പരാജയപ്പെട്ടിട്ടുണ്ട്, പക്ഷേ പുറത്താക്കപ്പെട്ടിട്ടില്ല

Date:

spot_img

ഇരുപത്തിയഞ്ച് വർഷം മുമ്പ് ആഫ്രിക്കയിലെ ബോട്സ്വാനയിലേക്ക് അധ്യാപക ജോലിക്കായി ചങ്ങനാശ്ശേരി, തോട്ടയ്ക്കാട് നിന്ന് യാത്രതിരിക്കുമ്പോൾ ആന്റണി പാണേങ്ങാടന് കൈയിലുണ്ടായിരുന്നത് ഏതാനും സർട്ടിഫിക്കറ്റുകൾ മാത്രമായിരുന്നു. പക്ഷേ ആരും അറിയാതെയും ആരെയും അറിയിക്കാതെയും അദ്ദേഹത്തിന്റെ ഉള്ളിൽ കുറെയധികം പ്രതീക്ഷകളുണ്ടായിരുന്നു, പ്രത്യാശയുണ്ടായിരുന്നു. സ്വപ്നങ്ങളുണ്ടായിരുന്നു. അതുള്ളതുകൊണ്ടാണ് ആഗ്രഹിച്ചതുപലതും കിട്ടാതെ പോയപ്പോഴും തിരിച്ചടികൾ ഒന്നൊന്നായി നേരിടേണ്ടിവന്നപ്പോഴും അദ്ദേഹം തളർന്നുപോകാതിരുന്നതും. ഏതൊരു വ്യക്തിയും കൊതിക്കുന്ന വലിയ നേട്ടങ്ങൾ സ്വപ്രയത്നത്താൽ നേടി ആഫ്രിക്കയുടെ മണ്ണിൽ ഇപ്പോൾ നിവർന്നുനില്ക്കാൻ സാധിച്ചതും.

പന്ത്രണ്ടുവർഷം ബോട്സ്വാനയിൽ ഗണിതശാസ്ത്ര അധ്യാപകനായി ജോലി ചെയ്ത് സ്വസ്ഥവും സന്തോഷപ്രദവുമായ ജീവിതം നയിച്ചുവരുമ്പോഴായിരുന്നു ഗവൺമെന്റിന്റെ ചില നീക്കങ്ങളും തീരുമാനങ്ങളും വഴി അദ്ദേഹത്തിന് ജോലി നഷ്ടമായത്. പുതിയ സാഹചര്യത്തിൽ എന്തെങ്കിലും ബിസിനസ് ചെയ്യുക മാത്രമേ മുമ്പിൽ വഴിയുണ്ടായിരുന്നുള്ളൂ. എന്നാൽ ആദ്യം ചെയ്ത ബിസിനസ് വൻ നഷ്ടത്തിലാണ് കലാശിച്ചത്. ഗ്യാസ് ഏജൻസിയുടെ ബിസിനസായിരുന്നു അത്. വളരെ ലാഭകരമായി തുടങ്ങിയ ബിസിനസ് വിശ്വസിച്ച് കൂടെ നിർത്തിയവരിൽ നിന്നുണ്ടായ ചതിമൂലം നഷ്ടത്തിലേക്ക് കുതിച്ചപ്പോൾ അമേരിക്കൻ കമ്പനിക്ക് മുമ്പിൽ കോടിക്കണക്കിന് രൂപയുടെ കടക്കാരനായി മാറിയത് വളരെ പെട്ടെന്നായിരുന്നു. അതുവരെ സമ്പാദിച്ചതു മുഴുവൻ പോയെന്ന് മാത്രമല്ല ഒരിക്കലും ജീവിതകാലം കൊണ്ട് വീട്ടിത്തീർക്കാനാവാത്ത വിധത്തിലുള്ള കടക്കാരനുമായിരിക്കുന്നു. ഏതൊരാളെയും പോലെ ആ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ ആന്റണിക്കും കഴിഞ്ഞില്ല. മനസ്സിൽ നിരാശയും സങ്കടവും നിറഞ്ഞു. എങ്കിലും അവയ്ക്ക് അധികം ആയുസുണ്ടായിരുന്നില്ല. തകർന്നും തളർന്നും ഇരുന്നാൽ അങ്ങനെ തന്നെയേ മുന്നോട്ടുപോകൂ എന്ന് ഉള്ളിലിരുന്നാരോ പറഞ്ഞു. അത് അപ്പന്റെ സ്വരം തന്നെയായിരുന്നുവോയെന്ന് വർഷങ്ങൾക്ക് പിന്നിലിരുന്ന് ആന്റണി സംശയിക്കുന്നുണ്ട്. കാരണം ദൈവഭക്തനും വിശ്വാസിയും കഠിനാദ്ധ്വാനിയുമായിരുന്ന അപ്പൻ മക്കളോട് എപ്പോഴും പറയുന്ന ഒരു ഉപദേശമുണ്ടായിരുന്നു. എന്തും വന്നോട്ടെ, മൂക്കു മുങ്ങിപ്പോകാൻ സമ്മതിക്കരുത്. ആ വാക്ക് ആന്റണിയുടെ മുന്നോട്ടുളള വഴികളിൽ വലിയൊരു കുതിപ്പായിരുന്നു. അതിജീവിക്കാനും പോരാടാനുമുള്ള ത്വര നല്കിയത് അപ്പന്റെ ആ വാക്കുകളായിരുന്നു.

