കോവിഡ് 19 ആധുനിക ലോകം ഒരുപോലെ ഒന്നിച്ച് ഭയന്ന, ഭയക്കുന്ന ഒരു സംഭവം ഇതുപോലെ മറ്റൊന്നില്ലെന്ന് തോന്നുന്നു. ലോകമഹായുദ്ധങ്ങളെക്കാളും ദോഷഫലങ്ങള്‍ ഉണ്ടാക്കാവുന്ന ഒന്നായി കോവിഡ് മാറിയിരിക്കുന്നു. ഇന്നലെ വരെ മറ്റേതോ ലോകത്ത്, മറ്റേതോ രാജ്യത്ത് ഉണ്ടായതെന്ന മട്ടില്‍ നാം നിഷ്‌ക്രിയരായിരുന്നു. സാര്‍സ് പോലെ ,എബോള പോലെ ചിലരെ മാത്രം പിടിപെടുന്ന ഒന്ന്. അത്രയേ ഉണ്ടായിരുന്നുള്ളൂ നമ്മുടെ ധാരണ. അതുപോലെ പ്രായമായവരെയും രോഗികളെയും മാത്രമാണ് രോഗം പിടിപെടുന്നതെന്നും നമുക്കൊരു വിശ്വാസമുണ്ടായിരുന്നു. ഇറ്റലിയില്‍ ഒരു ദിവസം ആറായിരത്തോളം കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രായമേറിയവരെയാണ് ഇവിടെ കൂടുതലായി രോഗം പിടികൂടിയത്. പക്ഷേ ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പറയുന്നത് ചെറുപ്പക്കാരെയും രോഗം പിടിപെടാമെന്നാണ്. അമ്പതു വയസിന് താഴെയുള്ള നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 30 ശതമാനവും 20 നും 44 നും ഇടയില്‍ പ്രായമുള്ളവരാണ്.
ഇതില്‍ ഇരുപത് ശതമാനം ആശുപത്രിയില്‍ ചികിത്സയിലാണ്. പന്ത്രണ്ട് ശതമാനം തീവ്രപരിചരണവിഭാഗത്തിലും. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്ന അവസ്ഥയിലായിരിക്കുന്നു നമ്മളെന്ന് ചുരുക്കം. ഈ അവസ്ഥയിലാണ് നാളെത്തെ ജനതാ കര്‍ഫ്യൂവിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ടത്. നമ്മുടെ സുരക്ഷ നമ്മുടെ കൈകളില്‍ എന്നതിനൊപ്പം നാം വഴി മറ്റുള്ളവര്‍ക്ക് രോഗം പകരില്ല എന്നാണ് ഈ ദിനാചരണത്തിലൂടെ നാം ഏറ്റുപറയുന്നത്. അലസതയോടെയോ അലക്ഷ്യമായോ നാം ഈ ദിവസത്തെ സ്വീകരിക്കരുത്. ഗവണ്‍മെന്റില്‍ നിന്നും ആരോഗ്യവകുപ്പില്‍ നിന്നും കിട്ടിയിരിക്കുന്ന നിര്‍ദ്ദേശങ്ങളോട് നാം നൂറുശതമാനവും കൂറുപുലര്‍ത്തണം.
ഇത് നാം നമ്മോട് മാത്രമല്ല മറ്റുള്ളവരോടുമുള്ള മാനുഷികതയുടെയും മനുഷ്യജീവന്റെയും ആദരവാണ്. കാരണം കോവിഡിന്റെ ഇന്‍കുബേഷന്‍ പീരിഡ് ഒന്ന് മുതല്‍ 14 ദിവസം വരെയാണ്. ശരീരത്തില്‍ കയറിപ്പറ്റിയാല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ പതിനാലു ദിവസംവരെ എടുത്തേക്കാം. അതിന് മുമ്പുവരെ കോവീഡ് രോഗബാധിതര്‍ സാധാരണക്കാരെ പോലെ തന്നെയാണ്. അതായത് ഇപ്പോള്‍ ഇതെഴുതുന്ന ആളോ ഇതുവായിക്കുന്നവരോ ചിലപ്പോള്‍ രോഗവാഹകരായിരിക്കാം. എന്നാല്‍ നാം അത് അറിയണമെന്നില്ല. ഈ സമയം നമ്മളില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരും. എന്നാല്‍ ഇക്കാര്യം നാം അറിയുന്നതേയില്ല. ഇങ്ങനെ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ നാം മുന്‍കരുതലെടുക്കുന്നതിനുള്ള ഒരു പരിശീലനം മാത്രമാണ് നാളെത്തെ ദിവസം. വരും കാലങ്ങളില്‍ ഉണ്ടാകാവുന്ന വലിയ വിപത്തുകളെ നേരിടാനുള്ള മുന്നൊരുക്കം.
പത്തുവയസില്‍ താഴെയും അറുപത്തിയഞ്ച് വയസിന് മീതെയുമുള്ളവര്‍ പ്രത്യേകമായി ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കെഎസ്ആര്‍ടിസി ബസുകളിലെ യാത്രക്കാര്‍ക്ക് കോവിഡ് 19 ന് എതിരെയുള്ള നിര്‍ദ്ദേശങ്ങള്‍ നല്കിയ ആരോഗ്യപ്രവര്‍ത്തകന്റെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞു.നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി ആറോഗ്യപ്രവര്‍ത്തകരും ഗവണ്‍മെന്റും ഒറ്റക്കെട്ടായി ഇറങ്ങിത്തിരിക്കുമ്പോള്‍ നാം മാത്രമായിട്ടെന്തേ അതിനെ അവഗണിച്ചുകളയുന്നു? കുറ്റകരമായ അനാസ്ഥയാണ് ഇത്. സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ടാ എന്ന് പഴമൊഴിയുണ്ടല്ലോ. അനാവശ്യമായ എത്രയോ ഹര്‍ത്താലുകളും ബന്ധുകളും കക്ഷി ഭേദമന്യേ വിജയിപ്പിച്ചവരാണ് നമ്മള്‍. അങ്ങനെയുള്ള നമുക്ക് ജനതാ കര്‍ഫ്യൂ വിജയിപ്പിക്കാന്‍ നിഷ്പ്രയാസം കഴിയില്ലേ. ജനതാ കര്‍ഫ്യൂ വിജയിക്കട്ടെ.