കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ. എന്നാൽ ആ വാക്കിന് വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുക എന്നതിനപ്പുറം എത്രയോ അർത്ഥതലങ്ങളുണ്ട് എന്ന് ഓർമ്മപ്പെടുത്തിയത് ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഒരു വാക്കാണ്. ഒന്നര മാസമല്ലേ നിങ്ങളെല്ലാവരും ലോക്ക് ഡൗണായിട്ടുള്ളൂ. ഞാൻ ആറു വർഷമായി ലോക്ക് ഡൗണിലാണ് എന്നതായിരുന്നു ശ്രീശാന്തിന്റെ വാക്കുകൾ.
ക്രിക്കറ്റിനോട് ഇഷ്ടമുള്ള വ്യക്തിയൊന്നുമല്ല. അതുപോലെ ശ്രീശാന്ത് ആരാധ്യപുരുഷനുമല്ല. എന്നിട്ടും ആ വാക്ക് ഉള്ളിൽ തട്ടുന്നതായിരുന്നു. ആ വാക്കിൽ പുറത്തേയ്ക്കുളള എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ട് അകത്തുകഴിയാൻ വിധിക്കപ്പെടുന്ന ഒരു മനുഷ്യന്റെ എല്ലാ വേദനകളും നിസ്സഹായതകളും സങ്കടങ്ങളുമുണ്ടായിരുന്നു. ആത്മരോഷവും ആരോടൊക്കെയോ ഉള്ള വെറുപ്പുമുണ്ടായിരുന്നു. ഒരു പക്ഷേ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ആറേഴ് വർഷത്തോളം ശ്രീശാന്തിന്റേതുപോലെ ലോക്ക് ഡൗണായി കഴിഞ്ഞിരുന്ന ഒരു കാലം ഇപ്പോഴും നഷ്ടബോധം പോലെ ഉളളിൽ തിളയ്ക്കുന്നതുകൊണ്ടാവാം ആ വാക്കുകൾ വല്ലാതെ പൊള്ളിച്ചത്. എഴുതാൻ കഴിവുള്ള ഒരാളെ എഴുതാൻ അനുവദിക്കാതിരിക്കുക, പാടാൻ കഴിവുള്ള ആളെ പാടിക്കാതിരിക്കുക, കളിക്കാൻ അറിയാവുന്നവനെ കളിക്കളത്തിൽ ഇറക്കാതിരിക്കുക.. എത്ര വലിയ ദുര്യോഗമാണ് അത്. പറയുന്ന ന്യായീകരണങ്ങൾ പറയുന്നവരെ മാത്രമേ ബോധിപ്പിക്കുകയുള്ളൂ. ദൈവമാണ് പറയുന്നതെങ്കിൽ പോലും അനുഭവിക്കുന്നവർക്ക് തിരികെ ഉന്നയിക്കാൻ ചില ചോദ്യങ്ങളുണ്ടാവും. അത് സ്വഭാവികവുമാണ്.
ക്രിയാത്മകതയുടെയും സർഗ്ഗാത്മകതയുടെയും ലോകത്തിന് പുറത്തേക്ക് പറക്കാതിരിക്കാനുള്ള ചിറകരിയലാണ് ലോക്ക് ഡൗൺ. നിന്റെ സ്വാതന്ത്ര്യത്തിന് മേൽ മറ്റാരോ ചേർന്നുവയ്ക്കുന്ന പാരതന്ത്ര്യമാണ് ലോക്ക് ഡൗൺ. ലോക്ക് ഡൗൺ എന്ന് പറയുന്നത് മറ്റൊരു തരത്തിൽ വിലക്കാണ്.നിന്റെ സ്വാതന്ത്ര്യത്തിനും കഴിവിനും മീതെ അധികാരികളോ സമൂഹമോ നിയമമോ ചേർത്തു വയ്ക്കുന്ന അരുതുകൾ. പണ്ട് ചലച്ചിത്രനടൻ തിലകനും സംവിധായകൻ വിനയനുമൊക്കെ ചലച്ചിത്രസംഘടനകളും പ്രമാണികളും ചേർന്ന് കല്പിച്ച വിലക്കുകൾ പോലെ. കോവിഡ്കാലത്തെ ലോക്ക് ഡൗണുകൾ മനുഷ്യന്റെ ജീവനും ആയുസിനും നന്മയ്ക്കും വേണ്ടിയായിരുന്നു. എന്നാൽ വ്യക്തിപരമായി ആറേഴു വർഷമായി അനുഭവിച്ച ലോക്ക് ഡൗൺ എന്തു നന്മയാണ് ഉളവാക്കിയതെന്ന് ഇപ്പോൾ വർഷം പലതു കഴിഞ്ഞിട്ടും മനസ്സിലാവുന്നതേയില്ല. അതിന്റെ പേരിൽ ആരോടും വിദ്വേഷമില്ലെങ്കിൽ പോലും.
