ലോകം മുഴുവന്‍ ഭയത്തിന്റെ നിഴലിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കാരണം മറ്റൊന്നല്ല കൊറോണ തന്നെ. സമ്പന്നരാഷ്ട്രങ്ങള്‍ പോലും അടിപതറി നില്ക്കുന്ന അവസ്ഥ. ലോക പോലീസായ രാജ്യങ്ങള്‍ സഹായം തേടിപ്പോകേണ്ട സാഹചര്യം. ജനങ്ങള്‍ ഭക്ഷണത്തിന് വേണ്ടി അലയുന്നു. മതിയായ ചികിത്സാസൗകര്യങ്ങളില്ലാതെ തെരുവീഥികളില്‍ പോലും ആളുകള്‍ മരിച്ചുവീഴുന്നു. ഇറ്റലിയും സ്‌പെയ്‌നും അമേരിക്കയുമെല്ലാം ഇത്തരം അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നത്. ഇങ്ങനെയൊക്കെയാകുമ്പോഴും ഭാരതത്തിനും വിശിഷ്യ കേരളത്തിനും അഭിമാനിക്കാന്‍ ഏറെയുണ്ട്. രാജ്യം പ്രഖ്യാപിച്ച ലോക്ക് ഡൗണിനോട് ഭൂരിപക്ഷവും ആത്മാര്‍ത്ഥമായി സഹകരിച്ചു എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. വരാനിരിക്കുന്ന വിപത്തിനെക്കുറിച്ച് മുന്‍ധാരണകള്‍ നല്കാന്‍ മാധ്യമങ്ങള്‍ക്കും ഭരണകൂടത്തിനും കഴിഞ്ഞതും നിസ്സാരകാര്യമല്ല.
സ്‌പെയ്ന്‍ പോലെയുള്ള രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് വേണ്ടത്ര അറിവുണ്ടായിരുന്നില്ല എന്നതാണ് അവിടെ ജനങ്ങള്‍ കൂടുതലായി മരിച്ചുവീഴാന്‍ കാരണമായതെന്ന് വാര്‍ത്തയുണ്ടായിരുന്നു. ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് അവര്‍ മുക്തരായിരുന്നില്ല. പാശ്ചാത്യസംസ്‌കാരത്തിന് അനുസരിച്ച് ഹഗുകളും കിസുകളും അവര്‍ ഈ രോഗവ്യാപനത്തിന്റെ കാലത്തും നിര്‍ബാധം പിന്തുടര്‍ന്നു. ബോധപൂര്‍വ്വമായിരുന്നില്ല ഈ ചെയ്തികളെങ്കിലും അതിന് അവര്‍ വലിയ വില കൊടുക്കേണ്ടിവന്നു എന്നതാണ് സത്യം. പക്ഷേ ഇന്ത്യയെ പോലെയുള്ള ദരിദ്രരാജ്യം ഇതില്‍ നിന്ന് വിഭിന്നമായിരുന്നു. തങ്ങളുടെ ജീവന്‍ പോലെ തന്നെ മറ്റുള്ളവന്റെയും ജീവനെ അവര്‍ ആദരിച്ചു. അകലങ്ങളില്‍ അവര്‍ അകലം പാലിച്ചു.
