ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് ആഭിമുഖ്യമോ പ്രത്യയശാസ്ത്രത്തോട് ചായ് വോ ഇല്ലാത്തവരെയും ഇനി അതല്ല നിഷ്പക്ഷമായി രാഷ്ട്രീയ വിജയങ്ങളെ അപഗ്രഥിക്കുകയും നന്മയുടെ പക്ഷം ചേര്‍ന്ന് ചിന്തിക്കുകയും ചെയ്യുന്ന എല്ലാവരെയും സന്തോഷപ്പെടുത്തിയിരിക്കുന്ന ഒരു വിജയമാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയെടുത്തിരിക്കുന്നത്. രാഷ്ട്രീയവിദ്വേഷവും പകയും കുത്തിവച്ചുംമതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ചും വിജയം നേടാമെന്ന് കൊതിക്കുന്ന ദുര മൂത്ത രാഷ്ട്രീയപോരാളികള്‍ക്ക് കനത്ത പ്രഹരമായി പോയി അരവിന്ദ് കെജ്‌റിവാളിന്റെ വിജയം.
സാധാരണക്കാര്‍ക്ക് വേണ്ടത് രാഷ്ട്രീയമോ അതിന്റെ പേരിലുള്ള ചേരിതിരിവുകളോ അല്ല പ്രയോജനപ്രദമായ വികസനപദ്ധതികളിലൂടെ ജനജീവിതം സുരക്ഷിതമാക്കാന്‍ കഴിയുന്ന ഒരു ഭരണകൂടം മാത്രമാണ്. അടിസ്ഥാനാവശ്യങ്ങള്‍ ഭാരപ്പെടാതെ നിര്‍വഹിക്കപ്പെട്ടുകിട്ടുന്ന സാഹചര്യവും വിലക്കുറവില്‍ അവശ്യവസ്തുക്കള്‍ കിട്ടുന്ന ചുറ്റുപാടുകളുമാണ് ജനങ്ങള്‍ക്ക് വേണ്ടത്.
അവ ലഭിച്ചുകഴിയുമ്പോള്‍ മാത്രമാണ് മറ്റ് പല കാര്യങ്ങളിലേക്കും അവരുടെ ശ്രദ്ധ തിരിയുന്നത്. വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം എന്നിങ്ങനെയുള്ള വിവിധ മേഖലകളില്‍ ചെലവുകുറഞ്ഞ ജീവിതം സമ്മാനിക്കാന്‍ അരവിന്ദ് കെജ്‌റിവാളിന്റെ പിന്നിട്ട ഭരണകാലത്തിന് കഴിഞ്ഞു. ആ നന്മകള്‍ ജനങ്ങള്‍ ഏറ്റുവാങ്ങുകയും അതിനോടുള്ള നന്ദി ഹൃദയത്തില്‍ സൂക്ഷി്ക്കുകയും ചെയ്തു. അതുകൊണ്ടാണ് മൂന്നാം തവണയും അവര്‍ അദ്ദേഹത്തെ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ തൃപ്തരെങ്കില്‍ ഞങ്ങള്‍ക്ക് വോട്ടുചെയ്യുക എന്നതായിരുന്നുവല്ലോ തെരഞ്ഞെടുപ്പുകാലത്തെ പാര്‍ട്ടിയുടെ പ്രചരണങ്ങളിലൊന്ന്. മറ്റ് ബാഹ്യവിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്ന വന്‍ പ്രചരണങ്ങളൊന്നും അവര്‍ നടത്തിയില്ലെന്നാണ് അറിവും.
തങ്ങളുടെ ഭരണത്തെക്കുറിച്ച് അവര്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു എന്നതും സത്യസന്ധതയോടെയും ജനക്ഷേമലക്ഷ്യത്തോടെയുമാണ് ഭരണം നടത്തിയത് എന്നതും ഉറപ്പുള്ളതുകൊണ്ടാണ് അവര്‍ക്ക അങ്ങനെ പറയാന്‍ കഴിഞ്ഞത്. ഇങ്ങനെയൊരു ആഹ്വാനം നടത്താന്‍ എത്ര രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഴിയും എന്നത് കണ്ടറിയണം.
നമ്മുടെ നാടിന്റെ പശ്ചാത്തലത്തിലാണെങ്കില്‍ ഒരു പാര്‍ട്ടിപോലും തുടര്‍ച്ചയായി ഭരണം കാഴ്ചവച്ച ചരിത്രം നമുക്ക് അവകാശപ്പെടാനില്ല. അഞ്ചുവര്‍ഷം എന്നതിന് അപ്പുറമായി ഒരുപാര്‍ട്ടിയും ഇവിടെ വിജയം ആവര്‍ത്തിക്കാറുമില്ല. കാരണം അഞ്ചുവര്‍ഷം കൊണ്ടുതന്നെ ജനത്തെ എത്രമാത്രം ബുദ്ധിമുട്ടിക്കാം, അസ്വസ്ഥരാക്കാം എന്ന് ശട്ടം കെട്ടിയിറങ്ങിയിരിക്കുന്നവരാണ് അവര്‍.
