പരീക്ഷാക്കാലത്തിന്റെ ചൂടിലാണ് എല്ലാവരും. എല്ലായിടത്തും പരീക്ഷകകൾ. പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങണം എന്നതിനെക്കുറിച്ച് പലയിടത്തു നിന്നും നിർദ്ദേശങ്ങളും ക്ലാസുകളും കിട്ടുന്നുമുണ്ട്. എന്നാൽ പരീക്ഷാകാലത്ത് ഭക്ഷണകാര്യങ്ങളിൽ എന്തുമാത്രം ശ്രദ്ധ വേണം എന്ന് എത്രപേർക്കറിയാം? പരീക്ഷയടുക്കുമ്പോൾ ചില കുട്ടികൾ ഭക്ഷണത്തോട് മടുപ്പു കാണിക്കാറുണ്ട്. പരീക്ഷയോടുള്ള പേടിയാണ് ഇതിന് പ്രധാനകാരണം.
പരീക്ഷയടുക്കാറാകുമ്പോഴേയ്ക്കും വിശപ്പുമില്ല ദാഹവുമില്ല ഉറക്കവുമില്ല എന്ന് മക്കളെക്കുറിച്ച് മാതാപിതാക്കൾ പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ? നന്നായി പഠി
ക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് നല്ലരീതിയിൽ ഭക്ഷണം കഴിക്കണം എന്നതും.
പരീക്ഷാകാലയളവിൽ ഭക്ഷണം സൂക്ഷിച്ചുവേണം കഴിക്കേണ്ടത്. അമിതഭക്ഷണം ഒരിക്കലും നല്ലതല്ല. പഠിക്കുന്ന സമയത്ത് ഇടയ്ക്കിടെ കൊറിക്കുന്നതോ എണ്ണപ്പലഹാരങ്ങളോ നല്ലതല്ല. ഫാസ്റ്റ്ഫുഡ്, കോളകൾ, വറുത്തത്, പൊരിച്ചത്, എരിവും പുളിയുമുള്ളത് ഇതൊന്നും പരീക്ഷയുടെ സമയത്ത് കഴിക്കാൻ പറ്റുന്നവയല്ല. മാംസ്യവും ഒഴിവാക്കണം. പകരം ആവിയിലുള്ള ഭക്ഷണമാണ് പ്രഭാതത്തിൽ കഴിക്കേണ്ടത്. ചെറുപഴങ്ങളും പഴവർഗ്ഗങ്ങളും കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളംകുടിയുടെ കാര്യത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല. ധാരാളം വെള്ളം കുടിക്കണം. മാത്രവുമല്ല ഇത് ചൂടുകാലം കൂടിയാണല്ലോ. ക്ഷീണം കുറയ്ക്കാൻ ഇതേറെ സഹായിക്കും.
കൂടാതെ നല്ലതുപോലെ ഉറങ്ങാനും ശ്രദ്ധിക്കണം. ആറുമണിക്കൂറെങ്കിലും പരീക്ഷാക്കാലത്ത് കുട്ടികൾ ഉറങ്ങണം. ഉറങ്ങാതെയിരുന്ന് പഠിച്ചാൽ നല്ലതുപോലെ പരീക്ഷയെഴുതാൻ പലപ്പോഴും കഴിയാറില്ല. പ്രസന്നമായ ഹൃദയവും ആരോഗ്യമുള്ള ശരീരവും പരീക്ഷയ്ക്ക് അത്യാവശ്യമാണെന്ന കാര്യവും മറക്കാതിരിക്കാം. നെഗറ്റീവായ ചിന്തകളും വിചാരങ്ങളും മനസ്സിൽ കൂടൂകൂട്ടാൻ അനുവദിക്കുകയുമരുത്.
വൈകാരികമായ പ്രശ്നങ്ങൾമൂലം ചിലർക്കെങ്കിലും പഠിച്ചാൽ തന്നെ പ്രതീക്ഷിച്ചതുപോലെ പരീക്ഷയെഴുതാൻ കഴിയാറുമില്ല. മക്കളുടെ പരീക്ഷാടെൻഷൻ കൂട്ടത്തക്കവിധത്തിൽ മാതാപിതാക്കൾ സംസാരിക്കുകയോ പെരുമാറുകയോ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.