പരീക്ഷാകാലത്തിന്റെ സമ്മർദ്ദങ്ങളിലൂടെയാണ് നമ്മുടെ ഒട്ടുമിക്ക കുടുംബങ്ങളും കടന്നുപോകുന്നത്. മക്കളെക്കാൾ കൂടുതൽ പരീക്ഷയുടെ പേരിൽ ടെൻഷൻ അനുഭവിക്കുന്നത് മാതാപിതാക്കളാണ്. മാതാപിതാക്കളുടെ ടെൻഷൻ മക്കളുടെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മക്കളെക്കൊണ്ട് അവർക്കാകാവുന്നതിന്റെ കൂടുതൽ നല്കാൻ നിർബന്ധിക്കരുത്. അവരിൽ നിന്ന് പ്രതീക്ഷിക്കുകയുമരുത്. മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാതെപോയതിന്റെ നിരാശയിൽ ആത്മഹത്യ ചെയ്ത കുട്ടികൾ പലരുണ്ടിവിടെ. ആത്മഹത്യ ചെയ്യുന്നില്ലെങ്കിലും താൻ ഒന്നിനും കൊള്ളാത്തതാണ് എന്ന അപകർഷത ചുമന്ന് ജീവിക്കുന്നവരും കുറവൊന്നുമല്ല.
തങ്ങൾക്കാകാവുന്നത് നല്കാൻ മക്കൾ ബാധ്യസ്ഥരാകുമ്പോഴും ഏതെങ്കിലും സാഹചര്യത്താൽ് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല എന്നതിന്റെ പേരിൽ അവരെ എഴുതിത്തള്ളരുത്. അവർ ജീവിതം തുടങ്ങിയിട്ടേയുള്ളൂ. ഇനിയും വിജയിക്കാൻ, പതാക പാറിക്കാൻ അവർക്ക് എത്രയോ അവസരങ്ങൾ കിടക്കുന്നു. അത്തരമൊരു കാഴ്ചപ്പാടോടൂകൂടി മക്കളുടെ വിജയങ്ങളെയും തോൽവികളെയും കാണാൻ ശ്രമിക്കുക.
അനാവശ്യമായി നാം ആരുടെ മേലും ടെൻഷൻ ചുമത്താതിരിക്കുക. വീടും വീടകവും ബന്ധങ്ങളുമെല്ലാം ടെൻഷൻ ഫ്രീയാക്കുക. സമ്മർദ്ദങ്ങളിൽ അടിമപ്പെട്ടുപോകുന്നതുകൊണ്ടാണ് ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ നമുക്ക്കഴിയാതെ പോകുന്നത്. ടെൻഷന് പുറത്തുകടന്ന് ജീവിതത്തിന്റെ സൗന്ദര്യം കാണാനും ആസ്വദിക്കാനും എല്ലാവർക്കും കഴിയട്ടെയെന്ന ആശംസയോടെ,
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്