റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച ഒരു ഭരണാധികാരിയെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. സമാനമായ അവസ്ഥയിലാണോ നമ്മുടെ അധികാരികളെന്നും ഉറക്കെ സംശയിച്ചുപോകുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. സമകാലിക സാഹചര്യം അത്തരമൊരു ചിന്തയിലേക്കും സംശയങ്ങളിലേക്കുമാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.
പറഞ്ഞുവരുന്നത് മറ്റൊന്നിനെയും കുറിച്ചല്ല, ഡല്‍ഹിയെക്കുറിച്ചാണ്. മൂന്നുദിവസമായി ഡല്‍ഹി പുകയുന്നു, അല്ല കത്തുന്നു. ഇതെഴുതുന്ന നിമിഷം വരേയ്ക്കും മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് 27 മരണം സംഭവിച്ചുവെന്നുവാണ്. സ്ഥാപനങ്ങളുടെയും ആരാധനാനാലയങ്ങളുടെയും തകര്‍ച്ചയും അവയ്ക്ക് സംഭവിച്ച നഷ്ടങ്ങളും വേറെ.
ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റതായും അവരില്‍ പലരുടെയും നില ഗുരുതരമാണെന്നും വാര്‍ത്ത പറയുന്നു. ഒമ്പതു പേര്‍ മരിച്ചത് വെടിയേറ്റാണത്രെ. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും സ്ഥിതിഗതികളെ നിയന്ത്രിക്കാന്‍ അധികാരികളാരും രംഗത്തെത്തിയില്ല എന്നതാണ് ഏറെ ഖേദകരം
. രാജ്യതലസ്ഥാനത്താണ് ഈ അക്രമപരമ്പരകള്‍ അരങ്ങേറിയിരിക്കുന്നത്. പ്രധാനമന്ത്രി മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വരെയുള്ളവരിലേക്ക് വിമര്‍ശനത്തിന്റെ വിരല്‍ ചൂണ്ടത്തക്കവിധത്തിലാണ് കാര്യങ്ങള്‍. സമാധാനത്തിന് വേണ്ടി ശ്രമിക്കാനോ കലാപം അടിച്ചമര്‍ത്താനോ കേന്ദ്ര ആഭ്യന്തരമന്ത്രിയോ ഡല്‍ഹി മുഖ്യമന്ത്രിയോ ആരും ശ്രമിച്ചിട്ടില്ല. അക്രമങ്ങള്‍ അഴിഞ്ഞാടുന്നത് കണ്ടില്ലെന്ന് പോലീസും നടിച്ചു. കുറ്റകരമായ അനാസ്ഥയാണ് ഇവയെല്ലാം.
അക്രമം അടിച്ചമര്‍ത്താന്‍ ശ്രമിക്കാതിരിക്കുന്നത് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യം തന്നെയാണ്. മാത്രവുമല്ല ഇവരാരും അക്രമത്തെ അപലപിക്കുക പോലും ചെയ്തിട്ടുമില്ല. പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് കലാപത്തിന് ആഹ്വാനം മുഴക്കിയ രാഷ്ട്രീയ നേതാവിന്റെ വീിഡിയോ പോലും പരക്കെ പരക്കുമ്പോഴും അതിനെതിരെ നടപടികളെടുക്കാത്തത് എന്തുകൊണ്ടാണ്? ഈ നിശ്ശബ്ദതയും നിഷ്‌ക്രിയതയും എല്ലാവരെയും ഭയപ്പെടുത്തുന്നു. അധികാരികള്‍ എന്തേ ഇങ്ങനെ?
ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു ഈ അക്രമമെന്നത് സത്യം. നഷ്ടങ്ങള്‍ ഏറെയുണ്ടായതും അവര്‍ക്ക്തന്നെ. ഇത്തരം തിരിച്ചറിവുകള്‍ മനുഷ്യമനസ്സുകളിലേല്പ്പിക്കുന്ന മുറിവുകള്‍ വലുതാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇതുവഴി മനുഷ്യര്‍ വിഭജിക്കപ്പെടും. അടുത്തുനില്ക്കുന്ന മനുഷ്യനെ മതചിഹ്നങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം സ്‌നേഹിക്കുകയോ ദ്രോഹിക്കുകയോ ചെയ്യുന്ന അവസ്ഥ എത്രയോ ഭീകരമാണ്
. മനുഷ്യത്വത്തെ വിസ്മരിക്കുകയും മതത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന അവസ്ഥഭീകരമാണ്.മ നുഷ്യത്വത്തോടും സാഹോദര്യത്തോടും കൂടിയുള്ള മതമാണ് മനുഷ്യന് വെളിച്ചം നല്കുന്നത്. ഏതു മതത്തിലും സാഹോദര്യവും സന്മസും സ്‌നേഹവും ഇല്ലാതാകുമ്പോള്‍ സംഭവിക്കുന്നത് വെറുപ്പും വിദ്വേഷവും കലാപവും അക്രമവുമാണ്.
കലാപങ്ങളിലേക്ക് ജനങ്ങളെ മനപ്പൂര്‍വ്വം വലിച്ചിഴച്ച് അതില്‍ നിന്ന് രാഷ്ട്രീയമോ അല്ലാതെയോ ഉള്ള ലാഭങ്ങള്‍ കൊയ്യാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അവയെ തിരിച്ചറിയുകയും അതിനെതിരെ നാം ഒറ്റക്കെട്ടായി നിലകൊള്ളുകയും വേണം. ചില രാഷ്ട്രീയപാര്‍ട്ടികളുടെയും ചില തീവ്രവാദഗ്രൂപ്പുകളുടെയും നേരെ അടക്കിപ്പിടിച്ച വിമര്‍ശനങ്ങളും വിരല്‍ചൂണ്ടുകളും ഉയരുന്നതും അവഗണിക്കാവുന്നവയല്ല. അവയിലൊക്കെ സത്യമുണ്ടെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ ഐക്യവും സുസ്ഥിതിയും തകര്‍ക്കാനുള്ള സംഘടിത ശ്രമങ്ങളെ നാം ഏതുവിധേനയും ഒറ്റക്കെട്ടായി തോല്പിക്കേണ്ടിയിരിക്കുന്നു.
ഡല്‍ഹിയില്‍ സമാധാനവും സാഹോദര്യവും ഉറപ്പുവരുത്താന്‍ ഡല്‍ഹിയിലെ സഹോദരന്മാരോടുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന നാം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.
ഡല്‍ഹിയിലെ സമാധാനം ഡല്‍ഹിക്കാരുടെ മാത്രം അവകാശമോ ആവശ്യമോ അല്ല. അത്് ഭാരതജനതയുടെ മുഴുവന്‍ ആവശ്യവും അവകാശവുമാണ്. കാരണം നാളെ ഇന്ത്യയുടെ മറ്റേതെങ്കിലും ഒരു ഭാഗത്ത് ഇതേ വിധത്തില്‍ ഡല്‍ഹി ആവര്‍ത്തിച്ചുകൂടായ്കയില്ല.