അതുകൊണ്ടൊക്കെ തന്നെയാണ് ഇന്ത്യയില്‍ നിന്ന് ഇതുവരെയും കോവിഡ് 19 മരണങ്ങള്‍ ഭയാകുലമായവിധത്തില്‍ വര്‍്ദ്ധിക്കാത്തത്. കേരളത്തിന്റെ കാര്യം തന്നെയെടുക്കൂ. കേരളത്തില്‍ കോവിഡ് 19 മൂലം മരിച്ചവരെക്കാള്‍ എത്രയോ ഇരട്ടി മലയാളികളാണ് കേരളത്തിന് വെളിയില്‍ വിദേശരാജ്യങ്ങളിലായി മരിച്ചിരിക്കുന്നത്. ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 18 മലയാളികളാണ് ഇപ്രകാരം മരിച്ചിരിക്കുന്നത്. കേരളത്തില്‍ സംഭവിച്ചവയല്ല ഇതെങ്കിലും ഈ മരണങ്ങള്‍ കേരളത്തിന്റെ നഷ്ടങ്ങള്‍ തന്നെയാണ്. ആരോഗ്യപരമായ കാര്യങ്ങളില്‍ അവര്‍ വീഴ്ച വരുത്തിയതുകൊണ്ടായിരിക്കില്ല സാഹചര്യങ്ങളും മറ്റ് വ്യക്തികളുമായിരുന്നിരിക്കാം ഇവര്‍ക്ക് രോഗം പടര്‍ത്തിയതെന്ന് സംശയിക്കാവുന്നതാണ്. മുന്‍ പ്രഖ്യാപിച്ചതനുസരിച്ച് നമ്മുടെ ലോക്ക് ഡൗണ്‍ തീരാന്‍ ഇനി ഒരാഴ്ച മാത്രമേയുള്ളൂ. ലോക്ക് ഡൗണ്‍ തീര്‍ന്നാലും- അറിയില്ല- ആരോഗ്യകാര്യങ്ങളില്‍ നാം മുന്‍കരുതലുകള്‍ എടുത്തേ മതിയാവൂ. അധികാരികള്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ അക്ഷരം പ്രതി അനുസരിച്ചേ മതിയാവൂ. നിയന്ത്രണങ്ങള്‍ വരുത്തിക്കൊണ്ട്
നിയമങ്ങളില്‍ അയവ് നല്കുന്നത് നാം സുരക്ഷിതരാണെന്ന അര്‍ത്ഥത്തിലല്ല. മറിച്ച് ജനങ്ങളുടെ അവശ്യങ്ങള്‍ക്ക് മുടക്കം വരുത്തരുതെന്ന് ഭരണകൂടം ആഗ്രഹിക്കുന്നതുകൊണ്ടാണ്. അത് ഭരണകൂടം നമുക്ക് നല്കുന്ന സൗജന്യമാണ്. അവകാശമല്ല. അതുകൊണ്ട് വരും ദിവസങ്ങളില്‍ നാം കൂടുതല്‍ ജാഗ്രതപുലര്‍ത്തണം. അനാവശ്യമായ യാത്രകളും കൂട്ടം ചേരലുകളും ഒഴിവാക്കണം. സമൂഹവ്യാപനം എന്ന ആശങ്കയെ മുന്നില്‍ കണ്ട് അതൊഴിവാക്കത്തക്കരീതിയിലായിരിക്കണം നാം പ്രവര്‍ത്തിക്കേണ്ടതുംജീവിക്കേണ്ടതും. അതോടൊപ്പം തന്നെ കോവീഡ് വ്യാപനത്തിന്റെ പുതിയ ഘട്ടങ്ങള്‍ ചൈനയില്‍ കണ്ടുതുടങ്ങിയെന്നും മൃഗങ്ങള്‍ക്കും ഇത് പിടിപെടുന്നുണ്ടെന്നുമുള്ള വാര്‍ത്തകളും നാം വായിച്ചു.
രോഗലക്ഷണങ്ങളൊന്നും ഇല്ലാതെ തന്നെ കോവീഡ് പടരുന്നതായും വാര്‍ത്തകളുണ്ട്.സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അഭിമാനിക്കുമ്പോഴും ഇത്തരം വാര്‍ത്തകള്‍ നമ്മുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈ ആശങ്കകള്‍ അസ്ഥാനത്താകുമ്പോള്‍ മാത്രമേ കോവീഡ് കാലത്തില്‍ നിന്ന് നാം യഥാര്‍ത്ഥത്തില്‍ പുറത്തുകടക്കുകയുള്ളൂ. അതുവരെ വിവേകത്തോടും ജാഗ്രതയോടും കൂടി നമുക്ക് വ്യാപരിക്കാം.