ഇതിനകം അമേരിക്കൻ കമ്പനി ആന്റണിക്കെതിരെ കേസ് നല്കിയിരുന്നു. ഫീസുപോലും കൊടുക്കാൻ വകയില്ലെങ്കിലും ആന്റണിയുടെ അവസ്ഥ മനസ്സിലാക്കിയ ഒരു ബ്ലായ്ക്ക് വംശജൻ വക്കീൽ ആന്റണിയുടെ കേസ് ഏറ്റെടുത്തു. കോടതിയിൽ ബോധിപ്പിക്കാൻ കഴിയുന്ന ചില യാഥാർത്ഥ്യങ്ങൾ ആന്റണി വക്കീലിന് പറഞ്ഞുകൊടുത്തത് മൂലം അദ്ദേഹം സമർത്ഥമായി കോടതിയിൽ കരുക്കൾ നിരത്തി. ഫലമോ ആന്റണിക്ക് കേസിൽ അപ്രതീക്ഷിതമായ വിജയമുണ്ടായി. ഈ വിജയം നല്കിയ ആത്മവിശ്വാസം കുറച്ചൊന്നുമായിരൂന്നില്ല. ഞാൻ എന്നും ശുഭാപ്തിവിശ്വാസിയായിരുന്നു. ആന്റണി അക്കാലത്തെക്കുറിച്ച്ഓർമ്മിക്കുന്നതും സ്വയം വിശേഷിപ്പിക്കുന്നതും അങ്ങനെയാണ്.

ശരിയാണ് ഒരു ശുഭാപ്തിവിശ്വാസിക്ക് മാത്രമേ ഇത്തരം സന്ദർഭങ്ങളിൽ പിടിച്ചുനില്ക്കാൻ കഴിയൂ. എന്നാൽ ഈ ശുഭാപ്തിവിശ്വാസത്തിന്റെ കടയ്ക്കലും കോടാലി വയ്ക്കപ്പെട്ടുവെന്ന് വേണമെങ്കിൽ നമുക്ക് തോന്നാം. കാരണം രണ്ടാമതായി ഏറ്റെടുത്തു നടത്തിയ റെസ്റ്റോറന്റ് ബിസിനസും നഷ്ടത്തിലേക്കാണ് കൂപ്പുകുത്തിയത്. അതിന് ശേഷം ചെയ്തത് മാർബിൾ ബിസിനസായിരുന്നു. അവിടെയും കഥ തഥൈവ. മൂന്നു ബിസിനസുകൾ… മൂന്നു നഷ്ടങ്ങൾ…മൂന്നു പാഠങ്ങൾ.. ഓരോ പരാജയവും ഓരോ പാഠങ്ങളാണ്. സ്വന്തം സാധ്യതകളെ തിരിച്ചറിയാനും സ്വന്തം മേഖലയിലേക്ക് വഴി കണ്ടെത്തുവാനും. മൂന്നു വൻനഷ്ടങ്ങളുടെ മലമുകളിലിരിക്കുമ്പോഴും ആന്റണി അമ്പേ പരാജിതനൊന്നുമായിരുന്നില്ല. ഒരുപക്ഷേ മറ്റുള്ളവർക്ക് അങ്ങനെ തോന്നിയേക്കാമെങ്കിലും.