എത്രയെത്ര ലോക്ക് ഡൗണുകളിലായി കഴിയുന്നവരെക്കുറിച്ചുള്ള ചിന്ത ആരംഭിച്ചത് ശ്രീശാന്തിന്റെ വാക്കുകളിൽ നിന്നായിരുന്നു. ജയിലുകളിൽ കഴിയുന്നവരെക്കുറിച്ചാലോചിക്കൂ. അവർ ചെയ്തത് തെറ്റോ ശരിയോ എന്നല്ല പക്ഷേ പുറംലോകം കാണാതെ ഇഷ്ടമുള്ളത് ചെയ്യാനാവാതെ കഴിയുന്ന അവസ്ഥ എത്രയോ ഭീകരമാണ്. ഒന്നോ രണ്ടോ മാസം പുറത്തേയ്ക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിന് ചങ്ങല വീണപ്പോൾ നാം തുടക്കത്തിൽ എത്രയോ അസ്വസ്ഥരായി… പിന്നെ ഒരു വേള പഴക്കമേറിയാലിരുളും വെളിച്ചമായി വരും എന്ന് പറയുന്നതുപോലെ ആ വിലക്കിനോട് നാം മനസ്സില്ലാ മനസ്സോടെ പൊരുത്തപ്പെട്ടുവെന്ന് മാത്രം. അങ്ങനെയൊരു തടങ്കലിൽ കഴിയുമ്പോഴും നമുക്ക് ശുഭപ്രതീക്ഷയുണ്ടായിരുന്നു ഇന്നല്ലെങ്കിൽ നാളെ ഈ വിലക്ക് നീങ്ങുമെന്നും നമുക്ക് സ്വാതന്ത്ര്യം തിരികെ കിട്ടുമെന്നും. പക്ഷേ അത്തരമൊന്ന് സ്വപ്നം പോലും കാണാൻ കഴിയാത്തവരും നമ്മുടെ ചുറ്റുവട്ടങ്ങളിൽ ഇല്ലേ. ഉടൽ തളർന്നുപോയവർ. കട്ടിലിൽ ഇനിയുളള ആയുസു മുഴുവൻ ജീവിക്കാൻ വിധിക്കപ്പെട്ടവർ. പ്രായമെത്തിയിട്ടൊന്നുമല്ല. ബഷീറിന്റെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ ജീവിതം യൗവനതീക്ഷണമായ സമയത്തുതന്നെ. തങ്ങൾ എണീറ്റ് നടക്കുന്നത് ഒരു അത്ഭുതമായി കൂടി അവർക്ക് ചിന്തിക്കാൻ കഴിയുന്നതേയില്ല. വാർദ്ധക്യത്തിന്റെ ലോക്ക് ഡൗണിൽ കഴിഞ്ഞുകൂടുന്നവരുമില്ലേ നമ്മുടെ വീടുകളിൽ തന്നെ. സ്വന്തം യൗവനം ചോർന്നുപോയി. ഇനി കരുത്തുള്ള ഒരു കരം പിടിച്ചുമാത്രം മുന്നോട്ടുനീങ്ങാൻ കഴിയുന്നവർ. മനസ്സ് എത്തുന്നിടത്ത് കാലെത്താത്തതിൽ വേദനിക്കുന്നവർ…നിരാശപ്പെടുന്നവർ… ഇനിയൊരു ലോക്ക് ഡൗൺ പിൻവലിക്കൽ അവരുടെ ജീവിതത്തിൽ സംഭവിക്കാനില്ല. മരണം വരെ ലോക്ക് ഡൗൺ തന്നെ.
വിവാഹജീവിതത്തിൽ വ്യാഴവട്ടം പിന്നിട്ടിട്ടും പരസ്പരം മനസ്സിലാക്കാതെയും സ്നേഹിക്കാനാവാതെയും വീടുകളിൽ ദാമ്പത്യം എന്ന കടമ ഗത്യന്തരമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നവരും ഓരോരോ ലോക്ക് ഡൗണുകളിലാണ്. പറഞ്ഞുതീർത്തിട്ട് സ്വന്തം സന്തോഷത്തിലേക്ക് പിരിഞ്ഞുപോകാൻ കഴിയാൻ അവർക്ക് കഴിയാത്തത് ലോക്ക് ഡൗണുകളിൽ പെട്ടുപോയിരിക്കുന്നത് തങ്ങൾ മാത്രമല്ല മക്കളും കൂടിയുണ്ടെന്ന തിരിച്ചറിവുകൊണ്ടാണ്. സ്നേഹിക്കാനാവാതെയും സൗഹൃദപ്പെടാതെയും കഴിയുന്നവരും നിഷേധാത്മകചിന്തകളുടെ തടവറയിൽ സ്വയം തളയ്ക്കപ്പെടുന്നവരുമെല്ലാം ലോക്ക് ഡൗണിൽ കഴിയുന്നവർ തന്നെ.
ലോക്ക് ഡൗണിൽ കഴിഞ്ഞപ്പോഴാണ് സത്യത്തിൽ ജീവിതത്തിലെ സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞത്. അവകാശമെന്നതുപോലെയും അർഹതയുള്ളതുപോലെയും അനുഭവിക്കുന്ന പലതിന്റെയും വില നാം അറിയുന്നില്ല. അത് നിഷേധിക്കപ്പെടുമ്പോൾ മാത്രം നാം അറിയുന്നു, അനുഭവിച്ചുകൊണ്ടിരുന്നവയൊക്കെ എത്രയോ വിലയുളളവയായിരുന്നുവെന്ന്. സ്നേഹിച്ചിരുന്നവരെ ലോക്ക് ഡൗണിലാക്കി കടന്നുകളഞ്ഞവരേ, നഷ്ടസൗഹൃദങ്ങളുടെ തടവറയിൽ വിങ്ങിക്കഴിയുന്നവരേ നിങ്ങളറിയുന്നുണ്ടോ നിങ്ങളെ നഷ്ടപ്പെട്ടവരുടെ വേദനകൾ?