രണ്ടാമതൊരു പാര്‍ട്ടിയെ അവര്‍ തിരഞ്ഞെടുക്കുന്നത് മറ്റൊരു ഗതിയുംഇല്ലാഞ്ഞിട്ടുമാണ്. കേരള ജനത വച്ചുനീട്ടുന്ന സൗമനസ്യമാണ് അത്. എന്നാല്‍ ഡല്‍ഹിയിലെ സ്ഥിതി അതല്ല. അവര്‍ പുതിയൊരു രാഷ്ട്രീയപാര്‍ട്ടിയെയും അതിന്റെ ആശയങ്ങളെയും ആദര്‍ശങ്ങളെയും സ്വീകരിച്ചു. സ്വീകരിച്ചവ അവര്‍ക്ക് നടപ്പിലാക്കിക്കിട്ടുകയും ചെയ്തു. ഡല്‍ഹിയിലെ സമസ്തവിഭാഗം ജനങ്ങള്‍ക്കും ആംഅദ്മി പാര്‍ട്ടി ഗുണമേ ചെയ്തിട്ടുള്ളൂ എന്നാണ് വിലയിരുത്തലുകള്‍.
തലമുതിര്‍ന്ന കോണ്‍ഗ്രസും ബിജെപിയുമൊക്കെ മാറിമാറി ഭരിച്ചപ്പോള്‍ കിട്ടാത്തത്ര ഗുണങ്ങളാണ് അവര്‍ക്ക് ലഭിച്ചത്. ഈ വിജയം അതുകൊണ്ടുതന്നെ കെജ്രിവാളിനും സംഘത്തിനും കൂടുതല്‍ ഉത്തരവാദിത്തവും കടമയും നല്കുന്നുമുണ്ട്. തങ്ങളില്‍അര്‍പ്പിച്ച ജനവിശ്വാസം ഒട്ടും ചോര്ന്നുപോകാതെ കാത്തുസൂക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം. ജനങ്ങളോട് ചേര്‍ന്നുതുടര്‍ന്നും പ്രവര്‍ത്തിക്കേണ്ടതിന്‌റെ ആവശ്യകത.
വിജയം തുടര്‍ക്കഥയാകുമ്പോള്‍ സംഭവിക്കുന്ന വലിയൊരു അപകടം കൂടിയുണ്ട്. അഹങ്കാരം തലയ്ക്ക് പിടിക്കും. അതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിയും. താന്‍ അനിഷേധ്യനാണെന്ന ചിന്ത കടന്നുകൂടുന്നതോടെ വികസനകാര്യങ്ങളില്‍ നിന്ന് പിന്തിരിയാന്‍ ആരംഭിക്കും. മറ്റ് പല ലക്ഷ്യങ്ങളും കടന്നുവരികയും ചെയ്യും. അരവിന്ദ് കെജ്രിവാളിനും പാര്‍ട്ടിക്കും അത്തരമൊരു മാറ്റം ഉണ്ടാവാതെയിരിക്കട്ടെയെന്ന് നമുക്ക് ആശംസിക്കാം.
അതുപോലെ കോണ്‍ഗ്രസ് പോലെയുള്ള പാര്‍ട്ടി ഈ പരാജയത്തില്‍ നി്ന്ന് ചില തിരിച്ചറിവുകള്‍ ലഭിച്ച് മാറ്റം വരുത്തേണ്ടതുമുണ്ട്. ഏതൊരു പ്രസ്ഥാനത്തിനും കാലാനുസൃതമായ മാറ്റങ്ങളും നവീകരണങ്ങളും വേണം. ആശയതലത്തിലും പ്രായോഗികതലത്തിലും. പണ്ട് കോണ്‍ഗ്രസ് അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു എന്ന് അവകാശപ്പെട്ടിട്ട് കാര്യമില്ല. ഇപ്പോള്‍ എന്താണ് ആയിരിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ജനങ്ങളെ ആകര്‍ഷിക്കത്തക്കതായി ഇപ്പോള്‍ തങ്ങളിലെന്തുണ്ട്, തങ്ങള്‍ക്ക് എവിടെയാണ് വീഴ്ച സംഭവിച്ചിരിക്കുന്നത് എന്ന ് തിരിച്ചറിയുക, തിരുത്തുക.
എല്ലാം മാറ്റത്തിനു വിധേയമാണ്. ഒന്നും ഇവിടെ സ്ഥിരമായി നിലനില്ക്കുന്നുമില്ല. ഈ പൊതുതത്വം മനസ്സിലാക്കി വേണ്ടതുപോലെ തീരുമാനങ്ങള്‍ കൈക്കൊള്ളാനും തിരുത്താനും എല്ലാവര്‍ക്കും കഴിയണം. അതിനുള്ള പ്രചോദനം കൂടി ആംഅദ്മി പാര്‍ട്ടിയുടെ ഹാട്രിക് വിജയം നല്കുന്നുണ്ട്. എന്തായാലും ഇത് നന്മയുടെ വിജയവും സുതാര്യതയുടെ വിജയവും എന്ന് പറയാതിരിക്കാനാവില്ല.