ഞാൻ ദൈവവിശ്വാസിയായിരുന്നു. ദൈവം അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ലെന്ന് ഞാൻ ഉറച്ചുവിശ്വസിച്ചു. കുടുംബം നല്കിയ പ്രാർത്ഥനയുടെ പിന്തുണ ഇക്കാര്യത്തിൽ വളരെ വലുതായിരുന്നു. അപ്പനും അമ്മയും തികഞ്ഞ ദൈവവിശ്വാസികളായിരുന്നു. അവരുടെ പ്രാർത്ഥന വഴിയായിരിക്കാം എന്റെ വഴി തെളിഞ്ഞത്. പിന്നിട്ടുവന്ന വെയിലും ഇപ്പോൾ അനുഭവിക്കുന്ന തണലും ചേർക്കുമ്പോൾ ആന്റണി വിശ്വസിക്കുന്നത് അങ്ങനെയാണ്. തനിക്ക് പരിചയമില്ലാത്ത മേഖലയിലാണ് താൻ നഷ്ടം ഏറ്റുവാങ്ങിയത് എന്ന് ആന്റണിക്ക് മനസ്സിലായി. അടിസ്ഥാനപരമായി താൻ ഒരു അധ്യാപകനാണ്. ആ ജോലി വേണ്ടെന്ന് വച്ചുകൊണ്ടാണ് താൻ ബിസിനസ് ചെയ്തത്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് താൻ തന്റെ യഥാർത്ഥ പ്രഫഷനിലേക്ക് മടങ്ങിപ്പൊയ്ക്കൂടാ? ഇങ്ങനെയൊരു ചിന്തയുമായി കൂട്ടുകൂടൂന്ന നേരത്തു തന്നെയാണ് ഒരു സ്‌കൂൾ വില്ക്കാനുണ്ടെന്നും അതേറ്റെടുത്ത് നടത്താമോയെന്നും ഉള്ള ഒരു അന്വേഷണം ആന്റണിയെ തേടിയെത്തിയത്. മുന്നൂറു കുട്ടികളുള്ള സ്‌കൂൾ എന്ന് പറഞ്ഞ് സ്‌കൂൾ വാങ്ങിയ ആന്റണി ഒട്ടുംവൈകാതെതന്നെ തിരിച്ചറിഞ്ഞു മുപ്പതുകുട്ടികൾ പോലും വിദ്യാർത്ഥികളായിട്ടില്ലെന്ന്. തനിക്ക് മാത്രം എന്തേ ഇങ്ങനെ തിരിച്ചടികൾ വരുന്നത് എന്ന് സ്വഭാവികമായും ആന്റണി സംശയിച്ചു. തൊടുന്നിടത്തെല്ലാം പരാജയം. ഉച്ചയൂണിന് പോലുമുള്ള കാശ് അക്കാലത്ത് പോക്കറ്റിലുണ്ടായിരുന്നില്ല. ആന്റണി പറഞ്ഞു. വിശപ്പിനെ നേരിടാൻ ഗ്യാസ് മിഠായി വാങ്ങി പോക്കറ്റിലിടും. വിശക്കുമ്പോൾ ഓരോ ഗ്യാസ് മിഠായിയെടുത്ത് കഴിക്കും. പിന്നെ കുറച്ചുവെള്ളവും കുടിക്കും. അപ്പോഴും ആന്റണി ഒരു കാര്യത്തിൽ മാത്രം മുടക്കം വരുത്തിയിരുന്നില്ല, പ്രാർത്ഥനയുടെ കാര്യത്തിൽ. അപ്പോഴും ഒരു കാര്യം മാത്രം ആന്റണിയുടെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നു. ശുഭാപ്തിവിശ്വാസം. ദൈവം അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ലെന്ന് ആന്റണി അപ്പോഴെല്ലാം തന്നോട് തന്നെ പറഞ്ഞു.

ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങിയ ആ സ്‌കൂൾ ഗാഥ ഇന്ന് ബോട്സ്വാനയുടെ മണ്ണിൽ എട്ടു കോളജുകളായി വളർന്നിരിക്കുന്നു. രാജ്യത്തിലെ ഏറ്റവും നല്ല കലാലയങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ന് ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങൾ. മന്ത്രിമാരുടെ മക്കൾ പോലും പഠിക്കുന്ന നിലവാരത്തിലേക്ക് ഉയർത്തപ്പെട്ട കലാലയങ്ങൾ. ഈ സ്‌കൂളുകൾ വഴി ഭരണതലങ്ങളിൽ പോലും സ്വാധീനം ചെലുത്താൻ ആന്റണി പി. ജോസഫിന് കഴിഞ്ഞിരിക്കുന്നു. ഒരു സർവകലാശാലയായി ഇവയെ ഉയർത്തുക എന്നതാണ് ഇദ്ദേഹം ഇപ്പോൾ കാണുന്ന സ്വപ്‌നം. കണ്ട സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമായ ചരിത്രമുള്ള ഇദ്ദേഹത്തിന് ആ സ്വപ്നത്തിലേക്ക അധികംകാലമില്ലെന്ന് തന്നെ വിചാരിക്കാം. ഓരോരുത്തർക്കും ദൈവം ഓരോ സ്പെയ്സ് നല്കിയിട്ടുണ്ട്. എന്റെ സ്പെയ്സ് എന്താണ് എന്ന് ഞാൻ തിരിച്ചറിയണം. അവിടെ അദ്ധ്വാനിക്കണം.. കഷ്ടപ്പെടണം.. പരിശ്രമിക്കണം. പ്രാർത്ഥിക്കണം… ശുഭാപ്തിവിശ്വാസമുണ്ടായിരിക്കണം. ഒപ്പത്തിന്റെ വായനക്കാരോടായി ആന്റണി പാണേങ്ങാടൻ പറയുന്നു. എങ്കിലും ആകെക്കൂടി തന്റെ ജീവിതത്തെ അദ്ദേഹം വിലയിരുത്തുന്നത് രണ്ടുവാക്കുകളിലാണ്. ഞാൻ പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ പുറത്തുപോയിട്ടില്ല.

അതെ ജീവിതത്തിൽ പരാജയങ്ങൾ സ്വഭാവികം. പരാജയങ്ങൾക്ക് പുറകെ ജീവിതത്തിൽ നിന്ന് എക്സിറ്റ് ചെയ്യുന്നവരാണേറെയും. പക്ഷേ പരാജയപ്പെട്ടിട്ടും പുറത്തുപോകാത്തവർ വളരെ കുറച്ചുപേരെയുളളൂ. അക്കൂട്ടരുടെ പട്ടികയിലേക്കാണ് ആന്റണി പി ജോസഫ് പാണേങ്ങാടനും ഇടം പിടിച്ചിരിക്കുന്നത്. ഈ ജീവിതം നമുക്ക് ഒരു പ്രചോദനമാകണം. പരാജയങ്ങളിൽ നിന്ന് ഉയിർത്തെണീല്ക്കാൻ.. പോരാടാൻ.. വിജയിക്കാൻ.. ശുഭാപ്തിവിശ്വാസിയായിരിക്കാൻ..

More like this
Related

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...
error: Content is protected !!