ഭർത്താവിനെ കൊലപെടുത്താൻ വാടകഗുണ്ടയ്ക്ക് പണം കൊടുത്തവൾ എന്ന് കല്ലെറിയപ്പെട്ട് കുടുംബക്കോടതിയിൽ നില്ക്കെ ജെസബെലിന് വെളിപ്പെട്ടത്… സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്ന കെ. ആർ മീരയുടെ നോവലിലെ ആദ്യവാചകം ഇതാണ്. വായനക്കാരെ ആകാംക്ഷയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന രീതിയിലാണ് തുടക്കം തന്നെ. പുതിയ കാലത്തിലെ സ്ത്രീയെയും പുതിയ ലോകത്തിലെ ജെസബെല്ലിനെയുമാണ് നോവൽ അവതരിപ്പിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിലെ പല ഉപമകളും പ്രയോഗങ്ങളും ഈ നോവലിനെ കൂടുതൽ ഹൃദ്യമാക്കുന്നുണ്ട്.
പീഡാനുഭവങ്ങൾ, ക്രിസ്തു, ഗോൽഗോഥ, മൂന്നാം ദിവസം ഉയിർപ്പ് എന്നിങ്ങനെ നിരവധിയുണ്ട് ഉദാഹരണങ്ങൾ. പുരുഷലോകത്തെയും അവന്റെ ആശയങ്ങളെയും സംഹിതകളെയും ചോദ്യം ചെയ്യുന്ന കരുത്തുറ്റ നായികയെയാണ് ഇവിടെ മീരഅവതരിപ്പിക്കുന്നത്. മറ്റൊരു ലോകം സാധ്യമാക്കാനുള്ള അവളുടെ ശ്രമങ്ങൾ ചുറ്റുപാടുകളെ തന്നെ ഇളക്കിമറി ക്കുന്നു. ഏറെ ഖ്യാതി നേടിയ ആരാച്ചാരിന് ശേഷം കെആർ മീര എഴുതിയ കൃതിയാണ് ഇത്. സ്വപ്നത്തിലുള്ള വലിയൊരു പുസ്തകത്തിന്റെ ഒരു ഭാഗം മാത്രമാണ് ജെസെബെല്ലിന്റെ കഥയെന്നാണ് നോവലിസ്റ്റ് തുടക്കത്തിൽ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കഥയുടെ വരുംഭാഗങ്ങളും നമുക്ക് പ്രതീക്ഷിക്കാം.
സൂര്യനെ അണിഞ്ഞ സ്ത്രീ
കെ ആർ മീര
വില: 380, ഡിസി ബുക്സ്