരണത്തിനായി പരിശ്രമിക്കണം. അതിന് ആദ്യം ചെയ്യേണ്ടത് അവരെ  അപ്പൻകുഞ്ഞുങ്ങളായി രൂപാന്തരപ്പെടുത്താനുള്ള കർമ്മ പദ്ധതികൾ  യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കാക്കുക എന്നതാണ്.

More like this
Related

ഇങ്ങനെയൊക്കെ നടന്നാൽ മതിയോ?

പഠനം കഴിഞ്ഞ ചെറുപ്പക്കാരോട് മറ്റുള്ളവർ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്.'ജോലിയായില്ലേ?'ചെറിയ ജോലി...

ലക്ഷ്യത്തിലേക്ക് പറന്നുയരുക

മഹത്തായ ഇച്ഛാശക്തി കൂടാതെ വലിയ ജന്മവാസനകൾ ഒരിക്കലും ഫലമണിയുകയില്ല-ഹൊന്നെ റെഡിബാറല പ്ലസ് ടൂ...

വൈകി ഉണരുന്ന, ഉറങ്ങുന്ന യുവത്വം !

ഒരു അച്ഛന്റെ ധർമ്മസങ്കടം ഇങ്ങനെയാണ്.മകന് പ്രായം പത്തിരുപത്തിമൂന്നായി.പക്ഷേ യാതൊരു ഉത്തരവാദിത്തവുമില്ല. ആശുപത്രിയിൽ...

അടുത്തറിയണം കൗമാരത്തെ

ഒരു വ്യക്തിയുടെ ജീവിതത്തിലെ സങ്കീർണ്ണമായ ഘട്ടമാണ് കൗമാരം. ബാല്യത്തിൽ നിന്ന് വിടപറയുകയും...
error: Content is protected !!